31 January Tuesday

യാതനയുടെ സഹനകാലം -ദിൽസെ; ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര എട്ടാം ഭാഗം

പ്രഭാവർമ്മUpdated: Monday Oct 31, 2022

മുംബൈ നാവിക കലാപം

രണ്ടാം ലോകമഹായുദ്ധ ഘട്ടത്തിൽ ഒളിവിൽപോയ സുർജിത്തിനെ 1940ൽ ബ്രിട്ടീഷ് പൊലീസ് പിടികൂടി ലാഹോർ റെഡ്ഫോർട്ട് ജയിലിലടയ്ക്കുകയായിരുന്നു. ആ അനുഭവമായിരുന്നു ഏറ്റവും ഹൃദയഭേദകമായി തോന്നിയത്. സുർജിത്തിനെ അന്ധകാരമയമായ ആഴക്കിണർപോലുള്ള ഒരു മുറിയിൽ നിർത്തി. ആഹാരം അവിടേക്ക് ഇറക്കിക്കൊടുക്കും. വെളിച്ചത്തിന്റെ നേർത്ത കിരണംപോലും അവിടേക്ക്‌ കടക്കില്ല. രാവോ പകലോ എന്നറിയില്ല. തീയതിയേത്, ആഴ്ചയേത് ഒന്നുമറിയില്ല. അങ്ങനെ ഒന്നോ രണ്ടോ ദിവസങ്ങളല്ല, നീണ്ട മൂന്നുമാസങ്ങൾ!
 

‘To fear the worst oft cures the worse’
  ‐ Shakespeare

 

ഹർകിഷൻ സിങ് സുർജിത്തുമൊത്തുള്ള ഒരു പഞ്ചാബ് യാത്ര അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ നാളുകളിലെ അതിതീവ്രമായ ഒരു യാതനാനുഭവത്തെ വെളിച്ചത്തുകൊണ്ടു വരുന്നതിന്‌ സഹായിച്ചു. ബ്രിട്ടീഷ് വിലക്ക്‌ ലംഘിച്ച് ദേശീയ പതാക ഉയർത്തിയതിന് മരണക്കിണർ പോലെയുള്ള ഒരു ഇരുട്ടറയിൽ മാസങ്ങളോളം ഇറക്കിനിർത്തിയതും ഒടുവിൽ കാഴ്ച തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വന്നതും ഒക്കെ അദ്ദേഹം അന്നുപറഞ്ഞത് പിന്നീട്‌ ഞാൻ വിശദമായി ദേശാഭിമാനിയിൽ ഒരു ഇന്റർവ്യൂ രൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബി ടി ആർ, പി  രാമമൂർത്തി, വിമലാ രണദിവെ, ക്യാപ്റ്റൻ ലക്ഷ്മി, ഗോദാവരി പരുലേക്കർ, നൃപൻ ചക്രവർത്തി തുടങ്ങിയവരോടൊത്തുണ്ടായ നിമിഷങ്ങളും ഇതേപോലെ ദേശാഭിമാനിയുടെ പേജുകളിൽ ജീവിതരേഖകളായി കിടക്കുന്നു.

ഒരിക്കൽ ഡൽഹിയിൽനിന്ന് അമൃത്‌സറിലേക്ക്‌ പോവുകയായിരുന്നു ഹർകിഷൻ സിങ് സുർജിത്. ഒപ്പം ഞാനും! പഴയ കാര്യങ്ങളെക്കുറിച്ചുള്ള എന്റെ തുടർച്ചയായ ചോദ്യങ്ങളാലാവാം സുർജിത് ട്രെയിനിലെ തന്റെ സീറ്റിൽ ഇടയ്ക്കിടെ ചിന്താധീനനായി. ട്രെയിൻ പഞ്ചാബിലേക്ക്‌ പ്രവേശിച്ചപ്പോൾ, പഴയ ഓർമകളുടെ ഭാവപ്രകാശത്താലാവാം ആ മുഖം അരുണാഭമായി.

ഹർകിഷൻ സിങ്‌ സുർജിത്‌

ഹർകിഷൻ സിങ്‌ സുർജിത്‌

ഞാൻ ഓർത്തു: ഈ മണ്ണിലാണ് കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് കമ്യൂണിസ്റ്റ് നേതാവായി ഇദ്ദേഹം വളർന്നുവന്നത്. ചോദിച്ചത് ആ നാടിന്റെ ചരിത്രപരമായ പ്രത്യേകതകളെക്കുറിച്ചാണെങ്കിലും സുർജിത് എന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാവണം, തന്റെ പഴയകാല ജീവിതത്തിലേക്ക്‌ വളരെപ്പെട്ടെന്നുതന്നെ കടന്നുചെന്നു.

ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്വത്തിൽ പ്രചോദിതനായി രാഷ്ട്രീയത്തിലേക്ക്‌ വന്നത്, പതിനാറാം വയസ്സിൽ, 1932ൽ ഹോഷ്യാർപൂർ കോടതിക്കുമുകളിൽ ബ്രിട്ടീഷ് സൈന്യനിര തോക്കുചൂണ്ടിനിൽക്കെ അതിസാഹസികമാം വിധം കയറി ദേശീയപതാക ഉയർത്തിയത്, അറസ്റ്റ് ചെയ്യപ്പെട്ടത്, ബാലകുറ്റവാളികളുടെ തടവറയിലടയ്ക്കപ്പെട്ടത്, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ ചേർന്നത്, കമ്യൂണിസ്റ്റ് പാർടിയിൽ വന്നത്. കിസാൻസഭാ നേതാവായി ഉയർന്നത്... അങ്ങനെ ആദ്യകാല നാളുകൾ...

ഒരിക്കൽ വിപ്ലവരാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചാബിൽ നിന്ന്‌ നാടുകടത്തപ്പെടുകപോലും ചെയ്തു സുർജിത്. അങ്ങനെ ഉത്തർപ്രദേശിലെത്തിയ സുർജിത് അവിടെ ഒളിവിൽ രാഷ്ട്രീയപ്രവർത്തനം നടത്തിയതിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ ഹൃദയമിടിപ്പടക്കിയാണ്‌ ഞാൻ കേട്ടിരുന്നത്.

രണ്ടാം ലോകമഹായുദ്ധ ഘട്ടത്തിൽ ഒളിവിൽപോയ സുർജിത്തിനെ 1940ൽ ബ്രിട്ടീഷ് പൊലീസ് പിടികൂടി ലാഹോർ റെഡ്ഫോർട്ട് ജയിലിലടയ്ക്കുകയായിരുന്നു. ആ അനുഭവമായിരുന്നു ഏറ്റവും ഹൃദയഭേദകമായി തോന്നിയത്.

സുർജിത്തിനെ അന്ധകാരമയമായ ആഴക്കിണർ പോലുള്ള ഒരു മുറിയിൽ നിർത്തി. ആഹാരം അവിടേക്ക് ഇറക്കിക്കൊടുക്കും. വെളിച്ചത്തിന്റെ നേർത്ത കിരണംപോലും അവിടേക്കുകടക്കില്ല. രാവോ പകലോ എന്നറിയില്ല. തീയതിയേത്, ആഴ്ചയേത് ഒന്നുമറിയില്ല. അങ്ങനെ ഒന്നോ രണ്ടോ ദിവസങ്ങളല്ല, നീണ്ട മൂന്നു മാസങ്ങൾ! അതിഭീകരമായ അവസ്ഥയിലുള്ള ഏകാന്ത തടവ്! മനഃശക്തിയുള്ളവർക്കുപോലും മനോവിഭ്രാന്തിയുണ്ടാവാൻ അതുമതി. സത്യത്തിൽ അതുതന്നെയായിരുന്നു ബ്രിട്ടീഷ് സേനയുടെ ലക്ഷ്യമെന്ന്‌ സുർജിത് പറയുന്നു.

മൂന്നുമാസം കഴിഞ്ഞ് ഒരു ഉയർന്ന ബ്രിട്ടീഷ് ഓഫീസർ ജയിൽ സന്ദർശനത്തിനെത്തിയപ്പോഴാണത്രെ, വിവരമറിഞ്ഞ് സുർജിത്തിനെ ഇരുൾ കിണറ്റിൽനിന്ന്‌ പുറത്തെടുത്തത്. പുറത്തുകൊണ്ടുവന്ന് പകൽവെളിച്ചത്തിൽ നിർത്തി. എന്നാൽ, കണ്ണ് തെല്ലും കാണുന്നുണ്ടായിരുന്നില്ല. തുടർച്ചയായി ഇരുളിൽ കഴിഞ്ഞതിന്റെ പരിണതഫലം! പിന്നീട് നീണ്ട ചികിത്സയ്ക്കുശേഷമാണ് കാഴ്ച തിരിച്ചുകിട്ടിയത് എന്ന്‌ സുർജിത് പറഞ്ഞു. ഇരുൾകിണറ്റിൽനിന്ന് മാറ്റിയത് ദിയോളി ജയിലിലേക്കാണ്. അവിടെയായിരുന്നു ചികിത്സ. നാലുവർഷം അവിടെ!

ഇടതുപക്ഷത്തിന് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ ഒരു പങ്കുണ്ടെന്ന്‌ തെളിയിച്ച ഘട്ടമായിരുന്നു സുർജിത്തിന്റേത്. പഞ്ചാബിലെ വിഘടന ഖാലിസ്ഥാൻ പ്രസ്ഥാനത്തെ നേരിടുന്നതിനെ സഹായിച്ചതിന് വധഭീഷണിയുണ്ടായി. സെക്യൂരിറ്റി ഇസഡ് കാറ്റഗറിയിലായി നീണ്ടകാലം സുർജിത്. പഞ്ചാബിലെ വിവിധ രാഷ്ട്രീയ നേതാക്കൾ വെടിയേറ്റുവീണുകൊണ്ടിരുന്ന ഘട്ടമായിരുന്നു അത്.

സുർജിത് സിപിഐ എം ജനറൽ സെക്രട്ടറിയായിരിക്കെ നടന്ന പ്രതിപക്ഷ ഉച്ചകോടികൾ ശ്രദ്ധേയമായിരുന്നു. ആന്ധ്രാപ്രദേശിലെ എൻ ടി രാമറാവുവിനെ മുതൽ അസമിലെ പ്രഫുല്ല ഗൊഗോയിയെവരെ അണിനിരത്തിയ നേതൃയോഗങ്ങൾ. ദേശീയതലത്തിൽ കോൺഗ്രസിനെതിരെ ഒരു ജനാധിപത്യ മതേതര ബദൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ വളരെ നിർണായകമായ പങ്കാണ് സുർജിത് വഹിച്ചത് എന്നോർക്കുന്നു.

സുർജിത് സിപിഐ എം ജനറൽ സെക്രട്ടറിയായിരിക്കെ നടന്ന പ്രതിപക്ഷ ഉച്ചകോടികൾ ശ്രദ്ധേയമായിരുന്നു. ആന്ധ്രാപ്രദേശിലെ എൻ ടി രാമറാവുവിനെ മുതൽ അസമിലെ പ്രഫുല്ല ഗൊഗോയിയെവരെ അണിനിരത്തിയ നേതൃയോഗങ്ങൾ. ദേശീയതലത്തിൽ കോൺഗ്രസിനെതിരെ ഒരു ജനാധിപത്യ മതേതര ബദൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ വളരെ നിർണായകമായ പങ്കാണ് സുർജിത് വഹിച്ചത് എന്നോർക്കുന്നു.

 

ജ്യോതിബസു

ജ്യോതിബസു

റ്റവും കൂടുതൽ കാലം ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്നതിന്റെ െക്രഡിറ്റ് ജ്യോതിബസുവിനുള്ളതാണ്. എത്രയോ വട്ടം അദ്ദേഹവുമായി അടുത്തിരിക്കാനും സംസാരിക്കാനും അവസരമുണ്ടായി.

അദ്ദേഹത്തിന്റെ 'മണിമണിയായൊഴുകുന്ന ഇംഗ്ലീഷ്' എന്നും എന്നെ ചെറിയതോതിലൊന്നുമല്ല ആകർഷിച്ചിട്ടുള്ളത്. ഡൽഹിവാസ ഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷകൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ മറ്റ്‌ മൂന്നുപേർ ഇന്ദ്രജിത്ത് ഗുപ്തയും സി എം സ്റ്റീഫനും പി വി നരസിംഹറാവുവുമാണ്.

ജ്യോതിരിന്ദ്ര എന്നായിരുന്നു ജ്യോതിബസുവിന്റെ ആദ്യപേര്. പിന്നീട് ജ്യോതിബസു എന്ന്‌ മാറ്റുകയായിരുന്നു. പ്രസിഡൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് നേരേ ബ്രിട്ടനിലേക്ക്‌ പോയ അദ്ദേഹം ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽനിന്ന് നിയമബിരുദമെടുക്കുന്നതിനിടയ്ക്കുതന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടിയുമായി സഹകരിച്ച്‌ പ്രവർത്തിച്ചുതുടങ്ങിയിരുന്നു.

രജനി പാംദത്തിനെയും ബെൻ ബ്രാഡ്ലിയെയും ഹാരി പോളിറ്റിനെയും ഹാരോൾഡ് ലാസ്‌കിയെയും പോലുള്ളവരുമായി അടുത്ത ബന്ധത്തിലായി.

ഇന്ത്യൻ നേതാക്കളെ വിളിച്ചുവരുത്തി പ്രഭാഷണം നടത്തിക്കുമായിരുന്ന ലണ്ടൻ മജ്‌ലിസിന്റെ സെക്രട്ടറിയായതുവഴി ജവഹർലാൽ നെഹ്റുവിനെയും സുഭാഷ്‌ചന്ദ്ര ബോസിനെയും വിജയലക്ഷ്മി പണ്ഡിറ്റിനെയും ഒക്കെ പരിചയപ്പെട്ടു. ഇന്ദിരാഗാന്ധിക്കും ഏറെ പ്രിയപ്പെട്ടയാളായിരുന്നു ജ്യോതിബസു എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്.

അടിയന്തരാവസ്ഥക്കാലത്ത് മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളെയും പിടിച്ച് ജയിലിലിട്ടപ്പോൾ ജ്യോതിബസു പുറത്തുതന്നെ നിന്നു. നിങ്ങളെ പിടിച്ച് ഞാൻ അകത്തിടും എന്ന്‌ ഭീഷണിപ്പെടുത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധാർത്ഥശങ്കർ റേയ്ക്ക്‌ ജ്യോതിബസു കൊടുത്ത മറുപടി റേയെത്തന്നെ ഞെട്ടിച്ചു.

'You stop this nonsense. You dont know the relationship that I have with Indu'.സിദ്ധാർത്ഥ ശങ്കർ റേ, ജ്യോതിബസുവിനെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധിയോട്‌ പറഞ്ഞുവെന്നും, പറയാൻ മറ്റൊന്നുമില്ലെങ്കിൽ താങ്കൾ പൊയ്ക്കൊള്ളൂ എന്ന് ഇന്ദിരാഗാന്ധി മറുപടികൊടുത്തുവെന്നും സിദ്ധാർത്ഥശങ്കർ റേയ്ക്ക് ജ്യോതിബസുവിനെ തൊടാൻ പോലും കഴിഞ്ഞില്ല എന്നുമുള്ളതും ചരിത്രം! ഇന്ദിരാഗാന്ധിക്ക് എന്നും ഏറിയ ആദരവുണ്ടായിരുന്നു ജ്യോതിബസുവിനോടും.

1967ൽ ബംഗ്ലാ കോൺഗ്രസും സിപിഐ എമ്മും ചേർന്ന് അജോയ് മുഖർജിയുടെ നേതൃത്വത്തിൽ, ജ്യോതിബസു ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയുണ്ടാക്കി.

എന്നാൽ, നാലുവർഷം കഴിഞ്ഞപ്പോൾ ബാരാനഗറിൽ ജ്യോതിബസുവിനോട് അജോയ് മുഖർജി പരാജയപ്പെടുന്നതാണ് പശ്ചിമബംഗാൾ കണ്ടത്. 1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം ജ്യോതിബസു മുഖ്യമന്ത്രിയായി. 2000ൽ സജീവ രാഷ്ട്രീയത്തിൽനിന്ന്‌ പിരിയുംവരെ ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു.

അദ്ദേഹം രണ്ടുവട്ടം വിവാഹം കഴിച്ചിരുന്നുവെന്നത് അധികമാളുകൾക്ക് അറിയാവുന്ന കാര്യമല്ല. ആദ്യഭാര്യ ബസന്തി ആയിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടുവർഷം തികയുംമുമ്പ് അവർ മരിച്ചതിനെത്തുടർന്ന് 1948ൽ കമലയെ വിവാഹം കഴിച്ചു. ജ്യോതിബസു മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകൾ അന്ധരായ രണ്ടുപേർക്ക് തെളിച്ചമായി. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാനായി കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിക്ക് വിട്ടുകൊടുക്കുകയായിരുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടയാളായിരുന്നു ജ്യോതിബസു. പുതിയ സഹസ്രാബ്ദഘട്ടത്തിൽ ഇന്ത്യ എങ്ങനെയാവണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ, അദ്ദേഹത്തിന്റെ പാർടിയുടെ തീർപ്പ് മറ്റൊന്നായി. പാർടിക്ക് നയരൂപീകരണ കാര്യങ്ങളിലടക്കം മേധാവിത്വപരമായ നിർണായക സ്ഥാനമുള്ള സംവിധാനത്തിലേ പാർടി ഭരണത്തെ നയിക്കാവൂ എന്നതായിരുന്നു പാർടിയുടെ വിലയിരുത്തൽ.

മറിച്ചൊരു സംവിധാനത്തിൽ ഭരണത്തെ നയിച്ചാൽ, തങ്ങൾക്ക് വിയോജിപ്പുള്ള നയങ്ങൾ നടപ്പാക്കേണ്ടിവരുമെന്നും ആ അവസ്ഥയിൽ പാർടി ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നതിനേ പ്രധാനമന്ത്രി സ്ഥാനം സ്വീകരിക്കുന്നത് പ്രയോജനപ്പെടൂ എന്നുമായി പാർടിയുടെ വിലയിരുത്തൽ. ജനകീയ ജനാധിപത്യ സങ്കൽപ്പം ഇതുതന്നെ ശരിവെക്കുന്നു.

ദേശീയ ജനാധിപത്യത്തെയാണ് അംഗീകരിക്കുന്നത് എന്നതുകൊണ്ടാണ് സിപിഐക്ക്, തങ്ങൾക്ക് രാഷ്ട്രീയ മുൻകൈയില്ലാത്ത സംവിധാനത്തിലും ഭരണപങ്കാളിത്തമാവാം എന്ന നിലപാടുണ്ടായത്.

ചില നിർണായക ഘട്ടങ്ങളിൽ ഇതര പാർടികൾ തങ്ങളുടെ നേതാക്കളെ ഭരണത്തിന്‌ നേതൃത്വം നൽകാൻ, പാർടിക്ക് നിർണായക സ്വാധീനം ജനപ്രതിനിധി സഭയിൽ ഇല്ലാതിരിക്കുമ്പോഴും ക്ഷണിക്കുമെന്നും അത് സ്വീകരിക്കുന്നതിൽ തകരാറില്ലെന്നുമാണ് സിപിഐ വിലയിരുത്തിയിട്ടുള്ളത്.

കോൺഗ്രസിന്റെ ജൂനിയർ പങ്കാളി മാത്രമായി സഖ്യത്തിൽ നിൽക്കുമ്പോഴും സിപിഐയുടെ സി അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കാൻ കഴിഞ്ഞത് ഓർക്കുക.

കേന്ദ്രത്തിൽ ഇന്ദ്രജിത്ത് ഗുപ്ത ആഭ്യന്തര മന്ത്രിയായിരുന്നതും ചതുരാനൻ മിശ്ര കൃഷിമന്ത്രിയായിരുന്നതും ഓർക്കുക. സിപിഐ എമ്മും ജ്യോതിബസുവും ആ ക്ഷണം നിരാകരിച്ചു.

അതേത്തുടർന്നാണ് ദേവഗൗഡ പ്രധാനമന്ത്രിയായത്. ത്യജിക്കുക എന്നത് കമ്യൂണിസ്റ്റ് പാർടിയെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമല്ല എന്നത് ഓർക്കേണ്ടതുണ്ട്. എന്നാൽ, പ്രധാനമന്ത്രി സ്ഥാന ഓഫർ നിരാകരിച്ചത് 'ഹിമാലയൻ വിഡ്ഡിത്തം' ആയി എന്ന്‌ കരുതുന്നവരുമുണ്ട് എന്നത്‌ കാണാതിരിക്കേണ്ട കാര്യമില്ല.

ഇടത്താവളങ്ങളിൽ അവിടുത്തെ സൗകര്യത്തിലും സുഭിക്ഷതയിലും മയങ്ങിക്കിടക്കുകയല്ല വേണ്ടത്, മറിച്ച് അവിടെ തളഞ്ഞുകിടക്കാതെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് യാത്ര തുടരുക തന്നെയാണ്‌ വേണ്ടത് എന്ന്‌ കമ്യൂണിസ്റ്റ് പാർടികളെ ഓർമിപ്പിച്ചിട്ടുണ്ട് മഹാകവി വൈലോപ്പിള്ളി.

'മർദക നിണസ്വാദിനെയോർക്കും
കത്തിയാലാത്മഹത്യ ചെയ്യാതെ
പോക ഭൗതിക തൃപ്തിതൻ മധ്യ
മേഖലയിൽ മയങ്ങിവീഴാതെ
പോക ഞങ്ങൾ കിനാവുകണ്ടോരാ
സ്നേഹമാർഗത്തിലൂടിനി നിങ്ങൾ'

എന്ന് ഉപദേശിച്ചു വൈലോപ്പിള്ളി. നിന്റെ അരയിലെ കത്തിയുടെ ലക്ഷ്യം മർദകന്റെ രക്തമാണ്. ആ കത്തി അതിനാണ് ദാഹിക്കുന്നത്. അതുമറന്ന്, ഇടത്താവളത്തിലെ ഭൗതിക സൗകര്യങ്ങളുടെ തൃപ്തിയിൽ മയങ്ങി വീണുകിടക്കരുത്.

ഞങ്ങൾ കിനാവുകാണുന്ന സ്നേഹമാർഗത്തിലൂടെ നിങ്ങൾ യാത്ര ചെയ്യണം എന്നതായിരുന്നു വൈലോപ്പിള്ളിയുടെ ഉപദേശം.

ശത്രുവിന്റെ നെഞ്ചിൽ തറയേണ്ട കത്തി എടുത്ത് സ്വന്തം നെഞ്ചിൽ കുത്തി ആത്മഹത്യ ചെയ്യരുത് എന്ന ഉപദേശം കൂടി അതിലുണ്ട് എന്നത് മറന്നുകൂട.

 

ൽഹിയിൽ എത്തിയ ആദ്യ നാളുകളിൽ തന്നെ ബി ടി ആർ എന്ന് സ്നേഹപൂർവം പാർടി സഖാക്കൾ വിളിക്കുന്ന ബി ടി രണദിവയെ പരിചയപ്പെടാൻ കഴിഞ്ഞു.

ബി ടി രണദിവെ

ബി ടി രണദിവെ

കൽക്കത്താ തീസിസിന്റെ ഉപജ്ഞാതാവായിരുന്നല്ലൊ ബി ടി ആർ. തുടുതുടുപ്പൻ ചോരച്ചുവപ്പൻ വിപ്ലവ പാത.

അതായിരുന്നു കൽക്കത്താ തീസിസ് കമ്യൂണിസ്റ്റ് പാർടിക്കുമുമ്പിൽ തുറന്നിട്ടത്. െകാൽക്കത്തയിൽ 1948ൽ ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ രണ്ടാം കോൺഗ്രസ് അംഗീകരിച്ച നിലപാട് സായുധ വിപ്ലവത്തിലൂടെ മോചനം എന്നതായിരുന്നു.

സ്വാതന്ത്ര്യം പൂർണ സ്വാതന്ത്ര്യമായിട്ടില്ല എന്നും സെമി കൊളോണിയലിസം നിലനിൽക്കുന്നുവെന്നും വിലയിരുത്തി. ജനങ്ങൾ അസംതൃപ്തരാണ്. അവരെ കമ്യൂണിസ്റ്റ് പാർടി നയിക്കേണ്ടതുണ്ട്.

കർഷകരുടെയും തൊഴിലാളികളുടെയും അടിച്ചമർത്തപ്പെട്ട പെറ്റി ബൂർഷ്വാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ജനകീയ ജനാധിപത്യ മുന്നേറ്റമുണ്ടാവുകയും അടിച്ചമർത്തപ്പെടുന്നവരുടെ, ചൂഷണം ചെയ്യപ്പെടുന്നവരുടെ ഭരണം സായുധ പോരാട്ടത്തിലൂടെ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇതായിരുന്നു ചിന്ത. ഇതേത്തുടർന്ന് തെലങ്കാനാ സമരം മുതൽ പുന്നപ്ര‐വയലാർ സമരം വരെ രൂപപ്പെട്ടുവന്നു.

സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത കൊൽക്കത്താ തീസീസിന്റെ ഉപജ്ഞാതാവിനെയാണ് കാണാൻ പോവുന്നത്. വളരെ പരുക്കനായ, കാർക്കശ്യം നിറഞ്ഞ, കോപാക്രാന്തമായ ഒരു മുഖമാണ് പ്രതീക്ഷിച്ചത്.

ചെന്നു കണ്ടപ്പോഴോ? സൗമ്യവും ദീപ്തവും ശാന്തവുമായ ഋഷിത്വഭാവം നിറഞ്ഞ ഒരു മുഖം! മനസ്സിന്റെ വെളുപ്പ് പകർത്തിവെച്ച പാൽപ്പുഞ്ചിരിയോടെ അശോകാറോഡിലെ പതിനാലാം നമ്പർ വസതിക്കനുബന്ധമായുള്ള പീപ്പിൾസ് ഡെമോക്രസി എഡിറ്റോറിയൽ ഓഫീസിൽ തന്റെ കസേരയിൽനിന്ന് ഒന്നിളകിക്കൊണ്ടു ബി ടി ആർ പറഞ്ഞു:

'ഇരിക്കൂ' ! ചരിത്രം ഉടലാർന്നുനിൽക്കുന്നതുപോലെയാണ് സത്യത്തിൽ എനിക്കുതോന്നിയത്. പിന്നീട് ഇങ്ങോട്ട് എത്രയോ കൂടിക്കാഴ്ചകൾ. സംശയ നിവാരണങ്ങൾ! ഒടുവിൽ മുംബൈയിൽ ബി ടി ആറിന്റെ മൃതദേഹത്തെ ചിതാഗ്നി കവരുമ്പോൾ അതിന് ദൃ‌ക്‌സാക്ഷിയായും ഞാനുണ്ടായി.

അഹല്യാ രങ്കനേക്കറുടെ സഹോദരനും വിമലാ ദണദിവെയുടെ ഭർത്താവുമാണ് ബി ടി ആർ എന്ന ത്രൈക്ഷരിയിലറിയപ്പെടുന്ന  ബാലചന്ദ്ര ത്രയംബക് രണദിവെ.

മൂവരുടെയും ജീവിതം ഇതിഹാസ മാനങ്ങളോടുകൂടിയതാണ്. 1948ൽ പാർടി ജനറൽ സെക്രട്ടറിയായി. 1950 ആയപ്പോഴേക്ക് ഇടതുപക്ഷ അതിസാഹസികതാനയമാണ് കൊൽക്കത്താ തിസീസിലുള്ളത് എന്ന തള്ളിക്കളയലായി. കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കലായി.

1956ൽ പാലക്കാട് പാർടി കോൺഗ്രസിലാണ് ബി ടി ആർ കേന്ദ്ര കമ്മിറ്റിയിൽ തിരിച്ചുവരുന്നത്. അതിസാഹസികമായ ഇടതുപക്ഷ തീവ്രവാദം ആത്യന്തികമായി തീവ്ര വലതുപക്ഷവാദത്തിലാവും എത്തിച്ചേരുക എന്ന വാദം ബി ടി ആർ തെറ്റിച്ചു.

വിമല രണദിവെ

വിമല രണദിവെ

ഒരിക്കൽ അഹല്യാ രങ്കനേക്കർക്കും വിമലാ രണദിവെക്കും ഒപ്പം ഇരിക്കുകയായിരുന്ന ബി ടി ആറിനോട് 64 ലെ ജയിൽവാസമടക്കമുള്ള യാതനാനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു; ഇവർ (അഹല്യയും വിമലയും) സഹിച്ചതുമായി താരതമ്യപ്പെടുത്തിയാൽ എന്റെ അനുഭവങ്ങൾ ഒന്നുമല്ല! മൂവരും പരസ്പരം പൂരിപ്പിച്ചുകൊണ്ട് ആ കഥകൾ എന്നോട്‌ പറഞ്ഞു.

ബ്രിട്ടീഷ് പട്ടാളക്കാർ കമ്യൂണിസ്റ്റുകാരെ വേട്ടയാടി പിടിച്ചിരുന്ന കാലം. എന്തും വരട്ടെയെന്നുകരുതി മൂന്നു പെൺകുട്ടികൾ മുംബൈയിലെ നഗരവീഥികളിലൂടെ കമ്യൂണിസ്റ്റ് പാർടി ആപ്പീസിലേക്കുനടന്നു.

പൊടുന്നനെ ബ്രിട്ടീഷ് പട്ടാളം നഗരമാകെ കൈയടക്കി. കണ്ണിൽ കണ്ടവരെയൊക്കെ വെടിവെച്ചു വീഴ്ത്തി. പെൺകുട്ടികളിലൊരാൾ മരിച്ചുവീണു.

മറ്റൊരാൾ പരിക്കേറ്റുവീണ് മരണവെപ്രാളത്തോടെ പിടഞ്ഞു. മൂന്നാമത്തേയാൾ മുടിനാരിഴക്ക് മരണവുമായി മുഖാമുഖം കണ്ടശേഷം രക്ഷപ്പെട്ടു. അന്നത്തെ ബോംബെ നാവിക കലാപത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട  പത്തൊമ്പതുകാരി അതേ ധീരത എന്നും കാട്ടി പതിറ്റാണ്ടുകൾ പിന്നിട്ടു. അതാണ് അഹല്യാ രങ്കനേക്കർ.

സ്വാതന്ത്ര്യത്തിനുവേണ്ടി നാവികർ നടത്തിയ കലാപത്തെ അന്ന് പിന്തുണയ്ക്കാൻ കമ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളു. വല്ലഭായ് പട്ടേലുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പോലും അതിനെ അപലപിച്ചു. അതുകൊണ്ടാണ് ബ്രിട്ടീഷ് പട്ടാളക്കാർ കമ്യൂണിസ്റ്റുകാരെ തേടിനടന്നത്.

സ്വാതന്ത്ര്യത്തിനുവേണ്ടി നാവികർ നടത്തിയ കലാപത്തെ അന്ന് പിന്തുണയ്ക്കാൻ കമ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളു. വല്ലഭായ് പട്ടേലുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പോലും അതിനെ അപലപിച്ചു. അതുകൊണ്ടാണ് ബ്രിട്ടീഷ് പട്ടാളക്കാർ കമ്യൂണിസ്റ്റുകാരെ തേടിനടന്നത്. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ അന്നുനടന്ന നാവിക കലാപവും അതേത്തുടർന്നൊഴുകിയ ചോരപ്പുഴയുമാണ് സത്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്കുള്ള പാതയിലെ ആദ്യകവാടം തുറന്നത്.

കമൽദോംദെ, കുസുംരണദിവെ എന്നിവരോടൊപ്പമായിരുന്നു അഹല്യ അന്ന് പാർടി ആപ്പീലേക്കുനടന്നത്. കമലയാണ് വഴിയിൽ വെടിയേറ്റ്‌ മരിച്ചുവീണത്. പരിക്കേറ്റ് പിടഞ്ഞത് കുസുമവും. അഹല്യയുടെ മൂത്ത സഹോദരി. ബി ടി രണദിവെയുടെ നേരനുജത്തി. പെട്ടെന്ന് റോഡിൽ വീണുകിടക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്ന് തോക്കിൻകുഴലിൽനിന്ന്‌ രക്ഷപ്പെട്ടതെന്ന് അഹല്യ പറഞ്ഞു.

അഹല്യാ രങ്കനേക്കർ

അഹല്യാ രങ്കനേക്കർ

മരിച്ചുവീണ പ്രിയസഖാവിനും വേദനകൊണ്ട് പിടയുന്ന ചേച്ചിക്കും നടുവിൽ ശ്വാസംപിടിച്ച് അരമണിക്കൂറിലേറെ കിടക്കേണ്ടിവന്നു അഹല്യക്ക്. ആ ചുവന്ന പുലരിയിലെ ദുരന്തം അഹല്യക്ക് മറക്കുക വയ്യ.

ജീവിത്തിലെ മറക്കാനാവാത്ത സംഭവം അതായിരുന്നുവെന്ന് അഹല്യ പറഞ്ഞു. ഇന്ത്യയെയാകെ നടുക്കിയ ആ വെടിവെപ്പിൽ മുംെബെ നഗരത്തിൽ മരിച്ചുവീണത് 300 പേരാണ്.

റോയൽ ഇന്ത്യൻ നേവിയുടെ നേർക്ക് ബ്രിട്ടൻ നടത്തിയ നിഷ്ഠൂരമായ ആ വെടിവെപ്പ് ഇന്ത്യയുടെ മനഃസാക്ഷിക്കുള്ളിൽ ഇപ്പോഴും ഇടിമുഴക്കങ്ങളായി നിലനിൽക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ചിടത്തോളം അത് ചരിത്രപ്രധാനമായ ഒരു ദിവസമാണ്; വേണ്ടത്ര പ്രശസ്തമാകാതെ പോയെങ്കിലും.

1943ലാണ് അഹല്യ കമ്യൂണിസ്റ്റ് പാർടിയിലേക്കുവന്നത്. അടിയന്തരാവസ്ഥയിൽ തന്നെ ജയിലിൽ വന്നുകാണാൻ മകനെപ്പോലും അനുവദിച്ചിരുന്നില്ല. അതിനെതിരെ അഹല്യ ജയിലിൽ കിടന്നുകൊണ്ടുതന്നെ കോടതിയിൽ കേസ് നടത്തി. കേസ് അഹല്യക്ക് അനുകൂലമായി. പ്രിയപ്പെട്ട മകനെ കാണാൻ ആ വിധി വഴിയൊരുക്കി.

1948ൽ ജയിലിനുള്ളിൽ 21 ദിവസം നിരാഹാരമനുഷ്ഠിച്ച കഥയും അവർ ഓർത്തെടുത്തു. സാമൂഹ്യനാചാരങ്ങൾക്കെതിരെ പണ്ടേ ഉറച്ചുനിന്ന കുടുംബത്തിൽ ജനിച്ചതിനാൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ വീട്ടിൽനിന്ന് തടസ്സമൊന്നുമുണ്ടായില്ല. 1930കളിൽ വീട്ടിൽ നടന്ന കല്യാണങ്ങൾപോലും ആചാരപരമായ ചടങ്ങുകളോടെ ആയിരുന്നില്ല. രജിസ്റ്റർ വിവാഹങ്ങളായിരുന്നു.

സമുദായം കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ചു. പെൺകുട്ടികൾപോലും സാമൂഹ്യപ്രവർത്തനത്തിനിറങ്ങിയതാണ് കാരണം. ഭ്രഷ്ട് വകവെക്കാതെ അവർ മുന്നാട്ടുനീങ്ങി.

വിദ്യാർഥി ജീവിതത്തിൽ മനസ്സിൽ കൊളുത്തിയ ആവേശത്തിന്റെ തീ ഒരിക്കലും പിന്നീടണഞ്ഞിട്ടില്ല. സാമൂഹ്യ പ്രവർത്തനങ്ങൾ പകരുന്ന ആവേശം സ്ത്രീ എന്ന നിലയിലുള്ള പരിമിതികൾപോലും വകവെക്കാൻ കൂട്ടാക്കിയില്ല. ഉദാഹരണമായി അഹല്യ 1948ൽ പൂണെ സെൻട്രൽ ജയിലിൽ നടന്ന കഥ പറഞ്ഞു.

കമ്യൂണിസ്റ്റുകാർ ജയിലിൽ ചെങ്കൊടി പൊക്കാൻ തീരുമാനിച്ചു. ചുവപ്പുകൊടി കിട്ടാനുണ്ടായിരുന്നില്ല. ഒരു ചുവപ്പ് സാരി സംഘടിപ്പിച്ച് അതുകീറി ചെങ്കൊടിയുണ്ടാക്കി. അത് കെട്ടാൻ ജയിലിന്റെ മേൽക്കൂരയിലേക്ക് കയറിയത് അഹല്യയായിരുന്നു.

പി രാമമൂർത്തി

പി രാമമൂർത്തി

അതറിഞ്ഞപ്പോൾ ജയിൽവാർഡൻ പോലും അമ്പരന്നു. 'എങ്ങനെ അവിടെ കയറിപ്പറ്റി' അയാൾ ചോദിച്ചു. ഏതായാലും ആ സംഭവം അഹല്യക്ക് ഏകാന്ത തടവ് സമ്മാനിച്ചു. ഒരു ചെറുമുറിയിൽ ശുദ്ധവായുവില്ലാതെ ഒരുമാസം കഴിഞ്ഞു. അന്ന് അഹല്യ പാവാടക്കാരി മാത്രമായിരുന്നു.

പൂണെ, എറോഡ, ബെൽഗാം ജയിലുകളിലായിട്ടാരുന്നു തന്റെ പത്തുകൊല്ലം നീണ്ട തടവറ വാസമെന്ന് അഹല്യ വിവരിച്ചു. അന്നത്തെ പീഡനാനുഭവങ്ങളൊന്നും ആ മനസ്സ്  മരവിപ്പിച്ചില്ല. കൂടുതൽ ഉണർവും ഊർജസ്വലതയും നൽകിയതേയുള്ളു.

പി രാമമൂർത്തി, പി സുന്ദരയ്യ തുടങ്ങിയവരെ നിത്യേനയെന്നോണം കണ്ടിരുന്നെങ്കിലും ഏറെ ഇടപഴകാനുള്ള അവസരമുണ്ടായില്ല. പി സുന്ദരയ്യയാകട്ടെ, താമസിയാതെ വിടപറഞ്ഞു. പി രാമമൂർത്തി ചെന്നൈയിലേക്ക്‌ മാറുകയും ചെയ്തു.

ഹനൻമുള്ള

ഹനൻമുള്ള


ഇടയ്ക്കിടയ്ക്കുകണ്ടിരുന്ന, സംസാരിച്ചിരുന്ന മറ്റൊരാൾ നൃപൻ ചക്രവർത്തിയാണ്. അദ്ദേഹമാവട്ടെ സ്വന്തം അനുഭവങ്ങൾ പങ്കുവെക്കില്ല എന്ന ദൃഢവ്രതത്തിലെന്നോണമായിരുന്നു.

പ്രമോദ് ദാസ് ഗുപ്തയാവട്ടെ, പശ്ചിമബംഗാളിലെ പാർടിയെ അതിന്റെ സഹനകാലത്തും ഭരണകാലത്തും നയിച്ച ബംഗാളികളുടെ പ്രിയപ്പെട്ട 'പ്രമോദ് ദാ'യാണ്. ഒരു പഞ്ചായത്ത് വാർഡ് ഇലക്ഷനുപോലും സ്ഥാനാർഥിയായിട്ടില്ല. അത്തരം അധികാരസ്ഥാനങ്ങളൊന്നും വഹിച്ചിട്ടുമില്ല. എങ്കിലും മറ്റാർക്കുമില്ലാത്ത സ്ഥാനം നേടി പ്രമോദ് ദാ ബംഗാളി ജനതയുടെ മനസ്സിൽ.

ബംഗാളിൽ നിന്നുള്ള രണ്ടു പ്രമുഖർ ഡൽഹിയിൽ ഞാൻ താമസിച്ചിരുന്ന അതേ കെട്ടിടത്തിലുണ്ടായിരുന്നു‐ സെയ്‌ഫുദ്ദീൻ ചൗധരിയും ഹനൻമുള്ളയും. സെയ്‌ഫുദ്ദീൻ ചുരുങ്ങിയ കാലം കൊണ്ട് കരുത്തനായ പാർലമെന്റേറിയനായി വളർന്നുവന്നു. വി പി ഹൗസിലെ അപ്പുറവും ഇപ്പുറവും ഉള്ള മുറികളിലാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ സെയ്‌ഫുദ്ദീന്റെ ഓരോ ചലനവും അടുത്തുനിന്നറിയാൻ എനിക്കു സാധിച്ചു.

രാജീവ്ഗാന്ധിയുടെ ഭരണം. പല കാര്യങ്ങൾക്കും അഭിപ്രായം തേടി സിപിഐ എം നേതാക്കളെ ക്ഷണിക്കുമായിരുന്നു രാജീവ്. പലപ്പോഴും പോവുക സെയ്‌ഫുദീൻ ചൗധരിയാണ്. പാർടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായിരുന്നല്ലൊ അദ്ദേഹം. കൂടിക്കാഴ്ചയൊക്കെ കഴിഞ്ഞ് രാത്രിയിൽ തമ്മിൽ കാണുമ്പോൾ യോഗത്തെക്കുറിച്ച് കാര്യമായി പറയും. ആ പറച്ചിൽരീതി 'രാജീവും ഞാനും കൂടി രാജ്യം ഭരിക്കുന്നു' എന്ന ടോണിലേക്ക് പതിയെപ്പതിയെ മാറുന്നത്‌ ഞാനറിഞ്ഞു.

നൃപൻ ചക്രവർത്തി

നൃപൻ ചക്രവർത്തി

രാജീവ്ഗാന്ധിയുടെ ഭരണം. പല കാര്യങ്ങൾക്കും അഭിപ്രായം തേടി സിപിഐ എം നേതാക്കളെ ക്ഷണിക്കുമായിരുന്നു രാജീവ്. പലപ്പോഴും പോവുക സെയ്ഫുദീൻ ചൗധരിയാണ്. പാർടി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായിരുന്നല്ലൊ അദ്ദേഹം. കൂടിക്കാഴ്ചയൊക്കെ കഴിഞ്ഞ് രാത്രിയിൽ തമ്മിൽ കാണുമ്പോൾ യോഗത്തെക്കുറിച്ച് കാര്യമായി പറയും. ആ പറച്ചിൽരീതി 'രാജീവും ഞാനും കൂടി രാജ്യം ഭരിക്കുന്നു' എന്ന ടോണിലേക്ക് പതിയെപ്പതിയെ മാറുന്നത്‌ ഞാനറിഞ്ഞു. അതിൽ ചില ആപത്തുകൾ മണക്കുകയും ചെയ്തു. ആ ആപത്തുകൾ സത്യമാവുന്നത്‌ കാലം കാട്ടിത്തന്നു എന്നുമാത്രം പറയട്ടെ. ഹനൻമുള്ള ഇപ്പോഴും പഴയ നിലയിൽ തന്നെയുണ്ട് . ( തുടരും)


(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top