കൊച്ചി> സി ആർ ഓമനക്കുട്ടൻ 1973ൽ കോഴിക്കോട് മീഞ്ചന്ത ആർട്‌സ് കോളേജിൽ അധ്യാപകനായി ജോലിക്കെത്തുമ്പോൾ മുതിർന്ന അധ്യാപകനായിരുന്നു പ്രൊഫ. ഇ കെ ഈച്ചരവാര്യർ. ഈച്ചരവാര്യരുടെ മുറിയിലാണ് സി ആറിന് താമസമൊരുക്കിയത്.
അവിടെവച്ചാണ് അദ്ദേഹത്തിന്റെ മകൻ രാജനെ പരിചയപ്പെട്ടത്. കോഴിക്കോട് റീജണൽ എൻജിനിയറിങ് കോളേജ് വിദ്യാർഥിയായ രാജൻ അച്ഛനെ കാണാൻ ഹോസ്‌റ്റലിൽനിന്ന് ആഴ്‌ചയിലൊരിക്കലെത്തും. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളിൽ മകന്റെ തിരോധാനത്തിൽ മാനസികമായി തകർന്ന അച്ഛനൊപ്പം മകനെ തേടിയുള്ള യാത്രയ്‌ക്ക് കൂട്ടാകാൻ പ്രേരിപ്പിച്ചത് ആ ബന്ധം. ആ യാത്രയും അന്വേഷണങ്ങളുമാണ് ‘ശവംതീനികൾ’ എന്ന പരമ്പരയ്‌ക്ക് ആധാരം.
.jpg)
ദേശാഭിമാനിയിൽ അടിയന്തരാവസ്ഥയ്ക്കുശേഷം പ്രസിദ്ധീകരിച്ച പരമ്പര
സർക്കാർ കോളേജ് അധ്യാപകനായ സി ആറിന് സ്വന്തംപേരിൽ പരമ്പര എഴുതാനാകുമായിരുന്നില്ല. ആ അച്ഛന്റെ ഹൃദയവ്യഥയും അന്വേഷണത്തിൽനിന്നറിഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങളും എഴുതാതിരിക്കാനായില്ല. അങ്ങനെയാണ് അടിയന്തരാവസ്ഥ പിൻവലിച്ചയുടൻ 1977 ഏപ്രിൽ 21 മുതൽ സി ആർ എന്ന തൂലികാനാമത്തിൽ ‘ശവംതീനികൾ’ ദേശാഭിമാനിയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അത് അതേപേരിൽ ചിന്ത പബ്ലിഷേഴ്‌സ് പുസ്‌തകമാക്കി.
അടിയന്തരാവസ്ഥയുടെ ചരിത്രവും രാജന്റെ തിരോധാനവും അനാവരണം ചെയ്ത ‘ശവംതീനികൾ’ പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ അതിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേരളമാകെ ചർച്ചയായി. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മികച്ച ഉദാഹരണമായി അത് മാറി. പ്രസിദ്ധീകരിച്ച് കാൽനൂറ്റാണ്ട് കഴിഞ്ഞ് പുതിയ പതിപ്പ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ സുഹൃത്തുക്കളും ശിഷ്യരും പങ്കെടുത്ത വേദിയിൽ നടൻ മമ്മൂട്ടി പുതിയ പതിപ്പ് പ്രകാശിപ്പിച്ചു. ഓമനക്കുട്ടൻ മാഷിലെ പത്രപ്രവർത്തകന് ‘ശവംതീനികൾ’ എന്ന പരമ്പര വലിയ ഉത്തരവാദിത്വമാണ് നൽകിയത്. കുറിക്കുകൊള്ളുന്ന ഹാസ്യത്തിന്റെ മേമ്പൊടിയിൽ സമൂഹത്തിലെ പൊരുത്തക്കേടുകളും അനീതിയും വെളിച്ചത്തുകൊണ്ടുവന്ന സി ആർ, പിന്നെയും തൂലിക പടവാളാക്കി.
ദേശാഭിമാനിയുടെ എഡിറ്റോറിയൽ പേജിൽ ‘അഘശംസി’ എന്നപേരിൽ ആക്ഷേപഹാസ്യ പംക്തി കൈകാര്യം ചെയ്തു. മഹാരാജാസിൽനിന്ന് വിരമിച്ചശേഷവും ദേശാഭിമാനിയുമായി ബന്ധം തുടർന്നു. തെരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തുമൊക്കെ ചരിത്രവും രാഷ്‌ട്രീയവും ദേശാഭിമാനിയിൽ മികച്ച ലേഖനങ്ങളായി വന്നു. മറ്റുള്ളവർക്ക് എഴുതാൻ വിവരങ്ങൾ നൽകുന്നതിലും സി ആറിലെ പത്രപ്രവർത്തകൻ ഉണർന്നുനിന്നു. ഏതാനുംവർഷംമുമ്പുവരെ ദേശാഭിമാനി കൊച്ചി ഓഫീസിലെത്തി എല്ലാവരോടും കുശലം പറഞ്ഞ് മുറുക്കിച്ചുവപ്പിച്ച ചിരിയുമായി കടന്നുപോയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..