09 May Sunday

പാലത്തിൽനിന്ന്‌ വീണ അഞ്ചാമൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 19, 2020

തിരുവനന്തപുരം
പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്‌റ്റിലാകുന്ന അഞ്ചാമനാണ്‌ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌. പൊതുമരാമത്ത്‌ മുൻ സെക്രട്ടറി ടി ഒ സൂരജ്‌, കരാർ കമ്പനി ആർഡിഎസ്‌ പ്രോജക്ട്‌ എംഡി സുമിത്‌ ഗോയൽ, കിറ്റ്‌കോ ജനറൽ മാനേജരായിരുന്ന ബെന്നിപോൾ, കേരള റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷൻ മുൻ അഡീഷണൽ ജനറൽ മാനേജർ എം ടി തങ്കച്ചൻ എന്നിവരാണ്‌ നേരത്തെ അറസ്‌റ്റിലായത്‌.

ഇബ്രാഹിം കുഞ്ഞിനു പിന്നാലെ ഇഡിയും
മുസ്ലിംലീഗ്‌ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക്‌ നോട്ട്‌ നിരോധനകാലത്ത്‌ പത്ത്‌ കോടി നിക്ഷേപിച്ച കേസിൽ വി കെ  ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും അറസ്റ്റ്‌ ചെയ്‌തേക്കും. കണക്കിൽപ്പെടാത്ത ഈ പണം പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കൈക്കൂലി ആണെന്ന്‌ ആരോപിച്ച്‌ കളമശേരി സ്വദേശി ഗിരീഷ്‌ ബാബു നൽകിയ കേസിൽ ഇഡി അന്വേഷണത്തിന്‌ ഹൈക്കോടതി അനുമതി നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിന്റെ ശക്തമായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ്‌ കണ്ടെത്തിയിട്ടുണ്ട്‌.

വി കെ ഇബ്രാഹിം കുഞ്ഞ്‌ ഡയറക്ടറായിരിക്കെ രണ്ട്‌ ബാങ്കിലൂടെയാണ്‌ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക്‌ പണം കൈമാറിയത്‌. പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ്‌ ശാഖ, എസ്‌ബിഐ കലൂർ ശാഖ എന്നിവയിലൂടെ പി എ അബ്ദുൾ സമീർ എന്നയാളാണ്‌ പണം നിക്ഷേപിച്ചത്‌. ഇങ്ങനെ കൈമാറിയ തുകയിൽ അഞ്ച്‌ കോടി രൂപ ഇബ്രാഹിം കുഞ്ഞ്‌ സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റി. കേസിൽ ഇബ്രാഹിം കുഞ്ഞിനെയും പിഎയും മുസ്ലി ലീഗ്‌ ജില്ലാ സെക്രട്ടറിയുമായ അഷ്‌റഫ്‌ മൂപ്പനെയും എൻഫോഴ്‌സ്‌മെന്റ്‌ ചോദ്യംചെയ്തിരുന്നു.

147 രേഖ, 29 സാക്ഷി
വിജിലൻസ്‌ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തത്‌ 147 സർക്കാർ രേഖകൾ. 29 സാക്ഷികളെയും ചോദ്യംചെയ്‌തു. റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ കേരള (ആർബിഡിസികെ), കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെആർഎഫ്‌ബി), കേരള ഇൻഡസ്‌ട്രിയൽ ആൻഡ്‌ ടെക്‌നിക്കൽ കൺസൾട്ടൻസി (കിറ്റ്‌കോ) ഓഫീസുകളിലെ റെയ്‌ഡിൽനിന്ന്‌ രേഖകൾ പിടിച്ചിരുന്നു.

പാലത്തിൽനിന്നുള്ള 30 കോൺക്രീറ്റ്‌ സാമ്പിൾ തിരുവനന്തപുരത്തെ കേരള ഹൈവേ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലാബിൽ പരിശോധിച്ചതിന്റെ  റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. 30 കോൺക്രീറ്റ്‌ സാമ്പിളിൽ ആറ്‌ ഗർഡറിലെയും രണ്ട്‌ പിയറിലെയും എട്ട്‌ പിയർ ക്യാപ്പിലെയും കോൺക്രീറ്റ്‌ സാമ്പിളുകൾക്കുമാത്രമാണ്‌ തൃപ്‌തികരമായ നിലവാരമുള്ളത്‌. മറ്റുള്ളവയെല്ലാം നിർദിഷ്‌ട 35N/mm2 നിലവാരമില്ലാത്തതായിരുന്നു.

ഓർമകളിൽ ആ സിനിമ
കെ ജി ജോർജിന്റെ സംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയുമായി ഒരുപാട്‌ സാമ്യമുണ്ട്‌ പാലാരിവട്ടം പാലത്തിനും. ഉദ്‌ഘാടനം ചെയ്‌ത്‌ ഉടൻ തകർന്നുവീഴുന്ന പഞ്ചവടിപ്പാലത്തിനു പിന്നിലെ രാഷ്ട്രീയ അഴിമതിയാണ്‌ സിനിമ ചർച്ചയാക്കിയത്‌. അഴിമതിയും കുതികാൽവെട്ടും ഭരണത്തിലെ വൃത്തികേടുകളും ഉദാഹരണ സഹിതം വ്യക്തമാക്കിയ സിനിമയുടെ നേർപ്പതിപ്പായി യുഡിഎഫ്‌ ഭരണകാലവും അന്ന്‌ പണിത പാലാരിവട്ടം അഴിമതിപ്പാലവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top