03 December Friday

‘റെഡ്‌ സല്യൂട്ട്‌, റെഡ്‌ സല്യൂട്ട്‌ രക്തസാക്ഷി ഗ്രാമങ്ങളേ..'; ഒളിമങ്ങാത്ത ഓർമകളോടെ പി കെ മേദിനി

പി കെ മേദിനി/ലെനി ജോസഫ്‌Updated: Sunday Oct 24, 2021

പുന്നപ്ര - വയലാർ സമരമുന്നേറ്റം നടക്കുമ്പോൾ മേദിനി പന്ത്രണ്ടു വയസ്സുള്ള ബാലികയാണ്‌.  നിരോധിക്കപ്പെട്ട പാട്ടുകൾ പാടിയതിന്‌ പിന്നീട്‌ രണ്ടുതവണ  തുറുങ്കിലടയ്‌ക്കപ്പെട്ടു. പാട്ടിനെ  തടവിലാക്കാൻ  ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന്‌  ലോകത്തിന്‌ കാണിച്ചുകൊടുത്തു  ഈ പടപ്പാട്ടുകാരി .

‘റെഡ്‌ സല്യൂട്ട്‌, റെഡ്‌ സല്യൂട്ട്‌ രക്തസാക്ഷി ഗ്രാമങ്ങളേ, പുന്നപ്ര–-വയലാർ ഗ്രാമങ്ങളേ’ എന്ന വിപ്ലവഗാനം ആലപിക്കുമ്പോൾ പി കെ മേദിനിയുടെ മനസ്സിൽ അലയടിക്കുന്നത്‌ ഇതിഹാസസമാനമായ ഒരു കാലത്തിന്റെ സ്‌പന്ദനങ്ങൾ. പുന്നപ്ര–-വയലാർ മുന്നേറ്റ കാലത്ത്‌  പി കെ മേദിനിക്ക്‌ വയസ്സ്‌ 12. സമരത്തിൽ നേരിട്ട്‌ പങ്കെടുത്തില്ലെങ്കിലും പടപ്പാട്ടുകളിലൂടെ തൊഴിലാളികളെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്‌തു വിപ്ലവത്തിന്റെ ഈ വാനമ്പാടി. അതിന്റെ പേരിൽ പലതവണ അറസ്റ്റും ജയിലും. മലയാളിയുടെ ഭാഗധേയം നിർണയിച്ച, തൊഴിലാളികളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ എഴുപത്തഞ്ചാം വാർഷികത്തിലും ഒളിമങ്ങാത്ത ഓർമകളോടെ ജീവിച്ചിരിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ്‌ പി കെ മേദിനി.

 പുന്നപ്ര‐വയലാർ സമരകാലത്തെപ്പറ്റിയുള്ള  ഓർമകൾ എന്തൊക്കെയാണ്‌

 അന്ന്‌ ഇവിടം തിരുവിതാംകൂർ രാജ്യമാണ്‌. തുലാം ഏഴിന്‌ ചിത്തിരതിരുനാൾ മഹാരാജാവിന്റെ പിറന്നാളാഘോഷങ്ങളിൽ ഞങ്ങൾ കുട്ടികളെല്ലാം പങ്കെടുത്തിരുന്നു. രാജാവിനെ സ്‌തുതിച്ച്‌ ‘വഞ്ചിഭൂമി പതേ ചിരം സഞ്ചിതാപം ജയിക്കേണം’ എന്നു പാടിയായിരുന്നു  ആഘോഷം. അന്ന്‌ രാജാവാണ്‌ കാണപ്പെട്ട ദൈവം. അടിസ്ഥാനവർഗങ്ങൾക്കെല്ലാം ജാതിയുടെയും മതത്തിന്റെയും പേരിൽ വഴിനടക്കാൻ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലം. നാലാം ക്ലാസുവരെ പാവങ്ങൾക്ക്‌ പഠിക്കാം. ഫീസ്‌ കൊടുക്കേണ്ടതിനാൽ തുടർന്നു പഠിക്കാൻ  പണക്കാർക്കുമാത്രമേ സാധിച്ചിരുന്നുള്ളൂ. 

 തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ്‌ യൂണിയനും അതിന്റെ കീഴിൽ തൊഴിലാളി കലാ സാംസ്‌കാരിക കേന്ദ്രവും രൂപപ്പെട്ട കാലം. കെ വി പത്രോസായിരുന്നു സെക്രട്ടറി. ഉച്ചനീചത്വങ്ങൾക്കെതിരായ സമരംകൂടിയായിരുന്നു പുന്നപ്ര–- വയലാർ. സമരത്തിന്റെ ഭാഗമായി നൽകിയ ദീർഘമായ നിവേദനത്തിൽ പ്രായപൂർത്തി വോട്ടവകാശം അനുവദിക്കുക, രാജവാഴ്‌ചയും ദിവാൻ ഭരണവും അവസാനിപ്പിക്കുക തുടങ്ങിയവ പ്രധാനമായിരുന്നു.  

 പുന്നപ്ര വയലാർ സമരത്തിന്‌ 75 വർഷമാകുമ്പോൾ അതിന്റെ പ്രസക്തിയെപ്പറ്റി എന്തുതോന്നുന്നു 

 പുന്നപ്ര–- വയലാർ സമരം ഉന്നയിച്ച എല്ലാ മുദ്രാവാക്യങ്ങളും യാഥാർഥ്യമാകുന്ന കാലത്താണ്‌ എഴുപത്തഞ്ചാം വാർഷികം. വോട്ട്‌ ചെയ്യാനുള്ള അവകാശം, ഭരിക്കാനുള്ള അവകാശം, ഭൂമിയില്ലാത്തവർക്ക്‌ ഭൂമി, വീടില്ലാത്തവർക്ക്‌ വീട്‌. ഇന്ത്യക്കാകെ മാതൃകയാണ്‌ കേരളം.  ചെത്തുതൊഴിലാളിയുടെ മക്കൾക്ക്‌ ഡോക്ടറാകാം, പട്ടികജാതി–- പട്ടിക വർഗത്തിൽപ്പെട്ടവർക്ക്‌ കലക്ടറാകം, അവർക്ക്‌ എല്ലാ കസേരകളിലും ഇരിക്കാനുള്ള പദവി കിട്ടി. ഇതൊക്കെ നേടുന്നതിന്‌ ആ സമരം അനിവാര്യമായിരുന്നു എന്നതാണ്‌ സത്യം. ഞാൻ മറ്റു സംസ്ഥാനങ്ങളിലൊക്കെ സഞ്ചരിച്ചിട്ടുണ്ട്‌. അവിടത്തെ തൊഴിലാളികളുടെ ദയനീയാവസ്ഥ മനസ്സിലാക്കുമ്പോഴാണ്‌ നമ്മുടെ നേട്ടം കൂടുതൽ ബോധ്യമാകുക. 

 സമരകാലത്തെ മേദിനിചേച്ചിയുടെ പ്രവർത്തനങ്ങൾ

- തൊഴിലാളികളുടെ യോഗത്തിൽ പാട്ടുപാടി ആവേശം കൊള്ളിക്കുകയായിരുന്നു പ്രധാനം. രാമൻകുട്ടിയാശാൻ, കെ ദാസ്‌, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവരുടെ പാട്ടുകളാണ്‌ ആലപിക്കുക. തൊഴിലാളികളെ ബോധവൽക്കരിക്കാനുള്ള ജന്മി–- കർഷക ഡാൻസ്, ഹിന്ദു–- മുസ്ലിം ഡാൻസ്‌ തുടങ്ങിയവയിലൊക്കെ അഭിനയിച്ചു. ‘ഈ കാണുന്ന പാടങ്ങൾ നമ്മൾ തൻ കൈകളാൽ തീർന്നതോ... എന്നു തുടങ്ങുന്ന പാട്ട്‌ പാടിയായിരുന്നു കർഷക ഡാൻസ്‌. കർഷകസ്‌ത്രീയുടെ വേഷമായിരുന്നു എനിക്ക്‌. ഹിന്ദു–- മുസ്ലിം ഡാൻസ്‌ മതസൗഹാർദവും തൊഴിലാളികളിൽ സാഹോദര്യവും നിലനിർത്താൻവേണ്ടിയായിരുന്നു. കെപിഎസി നാടകങ്ങൾ, പി ജെ ആന്റണിയുടെ ‘ഇങ്ക്വിലാബിന്റെ മക്കൾ’, സാംബശിവന്റെയും കെടാമംഗലം സദാനന്ദന്റെയും കഥാപ്രസംഗങ്ങൾ, പി ഭാസ്‌കരന്റെ ‘ഉയരും ഞാൻ നാടാകെ’പോലുള്ള പാട്ടുകൾ എന്നിങ്ങനെ തൊഴിലാളികളെ ആശയപരമായി ആയുധമണിയിക്കാൻ നടന്ന കലാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നുമാത്രമേ ഞാൻ വിചാരിക്കുന്നുള്ളൂ. 

 

ഗൗരിയമ്മയ്‌ക്കൊപ്പം പി കെ മേദിനി                                 ഫോട്ടോ: എം എ ശിവപ്രസാദ്‌

ഗൗരിയമ്മയ്‌ക്കൊപ്പം പി കെ മേദിനി ഫോട്ടോ: എം എ ശിവപ്രസാദ്‌

അന്ന്‌ കലാരംഗത്ത്‌ പ്രവർത്തിച്ചതിന്‌ നേരിടേണ്ടി വന്ന വെല്ലുവിളികൾ 

 നിരോധിക്കപ്പെട്ട പാട്ടുകൾ പാടിയതിന്‌ പതിനഞ്ചാം വയസ്സിൽ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. എസ്‌ കെ ദാസ്‌ എഴുതിയ പാട്ടായിയിരുന്നു അത്‌. പിന്നീട്‌ നിരോധനം ലംഘിച്ച്‌ ഞാൻ വീണ്ടും യോഗത്തിൽ പാടി. രക്തസാക്ഷികളായ കോട്ടാത്തല സുരേന്ദ്രനെയും മുഹമ്മ  അയ്യപ്പനെയും പറ്റി പാട്ട്‌ പാടിയതിന്‌ പതിനേഴാം വയസ്സിൽ വിണ്ടും അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. പുന്നപ്ര–- വയലാർ സമരം നേരിട്ട്‌ കാണുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്‌തവരാണ്‌ എന്നെപ്പോലെതന്നെ കെ മീനാക്ഷി, കാളിക്കുട്ടി ആശാത്തി, അനസൂയ തുടങ്ങിയ വനിതകളൊക്കെ. 

 കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെടാനുള്ള സാഹചര്യം

 ഞങ്ങൾ നാല്‌ ആണും രണ്ടു പെണ്ണുമാണ്‌. ട്രേഡ്‌ യൂണിയൻ നേതാവായിരുന്ന കെ ബാവയും പിന്നീട്‌ സിനിമാ തിരക്കഥാകൃത്തായ  പി കെ ശാരംഗപാണിയും എന്റെ സഹോദരങ്ങളാണ്‌. ആ കാലഘട്ടത്തിൽ ഇവരുടെ പ്രവർത്തനങ്ങൾ കണ്ടാണ്‌ ഞാൻ വളർന്നത്‌. അക്കാലത്ത്‌ ശാരംഗപാണിയുടെ ‘വല്ലാത്ത ദുനിയാവ്‌’ നാടകം നിരോധിച്ചിരുന്നു. പുന്നപ്ര–- വയലാർ സമരകാലത്ത്‌ ശാരംഗപാണിയെ അന്ന്‌ ഇവിടെ ഇൻസ്‌പെക്ടറായിരുന്ന സത്യനേശൻ ക്രൂരമായി മർദിച്ചിട്ടുണ്ട്‌. പിന്നെ സത്യനായി സിനിമയിൽ എത്തിയപ്പോൾ അദ്ദേഹം ചേട്ടനോട്‌ മാപ്പ്‌ പറയുകയുണ്ടായി. ഒന്നും സമ്പാദിക്കാതെയാണ്‌ ചേട്ടൻ മരിച്ചത്‌. എം എ ബേബി സാംസ്‌കാരിക മന്ത്രിയായപ്പോൾ ചേട്ടന്റെ ചികിത്സയ്‌ക്ക്‌ ഒരു ലക്ഷം രൂപ നൽകുകയും വീട്ടിൽ വന്ന്‌ കാണുകയും ആദരിക്കുകയും ചെയ്‌തു. 

  ആ കാലത്ത്‌ സ്‌ത്രീകളുടെ സമരപങ്കാളിത്തം ഏതുതരത്തിലായിരുന്നു

 സ്‌ത്രീകൾ പുരുഷന്മാരോടൊപ്പം എല്ലാ രംഗത്തും സജീവമായിരുന്നു. ആലപ്പുഴയിലെ കാര്യംമാത്രമല്ല പറയുന്നത്‌. റോസമ്മ പൂന്നൂസ്‌, കൂത്താട്ടുകുളം മേരി, സുഭദ്രാമ്മ തങ്കച്ചി, രാധമ്മ തങ്കച്ചി, ഗൗരിയമ്മ, സുശീല ഗോപാലൻ തുടങ്ങിയവരൊക്കെ അന്ന്‌ ത്യാഗനിർഭരമായി പ്രവർത്തിച്ചവരാണ്‌. പുന്നപ്ര–- വയലാറിനുശേഷം പുരുഷന്മാർ പലരും രാജ്യംവിട്ട്‌ ഒളിവിൽ പോയി. അതായത്‌, തിരുവിതാംകൂർ വിട്ട്‌ കൊച്ചിയിലേക്ക്‌ അഭയംതേടി. നാട്ടിൽ പുരുഷന്മാർ ഇല്ലാത്ത അവസ്ഥ അന്ന്‌ സംജാതമായി. 

 സിനിമാനുഭവം

 -‘വസന്തത്തിന്റെ കനൽവഴികളിൽ’ നായികയായ സുരഭി ലക്ഷ്‌മി പ്രായമാകുന്ന റോളിലാണ്‌ അഭിനയിച്ചത്‌. ചിരുത എന്നാണ്‌ കഥാപാത്രത്തിന്റെ പേര്‌. ആ സിനിമയിൽ ‘കത്തുന്ന വേനലിലൂടെ’ എന്ന പാട്ട്‌ സംഗീതം ചെയ്‌തതും പാടിയതും അഭിനയിച്ചതും ഡബ്ബ്‌ ചെയ്‌തതുമെല്ലാം ഞാൻതന്നെയാണ്‌. എൺപതാം വയസ്സിലാണ്‌ ഇത്‌ ചെയ്യാൻ സാധിച്ചത്‌. 

അറുപതാം വയസ്സിൽ ഇപ്‌റ്റ എന്റെ ഗാനങ്ങളുടെ കാസെറ്റ്‌ ഇറക്കിയത്‌ ഞാൻ കൂടുതൽ അറിയപ്പെടാൻ കാരണമായി. കുഞ്ഞുണ്ണി മാഷ്‌ എഴുതിയ ‘മനസ്സു നന്നാകട്ടെ’, കണിയാപുരം രാമചന്ദ്രൻ എഴുതി ആലപ്പി മോഹനൻ സംഗീതം പകർന്ന ‘റെഡ്‌ സല്യൂട്ട്‌’, വയലാറിനെക്കുറിച്ച്‌ ഏഴാച്ചേരി രാമചന്ദ്രൻ എഴുതി കുമരകം രാജപ്പൻ സംഗീതം പകർന്ന ‘ഒരുകുറി പിന്നെയും’ എന്ന കവിത തുടങ്ങിയവ ഹിറ്റായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top