19 June Saturday

കരുതലിന്റെ 
ആകാശം

കെ ശ്രീകണ്ഠൻUpdated: Tuesday May 18, 2021


തിരുവനന്തപുരം
തൂവെള്ള അരക്കൈയൻ ഷർട്ടും ചെറിയ കരയുള്ള മുണ്ടും ധരിച്ച്‌ വരുന്നത്‌ ഹൃദയാർദ്രതയാണെന്ന്‌ പറഞ്ഞാൽ പിണറായി വിജയന്‌ ഒരു വിശേഷണം മാത്രമേയാകൂ. തലകുനിക്കാത്ത ആത്മധൈര്യം, മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കാത്ത നിശ്ചയദാർഢ്യം,  ഒരു കമ്യൂണിസ്റ്റിന്റെ സത്യസന്ധത, ജനങ്ങളോടുള്ള കൂറ്‌... ഇങ്ങനെ പലതും ഒത്തുചേർന്നതാണ്‌ പിണറായി വിജയൻ. മനസ്സ്‌ നിറയെ കരുതലും സ്‌നേഹവുമാണ്‌. മുഖത്ത്‌ ഒന്നും അകത്ത്‌ മറിച്ചൊന്നും എന്ന രീതി  ഇണങ്ങില്ല. പറയാനുള്ളത്‌ മുഖത്ത്‌ നോക്കിപ്പറയും. ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രങ്ങളല്ല, ആത്മാർഥതയുടെയും കരുതലിന്റെയും ഉത്തമ മാതൃകയാണ്‌ ആ വ്യക്തിത്വത്തെ ഇഴചേർത്തത്‌. 

കമ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യയോഗം ചേർന്ന പിണറായിയിൽനിന്നാണ്‌ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക്‌ പിണറായി വിജയൻ എത്തിച്ചേർന്നത്‌. അഞ്ചുവർഷത്തെ ഭരണമികവിന് കേരളീയർ കൈയയച്ച്‌ നൽകിയ അംഗീകാരം മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനുകൂടി അവകാശപ്പെട്ടതാണ്‌. കേരളമാകെ വീശിയടിച്ച ഇടതുതരംഗത്തിന്റെ അമരത്തേറിയാണ്‌ രണ്ടാം വരവ്‌. അത്‌ കേരളത്തിനു നൽകുന്ന പ്രതീക്ഷയും വിശ്വാസവും വിവരണാതീതം.

മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി 1944 മേയിലാണ്‌ പിണറായി വിജയൻ ജനിച്ചത്‌. അച്ഛൻ ചെത്തുതൊഴിലാളിയാണെന്ന്‌ ആക്ഷേപം ചൊരിഞ്ഞവർക്ക്‌ ‘അതിൽ താൻ അഭിമാനിക്കുന്നു’ എന്നായിരുന്നു മറുപടി. തലശ്ശേരി ബ്രണ്ണൻ കോളേജിൽനിന്ന്‌ ധനതത്വശാസ്‌ത്രത്തിൽ ബിരുദം. 1964ൽ സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, 66ൽ സംസ്ഥാന പ്രസിഡന്റുമായി. തുടർന്ന്‌  ഡിവൈഎഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്‌വൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌,  1978ൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ. 1996 ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വെെദ്യുതി മന്ത്രിയായിരുന്നു. 1998ൽ സംസ്ഥാന സെക്രട്ടറിയായി. പൊളിറ്റ്‌‌ ബ്യൂറോ അംഗമായി ഇപ്പോഴും തുടരുന്നു. തലശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ റിട്ട. അധ്യാപിക കമലയാണ്‌ ഭാര്യ. മക്കൾ: വിവേക്‌ കിരൺ, വീണ. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌ മരുമകനാണ്‌. മരുമകൾ: ദീപ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top