15 May Saturday
ബോധപൂർവം പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമങ്ങൾക്കും തെരഞ്ഞെടുപ്പ്‌ ഫലം മുഖത്തടിയായി

അജൻഡ സെറ്റിട്ടവരെ... എജ്ജാതി തോൽവി !

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


തിരുവനന്തപുരം
രാഷ്‌ട്രീയ പാർടികളുടെയും സർക്കാരിന്റെയും ‘അജൻഡ’ തങ്ങൾ നിശ്ചയിക്കുമെന്ന ചില മാധ്യമങ്ങളുടെ ഹുങ്കിന്‌ ഏറ്റ തിരിച്ചടി കൂടിയായി ജനവിധി. ചാരക്കേസിന്റെ ‘ഭൂതം’ പിടിവിടാത്ത മാധ്യമങ്ങളും പ്രവർത്തകരും തുടരുന്നുവെന്ന്‌ മാധ്യമ അജൻഡകൾ ബോധ്യപ്പെടുത്തുന്നു. ഏതാനും മാധ്യമങ്ങളും മാധ്യമങ്ങളെമാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ചില പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും നടത്തിയ ഗൂഢാലോചന മാത്രമായിരുന്നു സർക്കാരിനെതിരെ ഉയർത്തിയ വിവാദങ്ങളത്രയും. ചില സാങ്കേതിക പിഴവുകളോ നോട്ടപ്പിശകുകളോ ഉണ്ടായാൽതന്നെ അവ തിരുത്താനാവശ്യമായ വിമർശമുന്നയിക്കുന്നത്‌ മനസ്സിലാക്കാം. എന്നാൽ, മാധ്യമസംഘവും പ്രതിപക്ഷത്തെ ചിലരും ചേർന്ന്‌ സർക്കാരിനെ കടപുഴക്കാനാകുമോ എന്ന അജൻഡ സെറ്റ്‌ ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ചില മാധ്യമങ്ങളോട്‌ രൂക്ഷമായി പ്രതികരിച്ചത്‌ അവർ പൊതുനന്മയെ തെല്ലും കാണാതെ ഇല്ലാക്കഥകൾ നെയ്യാൻ അതീവ താൽപ്പര്യം കാണിച്ചതിനാലാണ്‌. താൽക്കാലിക നിയമനങ്ങൾ പുതിയ സംഭവമല്ല. പിഎസ്‌സി നിയമനങ്ങളെ തെല്ലും ബാധിക്കുന്നതുമല്ല. പക്ഷേ, വലിയ അജൻഡയാക്കി പ്രചരിപ്പിച്ചു. അവ നിർത്തിവയ്‌ക്കാനുള്ള നീക്കം എത്രയോ കുടുംബങ്ങളിലാണ്‌ കണ്ണീർ വീഴ്‌ത്തിയത്‌.

സർക്കാരിന്റെ എത്രയോ പദ്ധതികളെ വിവാദത്തിലാക്കി. കെ ഫോൺ എന്ന സ്വപ്നപദ്ധതി, ഇ മൊബിലിറ്റി, നദികൾ വൃത്തിയാക്കുന്നത്‌, കിഫ്‌ബി ... എല്ലാ പദ്ധതികളെയും തടസ്സപ്പെടുത്താനുള്ള അജൻഡകൾ ചില മാധ്യമങ്ങളാണ്‌ ആദ്യം കൊണ്ടുവന്നത്‌. തൊഴിൽ പരമ്പരയെഴുതി ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ സമരത്തിനിറക്കി. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ സാമൂഹ്യ സാഹചര്യംപോലും മറന്ന്‌ സ്വർണക്കടത്ത്‌ ചോദ്യങ്ങളെറിഞ്ഞു. ‘‘ നിങ്ങൾക്കെന്താണ്‌ വേണ്ടത്‌ ? മുഖ്യമന്ത്രിയുടെ ഓഫീസ്‌ സ്വർണം കടത്തിയെന്ന്‌ സമ്മതിക്കലാണോ? ’’ എന്ന്‌ പൊട്ടിത്തെറിക്കേണ്ടി വന്നു മുഖ്യമന്ത്രിക്ക്‌. കാരണം, സ്വണക്കടത്തിലെ യഥാർഥ പ്രതികളിലേക്ക്‌ അന്വേഷണം പോകാത്തതിൽ അലോസരപ്പെടാത്ത മാധ്യമങ്ങൾ രാഷ്‌ട്രീയക്കളിക്ക്‌ കൂട്ടുനിന്നു.

പൊതുതാൽപ്പര്യത്തിന്റെ പേരിലെങ്കിലും കേന്ദ്ര ഏജൻസികളുടെ നീചമായ നീക്കങ്ങളെ ചെറുക്കാൻ ഈ പറയുന്ന ‘പ്രമുഖ’ മാധ്യമങ്ങൾ രംഗത്ത്‌ വന്നില്ല. ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ചും അറിഞ്ഞുകൊണ്ട്‌ നുണ പ്രചരിപ്പിച്ചു. പലപ്പോഴും പ്രതിപക്ഷത്തെ വഴിതെറ്റിക്കാനും ഇവർക്ക്‌ കഴിഞ്ഞു. പക്ഷേ, ജനം സർക്കാരിന്റെ പ്രവൃത്തികളിൽ മാത്രമാണ്‌ ശ്രദ്ധിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top