05 February Sunday

കോൺഗ്രസിന്റെ അധികാരത്തകർച്ച -ദിൽസെ;ദില്ലി സെ പ്രഭാവർമ്മയുടെ പരമ്പര ആറാം ഭാഗം

പ്രഭാവർമ്മUpdated: Monday Oct 17, 2022

എ കെ ജി

മതനിരപേക്ഷ ‐ ജനാധിപത്യ രാഷ്ട്രീയത്താൽ സജീവവും പ്രക്ഷുബ്ധവുമായിരുന്നു എൺപതുകളും തൊണ്ണൂറുകളുടെ തുടക്കവുമൊക്കെ. ചരിത്രത്തിൽ സമാനതകളില്ലാത്ത ഘട്ടം. ആ ഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സിരാ കേന്ദ്രത്തിൽ തന്നെ നിന്ന് അതെല്ലാം നോക്കിക്കാണാനും അനുഭവിക്കാനും പത്രത്തിൽ രേഖപ്പെടുത്തി വെക്കാനും കഴിഞ്ഞു എന്നത് എന്റെ പത്രപ്രവർത്തന ജീവിതത്തിലെ വിലപ്പെട്ട ഈടുവെയ്പ്പായി നിൽക്കുന്നു...


‘Power always thinks it has a great soul and vast views beyond the comprehension of the weak; and that it is doing God’s service, when it is violating all His laws.’ – John Adams

ഒരു കാലത്ത്‌ കേന്ദ്രവും എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോൺഗ്രസിന്റെ അധികാര കുത്തക പൊളിക്കുന്ന പ്രക്രിയയുടെ ആരംഭം ഞാൻ ഡൽഹിയിലുണ്ടായിരുന്ന എൺപതുകളിൽത്തന്നെയായിരുന്നു എന്നതും ഓർമിക്കുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തെരഞ്ഞെടുപ്പിൽ, 77 ൽ, കോൺഗ്രസ് അധികാരത്തിന്‌ പുറത്തായത് മറന്നുകൊണ്ടല്ല ഇതുപറയുന്നത്. എന്നാൽ കോൺഗ്രസിന്റെ കുത്തക പൊളിക്കുന്നതിന്റെ തുടക്കമായിരുന്നില്ല അത്. 1979 ൽ കോൺഗ്രസ് പ്രതാപത്തോടെ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചുവന്നുവല്ലൊ.

എന്നാൽ, 80 കളിൽ സ്ഥിതി വ്യത്യസ്തമായി. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് ആന്ധ്രാ മുഖ്യമന്ത്രി ടി ആഞ്ജയ്യയെ പരസ്യമായി അധിക്ഷേപിച്ചിടത്താണ് ആ പ്രക്രിയയുടെ തുടക്കം. വിമാനത്തിലെത്തിയ രാജീവ് ഗാന്ധിയെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് റൺവേയിലെത്തി നൂറുകണക്കിന് കോൺഗ്രസുകാരുടെ അകമ്പടിയോടുകൂടി സ്വീകരിക്കുകയായിരുന്നു ആഞ്ജയ്യ.

രാജീവ് കുപിതനായി. പത്രക്കാരുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യസമര സേനാനി കൂടിയായ ആഞ്ജയ്യയെ പരസ്യമായി ശാസിച്ചു. ആഞ്ജയ്യ മറുപടിയില്ലാതെ തല കുമ്പിട്ടുനിന്നു. ആന്ധ്രയിലെ പരിപാടി റദ്ദാക്കി, ആഞ്ജയ്യക്കൊപ്പം പോകാൻ വിസമ്മതിച്ച് രാജീവ് ഗാന്ധി തിരുപ്പതിയിലേക്ക് വ്യോമ മാർഗം തന്നെ തിരിച്ചു.

ആഞ്ജയ്യ ആകെ പരിഹാസ കഥാപാത്രമായി എന്നുപറയേണ്ടതില്ലല്ലൊ. ആഞ്ജയ്യക്കെതിരായ രാജീവ് ഗാന്ധിയുടെ വാക്കുകളെ ആന്ധ്രാ ജനതയുടെ ആത്മാഭിമാനത്തിനെതിരായ അധിക്ഷേപമായാണ് തെലുഗു ജനത എടുത്തത്.

ടി ആഞ്ജയ്യ

ടി ആഞ്ജയ്യ

“തെലുഗു പൗരുഷ”ത്തിനെതിരായ വികാരമായി അത് ആന്ധ്രയിലാകെ പടർന്നു.

ആ വികാരത്തിന്റെ തീ പടർത്തിക്കൊണ്ടാണ് എൻ ടി രാമറാവു തെലുഗു ദേശ മുദ്രാവാക്യവുമായി ഉയർന്നുവരുന്നത്. രാമറാവു ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രിയായി. അപ്പോൾ അദ്ദേഹത്തെ അട്ടിമറിക്കാനായി കോൺഗ്രസ് നീക്കം.

അത് എരുതീയിൽ എണ്ണയൊഴിക്കുമ്പോലെയായി. പുറത്താക്കപ്പെട്ട എൻ ടി രാമറാവുവിനെ ദിവസങ്ങൾക്കുള്ളിൽ ആന്ധ്രാ മുഖ്യമന്ത്രിയായി പുനഃപ്രതിഷ്ഠിക്കേണ്ടിവന്നു. ഇത് ദേശീയ തലത്തിൽ തന്നെ പ്രതിപക്ഷ നിരകളിൽ പുതിയ ഉണർവ് പടർത്തി.

ഇടതുപക്ഷത്ത് ഇ എം എസ്, ഹർകിഷൻ സിങ് സുർജിത്, സി രാജേശ്വരറാവു, ജ്യോതിബസു, ചിത്തബസു, ത്രിദീപ് ചൗധരി എന്നിവരും കർണാടകത്തിലെ രാമകൃഷ്ണ ഹെഗ്ഡെയും, ഒഡിഷയിലെ ബിജു പട്നായിക്കും അസമിലെ പ്രഭുല്ല കുമാർ മൊഹന്തയും തമിഴ്നാട്ടിലെ

 എൻ ടി രാമറാവു

എൻ ടി രാമറാവു

കരുണാനിധിയും ജനതാ പാർടിയിലെ മധുദന്തവാതെയും ആന്ധ്രയിൽ നിന്ന് എൻ ടി രാമറാവുവും ഒക്കെ അതേ തുടർന്നാണ് കൂടുതലായി ഒരുമിച്ചു തുടങ്ങിയതും പ്രതിപക്ഷ ഉച്ചകോടികൾ ആരംഭിക്കുന്ന നിലയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറിയതും.

കശ്മീരിലെ ഷേഖ് അബ്ദുള്ളയും ഒരു ഘട്ടത്തിൽ ഇതിനൊപ്പമുണ്ടായി. ആ ഉച്ചകോടി രാഷ്ട്രീയമാണ്‌ കോൺഗ്രസിന്റെ അധികാര കുത്തക പൊളിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ കൊടുങ്കാറ്റ് ഉയർത്തിയതെന്ന് ആ ഘട്ടത്തിൽ ഡൽഹി രാഷ്ട്രീയം സമഗ്രമായി കവർ ചെയ്ത പശ്ചാത്തലത്തിൽ നിന്നുകൊണ്ട് എനിക്കുപറയാനാവും. 

പിന്നീട്, ആ ഉച്ചകോടി രാഷ്ട്രീയം മുലായം സിങ് യാദവിനെയും വി പി സിങ്ങിനെയും ചന്ദ്രശേഖറിനെയും ലാലുപ്രസാദ് യാദവിനെയും ശരത് യാദവിനെയും ഒക്കെ ഉൾക്കൊള്ളുന്ന പുത്തൻ മാനങ്ങളിലേക്കുവ്യാപിച്ചു. കോൺഗ്രസിന്‌ കേന്ദ്രാധികാരവും സംസ്ഥാനാധികാരങ്ങളും നഷ്ടമാവുന്ന അവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.

എൻ ടി രാമറാവു പത്രസമ്മേളനത്തിൽ

എൻ ടി രാമറാവു പത്രസമ്മേളനത്തിൽ

ഭരണഘടനയുടെ ഫെഡറൽ സ്പിരിറ്റും കേന്ദ്ര‐സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചു പണിയേണ്ടതിന്റെ ആവശ്യകതയും ഒക്കെ വീണ്ടും സജീവ ചർച്ചയാകുന്ന അവസ്ഥ അങ്ങനെ രാജ്യത്ത് സജീവമായി. ആ പ്രക്രിയയെ തിരുത്തിക്കൊണ്ടാണ് ഇന്ന് ബിജെപി കേന്ദ്രത്തിൽ അധികാരമുറപ്പിച്ചിട്ടുള്ളത്.

ഏതായാലും മതനിരപേക്ഷ ‐ ജനാധിപത്യ രാഷ്ട്രീയത്താൽ സജീവവും പ്രക്ഷുബ്ധവുമായിരുന്നു എൺപതുകളും തൊണ്ണൂറുകളുടെ തുടക്കവുമൊക്കെ. ചരിത്രത്തിൽ സമാനതകളില്ലാത്ത ഘട്ടം.

വെങ്കിടേഷ്‌  രാമകൃഷ്‌ണൻ

വെങ്കിടേഷ്‌ രാമകൃഷ്‌ണൻ

ആ ഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രത്തിൽ തന്നെ നിന്ന് അതെല്ലാം നോക്കിക്കാണാനും അനുഭവിക്കാനും പത്രത്തിൽ രേഖപ്പെടുത്തിവെക്കാനും കഴിഞ്ഞു എന്നത് എന്റെ പത്രപ്രവർത്തന ജീവിതത്തിലെ വിലപ്പെട്ട ഈടുവെയ്പ്പായി നിൽക്കുന്നു. ഡൽഹി പത്രപ്രവർത്തന ജീവിതം ആരംഭിച്ചത് നരിക്കുട്ടി മോഹന്റെയും അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെയും ഒപ്പമാണെങ്കിൽ അത് മുമ്പോട്ടുപോയത് പിൽക്കാലത്ത് ഫ്രണ്ട് ലൈനിന്റെ ഡെപ്യൂട്ടി എഡിറ്ററായ വെങ്കിടേശ് രാമകൃഷ്ണന്റെ ഒപ്പമാണ്. 

സമാപിച്ചതാകട്ടെ ജോൺ ബ്രിട്ടാസിന്റെ ഒപ്പവും. തുടക്കത്തിലെ പ്രധാന സംഭവം ഭോപ്പാൽ വിഷവാതക ദുരന്തമായിരുന്നെങ്കിൽ സമാപനത്തിലെ പ്രധാന സംഭവം ബാബ്റി മസ്ജിദിന്റെ തകർച്ചയായിരുന്നു. ഇവയുടെ രണ്ടിന്റെയും അനുബന്ധ സ്റ്റോറികളേ എനിക്ക്‌ ചെയ്യേണ്ടി വന്നുള്ളൂ.

വിഷവാതക ദുരന്തമുണ്ടായപ്പോൾ അവിടേക്കുപോയത് അപ്പുക്കുട്ടൻ വള്ളിക്കുന്നാണ്. ബാബ്റി മസ്ജിദ് തകർച്ച നേരിട്ടുപോയി കവർ ചെയ്തതാകട്ടെ ജോൺ ബ്രിട്ടാസും. എന്നാൽ ഇവയ്ക്കിടയിലുള്ള ഇന്ദിരാഗാന്ധി വധമടക്കമുള്ള വമ്പൻ രാഷ്ട്രീയ സംഭവങ്ങൾ എനിക്ക്‌ നേരിട്ടുതന്നെ റിപ്പോർട്‌ ചെയ്യാൻ കഴിഞ്ഞു.

ജോൺ ബ്രിട്ടാസ്‌

ജോൺ ബ്രിട്ടാസ്‌

ഇക്കാലയളവിൽ കേരളത്തിൽ വലിയ ചലനങ്ങളുളവാക്കിയ പല വിവാദങ്ങൾക്കും അനുബന്ധമായി വേണ്ട ഒരുപാട് ഇൻഫർമേഷൻ ഡൽഹിയിൽ നിന്ന് എത്തിച്ചുകൊടുക്കാൻ ആ ഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. പാമോയിൽ കുംഭകോണത്തിന്റെ കാര്യത്തിൽ അതീവ രഹസ്യമായി സൂക്ഷിക്കപ്പെട്ട ചില വിവരങ്ങൾ മുഖ്യവാർത്തയ്ക്ക് അനുബന്ധമാവാൻ പോരുന്നവിധം കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

സ്റ്റേറ്റ് ട്രേഡിങ് കോർപറേഷനിൽ നിന്ന് സാധാരണ നിലയിൽ കിട്ടാൻ വിഷമമുള്ള രേഖകളും ഇതിലുൾപ്പെടും. ആ കേസിൽ പാമോലിനും പാമോയിലും തമ്മിലുള്ള വ്യത്യാസം വളരെ പ്രധാനമായിരുന്നു. കേരളത്തിൽ കിട്ടാതിരുന്ന ആ രേഖ ഡൽഹിയിൽ നിന്നാണ് കണ്ടെടുത്തത്.

ഡൽഹി പത്രപ്രവർത്തനത്തിനായി എന്നെ അയച്ചത് അന്ന് മുഖ്യ പത്രാധിപരായിരുന്ന പി ഗോവിന്ദപ്പിള്ളയാണ്. ഡൽഹിയോടു വിടപറയുമ്പോൾ മുഖ്യപത്രാധിപരായിരുന്നത് ഇ കെ നായനാരും

പ്രഭാവർമ്മയും ഇ കെ നായനാരും

പ്രഭാവർമ്മയും ഇ കെ നായനാരും

. എന്റെ മാധ്യമ വ്യക്തിത്വത്തെയും രാഷ്ട്രീയ വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് ആ ചരിത്രഘട്ടം വഹിച്ചിട്ടുള്ളത്.

കോൺഗ്രസിന്റെ തകർച്ച പണ്ടേ സ്വപ്നം കണ്ട വ്യക്തിയായിരുന്നു എ കെ ജി. ആദ്യമായി പാർലമെന്റിന്റെ പടികൾ കയറിയ നിമിഷങ്ങളിൽത്തന്നെ എന്റെ മനസ്സിൽ എ കെ ജിയുടെ ചിത്രം തെളിഞ്ഞുനിന്നു.

എ കെ ജിയെ ആകെ ഒരിക്കലേ ഞാൻ കണ്ടിട്ടുള്ളൂ. അടിയന്തരാവസ്ഥയുടെ തുടക്കത്തിലാണത്. എസ്എഫ് ഐയുടെ ഹരിപ്പാട് സമ്മേളനം.

അത് ഉദ്ഘാടനം ചെയ്തത് എ കെ ജിയാണ്. വളരെ അവശനായിരുന്നു അദ്ദേഹം അന്ന്. ഏതാണ്ട് എടുത്ത്‌ വേദിയിലേക്ക്‌ കയറ്റുകയായിരുന്നു എന്നുപറയണം.

ഞാൻ കൂടിയാണ് അന്ന് എ കെ ജിയെ താങ്ങിപ്പിടിച്ചത് എന്ന് ഓർക്കുന്നു. ജനാധിപത്യം നിലനിന്നില്ലെങ്കിൽ ഇന്ത്യ ഉണ്ടാവില്ല എന്ന് ഹൃദയസ്പർശിയായി വികാരപരമായ ഭാഷയിൽ അദ്ദേഹം അന്ന് പ്രസംഗിച്ചു.

എ കെ ജിയുടെ ആ മുഖമാണ് ആദ്യമായി പാർലമെന്റ് റിപ്പോർട്ടുചെയ്യാനായി പോകുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞുവന്നത്. പ്രസ് ഗ്യാലറിയിലിരുന്നത് എ കെ ജിയുടെ പാർലമെന്റിലെ പ്രസംഗം കേട്ടിട്ടുള്ള നന്ദിദാദയ്ക്കൊപ്പമാണ്. എ കെ ജിയുടെ ആദ്യ പാർലമെന്റ്‌ പ്രസംഗത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞുതന്നു.

ആ പ്രസംഗം തുടങ്ങിയത് ഈ വാക്കുകളോടെയാണത്രെ; ‘The president’s address is the declaration of war on the people of India’  രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിനുമേലുള്ള ചർച്ചയിലായിരുന്നു ഇടിവെട്ടുമ്പോലുള്ള ഈ വാചകം.

ഇടിവെട്ടുംപോലെ എന്നുപറഞ്ഞത് വെറുതയല്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഞെട്ടിത്തരിച്ചു അന്ന്.

പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും മന്ത്രതുല്യമായ വാക്കുകളേ അവിടെ ഉരുക്കഴിയ്ക്കാവൂ എന്നും ഒക്കെയായിരുന്നു വ്യവസ്ഥാപിത സങ്കൽപ്പം.

ആ സങ്കൽപ്പപ്രകാരം രാഷ്ട്രപതി ശ്രീകോവിലിലെ ദൈവമോ പൂജാരിയോ ഒക്കെയാണ്. ആ വ്യക്തിക്കെതിരെയാണ് ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചയാൾ എന്ന പരാമർശമുണ്ടായത്.

അപ്പോൾ പിന്നെയെങ്ങനെ ഞെട്ടിത്തരിക്കാതിരിക്കും. പ്രതിപക്ഷ നേതാവാണ് അന്ന് എ കെ ജി അദ്ദേഹത്തിന്റെ വാക്കുകൾ നെഹ്റു സാകൂതം കേട്ടിരിക്കുന്നുണ്ടായിരുന്നുവത്രെ.

അമരാവതിയിലെ സമരഭൂമിയിലായാലും ലോക്സഭയിലെ പ്രതിപക്ഷ നേതൃനിരയിലായാലും എ കെ ജി എന്നും ഉയർത്തിയത് അടിച്ചമർത്തപ്പെടുന്ന ചൂഷിതർക്കുവേണ്ടിയുള്ള ശബ്ദമാണ്. പാർലമെന്റും അദ്ദേഹത്തിന് ഒരു സമരമുഖമായിരുന്നു എന്നർഥം.

അമ്പതുകളുടെ തുടക്കത്തിലെ എ കെ ജിയുടെ ആ പ്രസംഗം ആ സമരസംസ്കാരത്തിൽ നിന്നുണ്ടായതാണ്. ജനശബ്ദം മുഴങ്ങേണ്ട വേദിയാണത് എന്ന കാര്യത്തിൽ എ കെ ജിക്ക് വിട്ടുവീഴ്ചയില്ലായിരുന്നു. പാർലമെന്റിന് മായികമായ ഒരു വിശുദ്ധ പരിവേഷം നൽകി ജനപ്രതിനിധികളെ വിസ്മയിപ്പിക്കാമെന്നും അങ്ങനെ രൂക്ഷമായ ആക്രമണങ്ങൾ ഒഴിവാക്കാമെന്നുമുള്ള ഭരണവർഗത്തിന്റെ കണക്കുകൂട്ടൽ തെറ്റിക്കുകയായിരുന്നു എ കെ ജി.

എ കെ ജി

എ കെ ജി

അതായത് ഒരുതരം De-mystify  ചെയ്യൽ. അദ്ദേഹം തുറന്നുവെച്ച അതേവഴിയിലൂടെ തന്നെയായിരുന്നു എന്നും കമ്യൂണിസ്റ്റുകാരുടെ പാർലമെന്ററി പ്രവർത്തനം.

പാർലമെന്ററി പ്രവർത്തനത്തിലൂടെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന മോഹചിന്തയില്ല. ആ വേദി ഉപയോഗിച്ചുപോയാൽ വിപ്ലവപ്രവർത്തനത്തിന് അപചയം വന്നുപോകുമെന്ന ആശങ്കയുമില്ല.

ആ കാഴ്ചപ്പാടാണ് എ കെ ജി പാർലമെന്റിൽ പ്രകടിപ്പിച്ചത്. പിന്നീടിങ്ങോട്ട് ജ്യോതിർമയി ബാസുവും സത്യസാദൻ ചക്രവർത്തിയും ഒക്കെ ആ വഴിക്കുതന്നെ മുമ്പോട്ടുപോകുന്നതാണു കണ്ടത്.

പാർലമെന്റും അതിനെ ചൂഴ്ന്നുനിൽക്കുന്ന സൗകര്യങ്ങളും കണ്ട് ഒരിക്കലും എ കെ ജി മതിമറന്നില്ല. പ്രലോഭനീയമായ അത്തരം സാഹചര്യങ്ങളിൽ ചെന്നുപെടുമ്പോഴും മണ്ണിനെയും ജനങ്ങളെയും മറക്കരുത് എന്ന് അദ്ദേഹം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അവർക്കുവേണ്ടിയുള്ള സമരവേദിയായേ അതിനെ കാണാവൂ എന്നും ആവർത്തിച്ചുകൊണ്ടിരുന്നു.

പാർലമെന്റിലെ അവസാന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് എ കെ ജി പറഞ്ഞത്, താൻ നാട്ടിലേക്കും ജനങ്ങളിലേക്കും ചെല്ലാൻ വെമ്പുകയാണെന്നാണ്. അതിൽ ഒരു പാഠമുണ്ട്. ജനപ്രതിനിധികൾ പഠിക്കേണ്ട പാഠം.

ഒരു കമ്യൂണിസ്റ്റിനെ വഴിതെറ്റിക്കാൻ വേണ്ട പ്രലോഭനങ്ങളെല്ലാം ഡൽഹിയിലുണ്ടെന്നും അതിന്റെ മായികഭ്രമത്തിൽപ്പെടാതെ നാട്ടിലെത്തി ജനങ്ങൾക്കിടയിൽ വ്യാപരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും എ കെ ജി പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

ചേരിചേരാനയം പോലുള്ളവയിൽ ഉറച്ചുനിൽക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതു കൂടിയായി എ കെ ജിയെപ്പോലുള്ളവർ നടത്തിയ ഇടപെടലുകൾ. വിദേശനയം സംബന്ധിച്ച നിലപാടുകൾ കൈക്കൊള്ളുമ്പോൾ കമ്യൂണിസ്റ്റുകാരോട് കൂടിയാലോചിക്കണമെന്ന് ഇന്ദിരാഗാന്ധി ചിന്തിച്ചത് അതുകൊണ്ടാണ്.

പാർലമെന്റിലെ എ കെ ജിയുടെ ആദ്യപോരാട്ടം തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഇന്ത്യയിൽനിന്നും ഗൂർഖാ പട്ടാളക്കാരെ മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ബ്രിട്ടൻ റിക്രൂട്ട് ചെയ്യുന്നതിനെതിരെ എ കെ ജി ആഞ്ഞടിച്ചു.

നെഹ്റു അത് നിഷേധിച്ചപ്പോൾ ബിഹാറിൽ പോയി റിക്രൂട്ട്മെന്റിന്റെ ഫോട്ടോയുമായി സഭയിലെത്തി തെളിവുനൽകി.

ഗോവാ വിമോചന പ്രശ്നത്തിൽ പാർലമെന്റിൽ പ്രസംഗിച്ചശേഷം എ കെ ജി നേരെ പോയത് ഗോവയിലേക്കാണ്.

പോർച്ചുഗീസ് പട്ടാളത്തിനെതിരെ പ്രതിഷേധമുന്നേറ്റം നയിക്കാൻ. ഹൈദരാബാദിൽ പട്ടാളത്തെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തിയപ്പോൾ എ കെ ജി അവിടെയെത്തി.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം ആവശ്യപ്പെടുന്ന സമരം നയിക്കാൻ അവിടെയെത്തി. ഭക്ഷ്യക്ഷാമ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നയിക്കാനും മിച്ചഭൂമി സമരം നയിക്കാനും കുടിയിറക്ക് അവസാനിപ്പിക്കാനും ഒക്കെ എ കെ ജി ഓടിയെത്തി.

ഡി ഐ ആർ അടക്കമുള്ള കരിനിയമങ്ങൾക്കെതിരെയായാലും 59ൽ കേരള മന്ത്രിസഭയെ പിരിച്ചുവിട്ട ജനാധിപത്യവിരുദ്ധ നടപടിക്കെതിരെയായാലും മുൻനിരയിൽ പ്രതിഷേധമുയർത്താൻ എ കെ ജിയുണ്ടായി.

മുംെബെയിൽ വെടിവെപ്പ്‌ നടന്നപ്പോൾ അവിടെ. ഗുജറാത്തിൽ കലാപമുണ്ടായപ്പോൾ അവിടെ. അങ്ങനെ എവിടെയെല്ലാം. ഗുജറാത്തിൽ എം പി ആണെന്നറിഞ്ഞിട്ടും എ കെ ജിയെ ജയിലിലടച്ചു. പിന്നീട് ലോക്സഭയിൽ ചെന്ന് അദ്ദേഹം നടത്തിയ പ്രസംഗം നടുക്കത്തോടെയാണ് സഭ കേട്ടത്.

ഐക്യകേരളപ്പിറവിക്കുവേണ്ടിയുള്ള സമരത്തിൽ മുതൽ മിച്ചഭൂമി സമരത്തിൽ വരെ നായകസ്ഥാനത്ത് എ കെ ജിയുണ്ടായി.

പാവങ്ങളുടെ പടത്തലവനെന്നറിയപ്പെട്ട ആ സഖാവ് പാവപ്പെട്ട കർഷക ജനസാമാന്യത്തെയും ഇന്ത്യൻ തൊഴിലാളിവർഗത്തെയാകെയും മാർക്സിസ്റ്റ്‐ലെനിനിസ്റ്റ് സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച് സമരസജ്ജരാക്കുന്നതിനുള്ള വിശ്രമരഹിതമായ ശ്രമത്തിലായിരുന്നു ജീവിതത്തിലുടനീളം.

ആ ശ്രമങ്ങളിൽ എ കെ ജി അനുഭവിച്ച യാതനകൾക്ക് കണക്കില്ല. സമരവും സഹനവും നിറഞ്ഞുനിന്ന ആ ജീവിതത്തിലൂടെ രൂപപ്പെട്ടുവന്നത് താരതമ്യമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീറുറ്റ വ്യക്തിത്വമായിരുന്നു. ഒരു മാതൃകാ കമ്യൂണിസ്റ്റിന്റെ വ്യക്തിത്വം!

ഇന്ത്യ സ്വാതന്ത്ര്യലബ്ധി ആഘോഷിച്ച വേളയിൽപ്പോലും ജയിലിൽ കഴിയേണ്ടിവന്നയാളാണ് എ കെ ജി. ബ്രിട്ടീഷ് മേധാവിത്വത്തിന്റെ അടിച്ചമർത്തലിനും അതിന് കൂട്ടുനിന്ന ഫ്യൂഡൽ ഭൂപ്രഭുത്വത്തിനും എതിരെ പൊരുതിക്കൊണ്ടായിരുന്നു എ കെ ജിയുടെ പൊതുജീവിതത്തിന്റെ തുടക്കംതന്നെ. സാമൂഹികമായ അനാചാരങ്ങൾക്കും ജാതിവിവേചനത്തിനും സാമൂഹിക ചൂഷണങ്ങൾക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കുമെതിരെ അദ്ദേഹം പൊരുതി.

 ജന്മി‐മുതലാളിത്ത വ്യവസ്ഥയുടെയും ജാതി മേധാവിത്വത്തിന്റെയും സംരക്ഷകർക്ക് ആ സഖാവ് കണ്ണിലെ കരടായി.

ബൂർഷ്വാ‐ഭൂപ്രഭു ഭരണവർഗത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾ നടത്തിയ ശ്രദ്ധേയമായ സമരങ്ങളുടെ മുന്നണിയിലും സവർണ പ്രമാണിമാരുടെ മനുഷ്യത്വരഹിതമായ സാമുദായിക വിവേചനങ്ങൾക്കെതിരെ നടന്ന ഗുരുവായൂർ സത്യഗ്രഹം പോലുള്ള സാമൂഹിക സമരമുഖങ്ങളിലും അടിയന്തിരാവസ്ഥയിലെ അമിതാധികാര സ്വേച്ഛാധിപത്യ വാഴ്ചയ്ക്ക് എതിരായി പടർന്നു വ്യാപിച്ച രാഷ്ട്രീയ സമരമുന്നേറ്റങ്ങളിലും ഒക്കെ കരുത്ത് പകരുന്ന ധീരനേതൃത്വമായിരുന്നു എ കെ ജിയുടെ സാന്നിധ്യം.

 ആ പ്രക്രിയയിൽ ജനങ്ങൾ തങ്ങളുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്ന സമരനായകനായി എ കെ ജിയെ അംഗീകരിച്ചു.

ആ അംഗീകാരത്തിന്റെ മുദ്രയുണ്ടായിരുന്നു പാർലമെന്റിലെ എ കെ ജിയുടെ ആദ്യ പ്രസംഗത്തെക്കുറിച്ച് പറഞ്ഞ നന്ദിദാദയുടെ വാക്കുകളിൽ  . ( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top