18 May Tuesday

കൈയുയർത്തി; 
മുന്നിലെന്ന്‌ കരുതി വിജയാരവം

പി പി കരുണാകരൻUpdated: Saturday Apr 10, 2021


കാഞ്ഞങ്ങാട്‌
തെരഞ്ഞെടുപ്പ്‌ ഫലമറിയാൻ റേഡിയോയ്‌ക്കുമുന്നിൽ പുലരുംവരെ  കാത്തിരുന്ന കാലമുണ്ടായിരുന്നു‌. റേഡിയോ സ്വന്തമായുള്ള വീടുകളും അക്കാലത്ത്‌ കുറവ്‌.  സങ്കീർണമായ നടപടിക്രമങ്ങൾക്കുശേഷമാണ്‌ ബാലറ്റ്‌പേപ്പർ എണ്ണിത്തീരുക. പിന്നെയും ഏറെസമയം കഴിഞ്ഞാണ്‌ പ്രഖ്യാപനം. നാലര പതിറ്റാണ്ടു‌മുമ്പത്തെ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണൽ അനുഭവം ഓർക്കുകയാണ്‌ സിപിഐ എം കാസർകോട്‌ ജില്ലാ കമ്മിറ്റി അംഗമായ പി അപ്പുക്കുട്ടൻ.

അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പ്‌. ഉദുമ മണ്ഡലത്തിൽ കെ ജി മാരാരും എൻ കെ ബാലകൃഷ്‌ണനുമാണ്‌ ഏറ്റുമുട്ടിയത്‌. ജനതാ പാർടി നേതാവായിരുന്ന എ വി രാമകൃഷ്‌ണൻ വോട്ടെണ്ണൽകേന്ദ്രത്തിനു പുറത്തുവന്ന്, ഫലമറിയാൻ കാത്തുനിന്നവരെ നോക്കി കൈയുയർത്തിക്കാണിച്ചു. 5000 വോട്ടിന്‌ കെ ജി മാരാർ പിറകിലാണെന്നാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌. മാരാർ മുന്നിലെന്ന്‌ കാണിക്കാനാണ്‌ കൈയുയർത്തിയതെന്നു കരുതി  പുറത്ത്‌ ആഹ്ലാദപ്രകടനം തുടങ്ങി. ഫലം വന്നപ്പോൾ  എൻ കെ ബാലകൃഷ്‌ണൻ 3545 വോട്ടിന്‌ വിജയിച്ചു–- പി അപ്പുക്കുട്ടൻ ഓർക്കുന്നു.

നിരവധി തെരഞ്ഞെടുപ്പിൽ കൗണ്ടിങ്‌ ഏജന്റായും ചീഫ് ഏജന്റായും പ്രവർത്തിച്ചിട്ടുണ്ട്‌  പി അപ്പുക്കുട്ടൻ. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പള്ളിപ്രം ബാലൻ  59 വോട്ടിന് യുഡിഎഫിലെ  എം മനോഹരൻമാസ്റ്ററോട് പരാജയപ്പെട്ടതും റീ കൗണ്ടിങ്  ആവശ്യപ്പെട്ടതുമെല്ലാം അപ്പുക്കുട്ടൻ ഓർക്കുന്നു.

മാധവേട്ടനെ 
തോൽപ്പിച്ച്‌ 
ഹീറോയായി
കാഞ്ഞങ്ങാട് പഞ്ചായത്തിലേക്ക് താൻ മത്സരിച്ച തെരഞ്ഞെടുപ്പാണ് പി അപ്പുക്കുട്ടന് മറ്റൊരു വോട്ടെണ്ണൽ ഓർമ. 16 വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രമുഖ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ മാധവനാണ്‌ എതിരാളി. അതിയാമ്പൂരിലും മേലാങ്കോട്ടും രണ്ട്‌ ബൂത്തിലാണ് വോട്ടെണ്ണൽ. സന്തതസഹചാരിയും പിൽക്കാലത്ത് സിപിഐ എം ലോക്കൽ സെക്രട്ടറിയുമായിരുന്ന ടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു കെ മാധവന്റെ കൗണ്ടിങ് ഏജന്റ്. സ്വന്തം ബൂത്തിൽ 148 വോട്ടിന് അപ്പുക്കുട്ടൻ ലീഡ് ചെയ്തപ്പോൾ കുഞ്ഞിരാമൻമാസ്റ്റർ പറഞ്ഞു–-മറ്റേ ബൂത്തിൽ അത് നികത്തപ്പെടും. ഫലം വന്നപ്പോൾ 248 വോട്ടിന് പി അപ്പുക്കുട്ടൻ വിജയിച്ചു. കെ മാധവൻ ഇളമുറക്കാരനായ അപ്പുക്കുട്ടനോട് പരാജയപ്പെട്ടത് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top