31 March Friday

നജീബിന്റെ സഹോദരി എസ്എഫ്ഐക്കെതിരെ പ്രസംഗിച്ചെന്ന് വ്യാജ ആരോപണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചരണം തള്ളി സദഫ്

വെബ് ഡെസ്‌ക്‌Updated: Monday Dec 12, 2016

കൊച്ചി > ജെഎന്‍യുവില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ സഹോദരി സദഫ് ഇര്‍ഷാദ് എസ്എഫ്ഐക്കെതിരെ പ്രസംഗിച്ചെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചാരണം തള്ളി സദഫ് ഇര്‍ഷാദ് രംഗത്ത്. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സദഫ് എസ്എഫ്ഐക്കെതിരെ ആരോപണം ഉന്നയിച്ചതായാണ് ചിലര്‍ സംഘടിതമായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ താന്‍ എഫ്എഫ്ഐക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സദഫ് രംഗത്തെത്തി.

സെമിനാറില്‍ ഹിന്ദിയില്‍ സംസാരിച്ച സദഫിന്റെ വാക്കുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വളച്ചൊടിക്കുകയായിരുന്നു. എബിവിപികാരുടെ മര്‍ദ്ദനമേറ്റശേഷം ക്യാമ്പസില്‍നിന്ന് കാണാതായ നജീബിനെതിരെ എസ്എഫ്ഐ നേതാക്കള്‍ മൊഴി നല്‍കി എന്ന് സഫദ് ആരോപിച്ചതായാണ് പരിഭാഷകന്‍ മൊഴിമാറ്റം നടത്തിയത്. തുടര്‍ന്ന്, ഇത് വ്യാപകമായി എസ്എഫ്ഐക്ക് എതിരെ സംഘടിതമായി പ്രചരിപ്പിക്കുകയാണ്. എന്നാല്‍ അവരുടെ പ്രസംഗത്തില്‍ ഒരിടത്തും എസ്എഫ്ഐ സംഘടനയെക്കുറിച്ചോ മറ്റ് സംഘടനകളെക്കുറിച്ചോ പരാമര്‍ശം ഇല്ല. വ്യാജ പ്രചരണത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞതോടെ താന്‍ എഫ്എഫ്ഐക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്ന് സദഫ് വ്യക്തമാക്കി.

ഒരു എസ്എഫ്ഐ പ്രവര്‍ത്തകനും നജീബിനെതിരേ ഒരു തെളിവും നല്‍കിയിട്ടില്ലെന്നും ആരോപണത്തിന് ഒരു തെളിവെങ്കിലും നല്‍കാന്‍ വെല്ലുവിളിക്കുന്നതായും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ട് പറഞ്ഞു. തെറ്റായ രീതിയില്‍ ഒരു പ്രസംഗത്തിന്റെ തര്‍ജിമ അവതരിപ്പിച്ച ഇവര്‍ നജീബിന്റെ സഹോദരിയോടും കേട്ടിരിരുന്ന സമൂഹത്തോടും വഞ്ചനയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.  അമലിന്റെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയില്‍, പുറത്തുവന്നത് വ്യാജ ആരോപണമാണെന്നും താന്‍ എസ്എഫ്ഐക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സദഫ് പറഞ്ഞു.



എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിനുശേഷമാണ് നജീബിനെ കാണാതായത്. അന്നുമുതല്‍ നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരരംഗത്താണ് എസ്എഫ്ഐ. നജീബിനെ കണ്ടെത്തുന്നതിന് സര്‍വ്വകലാശാല അധികൃതരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ആത്മാര്‍ഥ ശ്രമം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് മര്‍ദ്ദിച്ച ഒന്നിലേറെ സംഭവങ്ങളും ഉണ്ടായി. വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് ചെയ്ത നജീബിന്റെ അമ്മയും സഹോദരിയും ആക്രമത്തിനിരയായിരുന്നു.

നജീബിനെ കാണാതായി രണ്ടുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. സംഭവ ദിവസം എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘട്ടനവും നജീബിനുണ്ടായ മുറിവുകളും എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടില്ല എന്ന ഗുരുതര ചോദ്യമടക്കം ഡല്‍ഹി ഹൈക്കോടതി പൊലീസിനോട് ഉന്നയിച്ചിരുന്നു. എല്ലാ ചോദ്യങ്ങളും എബിവിപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന വേളയില്‍ എസ്എഫ്ഐക്ക് എതിരായി വ്യാജ പ്രചരണം സംഘടിപ്പിച്ച വെല്‍ഫയര്‍ പാര്‍ട്ടിയുടെ നിലപാട് ഏറെ ദുരൂഹമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, സദഫിന്റെ വാക്കുകള്‍ എസ്എഫ്ഐക്കെതിരായി വളച്ചൊടിച്ചതാണെന്ന് വ്യക്തമായതോടെ നിരവധിപ്പേര്‍ (സ്ക്രീന്‍ ഷോട്ടില്‍ ഉള്ള അക്മല്‍ അക്കു ഉള്‍പ്പെടെ) ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top