08 October Tuesday

എന്നും വെളിച്ചമായി നമ്മുടെ ഓണം

ഒ കെ ജോണി okjohnypost@gmail.comUpdated: Sunday Sep 15, 2024


വർത്തമാനകാലത്തിന്റെ കാലുഷ്യങ്ങളെ അതിജീവിക്കാൻ ലോകമെമ്പാടുമുള്ള പുരാതനസമൂഹങ്ങൾ കണ്ടെത്തിയ ഉപായമാണ് പൊയ്‌പോയ ഏതോ നല്ല കാലത്തെക്കുറിച്ചുള്ള സ്മരണകളുടെ അയവിറക്കൽ. ഓണാഘോഷത്തിന്റെ പിന്നിലുള്ള മാവേലിക്കഥ ചരിത്രമോ ഐതിഹ്യമോ എന്നതിനേക്കാൾ പ്രധാനം, എല്ലാവരും സമഭാവനയോടെ പുലരുന്ന മനോഹരമായൊരു മാവേലിക്കാലം സ്വപ്നംകാണാൻ മലയാളികൾക്ക്‌ കഴിയുന്നു എന്നതാണ്. നഷ്ടപ്പെട്ട നല്ല കാലത്തെക്കുറിച്ചുള്ള ഗൃഹാതുരതയായല്ല, ഭാവിയിലുണ്ടാകേണ്ട സമത്വസുന്ദരമായ കാലത്തിനുവേണ്ടിയുള്ള ഊർജമായാണ്‌ ഓണത്തെ  കൈമാറിപ്പോരുന്നത്.

ഭൂതകാലത്തെക്കുറിച്ചുള്ള ഹൃദ്യസ്മരണകളിലൂടെ ഭാവിയെ സംബന്ധിച്ച ഒരു വലിയ സ്വപ്നത്തെ സൽക്കരിക്കുകയും സാക്ഷാൽക്കരിക്കുകയുമാണ് ഓണാഘോഷത്തിലൂടെ നമ്മൾ ചെയ്യുന്നത്.  നിരവധി സാമൂഹിക പരിഷ്കരണ പ്രക്ഷോഭങ്ങളിലൂടെയും നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയും സ്വായത്തമാക്കിയ സമത്വബോധത്തിന്റെയും പുരോഗമനാത്മകമായ സാമൂഹിക–രാഷ്ട്രീയ ബോധ്യങ്ങളുടെയും അടിത്തറയിൽ, ജനാധിപത്യസമരങ്ങളിലൂടെ വീണ്ടെടുക്കപ്പെടേണ്ട ഒരു രാഷ്ട്രീയസ്വപ്നത്തെ സംബന്ധിച്ച ഓർമപ്പെടുത്തലായിട്ടാണ് വാസ്തവത്തിൽ ഓണാഘോഷത്തെ കാണേണ്ടത്‌.  അപ്പോഴാണത്‌ മലയാളികളുടെ ദേശീയോത്സവം ആവുക. ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം അർഥം കൈവരിക്കുന്നത് അവ പുതിയ കാലത്തിന്റെ  ആവശ്യങ്ങളെ സാക്ഷാൽക്കരിക്കുമ്പോഴാണല്ലോ.

ദൈവ വിശ്വാസികളായ ശൈവരും വൈഷ്ണവരും ഉൾപ്പെടെയുള്ള ഹൈന്ദവരും ദൈവസങ്കൽപ്പംതന്നെയില്ലാത്ത ബുദ്ധ–- ജൈന വിഭാഗത്തിൽപ്പെട്ട ശ്രമണരും ഒരുപോലെ സംഘകാലംമുതൽ തമിഴകത്തിലുടനീളം ആഘോഷിച്ചിരുന്ന ഓണത്തെപ്പറ്റിയുള്ള ആദ്യത്തെ വിവരണവും ഒരു സംഘകാല കൃതിയിലാണുള്ളത്. തമിഴിലെ പഞ്ച മഹാകാവ്യങ്ങളിലൊന്നായ പതിറ്റുപ്പത്തിലെ മധുരൈക്കാഞ്ചിയിൽ, പാണ്ഡ്യരാജാവായ നെടുഞ്ചെഴിയന്റെ രാജധാനിയായ മധുരാനഗരിയിൽ കൊണ്ടാടിയിരുന്ന ‘ഓണനാൾ'തന്നെയാണ് നമ്മുടെ തിരുവോണമെന്ന് തമിഴ്–- മലയാളം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അവിടെ ഏഴാം നാളാണ് ഓണനാളായി ആചരിച്ചിരുന്നതെങ്കിൽ പത്താം നാളിലാണ് നമ്മുടെ തിരുവോണം എന്ന വ്യത്യാസമേയുള്ളൂ. അസുരരാജാവായ മഹാബലിക്കുമേൽ വാമനൻ നേടിയ വിജയമാണ് തമിഴകത്തെയും മലയാളനാട്ടിലെയും ഓണത്തിന് ആസ്പദം.

സാമൂഹ്യപരിണാമത്തിന്റെ ഫലമായി നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ തമിഴകത്ത്‌ തിരോഭവിച്ച ഓണാഘോഷം മലയാളക്കരയിൽ ഇടവേളകളില്ലാതെ തുടർന്നുവെന്നത്‌ യാദൃച്ഛികമായിരിക്കാനിടയില്ല. തമിഴ്‌ സംസ്കാരവുമായുള്ള പൊക്കിൾക്കൊടിബന്ധം വിച്ഛേദിച്ഛപ്പോഴും മലയാളം നിലനിർത്തിയ നിരവധി സാംസ്കാരികമുദ്രകളിലൊന്നാണ് ഓണം. ബുദ്ധമതത്തിന്റെ പ്രഭാവകാലംമുതൽ കേരളത്തിന് കൈവിടാൻ കഴിയാത്ത ഒരു സമത്വദർശനത്തിന്റെ പ്രതീകമായി ഓണം അവശേഷിക്കുന്നതിലും യുക്തിയും സ്വാഭാവികതയുമുണ്ട്. പുതിയ കാലവുമായി സംവദിക്കാനാകാത്ത എത്രയോ ആചാരങ്ങളും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും കാലഹരണപ്പെടുകയും തിരോഭവിക്കുകയും ചെയ്തിട്ടും ഓണം അതിന്റെ വർണപ്പകിട്ടുകളോടെയും ആഹ്ലാദത്തിമിർപ്പുകളോടെയും നിലനിൽക്കുന്നത് എല്ലാവർക്കും ഇടമുള്ള, നീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള പ്രകീർത്തനമായതിനാലാണ്. കേരളംപോലെയുള്ള പരിഷ്കൃത സമൂഹത്തിൽ ഓണസങ്കൽപ്പം കാലഹരണപ്പെടുകയുമില്ല.

മുഖ്യധാരയിൽനിന്ന് എക്കാലവും മാറ്റിനിർത്തപ്പെട്ട വയനാട്ടിലെ പാവങ്ങളിൽപ്പാവങ്ങളായ അടിയാന്മാർ എന്ന ആദിവാസികളുടെ പുരാസ്മൃതികളിലും പഴംപാട്ടുകളിലും മിത്തുകളിൽപ്പോലും തങ്ങൾക്കുണ്ടായിരുന്ന മാവേലിക്കാലം നഷ്ടമായതിനെക്കുറിച്ചുള്ള പരിദേവനങ്ങളാണ് കേൾക്കുന്നത്. ആ വയനാട്ടിലിരുന്നുകൊണ്ടാണ്, കേരളംകണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനു പിന്നാലെ ഞാൻ ഈ കുറിപ്പെഴുതുന്നത്.   അഞ്ഞൂറോളം പേരുടെ ജീവൻ അപഹരിക്കുകയും അത്രയുംതന്നെ മനുഷ്യരെ ഭവനരഹിതരാക്കുകയും ചെയ്ത വയനാട്ടിലെ ഉരുൾപൊട്ടൽ സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കേരളം മുക്തമാകുന്നതിനും മുമ്പാണല്ലോ ഇക്കുറി ഓണം.  അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും ദുരിതബാധിതർക്ക് പിന്തുണ നൽകാനും മാതൃകാപരമായി പ്രവർത്തിച്ച കേരളസമൂഹത്തിന്‌ പ്രകൃതിദുരന്തത്തിൽപ്പെട്ടവർക്കുവേണ്ടിയുള്ള ഒരു മാവേലിക്കാലം സൃഷ്ടിക്കാൻ കഴിയാതിരിക്കില്ല.  വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാർ എന്ന കവിതയിലെ ഈ വരികളിലെ ശുഭപ്രതീക്ഷയും അതാണ്:

‘‘പെരുകിടുമിരുളിലുമെന്നാൽ, ഞങ്ങടെ
തലകളിൽ മങ്ങി വിളങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ–-
മാളിയൊരോണപ്പൊൻകിരണങ്ങൾ,
അവകൾ കിനാവുകളെന്നാം ശാസ്ത്രം,
കളവുകളെന്നാം ലോകചരിത്രം;
ഇവയിലുമേറെ യഥാർഥം ഞങ്ങടെ
ഹൃദയനിമന്ത്രിത സുന്ദരതത്വം.''

അപരനെ അന്യനായി, ശത്രുവായി മുദ്രകുത്തുന്ന മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ നമ്മുടെ നാടും മനസ്സും ഭരിക്കുമ്പോൾ മനുഷ്യരെല്ലാവരും ഒന്നുപോലെയാകുന്ന നല്ല കാലത്തെക്കുറിച്ചുള്ള സ്വപ്നത്തിനും ആ സങ്കൽപ്പത്തെ യാഥാർഥ്യമാക്കാൻ പ്രചോദിപ്പിക്കുന്ന ആഘോഷങ്ങൾക്കും പ്രാധാന്യമുണ്ട്. ഓണം ഉൾപ്പെടെയുള്ള എല്ലാ ആചാരങ്ങളുടെയും ഉള്ളടക്കത്തെ പുതുക്കിപ്പണിയുമ്പോഴേ അവയ്ക്ക് സാമൂഹികമായ അർഥവും അസ്തിത്വവും ഉണ്ടാവുകയുള്ളൂ. വൈലോപ്പിള്ളി പറയുന്ന, ‘ഇന്ന്‌’ ചുറ്റിലും പെരുകുന്ന ഇരുളിലെ പൊൻകിരണങ്ങളായിത്തീരട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top