"ഉറങ്ങാത്ത മനീഷി’ എന്ന ശീർഷകത്തിലാണ് സാനു മാഷ് പി കെ ബാലകൃഷ്‌ണന്റെ ജീവിതത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നത്. ആ ശീർഷകം അതേപടി ഇണങ്ങുന്ന മറ്റൊരാൾ സാനു മാഷ് തന്നെയാണ്. ഇപ്പോൾ എം കെ സാനു ദേശാഭിമാനി പുരസ്കാരനിറവിലാണ്. ‘നിസ്സഹായതയും ശോക'വുമാണ് തന്റെ അടിസ്ഥാനഭാവമെന്ന് മാഷ് തന്നെ പലവുരു പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുമ്പോഴും മനുഷ്യനിലും മനുഷ്യമഹത്വത്തിലും ആത്യന്തികമായി വിശ്വാസമർപ്പിക്കുന്ന നിലപാടാണ് അദ്ദേഹം വച്ചുപുലർത്തുന്നത്.
"ക്ഷണികതയാണ് ജീവിതത്തിന്റെ മനോഹാരിതയ്ക്ക് നിദാനം. ചിന്തയെ ഉദ്ദീപിപ്പിക്കുന്നതും ആ അവസ്ഥതന്നെ. മനുഷ്യത്വത്തിന്റെ മഹനീയ ഭാവമായ സ്നേഹംപോലും അസ്ഥിരതയുടെ പരിമിതിയാലാണ് വിശുദ്ധമാകുന്നത്. എങ്കിലും നിത്യതയാണ് മനുഷ്യന്റെ സ്വപ്നം. പ്രിയങ്കരമായതൊക്കെയും നിത്യമായി നിലനിൽക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു."നിത്യതയിൽ അലിയുന്ന നിമിഷം' എന്ന ശീർഷകത്തിൽ കുമാരനാശാന്റെ വീണപൂവ് എന്ന കവിതയെ സമീപിക്കുന്ന സന്ദർഭത്തിലാണ് ആമുഖമായി ഇങ്ങനെ എഴുതുന്നത്. നാലഞ്ചു ചെറുവാചകങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഈ കുറുമൊഴിയിൽ നമുക്ക് എം കെ സാനു എന്ന എഴുത്തുകാരന്റെ, അധ്യാപകന്റെ മാനിഫെസ്റ്റോ വായിച്ചെടുക്കാം.
സാഹിത്യവിമർശകൻ എന്നനിലയിൽ ഒരു സാഹിത്യരൂപവും അദ്ദേഹത്തിന്റെ എഴുത്തുപേനയ്ക്ക്അന്യമല്ല. യവനേതിഹാസങ്ങളും നാടകങ്ങളും ഇന്ത്യൻ ക്ലാസിക്കൽ കൃതികളും മലയാളത്തിലെ ഏറ്റവും പുതിയ കവിതയും അദ്ദേഹത്തിന്റെ ഗഹനമായ വായനയുടെയും എഴുത്തിന്റെയും പരിധിയിൽത്തന്നെയുണ്ട്. അപ്പോഴും എം കെ സാനു എന്ന എഴുത്തുകാരന്റെ എഴുത്തുവഴി ഏറ്റവും സഫലമാകുന്ന ആവിഷ്കാരരൂപം ജീവചരിത്ര രചനകളാണ്. മലയാളത്തിലെ ജീവചരിത്ര സാഹിത്യത്തിന് സവിശേഷമായ ഒരു മാനം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. മിക്കപ്പോഴും ആ ജീവചരിത്രങ്ങൾ ഒരു ജീവിതകാലത്തിന്റെ ആവിഷ്കാരം എന്നതിനപ്പുറത്തേക്ക് സർഗാത്മക രചനയുടെ മാനങ്ങൾ കൈവരിക്കുന്നത് നമുക്ക് കാണാം. ആ വിശാല ഭൂമികയിൽ ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും വൈക്കം മുഹമ്മദ് ബഷീറും ചങ്ങമ്പുഴയും എം ഗോവിന്ദനും മാത്രമല്ല, യുക്തിവാദി എം സി ജോസഫും ആൽബർട്ട് ഷ്വെറ്റ്സറുമൊക്കെ അണിനിരക്കുന്നു. മനുഷ്യജീവിതപ്പെരുമയിലും മഹത്വത്തിലുമുള്ള മാഷിന്റെ അടിയുറച്ച ബോധ്യം ജീവചരിത്ര രചനയിൽ അവസാനിക്കുന്നില്ല. സാഹിത്യവിമർശത്തിന്റെ ദാർശനികാടിത്തറയായി ഇതേ ബോധ്യം അനുവർത്തിക്കുകയും ചെയ്യുന്നു. ആശാൻ കവിതയുടെയും ചങ്ങമ്പുഴക്കവിതയുടെയും ആഴങ്ങളിലേക്ക് പോകുന്ന വിമർശ സന്ദർഭങ്ങളിൽ അതു വെളിപ്പെടുന്നുമുണ്ട്. മിക്കപ്പോഴും ജീവചരിത്രങ്ങൾ വിമർശത്തിന്റെ അപൂർവഭംഗിയുള്ള രചനകളായി മാറുകയും ചെയ്യുന്നു. വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തിലേക്ക്, വിശേഷിച്ച് ‘കുടിയൊഴിക്കലി'ന്റെ സൂക്ഷ്മവായനയിലേക്കൊക്കെ കടക്കുന്ന സന്ദർഭം നമ്മുടെ കാവ്യപഠനങ്ങളുടെ ചരിത്രത്തിലെ തന്നെ അപൂർവതയാണ്.
നാലു പതിറ്റാണ്ടിലധികം നീളുന്ന സാർഥകമായ അധ്യാപക ജീവിതംകൊണ്ടും ലളിതവും സുന്ദരവുമായ ഭാഷ കൊണ്ടും നിർമിച്ച സുദീർഘമായ എഴുത്തുജീവിതംകൊണ്ടും നമുക്കിടയിൽ ഉണർന്നുതന്നെയിരിക്കുന്നു അദ്ദേഹം; സാഹിത്യത്തെ ഏറ്റവും ഗൗരവത്തോടെ കാണുന്ന കണ്ണുകളുമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..