20 September Sunday

ഒരേ കൂരയ്ക്ക് കീഴിൽ ജീവിതം: ഒരുമിച്ച് മടക്കം

ജിതിൻ ബാബുUpdated: Sunday Aug 9, 2020

ദുരന്ത ഭൂമിയുടെ വിദൂര ദൃശ്യം

മൂന്നാർ > സന്തോഷങ്ങളും സങ്കടങ്ങളും ഒരുമിച്ച് അനുഭവിച്ചവർ, ഒരേ കൂരയ്ക്ക് കീഴിൽ താമസിച്ചവർ, ഒടുവിൽ മടങ്ങുമ്പോഴും ഒരുമിച്ച് തന്നെ. രാജമുടി പെട്ടിമുടി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഒരുമിച്ച് നാട് യാത്രാമൊഴിയേകി.

ലയങ്ങളിലെ ജീവിതം എന്നും അങ്ങനെയായിരുന്നു. പത്ത് മുറികളും പത്ത് കുടുംബങ്ങളുമാണെങ്കിലും അവർ എന്നും ഒന്നിച്ചായിരുന്നു. അയലത്തെ വീട്ടിലെ ആഘോഷങ്ങൾ തങ്ങളുടേതാണെന്ന് കരുതി പങ്കുചേരും. സങ്കടങ്ങളിൽ തണലേകും. ഒടുവിൽ ദുരന്തമുഖത്തും ജീവിതത്തിലേക്കുളള കച്ചിത്തുരുമ്പിൽ സഹായവുമായി  ആദ്യമെത്തിയതും പ്രിയപ്പെട്ടവർ തന്നെയായിരുന്നു.

അധികൃതർ എത്തുന്നതിന് മുമ്പ് 12 ജീവനുകളാണ് അവർ തിരിച്ചുകൊണ്ടുവന്നത്.അപകടം നടന്ന പ്രദേശത്തുനിന്നും മൂന്ന് കിലോമീറ്റർ അകലെ ടാറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജമല ഗ്രൗണ്ടിൽ ഒരേ കുഴിയിൽ ശനിയാഴ്ച വൈകിട്ടോടെ ബന്ധുക്കളുടെയും അധികൃതരുടെയും സാന്നിധ്യത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തെരച്ചിൽ തുടരുമെന്നും കണ്ടെത്തുന്നവരെ ഇതിനോട് ചേർന്ന് സംസ്‌കരിക്കുമെന്നും എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു

പ്രാണൻ ബാക്കിയായത്‌ 6 കുടുംബത്തിന്‌

അൽപ്പമൊന്നു മാറിയിരുന്നെങ്കിൽ.... ഉരുൾപൊട്ടലിൽ തകർന്ന സ്ഥലത്ത‌് അവശേഷിക്കുന്ന ഏക ലയത്തിലെ താമസക്കാർ  ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന്‌ ഇനിയും മുക്തരായിട്ടില്ല. ഈ ലയത്തിന‌് തൊട്ടുചേർന്നുള്ള മൂന്ന്‌ ലയങ്ങളെയും ഒലിച്ചുവന്ന മണ്ണ്‌ തൂത്തെറിഞ്ഞപ്പോൾ പോറൽപോലും ഏൽക്കാതെ എല്ലാത്തിനും സാക്ഷിയായി ഏറ്റവും മുകൾഭാഗത്തെ ലയവും ഇവിടത്തെ താമസക്കാരും.

ഈ ലയത്തിൽ ആറ്‌ കുടുംബങ്ങളാണ‌് താമസിക്കുന്നത‌്. ദുരന്തത്തിനുശേഷം ഇവരെയെല്ലാം നയമക്കാട‌്, കന്നിമല ഭാഗങ്ങളിലെ ലയങ്ങളിലേക്ക‌് സുരക്ഷിതമായി മാറ്റി. വലിയ മുഴക്കംകേട്ട‌് താമസക്കാരനായ സെൽവകുമാർ പുറത്തിറങ്ങിയപ്പോൾ കല്ലും മണ്ണും കുതിച്ചെത്തുന്നതാണ‌് കണ്ടത‌്. ലയത്തിലെ മറ്റ്‌ താമസക്കാരും ഓടിയെത്തി. അതിനകം ഇവരുടെ ലയത്തിന‌് സമീപത്തുകൂടി പുഴ രൂപപ്പെട്ടിരുന്നു. താഴെ നിരയിലുണ്ടായിരുന്ന ലയങ്ങൾക്കു മുകളിലൂടെ ആ പുഴ കുതിച്ചുപാഞ്ഞു. പാറക്കല്ലുകൾ കൂട്ടത്തോടെ താണ്ഡവമാടുന്നത‌് ഭീതിയോടെ അവർ കണ്ടു. സ‌്തബ്ധരായി നോക്കി നിൽക്കാനേ ആദ്യം കഴിഞ്ഞുള്ളു. അമ്പരപ്പ‌് വിട്ടുമാറി സ്ഥലകാലബോധം വന്നതോടെ അവർ രക്ഷാപ്രവർത്തനത്തിന‌് ശ്രമിച്ചു. പാതിയോളം വെള്ളത്തിൽ മുങ്ങി പരിക്കേറ്റവരെ കരയിലെത്തിച്ചു. ദുരന്തത്തിന്റെ വ്യാപ‌്തി അപ്പോഴും അവർ തിരിച്ചറിഞ്ഞിരുന്നില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top