19 September Saturday

കണ്ണീർചരിവിനെ ചേർത്തുപിടിച്ചു; പ്രതീക്ഷയും സ്വാന്തനവും നൽകി മുഖ്യമന്ത്രി

കെ ടി രാജീവ്Updated: Friday Aug 14, 2020


മൂന്നാർ
ദുരിതവർഷത്തിൽ ജീവിതം ഒലിച്ചുപോയവരുടെ തോരാ സങ്കടങ്ങൾക്ക് പ്രതീക്ഷയും സാന്ത്വനവും പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവസിപ്പിക്കാനും സംരക്ഷിക്കാനും സർക്കാർ ഒപ്പമുണ്ടെന്ന്‌ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പെട്ടിമുടിക്കാരുടെ ജീവിതം ഇനി തളിർക്കും.

വ്യാഴാഴ്ച രാവിലെ 9.30ന് ഹെലികോപ്ടറിൽ ഗവർണർ ആരീഫ് മൊഹമ്മദ്ഖാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ അടിമാലി ആനച്ചാൽ ക്ഷേത്ര സമീപത്തെ മൈതാനിയിലെത്തി. തുടർന്ന് മൂന്നാർ വഴി 37 കി.മീ. റോഡ് മാർഗം ദുർഘടപാത താണ്ടി, പകൽ പതിനൊന്നോടെ പ്രകൃതി സംഹാരതാണ്ഡവം തീർത്ത പെട്ടിമുടിയിലെത്തി. ചെറിയ മഴയ്ക്കൊപ്പം സീറോ ഡിഗ്രി തണുപ്പും ഉണ്ട്. അകലെ ചോല വനത്തിൽനിന്നും ഇരമ്പിയാർത്തലച്ചെത്തിയ ഉരുൾ തരിപ്പണമാക്കിയ താഴ്‌വാരത്തെ അതിദാരുണവും  ഭീതിതവുമായ ശേഷിപ്പുകൾ നേരിട്ടു കണ്ടു.  കൂറ്റൻ കല്ലും മൺകൂനയും മരാവശിഷ്ടങ്ങളും വീടുകളുടെ മേൽക്കൂരയും മാത്രം ബാക്കിയായ വിസ്‌തൃതപ്രദേശം മുഖ്യമന്ത്രി വീക്ഷിച്ചു.

മണ്ണാഴങ്ങളിൽ അകപ്പെട്ട് കിടക്കുന്നവർക്ക് വേണ്ടി എൻഡിആർഎഫ് നടത്തുന്ന തെരച്ചിൽ സംബന്ധിച്ച് അന്വേഷിച്ചു.  ഉറ്റവരുടെ മൃതദേഹങ്ങൾ തേടി കാത്തിരിക്കുന്നവരെയും ആശ്വസിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകനവും അവിടെവ നടത്തി.

മലയിടിഞ്ഞിറങ്ങിയ ദുരന്തം നടന്നിട്ട് ഒരാഴ്ചയാകുന്നു. 55 പേരുടെ മൃതദേഹം കണ്ടെത്താനായി. ഇനി 15 പേർക്കുള്ള തെരച്ചിലാണ്‌ മണ്ണ് മാന്തിയന്ത്രങ്ങൾ ഒരേ സമയം നടത്തുന്നത്. അപകടത്തിൽ രക്ഷപ്പെട്ടവരും തൊഴിലാളികളുമായ കറുപ്പായി, കാർത്തിക്, മുരുകയ്യ എന്നിവർ ദുരന്താനുഭവങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

ഇതിനിടെ ദുരന്തമേഖലയിലെ  കുടുംബാംഗങ്ങളും തൊഴിലാളികളും വഴിയിൽ, മുഖ്യമന്ത്രിയെ കാണാൻ കൂട്ടത്തോടെയെത്തി. ഇവരെ കോവിഡ്‌മാനദണ്ഡപ്രകാരം മൂന്നാറിലെത്തിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട്‌ നിർദേശിച്ചു. തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേട്ടു. കണ്ണൻ ദേവൻ കമ്പനി മാനേജുമെന്റ്‌ പ്രതിനിധികളും വിഷയങ്ങൾ ധരിപ്പിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകി. തിരികെ 12 ഓടെ മൂന്നാറിലെത്തി  ജനപ്രതിനിധികളുടെ അവലോകന യോഗത്തിലും പങ്കെടുത്ത ശേഷം ഒന്നരയോടെ ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി.

ഗവർണറെക്കൂടാതെ മന്ത്രിമാരായ എം എം മണി, ടി പി രാമകൃഷ്ണൻ, ഇ ചന്ദ്രശേഖരൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ഡീൻ കുര്യാക്കോസ്‌ എംപി, എംഎൽഎമാരായ എസ് രാജേന്ദ്രൻ, ഇ എസ് ബിജിമോൾ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top