ഒരു സ്‌കൂൾ അധ്യാപകൻ ജോലിസംബന്ധമായ പരാതി പറഞ്ഞിരുന്നു. അത് ഒരുവിധം പരിഹരിക്കപ്പെട്ട ശേഷം എംഎൽഎ ഹോസ്‌റ്റലിൽ വന്നു കണ്ടു. ചെയ്‌ത സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. തരാൻ കൈയിലൊന്നുമില്ലെന്നും പകരം ഒരു പാട്ട് പാടാമെന്നുമായി. തുടർന്ന് അദ്ദേഹം വാതാപി ഗണപതിം എന്ന കീർത്തനം വിസ്‌തരിച്ച് പാടി
‘എംഎൽഎ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് എഴുതുന്നത് രസപ്രദമാകുമെന്നറിയാം. എങ്കിലും അവിടെ ഞാൻ മൗനംപാലിക്കുന്നു’, ആത്മകഥയായ ‘കർമഗതി’യുടെ ആമുഖപ്രസ്‌താവനയിൽ പുസ്‌തകത്തിൽ പറയാത്ത അധ്യായത്തിന് സാനു മാഷ് പൂർണവിരാമമിട്ടത് ഈ രണ്ട് വാചകത്തിലാണ്. കർമഗതിയിൽ പരാമർശിക്കാത്ത മറ്റു ചിലതുമുണ്ട്. സ്വകാര്യജീവിതത്തിലെ സംഭവങ്ങൾ. വ്യക്തിയെന്നനിലയിൽ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് ഒഴിവാക്കുന്നുവെന്ന് വിശദീകരിച്ചു മാഷ്. അപ്പോഴും എംഎൽഎ ജീവിതകാലം മാഷിന്റെ പിൽക്കാല രചനകളിലോ പ്രഭാഷണങ്ങളിലോപോലും സ്ഥാനംപിടിച്ചില്ല. 1987ൽ ആയിരുന്നു എറണാകുളം മണ്ഡലത്തിന്റെ പ്രതിനിധിയായി എം കെ സാനുവിന്റെ ആദ്യത്തെയും അവസാനത്തെയും നിയമസഭാപ്രവേശം. നാലുവർഷംനീണ്ട എംഎൽഎ ജീവിതം എഴുതപ്പെടാതെ പോയതിനെക്കുറിച്ച് മൂന്നരപ്പതിറ്റാണ്ടിനിപ്പുറം ചോദിച്ചപ്പോൾ മാഷ് ചെറുചിരിയോടെ വിശദീകരിച്ചു. ആത്മപ്രശംസ ആകുമെന്ന് തോന്നി, അത്രമാത്രം. നമ്മുടെ സാഹിത്യകാരന്മാർ ചെയ്യുന്ന ജോലിയേക്കാൾ മികച്ചതായിരുന്നു അത്. എംഎൽഎ പെൻഷനാണ് ഇപ്പോഴും പ്രധാന വരുമാനം. ജനപ്രതിനിധിയുടെ ദിവസങ്ങൾ തിരക്കേറിയതായിരുന്നതിനാൽ എഴുത്തൊന്നും കാര്യമായി നടന്നില്ല. ‘ചങ്ങമ്പുഴ കൃഷ്‌ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ പൂർത്തിയാക്കിയതൊഴിച്ചാൽ. നിയമസഭാ ലൈബ്രറി പ്രയോജനപ്പെടുത്തി വായന തടസ്സമില്ലാതെ തുടർന്നു. കോൺഗ്രസിലെ എ എൽ ജേക്കബിനെ 10,032 വോട്ടിന് തോൽപ്പിച്ച് നിയമസഭാംഗമായ കാലം ഓർത്തെടുത്തു മാഷ്.
എംഎൽഎ ജീവിതം
എറണാകുളം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പുകാലത്ത് രൂപപ്പെട്ട സവിശേഷ രാഷ്‌ട്രീയ കാലാവസ്ഥയിലാണ് സാനുവിന്റെ സ്ഥാനാർഥിത്വം അനിവാര്യമായത്. തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തിൽ താൽപ്പര്യമില്ലായിരുന്നെങ്കിലും ഇ എം എസ് ഉൾപ്പെടെയുള്ള നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി. ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരും ചന്ദ്രശേഖരനും എഴുത്തുകാരായ മലയാറ്റൂരും തോപ്പിൽ ഭാസിയും ഉൾപ്പെടെ വൻ സാംസ്‌കാരികനിര പ്രചാരണത്തിന് എത്തിയിരുന്നു. യോഗങ്ങളിൽ അകാലിയെന്ന് തോപ്പിൽ ഭാസി സ്വയം പരിചയപ്പെടുത്തിയത് മാഷ് മറന്നിട്ടില്ല.
സാംസ്‌കാരിക രാഷ്‌ട്രീയം
സാഹിത്യകാരന്മാർ ചെയ്യുന്ന ജോലിയേക്കാൾ മെച്ചപ്പെട്ടതായിരുന്നു എംഎൽഎ എന്നനിലയിലുള്ള പ്രവർത്തനം. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളാണ് ചുറ്റിനും ഉണ്ടായിരുന്നത്. ദിവസവും അത്തരം പ്രശ്‌നങ്ങളിൽ ഇടപെടേണ്ടിവരും. സാഹിത്യകാരന്മാർ അതു ചെയ്യാറില്ല. അവർ അവർക്കുവേണ്ടി മാത്രമാണ് സംസാരിക്കുക. അതുകൊണ്ടാണ് സാംസ്‌കാരികരംഗം രാഷ്‌ട്രീയവൽക്കരിക്കണം എന്നതുപോലെ രാഷ്‌ട്രീയം സാംസ്‌കാരികവൽക്കരിക്കണമെന്ന് പറയുന്നത്. ജനപ്രതിനിധിയുടെ തിരക്കുകൾ പാതിരാവരെ തുടരും. ഇന്നത്തെപ്പോലെ സഞ്ചരിക്കാൻ വാഹനമോ സഹായിക്കാൻ സ്റ്റാഫോ ഇല്ലായിരുന്നു. കത്ത് എഴുത്തുമുതൽ എല്ലാ കാര്യവും സ്വയം ചെയ്യണം. ട്രയിനിലാണ് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര. നോർത്ത് സ്‌റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ കാരിക്കാമുറി റോഡിലെ ‘സന്ധ്യ’യിലേക്ക്. എഴുത്തിന് പ്രത്യേക സമയവും കാലവുമില്ലെങ്കിലും കാര്യമായി ഒന്നും നടന്നിട്ടില്ല. ഏതാനും ലേഖനം എഴുതിയതുമാത്രം. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന പ്രസിഡന്റുമാണ് അപ്പോൾ. എംഎൽഎ ആകുംമുമ്പേ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എഴുതാൻ ആരംഭിച്ചിരുന്നു. വിവരങ്ങളെല്ലാം ശേഖരിച്ചുകഴിഞ്ഞിരുന്നു. എംഎൽഎ ഹോസ്റ്റലിലും എഴുത്തുമുറിയില്ലാത്ത ‘സന്ധ്യ’യിലുമായി അത് എഴുതിത്തീർത്തു. 1988ൽ ആദ്യ പതിപ്പിറക്കി. ജനപ്രതിനിധിയായ ഗ്രന്ഥകാരനായിരുന്നെങ്കിലും വലിയ ആഘോഷമായില്ല. നിയമസഭയിൽനിന്ന് ഇറങ്ങിയശേഷമാണ് എഴുത്ത് സജീവമായത്.
സൗഹൃദത്തിന്റെ സഭ
സഭയിൽ സംസാരിക്കാനെല്ലാം ധാരാളം അവസരം കിട്ടി. വിഷയത്തിന്റെ പ്രാധാന്യം അനുസരിച്ച് കൂടുതൽ സമയവും ലഭിച്ചു. ഇടപെടേണ്ടാത്ത വിഷയങ്ങളിൽ തന്റെ സമയം യുവ സാമാജികരായിരുന്ന മേഴ്‌സിക്കുട്ടി അമ്മ, ടി ജെ ആഞ്ചലോസ് എന്നിവർക്ക് പങ്കിടാനും മാഷിന് പ്രയാസം ഉണ്ടായിരുന്നില്ല. ഗ്രന്ഥശാലാ ബില്ലിൽ കാര്യമായി ഇടപെടാനായി. അന്നും കേരളത്തിലുടനീളം സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്തിരുന്നു. സാംസ്‌കാരിക പരിപാടികൾക്ക് മന്ത്രിമാരില്ലെങ്കിൽ മാഷായാലും മതിയെന്ന് സഭയിലെ സഹഅംഗം നബീസാ ഉമ്മാൾ പറയുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ എപ്പോഴും സമീപിക്കാവുന്നത്ര സൗഹൃദം ഉണ്ടായിരുന്നു. ടി കെ ഹംസ, സാംസ്‌കാരിക മന്ത്രി ടി കെ രാമകൃഷ്‌ണൻ എന്നിവരുമായും അടുപ്പം പങ്കിട്ടു. ഒഴിവുസമയങ്ങളിൽ സഭാ ലൈബ്രറിയാണ് ആശ്രയം. ബോറൻ പ്രസംഗങ്ങൾ പൊടിപാറുമ്പോൾ ഇരുപ്പ് ലോഞ്ചിലേക്ക് മാറ്റും. സഹ സാമാജികരിൽ ശ്രദ്ധേയമായി പ്രസംഗിച്ചവരിൽ ഒന്നാമൻ കോടിയേരി ബാലകൃഷ്‌ണനാണ്. പറയേണ്ട കാര്യം അടുക്കിവച്ചപോലെ ക്രമത്തിലും ചിട്ടയിലുമാണ് കോടിയേരി പറയുക.
കീർത്തനം, വാതാപി ഗണപതിം
നിയമസഭാ കാലം രസപ്രദമെന്ന് പറഞ്ഞതിനാൽ അത്തരമൊരു അനുഭവം പറയാമെന്നായി മാഷ്. ബ്രാഹ്മണ സമുദായാംഗമായ ഒരു സ്‌കൂൾ അധ്യാപകൻ ജോലിസംബന്ധമായ പരാതി പറഞ്ഞിരുന്നു. അത് ഒരുവിധം പരിഹരിക്കപ്പെട്ടശേഷം എംഎൽഎ ഹോസ്റ്റലിൽ വന്നുകണ്ടു. ചെയ്‌ത സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. തരാൻ കൈയിലൊന്നുമില്ലെന്നും പകരം ഒരു പാട്ട് പാടാമെന്നുമായി. തുടർന്ന് അദ്ദേഹം വാതാപി ഗണപതിം എന്ന കീർത്തനം വിസ്‌തരിച്ച് പാടി. പാട്ട് കൈക്കൂലിയായി കിട്ടിയ കഥ പറഞ്ഞ് മാഷ് ചിരിച്ചു. ‘മാർക്‌സിസ്റ്റ് കാപാലികരുടെ ക്രൂരതയ്‌ക്ക് കൂട്ടുനിൽക്കുന്നതിന്റെ പേരിൽ’ അജ്ഞാതകേന്ദ്രത്തിൽനിന്ന് വധഭീഷണിക്കത്തും കിട്ടിയിട്ടുണ്ട് മാഷിന്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തുവന്നത്. പൊലീസിൽ പരാതിപ്പെടണമെന്ന് പി ഗോവിന്ദപിള്ള പറഞ്ഞെങ്കിലും അതൊന്നും വേണ്ടെന്നു പറഞ്ഞ് ഒഴിവാക്കി. എന്നാൽ, ഇതുപോലൊരു കത്ത് തനിക്കും കിട്ടിയെന്നു പറഞ്ഞ് ഡോ. സുകുമാർ അഴീക്കോട് അതേകാലത്ത് പരാതി നൽകി. അങ്ങനെ പൊലീസ് സുരക്ഷയും സംഘടിപ്പിച്ചു. അതാണ് ഈ സംഭവത്തിലെ രസപ്രദമായ വശമെന്ന് പറയാതെ പറഞ്ഞു ചിരിച്ചു മാഷ്.
സഹോദരൻ അയ്യപ്പൻ
എഴുത്തിലും ചിന്തകളിലുമെന്നപോലെ പൊതുപ്രവർത്തനത്തിലും മാഷിന്റെ മാതൃക സഹോദരൻ അയ്യപ്പനാണ്. സഹോദരന്റെ സങ്കൽപ്പങ്ങളെ പിൻപറ്റിയാണ് വൈപ്പിൻ ദ്വീപുകളെ മഹാനഗരവുമായി ബന്ധിപ്പിക്കാൻ ഗോശ്രീ പാലത്തിനുവേണ്ടി മാഷ് സഭയിൽ സംസാരിച്ചത്. സഹോദരന്റെ സ്വപ്‌നം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട പ്രസംഗമധ്യേ ‘അധരപുടങ്ങളോടടുത്ത പാനപാത്രം താഴെ വീണുടയുന്നുവല്ലോ’ എന്ന ഈരടി ഉദ്ധരിച്ചതും ഓർക്കുന്നു. മുളവുകാട്ടെ എംഎൽഎ റോഡ് മുതൽ ജനകീയാവശ്യങ്ങൾ മുൻനിർത്തി വിവിധ വികസനപദ്ധതികളും അന്നു നടപ്പായി. അതെല്ലാം എണ്ണിപ്പറഞ്ഞാൽ ആത്മപ്രശംസയാകില്ലേ എന്ന് മാഷിന് ഇപ്പോഴും ശങ്ക.
സാർഥകമായ കാലം
എക്കാലത്തും മാഷിന് താങ്ങുംതണലുമായി നിന്നത് പ്രിയ ഭാര്യ രത്നമ്മ ആയിരുന്നു. അഞ്ചുവർഷമായി ശയ്യാവലംബിയായി കഴിയുന്ന അവർക്കരികെ ഓർമകളുടെ തിരയിളക്കത്തോട് ചേർന്നുനിന്നു മാഷ്. തെരഞ്ഞെടുപ്പുപ്രചാരണ സമയത്ത് നൂറുകണക്കിന് പ്രവർത്തകർക്ക് അവർ ‘സന്ധ്യ’യിൽ വച്ചുവിളമ്പി. പകലോ പാതിരയോ എന്നില്ലാതെ പൊതുപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ പിന്തുണയേകി. പരാതിയോ പരിഭവങ്ങളോ ഇല്ലാതെ. വളരെ സഹിഷ്‌ണുതയോടെയാണ് അവർ അതിനെയെല്ലാം കണ്ടിരുന്നത്. ഓർമകൾ പോലും നഷ്ടമായുള്ള കിടപ്പിലും മാഷ് അടുത്തെത്തി വിളിച്ചാൽമാത്രം അമ്മ ഒരു മൂളൽകൊണ്ട് ഇപ്പോ ഴും പ്രതികരിക്കുമെന്ന് മകൾ രേഖ പറഞ്ഞു. സാർഥകമായ കാലം എന്നുതന്നെയാണ് ആ നാലുവർഷത്തെ മാഷ് വിലയിരുത്തുന്നത്. എങ്കിലും സാംസ്‌കാരിക പ്രവർത്തനമാണ് തന്റെ മേഖലയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പിന്നീട് ആവശ്യമുയർന്നപ്പോഴെല്ലാം മാഷ് രണ്ടാമതൊരു തെരഞ്ഞെടുപ്പ് അങ്കത്തിൽനിന്ന് ഒഴിഞ്ഞത്. പ്രായം 96 കഴിഞ്ഞു. സജീവ രാഷ്‌ട്രീയത്തിൽ ഇല്ലെങ്കിലും നാടിന്റെ പൊതുപ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്ന മുന്നേറ്റങ്ങളുടെയെല്ലാം മുൻനിരയിൽ ഇപ്പോഴും എം കെ സാനുവുണ്ട്. കാഴ്‌ചയ്‌ക്ക് മങ്ങലേറ്റതും നടപ്പ് വിലക്കുന്ന കാലുകളിലെ വേദനയും തന്റെ മാത്രം പ്രശ്‌നമാണല്ലോ എന്നാകും മാഷുടെ ചിന്ത. അതിനെല്ലാം മേലെയാണല്ലോ നാടിന്റെ പ്രശ്‌നങ്ങളെന്നും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..