14 September Saturday

തോളിൽ കൈയിട്ട സൗഹൃദം

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

പ്രൊഫ. സി ആർ ഓമനക്കുട്ടനൊപ്പം ഡോ. സുനിൽ പി ഇളയിടം

ദേശാഭിമാനിയിലെ ഒരു പംക്തി വഴിയാണ് ഓമനക്കുട്ടൻ മാഷെ ഞാൻ ആദ്യം പരിചയപ്പെടുന്നത്‌. അഘശംസി എന്ന പേരിൽ എഴുതിയിരുന്ന ഒരു പംക്തി. എന്റെ ബിരുദപഠനകാലത്ത്‌ എപ്പോഴോ ആണ്‌ ആ പേര്‌ കാണാനിടയായത്‌. എന്താണ്‌ ആ പദത്തിന്റെ അർഥമെന്ന്‌ എനിക്ക്‌ അറിയുമായിരുന്നില്ല. ശബ്ദതാരാവലി നോക്കിയപ്പോൾ പാപത്തെ അറിയിക്കുന്നയാൾ, തിന്മയെ അറിയിക്കുന്നയാൾ എന്ന നിലയിലുള്ള അർഥസൂചനയാണ്‌ ആ പദത്തിനുള്ളതെന്ന്‌ മനസ്സിലാക്കുകയുണ്ടായി. അത്‌ കുറച്ചൊരു കൗതുകയും ആശ്ചര്യവും ജനിപ്പിച്ച പേരായിരുന്നു. രാഷ്‌ട്രീയമായ ഉൾക്കാഴ്‌ചയോടെ, നിശിതമായ വിമർശനബോധത്തോടെ, ചിലപ്പോഴൊക്കെ രൂക്ഷമായ പരിഹാസത്തോടെ രചിക്കപ്പെട്ട ഒന്നായിരുന്നു ആ പംക്തി. സമകാലജീവിതത്തെയും രാഷ്‌ട്രീയ ഗതിഭേദങ്ങളെയും വളരെ സൂക്ഷ്‌മതയോടെ പ്രതിപാദിക്കുന്ന പംക്തി എന്തുകൊണ്ട്‌ ഇങ്ങനെയൊരു പേരിൽ വരുന്നു എന്ന്‌ അന്ന്‌ ആലോചിക്കുകയുണ്ടായി. പിന്നീടെപ്പോഴോ ആണ്‌ അത്‌ സി ആർ ഓമനക്കുട്ടൻ മാഷ്‌ എഴുതുന്ന കോളമാണെന്ന്‌ മനസ്സിലാക്കാനായത്‌.

മാഷെ നേരിൽ കാണുന്നതും പരിചയപ്പെടുന്നതും ഞാൻ മഹാരാജാസിൽ വിദ്യാർഥിയായ കാലത്താണ്‌. 1988–-90 കാലം. ഞാൻ മഹാരാജാസിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായി ചെല്ലുന്നകാലത്ത്‌ മാഷ്‌ മലയാളവിഭാഗത്തിൽ അധ്യാപകനായി അവിടെയുണ്ട്‌. അധ്യാപനത്തിന്റെയും അധ്യാപകന്റെയും എല്ലാ അധികാരഭാവങ്ങളെയും അതിന്റെ എല്ലാ പ്രൗഢിയെയും ആലഭാരങ്ങളെയും പരിപൂർണമായും അഴിച്ചുവച്ച ഒരാളായിരുന്നു ഓമനക്കുട്ടൻ മാഷ്‌.

അധ്യാപകനായിരിക്കുമ്പോൾത്തന്നെ ക്യാമ്പസിലെ എല്ലാ കുട്ടികളുടെയും സുഹൃത്തുകൂടിയായി പെരുമാറിയ ഒരാളാണ്‌. അറിയുന്നവരും അറിയാത്തവരുമായ എല്ലാവരോടും തികഞ്ഞ സൗഹൃദത്തോടെ പെരുമാറുകയും  ഫലിതം പറയുകയും തോളിൽ കൈയിട്ട്‌ നടക്കാൻ മടി കാണിക്കാതിരിക്കുകയും ചെയ്‌ത ഒരധ്യാപകൻ. ഒരുപക്ഷേ, ആ കാലത്ത്‌ അധ്യാപകന്റെ എല്ലാതരത്തിലുള്ള ആധികാരിക ഭാവങ്ങളെയും അഴിച്ചുകളഞ്ഞ്‌ കുട്ടികൾക്കൊപ്പം ജീവിക്കാനും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും പങ്കുചേരാനും മാഷ്‌ സന്നദ്ധനായിരുന്നു. ആ സന്നദ്ധതയ്‌ക്ക്‌ അധികമൊന്നും മാതൃകകൾ ക്യാമ്പസുകളിൽ ഉണ്ടായിരുന്നില്ല. ഭരതൻ മാഷെപ്പോലെ ചിലരും അതേവഴിയിൽ ഉണ്ടായിരുന്നു.
ഓമനക്കുട്ടൻ മാഷിന്റെ  പെരുമാറ്റരീതി, പിന്നീടെനിക്ക്‌ തോന്നിയിട്ടുള്ളത്‌, സവിശേഷമായ ഒരു രാഷ്‌ട്രീയബോധ്യത്തിന്റെകൂടി ഭാഗമായിട്ടാണ്‌. സർക്കാർ കലാലയത്തിലെ അധ്യാപകനായി പ്രവർത്തിക്കുന്ന സമയത്തുതന്നെ ആഴമുള്ള, പ്രതിബദ്ധതയുള്ള രാഷ്‌ട്രീയബോധ്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാതിരുന്ന ഒരാളാണ്‌.

ആ രാഷ്‌ട്രീയബോധ്യങ്ങളെ നേർക്കുനേരെ പൊതുജീവിതത്തിൽ പ്രകടിപ്പിക്കുന്നതിന്‌ ഔദ്യോഗിക ജീവിതസന്ദർഭം തടസ്സമായിരുന്നെങ്കിലും ആ രാഷ്‌ട്രീയത്തെ ജീവിതത്തിൽ പ്രകാശിപ്പിക്കാനും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ, സഹഭാവത്തിൽ, ആ രാഷ്‌ട്രീയത്തെ ആഴത്തിൽ കൂട്ടിയിണക്കാനും കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ കുട്ടികളുമായുള്ള സൗഹൃദഭാവം, ക്യാമ്പസിലുടനീളം അദ്ദേഹം പുലർത്തിയിരുന്ന പ്രസന്നവും ഉദാരവുമായ ജീവിതശോഭ, ഇതൊന്നും വ്യക്തിഗതമായ കാര്യങ്ങൾമാത്രയല്ല നിലനിന്നത്‌ എന്നാണ്‌ തോന്നുന്നത്‌. ചുറ്റുമുള്ള മനുഷ്യരോട്‌ പുലർത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യബന്ധങ്ങളുടെയും രാഷ്‌ട്രീയവിനിമയങ്ങളുടെയും ആകെത്തുകയാണ്‌ മാഷ്‌ ആവിഷ്‌കരിച്ചതെന്ന്‌ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ കാണാൻ കഴിയുന്നുണ്ട്‌.

മാഷ്‌ അടിയന്തരാവസ്ഥക്കാലത്തെ ആഴത്തിൽ തിരിച്ചറിഞ്ഞ ഒരാളാണ്‌. എന്നുമാത്രമല്ല, അടിയന്തരാവസ്ഥയുടെ കിരാതമായ ആവിഷ്‌കാരമായ രാജൻ കേസിന്റെയും രാജനെ അടിയന്തരാവസ്ഥയുടെ നടത്തിപ്പുകാരായ ഭരണകൂടവും പൊലീസും ചേർന്ന്‌ കൊലപ്പെടുത്തിയതിന്റെയും പിന്നിലെ വിശദാംശങ്ങളും മുഴുവൻ തേടിക്കണ്ടെത്തിയ ആളുകളിൽ ഒരാൾകൂടിയാണ്‌ മാഷ്. രാജന്റെ പിതാവായ ഈച്ചരവാര്യർക്കൊപ്പം മാഷ്‌ നടത്തിയ യാത്രകൾ, രാജനെ തേടിയുള്ള അവസാനമില്ലാത്ത അലച്ചിലുകൾ, ആ അലച്ചിലുകളിൽനിന്ന്‌ കൈവന്ന തിരിച്ചറിവുകൾ, അതിനിടയിലൂടെ കടന്നുപോയ ഹതാശവും യാതനാനിർഭരവുമായ ജീവിതസന്ദർഭങ്ങൾ എല്ലാം മാഷ്‌ രേഖപ്പെടുത്തുകയും പരമ്പരയായി  ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ശവംതീനികൾ എന്ന  പരമ്പര, അടിയന്തരാവസ്ഥയുടെ കിരാതരൂപത്തെ കേരളീയമനസ്സുകളിൽ പതിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച എഴുത്തുകളിൽ ഒന്നാണ്‌.

അത്‌ ലക്ഷോപലക്ഷം മനുഷ്യർ വായിക്കുകയും രാജൻ കേസിന്റെ വിശദാംശങ്ങളിലേക്ക്‌ വെളിച്ചംപകരുകയും കേരളത്തിൽ അടിയന്തരാവസ്ഥയ്‌ക്കും അതിന്റെ ഭരണക്രമത്തിനുമെതിരായ ആഴമേറിയ രാഷ്‌ട്രീയപ്രതിരോധം രൂപപ്പെടാൻ പ്രധാനപ്പെട്ട കാരണമായിത്തീരുകയും ചെയ്‌തു. അഘശംസിയെന്ന പംക്തിയിലൂടെ മാഷ്‌ ആവിഷ്‌കരിച്ച നിശിതമായ രാഷ്‌ട്രീയബോധ്യത്തിന്റെ മറ്റൊരുതരത്തിലുള്ള പ്രകാശനമായിരുന്നു പരമ്പര. മലയാളത്തിൽ മുൻമാതൃകകളും മിക്കവാറും പിൽക്കാലമാതൃകകളും ഇല്ലാത്ത അനന്യമായ ഒന്നായി മലയാള പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിൽ ആ പരമ്പര നിലനിൽക്കുന്നുണ്ട്‌. ഒരുപക്ഷേ, ഒരു പത്രപരമ്പരയ്‌ക്ക്‌ ഉളവാക്കാൻ കഴിയുന്ന രാഷ്‌ട്രീയ പ്രത്യാഘാതത്തിന്റെ പരമാവധി അതിൽനിന്ന്‌ രൂപപ്പെട്ടിട്ടുണ്ട്‌ എന്നാണ്‌ ഞാൻ കരുതുന്നത്‌.

ഇത്തരത്തിലുള്ള സൂക്ഷ്‌മവും നിശിതവുമായ രാഷ്‌ട്രീയബോധത്തിന്റെ മറ്റൊരു തരത്തിലുള്ള തുടർച്ചയാണ്‌ അദ്ദേഹത്തിന്റെ രചനാജീവിതം. മാഷ്‌ ധാരാളം കഥകളെഴുതി. നോവലുകളെഴുതി. അനുഭവക്കുറിപ്പുകളെഴുതി. ഇവയെല്ലാം അദ്ദേഹം പുലർത്തിയ ജീവിതവീക്ഷണത്തെ പലനിലകളിൽ തുടർന്നും പ്രകാശിപ്പിക്കുന്നതാണ്‌. നാരായണ ഗുരുവിലേക്കും ആശാനിലേക്കുമൊക്കെ വഴിതുറക്കുന്ന രചനകൾ അദ്ദേഹം നടത്തി. കഥാലോകം ജീവിതത്തിന്റെ സൂക്ഷ്‌മസന്ദർഭങ്ങളിൽ ചിലതിനെ പ്രസാദത്തോടെയും കാരുണ്യത്തോടെയും നോക്കിക്കാണുന്നവയാണ്‌. ജീവിതത്തിന്റെ ഇരുട്ടുനിറഞ്ഞതും ക്രൗര്യം നിറഞ്ഞതുമായ സന്ദർഭങ്ങളെ അനുതാപത്തോടെ നോക്കുകയും ജീവിതത്തെ പ്രസാദപൂർണമായി നോക്കിക്കാണാൻ ശ്രമിക്കുകയും ചെയ്യുന്ന കഥാകൃത്തിനെയാണ്‌ മാഷിന്റെ രചനകളിൽ കാണുന്നത്‌.
എന്റെ വിവാഹക്ഷണക്കത്തുമായി മാഷിന്റെ ക്വാർട്ടേഴ്‌സിൽ കാണാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ കഥാസമാഹാരം ‘ഓമനക്കഥകൾ’ കൈയൊപ്പിട്ട്‌ ആശംസാപൂർവം തരികയുണ്ടായി. 30 വർഷംമുമ്പ്‌ ലഭിച്ച ആ പുസ്‌തകം ഇപ്പോഴും  അമൂല്യമായ ഒരു സമ്മാനമായി ഞാൻ സൂക്ഷിക്കുന്നുണ്ട്‌. മഹാരാജാസിലും അതിന്‌ പിന്നീടുള്ള കാലത്തും മാഷിന്റെ സ്‌നേഹഭാവങ്ങൾക്ക്‌ പാത്രമാകാൻ എനിക്ക്‌ അവസരം കൈവന്നിട്ടുണ്ട്‌. എപ്പോഴും ചിരിച്ചുകൊണ്ടും ഉദാരവും മധുരവും പ്രസന്നവുമായി ലോകത്തോട്‌ സംവദിക്കുന്നതിന്റെ തുടർച്ചയിൽ എന്നോടും കളിപറഞ്ഞും ചിരിച്ചും ഒക്കെയാണ്‌ മാഷ്‌ പെരുമാറിപ്പോന്നിട്ടുള്ളത്‌. ആ പെരുമാറ്റത്തിന്റെ, ആ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഓർമകൾ ഇപ്പോഴും കൂടെയുണ്ടുതാനും.

മാഷ്‌ കഥകളുടെ വലിയൊരു ശേഖരമായിരുന്നു. മാഷ് പറഞ്ഞ ഒരുകഥയും വെറും കഥയുമായിരുന്നില്ല. താൻകണ്ട വലിയ മനുഷ്യരെ, സാഹിത്യത്തിലെയും കലയിലെയും രാഷ്‌ട്രീയത്തിലെയും ഒക്കെ വലിയ മനുഷ്യരെ, ഒരു കാലഘട്ടത്തെ രൂപപ്പെടുത്തിയ അതിപ്രതാപികളായ എഴുത്തുകാരെയും രാഷ്‌ട്രീയനേതാക്കളെയും അടുത്തുകണ്ട ഒരാളായിരുന്നു ഓമനക്കുട്ടൻ മാഷ്‌. അവരുടെ ജീവിതത്തെ അതിന്റെ സൂക്ഷ്‌മവും മസൃണവുമായ ഗതിഭേദങ്ങളെ ഒക്കെ മാഷ്‌ തന്റെ കഥകളിലൂടെ പ്രകാശിപ്പിക്കുമായിരുന്നു. അവസാനമില്ലാത്ത ഒരു കഥപറച്ചിലുകാരനായിരുന്നു മാഷ്‌. ജീവിതത്തിലേക്ക്‌ തുറന്നുവച്ച കണ്ണോടെ തനിക്കുമുന്നിൽ അരങ്ങേറുന്ന ജീവിതനാടകങ്ങളെ  മുഴുവൻ നോക്കിക്കണ്ട്‌ അവയെല്ലാം അത്യന്ത സൂക്ഷ്‌മതയോടെ പ്രകാശിപ്പിക്കുന്ന ഒരു കഥപറച്ചിലുകാരൻ. ആ കഥയിൽ മനുഷ്യരും അവരുടെ സങ്കടങ്ങളും കാലപരിണാമങ്ങളും രാഷ്‌ട്രീയത്തിന്റെ ഗതിഭേദങ്ങളും സാഹിത്യത്തിന്റെ സൂക്ഷ്‌മസന്ദർഭങ്ങളും അതിലെ പ്രസ്ഥാനപരമായ ഗതിവിഗതികളും ഒക്കെ കൂടിക്കലർന്ന്‌ നിന്നിരുന്നു. ആ കഥപറച്ചിലിന്റെ ലോകം ഈ ദിവസത്തോടെ അവസാനിക്കുന്നുവെങ്കിലും അദ്ദേഹം പറഞ്ഞ കഥകളും അദ്ദേഹം എഴുതിയ കഥകളും അദ്ദേഹം ലോകത്തോട്‌ പുലർത്തിയ പ്രസാദാത്മകതയും, കുട്ടികൾക്കായി പകർന്നുനൽകിയ സ്‌നേഹവാത്സല്യങ്ങളും അദ്ദേഹം പുലർത്തിയ അതിനിശിതമായ രാഷ്‌ട്രീയബോധ്യങ്ങളും അതിൽനിന്ന്‌ രൂപപ്പെട്ടുവന്ന എണ്ണമറ്റ രചനകളും കാലത്തിൽ തെളിഞ്ഞുതന്നെ നിൽക്കും എന്നാണ്‌ ഞാൻ കരുതുന്നത്‌.

ഒരു മനുഷ്യൻ ലോകത്തോട്‌ പുലർത്തുന്ന, പുലർത്തേണ്ട പ്രസന്നവും ഉദാരവുമായ ജീവിതഭാവത്തിന്റെ മികവുറ്റ മാതൃകയായിരുന്നു ഓമനക്കുട്ടൻ മാഷ്‌. തന്നെക്കുറിച്ച്‌ വ്യാധികളില്ലാതെ തന്റെ പദവിയെക്കുറിച്ചും അധികാരത്തെക്കുറിച്ചും സാമൂഹ്യാന്തസ്സിനെ കുറിച്ചും ഉൽക്കണ്ഠകളൊന്നുമില്ലാതെ അദ്ദേഹം ജീവിച്ചു. മഹാരാജാസിലൂടെയും എറണാകുളത്തെ വഴിവക്കുകളിലൂടെയുമൊക്കെ അതിസാധാരണനായ ഒരു മനുഷ്യനായി അദ്ദേഹം നടന്നുപോവുകയും ചെയ്‌തു. ജീവിതത്തിലദ്ദേഹം പുലർത്തിയ ഈ വലിയ മാതൃക നമ്മുടെ കാലത്തിനുള്ള വലിയ അടയാളവാക്യങ്ങളിലൊന്നാണെന്ന്‌ ഞാൻ കരുതുന്നു. ആ അടയാളവാക്യം, അത്‌ പകരുന്ന പ്രകാശം ഭാവിയിലും നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ചിരസ്ഥായിയായ പുഞ്ചിരിയെ ഹൃദയത്തിലോർക്കുന്നു. അദ്ദേഹത്തിന് പ്രണാമങ്ങളർപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top