01 August Sunday

എം എസ് സുബ്ബലക്ഷ്‌മിയില്‍ ആകൃഷ്‌ടയായി സംഗീതരംഗത്തേക്ക്‌; എട്ടു പതിറ്റാണ്ട്‌ പിന്നിട്ട സംഗീതസപര്യ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

എം എസ് സുബ്ബലക്ഷ്‌മിയില്‍ ആകൃഷ്‌ടയായാണ്‌ പാറശാല ബി പൊന്നമ്മാള്‍ സംഗീതരംഗത്തേക്കുവന്നത്‌. പിന്നീട് സംഗീതലോകത്ത് സ്വന്തം പാത വെട്ടിത്തെളിച്ചു. 1924ല്‍ പാറശാലയില്‍ ജനിച്ച അവര്‍ പരമുപിള്ള ഭാഗവതരില്‍നിന്നാണ് സംഗീതപഠനം ആരംഭിച്ചത്. പിന്നീട് രാമസ്വാമി ഭാഗവതര്‍, വൈദ്യനാഥ അയ്യര്‍ എന്നിവരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.

മലയാള സംഗീതരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഉടമയാണ് പൊന്നമ്മാള്‍. പരമ്പരാഗത സംഗീതശൈലിയില്‍ മാറ്റം വരുത്താതെ സംഗീതോപാസന നടത്തിയ അവര്‍ നിരവധി ശിഷ്യസമ്പത്തിന് ഉടമയാണ്. എട്ടു പതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ബി പൊന്നമ്മാളിന്റെ വിടവാങ്ങൽ. പ്രശസ്‌തരും പ്രഗൽഭരുമായ നിരവധി പേർ അവരുടെ ശിഷ്യപരമ്പരയിലുണ്ട്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി കെ രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, കുമാരകേരള വർമ, എം ജി രാധാകൃഷ്‌ണൻ, പൂവരണി കെ വി പി നമ്പൂതിരി തുടങ്ങിയവർ അവരുടെ ശിഷ്യഗണത്തിൽ ഉൾപ്പെടുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തില്‍ ആദ്യമായി പാടിയ വനിതയാണ് പൊന്നമ്മാള്‍. നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ പോലും അവരുടെ കച്ചേരികള്‍ക്ക് മുടക്കമുണ്ടായില്ല.



പിന്നീട് ഋഷികേശനല്ലൂര്‍ മുത്തയ്യ ഭാഗവതരുടെ ഇടപെടലിനെത്തുടര്‍ന്ന് സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1942ല്‍ ഡിസ്റ്റിങ്ഷനോടെ ത്രിവത്സര സംഗീത കോഴ്സ് പാസായി. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍നിന്ന് ഗാനഭൂഷണം പാസായ ആദ്യവനിതയായി. പഠനത്തിനിടെ 18-ാം വയസ്സില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംഗീത അധ്യാപികയായി. 1952ല്‍ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ അധ്യാപികയായി. 1970ല്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ പ്രിന്‍സിപ്പലായി. 1980ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. കഴിഞ്ഞ 60 വര്‍ഷമായി ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ്‌. തിരുവനന്തപുരം വലിയശാലയിലായിരുന്നു താമസം.

1965ൽ ഗായകരത്നം അവാർഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാഡമി അവാർഡ്, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്‌ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങിയ അവർ നേടിയ ബഹുമതികളിൽ ഉൾപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top