13 June Sunday

ഹൃദയങ്ങളിൽ ഇടംനേടി 
പ്രശാന്ത്‌ അച്ചന്റെ പടിയിറക്കം

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021


ഫോട്ടോ: മനു വിശ്വനാഥ്

ഫോട്ടോ: മനു വിശ്വനാഥ്

കൊച്ചി
ഫാ. പ്രശാന്ത് പാലക്കപ്പിള്ളിൽ തേവര തിരുഹൃദയ കലാലയത്തിന്റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നേ ഒഴിയുന്നുള്ളൂ. ഇക്കാലത്തിനിടെ വിദ്യാർഥികളും പൊതുസമൂഹവും ഹൃദയത്തിൽ നൽകിയ സ്ഥാനത്തുനിന്ന്‌ അദ്ദേഹം വിരമിക്കുന്നില്ല. വിശ്രമം എന്തെന്നറിയാത്ത 10 വർഷത്തെ ഔദ്യോഗികജീവിതത്തിലൂടെ കലാലയത്തിന്‌ അദ്ദേഹം സമ്മാനിച്ച നേട്ടങ്ങൾ ചെറുതല്ല. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ മുൻനിർത്തി ഫലപ്രദമായ ഇടപെടലുകളാണ്‌ അദ്ദേഹം നടത്തിപ്പോന്നത്‌.  വെള്ളിയാഴ്‌ചയാണ്‌ യാത്രയയപ്പ്‌. മഹാമാരിക്കാലത്ത്‌ അതൊന്നും ആഘോഷമാക്കാൻ അച്ചനും താൽപ്പര്യമില്ല.

സഹപ്രവർത്തകരുടെ ചെറിയൊരു ഒത്തുകൂടൽമാത്രം. അവിടെനിന്ന്‌ ഇറങ്ങിയാൽ നേരെ ആമ്പല്ലൂർ പഞ്ചായത്തിൽ രാജഗിരി കോളേജുമായി ചേർന്ന്‌ നടത്തുന്ന നാലേക്കർ കൃഷിയിടത്തിലേക്ക്‌. ഇന്ത്യയെ കണ്ടെത്താൻ എന്ന ലക്ഷ്യത്തോടെ മൂന്നുമാസം നീളുന്ന ബൈക്ക്‌ യാത്രയും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. കോവിഡ്‌ ഒന്നൊതുങ്ങിയിട്ടുവേണമെന്ന്‌ അച്ചൻ. സാഹചര്യങ്ങൾ അനുകൂലമായാൽ അടുത്തമാസത്തോടെയേ യാത്ര തുടങ്ങാനാകൂ. ബൈക്കും കാറുമൊക്കെ കലമ്പൽ കൂട്ടുന്ന ക്യാമ്പസിലേക്ക്‌ സൈക്കിൾ ഓടിച്ചായിരുന്നു അച്ചന്റെ വരവ്‌. നീണ്ട യാത്രയായതിനാൽ ഇന്ത്യാ പര്യടനത്തിന്‌ ബൈക്ക്‌ മതിയെന്നാണ്‌ തീരുമാനം.

അച്ചൻ നേതൃത്വം നൽകിയ പരിസ്ഥിതി സംരക്ഷണ മുന്നേറ്റമായ സേവ് പെരിയാർ, -ജൈവകൃഷി, പ്രകൃതിജീവനം തുടങ്ങിയവയുടെ സന്ദേശം ഇന്ത്യായാത്രയിലൂടെ കൂടുതൽ പ്രചാരം നേടുമെന്നും പ്രതീക്ഷിക്കാം. തേവരയാണ്‌ സ്വദേശം. ജോൺ തോമസ് എന്നായിരുന്നു പേര്‌. പുരോഹിതനായപ്പോൾ പ്രശാന്ത് പാലക്കപ്പിള്ളിൽ എന്ന പേര് സ്വീകരിച്ചു. ഹിന്ദി സാഹിത്യത്തിലും സംസ്കൃതത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം, ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദം, ഫിലോസഫിയിലും തിയോളജിയിലും ബിരുദം, എംജി സർവകലാശാലയിൽനിന്ന്‌ ഡോക്ടറേറ്റ് എന്നിവ നേടി. 1998-ൽ കളമശേരി രാജഗിരി കോളേജിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗികജീവിതം തുടങ്ങി.  2010ലാണ്‌ എസ്‌എച്ച്‌ കോളേജ്‌ പ്രിൻസിപ്പലായത്‌.

2013-ൽ എ ലെവൽ അക്രെഡിറ്റേഷൻ നിലനിർത്തിയ കോളേജിന് 2014-ൽ സ്വയംഭരണപദവിയും ലഭിച്ചു. അക്കാദമിക്, പാഠ്യേതര രംഗങ്ങളിൽ കലാലയത്തിന്‌ നിരവധി പുരസ്‌കാരങ്ങളും ഇക്കാലത്ത്‌ ലഭിച്ചു. ക്യാമ്പസിനെ പരിസ്ഥിതിസൗഹാർദമാക്കാനുള്ള അച്ചന്റെ പദ്ധതികൾ ഏറെ ശ്രദ്ധ നേടി. എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർഥികളുടെയും പൂർവവിദ്യാർഥിസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയാകെയും പിന്തുണ ഉറപ്പാക്കാനും അച്ചനു കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top