25 September Sunday

ചന്ദ്രനെ ഹരിതാഭമാക്കാൻ

സീമ ശ്രീലയംUpdated: Sunday Jul 17, 2022

ചന്ദ്രനിൽ കൃഷിചെയ്യാൻ പറ്റുമോ? മനുഷ്യൻ ചാന്ദ്രകോളനികൾ സ്വപ്‌നംകണ്ടു തുടങ്ങിയ നാൾമുതലുള്ള ചോദ്യമാണ്‌ ഇത്. ചന്ദ്രനിൽനിന്ന്‌ എത്തിച്ച മണ്ണിൽ ചെടികൾ വളർത്തി ചരിത്രം കുറിച്ചത്‌ അടുത്തിടെയാണ്‌. മൂന്ന് അപ്പോളോ ദൗത്യങ്ങളിലെ ഗഗനചാരികൾ ഭൂമിയിലെത്തിച്ച ‘ലൂണാർ റിഗോലിത്ത്’ എന്ന്‌ അറിയപ്പെടുന്ന ചാന്ദ്രമണ്ണിൽ അരാബിഡോപ്സിസ് താലിയാന എന്ന സസ്യത്തിന്റെ വിത്തുമുളപ്പിച്ച് തൈകൾ വളർത്തിയത്‌. ഫ്ലോറിഡ സർവകലാശാലാ ഗവേഷകരാണ്‌ ഈ വിസ്‌മയം സൃഷ്ടിച്ചത്‌. ഈ രംഗത്ത്‌ കൂടുതൽ ഗവേഷണങ്ങൾ തുടരുകയാണ്‌. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനൊരുങ്ങുന്ന നാസയുടെ ആർടെമിസ് ദൗത്യത്തിലേക്കും ചൈനയുടെയും റഷ്യയുടെയും ലൂണാർ റിസർച്ച് സ്റ്റേഷൻ പദ്ധതിയിലേക്കും ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യങ്ങളിലേക്കുമൊക്കെ ലോകം ഉറ്റുനോക്കുന്ന സമയംകൂടിയാണ്‌ ഇത്.

വെറും 12 ഗ്രാമിൽ

1969, 1972 വർഷങ്ങളിലെ അപ്പോളോ 11, അപ്പോളോ 12, അപ്പോളോ 17  ദൗത്യങ്ങൾ ഭൂമിയിൽ എത്തിച്ച റിഗോലിത്തിൽനിന്ന്‌  12 ഗ്രാം മാത്രമാണ് പരീക്ഷണത്തിനു ലഭ്യമാക്കിയത്. ഓരോ ട്യൂബിലും ഒരു ഗ്രാം വീതം റിഗോലിത്ത് എടുത്ത് അതിൽ വിത്തുകൾ പാകി വെള്ളവും പോഷക ലായനിയും ഒഴിച്ച് 23 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പ്രത്യേക ടെറേറിയം ബോക്സിൽ എൽഇഡി ബൾബിൽനിന്നുള്ള പ്രകാശത്തിൽ  സൂക്ഷിച്ചു. താരതമ്യപഠനത്തിനായി ഭൂമിയിലെ അഗ്നിപർവത ചാരത്തിലും സമാന സാഹചര്യത്തിൽ കുറച്ചു വിത്തുപാകി. ഭൗമ മണ്ണിൽനിന്ന്  വ്യത്യസ്തമാണ് റിഗോലിത്ത്.   രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാമ്പുകൾ തലനീട്ടിത്തുടങ്ങി.  ആറു ദിവസംവരെ എല്ലാ സാമ്പിളിലെയും ചെടികൾ ഒരേ പോലെ വളർന്നു. എന്നാൽ, പിന്നീട് സ്ഥിതി മാറി. അഗ്നിപർവത ചാരത്തിൽ വളർത്തിയ ചെടികൾക്കൊപ്പം റിഗോലിത്തിലെ ചെടികൾ പുഷ്ടിപ്പെട്ടില്ല. ചന്ദ്രനിലെ ഓരോ പ്രദേശത്തെയും മണ്ണിന്റെ സ്വഭാവം വ്യത്യസ്തമാണെന്നു സൂചിപ്പിച്ച്‌ ഓരോ സാമ്പിളിലെയും ചെടികൾ വളർച്ചയിൽ വ്യത്യാസം കാട്ടി. അപ്പോളോ 11 ദൗത്യത്തിൽനിന്നു ലഭിച്ച റിഗോലിത്തിൽ വളർന്ന ചെടികൾ മറ്റു രണ്ട്  സാമ്പിളിലെ ചെടികളെ അപേക്ഷിച്ച് വളർച്ചാ മുരടിപ്പ് കാണിച്ചു. വേരുകളുടെ വളർച്ച മുരടിച്ചതോടെ സസ്യവളർച്ചയും പതുക്കെയായി. ചില ചെടികളുടെ ഇലകളുടെ വളർച്ച മുരടിക്കുകയും അവയിൽ ചുവപ്പു പുള്ളിക്കുത്തുകൾ വീഴുകയും ചെയ്തു.

ചുരുൾ നിവർന്നജനിതക രഹസ്യങ്ങൾ-

ഇരുപതു ദിവസത്തിനുശേഷം, പുഷ്പിക്കുന്നതിനുമുമ്പ് അരാബിഡോപ്സിസ് ചെടികൾ മുറിച്ചെടുത്ത് അവയുടെ ആർഎൻഎ പഠനവിധേയമാക്കി. ഡിഎൻഎയിൽനിന്ന് ജീനുകൾ മെസഞ്ചർ ആർഎൻഎ ആയി പകർത്തുകയും ഇതുപയോഗിച്ച് പ്രോട്ടീൻ നിർമാണം നടക്കുകയുമാണ് ചെയ്യുന്നത്. ഈ പ്രോട്ടീനുകളാണ് പല ജീവപ്രവർത്തനങ്ങൾക്കും അടിസ്ഥാനം. ആർഎൻഎ അനുക്രമ നിർണയത്തിൽനിന്ന്‌ ലൂണാർ റിഗോലിത്തിൽ അരാബിഡോപ്സിസ് ചെടികൾ വളർന്നപ്പോൾ പ്രകടമായ ജീനുകൾ ഏതൊക്കെയെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. റിഗോലിത്തിലെ അതിജീവന വെല്ലുവിളികൾ ചുരുൾ നിവർത്താനും ഗവേഷകർക്കായി. ഉയർന്ന ലവണാംശമോ ഉയർന്ന ഘനലോഹാംശമോ ഉള്ള മണ്ണിലെന്നപോലെയാണ് ലൂണാർ റിഗോലിത്തിൽ ചെടികൾ പെരുമാറിയത്. കാലങ്ങളോളം  കോസ്മിക് വികിരണങ്ങളും സൗരവാതങ്ങളുമൊക്കെയേറ്റ, റിഗോലിത്തിൽ സസ്യവളർച്ച സാധാരണഗതിയിലാക്കാൻ കടമ്പകളേറെ കടക്കണമെന്നു സാരം. ഭൂമിയിൽ തികച്ചും പ്രതികൂല സാഹചര്യങ്ങളിൽ കൃഷി മെച്ചപ്പെടുത്താനുള്ള സാധ്യതകളിലേക്കുകൂടി വാതിൽ തുറക്കുന്നുണ്ട് ഈ ജനിതക പഠനങ്ങൾ. അപ്പോളോ നെക്സ്റ്റ് ജനറേഷൻ സാമ്പിൾ അനാലിസിസ് പ്രോഗ്രാമിന്റെ (ANGSA) ഭാഗമാണ്‌ ഈ ഗവേഷണം.

ചന്ദ്രനിൽ മുളച്ച പരുത്തിച്ചെടി

2019-ൽ ചന്ദ്രനിലെ ഇരുണ്ടഭാഗത്ത് ഇറങ്ങിയ ചൈനയുടെ ചാങ് 4 പേടകത്തിൽ ഭദ്രമായി സീൽ ചെയ്ത കണ്ടെയ്നറിൽ പരുത്തിച്ചെടി വിത്തുകൾക്കൊപ്പം മണ്ണ്, ഈസ്റ്റ്, പഴയീച്ചയുടെ മുട്ടകൾ, ഉരുളക്കിഴങ്ങ്, അരാബിഡോപ്സിസ് വിത്തുകൾ  എന്നിവയും ഉണ്ടായിരുന്നു.ഈ കുഞ്ഞു ബയോസ്ഫിയറിൽ  ചന്ദ്രനിൽവച്ച് പരുത്തിച്ചെടിയുടെ വിത്തുകൾ മുളച്ചത് ലോകത്തെ അമ്പരപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top