25 May Saturday

ഈ ടീച്ചറല്ലേ, ടീച്ചർ

ജയകൃഷ‌്ണൻ നരിക്കുട്ടിUpdated: Friday Mar 15, 2019


കണ്ണൂർ
പതിവുപോലെ ക്യാമ്പസുകളിൽനിന്നാണ‌് കണ്ണൂർ മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ശ്രീമതി ടീച്ചർ പര്യടനം തുടങ്ങിയത‌്. അതിന്റെ രഹസ്യം ടീച്ചർതന്നെ പറഞ്ഞു;

‘‘ കുട്ടികളുടെ ഇടയിൽനിന്ന‌് ലഭിക്കുന്ന ഊർജം ഒന്നുവേറെയാണ‌് ’’. 

മാങ്ങാട്ടുപറമ്പ‌് സർവകലാശാലാ ക്യാമ്പസിലെത്തിയപ്പോൾ പുതുതലമുറയുടെ ആവേശത്തിമിർപ്പിൽ ടീച്ചർ അവരിലൊരാളായി.  നാടിന്റെ വികസന നായികക്ക‌് അഭിവാദ്യമെന്ന മുദ്രാവാക്യവുമായാണ‌്  വിദ്യാർഥികൾ വരവേറ്റത‌്. ആവേശം  ഒന്നടങ്ങിയപ്പോൾ  ഒരു വിദ്യാർഥിനി ഓടി വന്ന‌് ടീച്ചറുടെ  കൈപിടിച്ചു നെഞ്ചോടു ചേർത്ത‌് ആവേശത്തോടെ വിളിച്ചുപറഞ്ഞു:

‘‘ നമ്മുടെ ടീച്ചർ സൂപ്പറാ. ’’

വിദ്യാർഥി സംഘടനാ പ്രവർത്തകപോലുമല്ലാത്ത എംസിജെ വിദ്യാർഥിനി ഹരിത ഹരിദാസന‌് ടീച്ചറുമായുള്ള  ബന്ധമെന്ത‌് എന്ന സംശയത്തിലായി   ബാക്കിയുള്ളവർ. ഡൽഹിയിൽ പാർലമെന്റ‌് കാണാൻ പോയപ്പോഴുണ്ടായ അനുഭവമാണ‌് ഹരിതയെ ടീച്ചറോടടുപ്പിച്ചത‌്.  ഇതുപോലെ എല്ലായിടത്തുമുണ്ട‌് പി കെ ശ്രീമതി എന്ന എൽഡിഎഫ‌് സ്ഥാനാർഥിക്ക‌് യുവ ആരാധകർ. എന്നാൽ പ്രായഭേദമെന്യേ ഏവർക്കും അവർ പ്രിയപ്പെട്ട ശ്രീമതി ടീച്ചറാണ‌്. ആർക്കും ഏതു സമയത്തും  സമീപിക്കാം‌.  സഹോദരിയോടെന്നപോലെ കാര്യങ്ങൾ പറയാം. ചെയ്യാനാവുന്നതെല്ലാം കാലതാമസമില്ലാതെ ചെയ‌്തുകൊടുക്കും. പറഞ്ഞു തുടങ്ങുമ്പോൾ  നിരവധിയുണ്ട‌് കഥകൾ. കാണാതായ മകനെ കണ്ടെത്താൻ സഹായിച്ചതുമുതൽ  വിദേശ ജയിലിൽ അകപ്പെട്ട ഭർത്താവിനെ നാട്ടിൽ തിരിച്ചെത്തിക്കാൻ  മുന്നിൽനിന്ന‌് പ്രവർത്തിച്ചതടക്കമുള്ള ഒട്ടനവധി കാര്യങ്ങൾ...

കണ്ണൂരിന്റെ വികസനക്കുതിപ്പിന‌് അനുഗുണമായ നിരവധിപ്രവൃത്തികളാണ‌് അഞ്ച‌് വർഷത്തിനിടയിൽ എംപിയെന്ന നിലയിൽ ടീച്ചർ നടപ്പാക്കിയത‌്. 2103 കോടി രൂപയുടെ പദ്ധതികൾ ജില്ലയിൽ എത്തി. കണ്ണൂർ റെയിൽവേ സ‌്റ്റേഷൻ, റോഡുകൾ, പാലങ്ങൾ, നഗരവികസനം, പയ്യാമ്പലം തുടങ്ങി ടീച്ചറുടെ കൈമുദ്രയുള്ള നിരവധി പദ്ധതികൾ ഓർത്തെടുക്കും ജനങ്ങൾ.
ശ്രീമതി ടീച്ചറുടെ വരവോടെയാണ‌് എംപിയുടെ സാന്നിധ്യം കണ്ണൂർ അറിഞ്ഞത‌്. ഇത്രയൊക്കെ ഒരു എംപിക്ക‌്  ചെയ്യാനാവുമെന്ന‌് മനസിലാക്കിയത‌്. ചെയ്യാനാവുന്നതിന്റെ പരമാവധി മണ്ഡലത്തിനായി ടീച്ചർ ചെയ‌്തിട്ടുണ്ട‌്. ആധുനിക റെയിൽവേ സ‌്റ്റേഷനായി കണ്ണൂർ വളർന്നത‌്  ഈ കാലയളവിലാണ‌്. 600 കോടി  രൂപയാണ‌് ഇതിനായി ചെലവഴിച്ചത‌്. സെൻട്രൽ റോഡ‌് ഫണ്ടിൽനിന്ന‌് 230 കോടി നേടിയെടുത്തു.  ജില്ലയിലെ 12 റോഡുകൾ മികവുറ്റതാക്കി. പയ്യാമ്പലമടക്കമുള്ള പാർക്കുകൾ, നഗരവികസന പദ്ധതികൾ, സ‌്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. ഇതുപോലെ ഒട്ടേറെ പദ്ധതികൾ. 

എൽഡിഎഫ‌് സർക്കാർ വന്നശേഷം കണ്ണൂർ ആകെ മാറി. അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായി. അഴീക്കൽ തുറമുഖം വികസന പാതയിലാണ‌്.  പരിയാരം മെഡിക്കൽ കോളേജ‌് സർക്കാർ ഏറ്റെടുത്തു. അന്താരാഷ്ട്ര നിലവാരമുള്ള ആയുർവേദ ഇൻസ‌്റ്റിറ്റിറ്റ്യൂട്ട‌് വരുന്നു. മലയോര–- തീരദേശ പാതകളുടെ നിർമാണം പുരോഗമിക്കുന്നു.  മലനാട‌് മലബാർ റിവർക്രൂയിസ‌് എന്ന വൻ ടൂറിസം പദ്ധതി.  ഇതിനൊക്കെ പിന്നിൽ  പി കെ ശ്രീമതി എംപിയുടെ പങ്ക‌് വളരെ  വലുതാണ‌്.

മുഖം മാറുന്ന കണ്ണൂരിന്റെ വികസനത്തുടർച്ചക്കാണ‌് ഇത്തവണ എൽഡിഎഫ‌് പിന്തുണ തേടുന്നത‌്. ‘റൈസിങ്‌ കണ്ണൂർ’ ആണ‌് ലക്ഷ്യം. കഴിഞ്ഞ അഞ്ചുവർഷം നാടിന്റെ പുരോഗതിക്കായി  നടത്തിയ വിശ്രമരഹിതമായ  പ്രവർത്തനം മണ്ഡലത്തിൽ ടീച്ചറെ  കൂടുതൽ സ്വീകാര്യയാക്കിയിരിക്കുന്നു.  അർഹരായ എല്ലാവർക്കും രാഷ്ട്രീയഭേദമെന്യേ സഹായം ചെയ‌്തിട്ടുണ്ട‌്. അതു തന്നെ പിന്തുണക്കുമെന്ന‌് ടീച്ചർ പ്രതീക്ഷിക്കുന്നു.   ഒപ്പം  തുടക്കമിട്ട പദ്ധതികൾ പൂർത്തിയാക്കാൻ സഹായിക്കണമെന്നാണ‌്   അഭ്യർഥന.


പ്രധാന വാർത്തകൾ
 Top