29 January Saturday

‘ഒറൂണ്ടി’ൽ ഉറവപൊട്ടുന്നു ‘കുന്നോളം’ ഓർമകൾ

കെ വി രഞ്‌ജിത്‌Updated: Friday Jan 14, 2022

ചിത്രകാരന്മാരായ സചീന്ദ്രൻ കാറഡുക്ക , പ്രസാദ് കാനത്തുങ്കാൽ , രതീഷ്‌ കക്കാട്ട്‌, വിനോദ്‌ അമ്പലത്തറ എന്നിവർ

കുഴിനിറഞ്ഞൊഴുകിവന്ന ഒറ് വെള്ളം വിണ്ടുകീറിയ മനസിലൂടെയൊഴുകി പച്ചപ്പ് നിറയ്ക്കുന്ന പോലുള്ള കാഴ്‌ചകളാണ്‌ പയ്യന്നൂർ ലളിത കലാ അക്കാദമി ആർട്‌ ഗ്യാലറിയിലെ ‘ഒറൂണ്ട്‌’ ചിത്രപ്രദർശനത്തിൽ.

ഓർമകളിൽ ‘ഒറ്’ ( ഉറവ ) പൊട്ടും ‘ഒറൂണ്ട്’ ചിത്ര പ്രദർശനം കണ്ടാൽ. പതമുള്ള മണ്ണിൽ ‘ഒറ്’ പൊട്ടുന്നത് നോക്കിനിന്ന കാലത്തേക്കും അതിലൂർന്ന വെള്ളം കാല് നനക്കുന്നതുപോലെ  പൊഞ്ഞേറാകും (ഗൃഹാതൃരത്വം) ഒറൂണ്ട് കണ്ടാൽ. പണ്ട്‌ നടന്ന വഴികൾ, കണ്ടുതീർത്ത സ്വപ്‌നങ്ങൾ.... പിന്നീട് ലോറിയിലേറിപ്പോയ കുന്നുകൾ എല്ലാമുണ്ടിവിടെ. കുഴിനിറഞ്ഞൊഴുകിവന്ന ഒറ് വെള്ളം വിണ്ടുകീറിയ മനസിലൂടെയൊഴുകി പച്ചപ്പ് നിറയ്ക്കുന്നു. ഉറവയുടെ പിറവികളുണ്ടായ  നാട്ടുമണ്ണിന്റെ മണം ഈ ചിത്രങ്ങളിലുണ്ട്‌. ഇവ കണ്ട് തീർന്ന് പുറത്തിറങ്ങുമ്പോൾ മനസിൽ ഇപ്പോഴും  വറ്റിത്തീരാത്ത ഭൂതകാല പ്രണയത്തിന്റെ ഇരമ്പം കേൾക്കാം.സചീന്ദ്രൻ കാറഡുക്ക, രതീഷ് കക്കാട്ട്, വിനോദ് അമ്പലത്തറ , പ്രസാദ് കാനത്തുങ്കാൽ എന്നിവരുടെ  ചിത്ര പ്രദർശനം പയ്യന്നൂർ ഗാന്ധി പാർക്കിലെ ലളിത കലാ അക്കാദമി ഗ്യാലറിയിൽ നിരവധി പേരെ ആകർഷിക്കുന്നത്‌.  ഉറവകൾ ശേഖരിക്കുന്ന ചെറുകുഴികളായ ‘ഒറൂണ്ടി’നെയും കാസർകോടൻ നാട്ടുഭംഗികളെയും ചെങ്കൽക്കുന്നുകളെയും  ചിത്രീകരിക്കുകയാണിവിടെ.

ഉറവകൾ ശേഖരിക്കുന്ന പ്രകൃതി നിർമിതമായ ചെറുകുഴികളാണ് കാസർകോട്ടുകാർക്ക് ഒറൂണ്ട്.  ഈപേരിൽ ഇവിടെ നിരവധി ഗ്രാമങ്ങളും ഇവിടെയുണ്ട്‌. ഇത്തരം ഗ്രാമക്കാഴ്‌ചകളാണ്ചിത്രങ്ങളിൽ ഏറെയും. വിനോദ് അമ്പലത്തറ  ചെക്യാർപ്പ്, പന്നിക്കുന്ന് പ്രദേശങ്ങളിൽ സഞ്ചരിച്ച് വരച്ച ലൈവ് പെയിന്റിങ്ങാണ്‌ പ്രദർശിപ്പിക്കുന്നത്‌. റൈസ് പേപ്പറിൽ മഷി ഉപയോഗിച്ച് രേഖകളിലൂടെയും നിറങ്ങളിലൂടെയും പ്രകൃതിയെ ചിത്രീകരിക്കുന്ന സചീന്ദ്രൻ കാറഡുക്ക പ്രമുഖ മാസികകളിൽ പ്രസിദ്ധീകരിച്ച   രേഖാചിത്രങ്ങളുടെ ഇൻസ്റ്റലേഷനാണ്‌ ഒരുക്കിയത്‌.

പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ കുഞ്ഞുവീടുകളും കുന്നിൻ ചരിവുകളും അടങ്ങുന്ന പ്രസാദ് കാനത്തുങ്കാലിന്റെ ചിത്രങ്ങളിൽ  കൊറോണക്കാലത്തെ മനുഷ്യജീവിതത്തിന്റെ അതിജീവനമാണ്‌ ചിത്രീകരിച്ചത്‌.  കുന്നുകളും താഴ്‌വരകളും ചെറു വീടുകളും ബാല്യകാല ഓർമകളും വള്ളിപ്പടർപ്പുകൾക്കും പൂക്കൾക്കുമിടയിൽ ചിത്രീകരിക്കുന്നതാണ് രതീഷ് കക്കാട്ടിന്റെ രേഖാചിത്രങ്ങൾ. പ്രദർശനം 19 ന് സമാപിക്കും. ഒരുദിവസം കണ്ടില്ലെങ്കിൽ എവിടെയായിരുന്നു എന്നാശങ്കപ്പെടുന്ന നാട്ടുകാരുടെയും എവിടെയായിരുന്നു ഇതുവരെ എന്ന് ചോദിക്കുന്ന മരങ്ങളുടെയും കിളികളുടെയും ഇടയിൽത്തന്നെയാണ് ഇവർ ചിത്രങ്ങൾക്കുള്ള വിഷയങ്ങളും  കണ്ടെത്തിയതെന്ന്‌ കലാനിരൂപകൻ ജോണി എം എൽ പറഞ്ഞു.  നീല താർപ്പായ് ഇട്ട കൊച്ചു കെട്ടിടങ്ങളും വഴിത്താരകളും മരങ്ങളും ഒക്കെ ആ വരകളിലും നിറങ്ങളിലും തെളിഞ്ഞുവരുന്നു.

എന്താണ്‌ ഒറൂണ്ട്‌

ഒറ്‌ പൊട്ടുന്നിടം. അഥവ ഉറവ പൊട്ടുന്നിടം. വടക്കൻ കേരളത്തിലെ ചെങ്കൽക്കുന്നിൻ പ്രദേശങ്ങളിലെ ഉറവകൾ പൊട്ടുന്നിടത്തെ ‘ഒറൂണ്ട്‌’ എന്നാണ്‌ വിളിച്ചുവരുന്നത്‌. ഒറ്‌ പൊട്ടുന്നിടം. അഥവാ  ഉറവയുണ്ടാകുന്ന ഇടം ഇതാണ്‌ ഒറ്‌ കുണ്ടുകൾ. ഇത്തരം ഒറൂണ്ടുകളിൽ നിന്ന്‌ കവുങ്ങിൻ തോട്ടങ്ങളിലുൾപ്പെടെയുള്ള ജലസേചനം നടക്കുന്നത്‌. കുളിക്കുന്നതും അലക്കുന്നതും  ഉൾപ്പെടെ ഇത്തരം നീർച്ചാലുകളിൽനിന്നതാണ്‌.  ഉത്തര കേരളത്തിലെയും തുളുനാട്ടിലെയും മലയോരത്ത് ജനങ്ങളുടെ ദാഹംതീർക്കുന്നതും ഒറൂണ്ടുകളും  സുരങ്കങ്ങളുമാണ്‌. ഒറൂണ്ട്‌ സ്വഭാവികമായുണ്ടാവുന്നതാണെങ്കിൽ സുരങ്കങ്ങൾ നിർമിതിയിലും ആകൃതിയിലും, മറ്റുള്ളവർക്ക് എക്കാലത്തും അത്ഭുതം പടർത്തുന്ന സൃഷ്‌ടിയാണ്.

മലഞ്ചെരിവിലെ ഉള്ളറകളിൽ പൊടിയുന്ന തെളിനീർ, ഭൂമിക്കുപുറത്തേക്ക് എത്തിക്കുന്ന ഭഗീരഥപ്രയത്നത്തിന്റെ ചുരക്കപ്പേരാണ് തുരങ്കം എന്ന് മലയാളത്തിലും സുരങ്കം എന്ന് തുളുവിലും പറയുന്ന ജലസ്രോതസ്സ്. മേഘമായി, മഴയായി, നീർച്ചാലായി, പുഴയായി കലിലെത്തുന്ന വെള്ളത്തിന്റെ ഊരുചുറ്റൽ കുന്നും കുന്നിലെ ഉറവയും പങ്കാളിയാകുന്നുവെന്ന്‌ ചിത്രങ്ങൾ പറയുന്നു. ജലം ജീവനായി, മറ്റൊന്നിനാഹാരമായി, ആഹാരശൃംഖലയിലൂടെയുള്ള ജലസഞ്ചാരത്തിന്‌ ഉറവയാകുന്നു ‘ഒറൂണ്ടി’ലെ ചിത്രങ്ങൾ. മെലിഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍, കുന്നായി നിറഞ്ഞുനിന്ന്‌ കാടിന്റെ ഓര്‍മമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം.  എരിഞ്ഞുതീര്‍ന്ന കിളിയുടെ വംശങ്ങള്‍, എവിടെയെങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ ...... തുടങ്ങി പ്രകൃതിയുടെ സ്വാഭാവികജൈവതാളം ശിഥിലമാക്കുന്നതിന്റെ സൂചനകള്‍ അംബികാസുതൻ മാങ്ങാടിന്റെ "രണ്ടുമത്സ്യങ്ങൾ’ എന്ന പ്രശസ്‌തമായ കഥയിലെന്നപോലെ കുന്നുവരച്ച്‌ ഈ ചിത്രകാരൻമാർ പങ്കുവയ്‌ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top