13 December Friday

കളിവിളക്കിന്റെ ശോഭയിൽ നെഞ്ചോട‌് ചേർത്ത‌്

പി വി ജീജോUpdated: Tuesday Mar 19, 2019

നിങ്ങളുടെ മനസ‌് നല്ലതാ, അത‌് നന്മയുള്ളതാ, നിങ്ങൾ വടകരയിൽ ജയിച്ചുവരും...


വടകര
ജയരാജന്റെ വലതുകൈ കളിവിളക്കിന്റെ ശോഭയായ ഗുരു തന്റെ നെഞ്ചിലേക്ക‌് ചേർത്തുവെച്ചു. ഒരുരുള ചോറ‌്‌ വാരിത്തിന്നാൻപോലും സ്വാധീനമില്ലാത്ത ആ കൈയിൽ പതുക്കെ തലോടി. കണ്ണടച്ചുപിടിച്ച ഗുരുവിന്റെ കണ്ണിൽ നിന്ന‌് ഒരിറ്റ‌് കണ്ണീർ ജയരാജന്റെ കയ്യിലേക്കടർന്നു വീണു. കൈകൾ കവർന്ന‌് കഥകളി ആചാര്യൻ പറഞ്ഞു–-

നിങ്ങളുടെ മനസ‌് നല്ലതാ, അത‌് നന്മയുള്ളതാ, നിങ്ങൾ വടകരയിൽ ജയിച്ചുവരും...

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വടകരയിലെ എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജന‌് അനുഗ്രഹാശിസുകൾ നേർന്ന വൈകാരിക മുഹൂർത്തം കൂടെയുള്ളവരുടെയും കണ്ണ‌് നനയിച്ചു. പി ജയരാജൻ നേരിട്ട ക്രൂരതയും അതിജീവിക്കാൻ കാട്ടിയ മന:സ്ഥൈര്യവും അലിവാർന്ന മനസുമെല്ലാം അറിയാവുന്നത‌് അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിക്കുന്ന ഗുരു ചേമഞ്ചേരിയെപ്പൊലുള്ളവർക്കുമാത്രമല്ല; ജനങ്ങളൊന്നടങ്കം പ്രിയനേതാവിനെ ചേർത്തുനിർത്തുന്നതാണ‌് വടകരയിലെ കാഴ‌്ച.

ഒരുവിഭാഗം മാധ്യമങ്ങളും വലതുപക്ഷവും വരച്ചിട്ട ദുഷ‌്പ്രചാരണത്തിനും കെട്ടുകഥകൾക്കുമപ്പുറമാണ‌് പി ജയരാജന്റെ സ്വീകാര്യത. പൊതുപ്രവർത്തകനെന്ന നിലയിൽ അതിരുകളില്ലാത്ത സേവന സന്നദ്ധതയും രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും സഹായിക്കാനുള്ള മനസും പി ജയരാജനുണ്ടെന്ന് കോൺഗ്രസ‌് നേതാവും കണ്ണൂർ ഡിസിസി അംഗവുമായിരുന്ന അഡ്വ. സി ഒ ടി ഉമ്മർ സാക്ഷ്യപ്പെടുത്തുന്നു.

‘അരനൂറ്റാണ്ടുകാലം കോൺഗ്രസിന്റെ സജീവപ്രവർത്തകനായ എനിക്ക് പി ജയരാജനുമായും ഉറ്റ സൗഹൃദമുണ്ട്. രാഷ്ട്രീയ–--സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ സുതാര്യമാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. ഒരിക്കലെങ്കിലും നേരിട്ട് സംസാരിക്കുകയോ ഇടപെടുകയോ ചെയ്താൽ ആരാണ് പി ജയരാജനെന്ന് മനസിലാവും’–- -

സി ഒ ടി ഉമ്മറിന്റെ വാക്കുകളിൽ ഈ കമ്യൂണിസ്റ്റ‌് നേതാവിന്റെ ജനകീയശൈലിയോടുള്ള ആദരവ‌് പ്രകടം.

കൂത്തുപറമ്പ‌്  വലിയവെളിച്ചം വ്യവസായ എസ‌്റ്റേറ്റിലെ തൊഴിലാളികൾ അവതരിപ്പിക്കുന്നത‌് മറ്റൊരു ജയരാജനെയാണ‌്. വ്യവസായവികസനവുമായി തങ്ങളുടെ ജീവിതത്തിന‌് വെളിച്ചം പകർന്ന എംഎൽഎയെക്കുറിച്ചുള്ള അഭിമാനം‌. 2006ലെ എൽഡിഎഫ് ഭരണകാലത്താണ് കൂടുതൽ വ്യവസായങ്ങൾ വലിയവെളിച്ചത്ത് എത്തുന്നത്. അതിന് നായകത്വം വഹിച്ചത് പി ജയരാജനായിരുന്നു. ആയിരത്തോളംപേർ ജോലിചെയ്യുന്ന മരിയൻ അപ്പാരൽസാണ്  വലിയവെളിച്ചത്ത് എത്തിയതിൽ പ്രധാന സ്ഥാപനം. ഫിലിപ്പീൻസ‌് ആർമിക്കും ഇസ്രയേലി പൊലീസിനും യൂണിഫോം തയ‌്ക്കുന്ന ഈ സ്ഥാപനത്തിന‌്  രാജ്യാന്തരപ്പെരുമയാണിന്ന‌്. 

വ്യവസായ വികസനത്തിൽ തുടക്കക്കാരനായ ജയരാജൻ നാട്ടുകാരുടെയും തൊഴിലാളികളുടെയും മനസിൽ വലിയ ഇടംനേടി. തൊഴിലാളികളായ കൈതേരിയിലെ കെ കെ പ്രവീണയും നിർമ്മലഗിരിയിലെ കെ ലീനയുമെല്ലാം തങ്ങളുടെ പഴയ എംഎൽഎയെ അഭിമാനത്തോടെ ഓർക്കുന്നു. കാംകോ, ജിയോസാൻഡ്, ഭാരത്‌ബെൻസ്, ഹൈകൗണ്ട് പൈപ്പ്, എവർഷൈൻപൈപ്പ്, പയ്യോളി മിക്‌സ്ചർ ഉൾപ്പെടെ ചെറുതും വലുതുമായ നാൽപതോളം വ്യവസായ ശാലകളിലായി രണ്ടായിരത്തിലേറെ പേർ ‌ഇ‌ന്ന‌് വലിയവെളിച്ചത്ത് ജോലിചെയ്യുന്നു. ഈ വികസനപദ്ധതികൾ, പൊതുപ്രവർത്തകനെന്ന നിലയിലുള്ള തെളിമയാർന്ന പ്രവർത്തനപാരമ്പര്യം ഇവ വിശദമാക്കിയാണ‌് നടകരയിൽ എൽഡിഎഫും പി ജയരാജനും വോട്ടുതേടുന്നത‌്. കൊയിലാണ്ടി മുതൽ കൂത്തുപറമ്പുവരെയായി എഴ‌് നിയമസഭാമണ്ഡലങ്ങളിലും ആദ്യഘട്ട പ്രചാരണം പൂർത്തിയായിക്കഴിഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top