27 June Monday

ഒരമ്മയുടെ 31 വർഷത്തെ പോരാട്ടം

ഇ എൻ അജയകുമാർUpdated: Thursday May 19, 2022


ചെന്നൈ
"മകന്റെ മോചനത്തെക്കുറിച്ച്‌ ഒന്നും പറയാനില്ല. എല്ലാവരോടും നന്ദി. 31 വർഷത്തെ പോരാട്ടത്തിന്‌ നിരവധി പേർ നേരിട്ടും അല്ലാതെയും സഹായിച്ചു.' പേരറിവാളന്റെ അമ്മ അർപുതമ്മാൾ പറഞ്ഞു.

കൂടുതലൊന്നും പറയാനില്ലെന്ന്‌ അർപുതമ്മാളിന്റെ ഭർത്താവ്‌ കുയിൽദാസനും പറഞ്ഞു. നല്ലവർ ജീവിക്കണം, ചീത്തയാൾക്കാർ നശിക്കണം എന്നതാണ്‌ തിരുക്കുറൾ പറയുന്നതെന്ന്‌ ജയിലിനുപുറത്തെത്തിയ പേരറിവാളൻ പറഞ്ഞു. 31 വർഷത്തെ ജയിൽവാസം ഒരുപാട്‌ മാറ്റങ്ങളുണ്ടാക്കി.

എന്റെ അമ്മ നടത്തിയ മഹത്തായ പോരാട്ടം മറ്റൊരു മകനും ലഭിച്ചിട്ടുണ്ടാകില്ല. ജയിലിൽ മാക്‌സിം ഗോർക്കിയുടെ ‘അമ്മ’ നോവൽ ഒരുപാട്‌ തവണ വായിച്ചു. ഓരോ തവണ വായിക്കുമ്പോഴും പുതിയ, പുതിയ മാനങ്ങള്‍ കണ്ടെത്തി. അച്ഛനും അമ്മയും ജീവനോടെ ഇരിക്കുമ്പോൾത്തന്നെ ജയിൽമോചിതനാകാൻ ആഗ്രഹിച്ചാണ്‌ പോരാടിയതെന്നും പേരറിവാളൻ പറഞ്ഞു.

2 ബാറ്ററി കവർന്ന 
യൗവനം
1991 മെയ്‌ 21നാണ്‌ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ അന്നത്തെ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയടക്കം പതിനാറുപേർ എൽടിടിഇ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌. ബെൽറ്റ്‌ബോംബ് ധരിച്ചെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ്‌ നിർമാണത്തിന്‌ ഒമ്പതുവാട്ടിന്റെ രണ്ടു ബാറ്ററി എത്തിച്ചെന്ന കുറ്റത്തിനാണ് അന്ന്‌ 19 വയസ്സുമാത്രമുള്ള പേരറിവാളൻ അഴിക്കുള്ളിലായത്‌.

● ജൂൺ 11, 1991: പേരറിവാളനെ എസ്‌ഐടി ടാഡ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തു

● ജനുവരി 28, 1998: പേരറിവാളനും നളിനിയുമടക്കം 26 പേർക്ക്‌ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

●മെയ്‌ 11, 1999: മുരുകൻ, ചന്ദൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.

● ഏപ്രിൽ 2000: നളിനിയുടെ ശിക്ഷ ഗവർണർ ജീവപര്യന്തമാക്കി

● 2011 ആഗസ്ത്‌ 11: അപേക്ഷിച്ച് 11 വർഷത്തിനുശേഷം പേരറിവാളന്‍ അടക്കമുള്ളവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തള്ളി, ആ വർഷം സെപ്‌തംബർ ഒമ്പതിന്‌ ശിക്ഷനടപ്പാക്കാനുള്ള തീരുമാനത്തിന്‌ മദ്രാസ്‌ ഹൈക്കോടതി സ്‌റ്റേ. പിന്നാലെ ശിക്ഷ കുറയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ജയലളിത സർക്കാർ പ്രമേയം പാസാക്കി

●നവംബർ 2013:  സിബിഐ മുൻഎസ്‌പി വി ത്യാഗരാജൻ പേരറിവാളന്റെ മൊഴി താന്‍ വളച്ചൊടിച്ചെന്ന്‌ വെളിപ്പെടുത്തി. ബാറ്ററി വാങ്ങിയെന്ന്‌ പേരറിവാളൻ സമ്മതിച്ചെന്നത്‌ തെറ്റാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

●2015: തമിഴനാട്‌ ഗവർണർക്ക്‌ പേരറിവാളന്റെ ദയാഹർജി. മറുപടി ലഭിച്ചില്ല.

●ജനുവരി 2021: ഗവർണർ ശുപാർശ രാഷ്‌ട്രപതിക്ക്‌ കൈമാറി

● മെയ്‌ 18, 2022: പേരറിവാളനെ സുപ്രീംകോടതി മോചിപ്പിച്ചു
 

വധശിക്ഷയുടെ ആവശ്യമില്ല : 
പേരറിവാളൻ
വധശിക്ഷയുടെ ആവശ്യമില്ലെന്നുതന്നെയാണ് താൻ ഉറച്ചുവിശ്വസിക്കുന്നതായി പേരറിവാളൻ പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ നിരവധി ജസ്റ്റിസുമാർ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിരവധി ഉദാഹരണങ്ങളുണ്ട്. എല്ലാവരും മനുഷ്യരാണ്.  തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും പേരറിവാളൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിധിക്ക് ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ടെന്ന് അഭിപ്രായപ്പെട്ടു.

നിരാശയെന്ന് 
കോൺ​ഗ്രസ്
പേരറിവാളനെ മോചിപ്പിച്ചതിൽ വേദനയും നിരാശയുമുണ്ടെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് അനുകൂല സാഹചര്യമൊരുക്കിയതായും സുർജേവാല ആരോപിച്ചു.

വിധിയിൽ കോൺ​ഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല ഇന്ത്യയിലും ഭാരതീയതയിലും വിശ്വസിക്കുന്ന ഓരോ പൗരനിലും ദുഃഖവും രോഷവുമുണ്ട്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലക്ഷക്കണക്കിന് പ്രതികളെ മോചിപ്പിക്കേണ്ടതുണ്ടോയെന്നും സുർജേവാല ചോദിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top