20 September Friday

മനുഷ്യൻ, മലയാളി, ഓണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 27, 2023

കർക്കടകത്തിന്റെ കദനമാരികളൊഴിഞ്ഞ നീലാകാശത്തെ തൂവാനച്ചമയമണിയിക്കുന്ന ചിങ്ങനിലാവൊളി. ഓണം. മലയാൺമയുടെ ഒരുമ ലോകത്തിന്‌ കേളിപ്പെടുത്തിയ ആഘോഷം. രാജ്യാതിർത്തികൾ ഭേദിച്ചുയരുന്ന മലയാളിയുടെ പൂവിളിക്ക്‌ ജാതിമത വ്യത്യാസമില്ല. പ്രകൃതിയും മനുജനുമൊന്നായ്‌പ്പുലരുന്ന നന്മയുടെ പൂക്കാലത്തെക്കുറിച്ചുള്ള ഗ്രാമ്യസ്‌മരണയുടെയും ഗൃഹാതുരക്കാഴ്‌ചയുടെയും കിനാക്കാലം. പാടവും കൊയ്‌ത്തും വിളവെടുപ്പും പുത്തരിയാഘോഷവുമെല്ലാം  മലയാളിയുടെ സ്വപ്‌നങ്ങളിൽ നിറഞ്ഞാടുന്ന കാലം. ലോകത്ത്‌ എവിടെപ്പോയാലും മലയാളി കൂടെക്കൂട്ടുന്ന ഏക സങ്കൽപ്പം ഓണസ്‌മൃതികളാണ്‌. ഏതു പ്രതിസന്ധിയുടെ പാതാളവും മുറിച്ചുകടന്ന്‌ ഉയിർത്തെഴുന്നേൽപ്പിന്റെ നവലോകത്തേക്ക്‌ കുതിക്കാൻ മലയാളിക്ക്‌ ഊർജമേകുന്നതിനു പിന്നിൽ ഓണക്കിനാവുകളും ആ പ്രതീക്ഷകളുമുണ്ട്‌. കാലവും ലോകവും എത്ര മാറിമറിഞ്ഞാലും കേരളീയന്റെ ഞരമ്പിലോടുന്ന ഒറ്റ വികാരമാണ്‌ ഓണം. അത്‌ ഒരുമയുടെ പൂക്കാലമാണ്‌. ഒരാളിൽ മനുഷ്യനെ, മലയാളിയെമാത്രം കാണാൻ കഴിയുന്ന ഓണോത്സവത്തിന്റെ ചാരുതയെക്കുറിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന്‌ മലയാളികൾ പറയുന്നു

നിയന്ത്രണങ്ങളില്ലാതെ കളിക്കാനാകുന്ന കാലം: റസൂൽ പൂക്കുട്ടി

എവിടെയാണെങ്കിലും വീട്ടിലേക്ക്‌ എത്തുന്ന ഓർമയാണ്‌ ഓണക്കാലം. തിരുവോണം എപ്പോഴും വീട്ടിലാണ്‌ ആഘോഷിക്കുക. സുഹൃത്തുക്കളൊക്കെ ചേർന്നാണ്‌ ആഘോഷം. പക്ഷേ, ഇത്തവണ  വീട്ടിൽ കൂടാൻ പറ്റാത്ത സ്ഥിതിയാണ്‌. സംവിധാനം ചെയ്യുന്ന സിനിമ ‘ഒറ്റ’ ഒക്ടോബറിൽ തിയറ്ററിലെത്തുകയാണ്‌. ഓണത്തിന്‌ ട്രെയിലർ എത്തും. അതിന്റെ അവസാന ഘട്ട പണികളിലാണ്‌. അതുകൊണ്ട്‌ ഇത്തവണ  ഓട്ടത്തിലാണ്‌. സിനിമാ തിരക്കിലാണ്‌ ഓണം. എന്റെ കുടുംബവീട്ടിൽ പെങ്ങളും കുടുംബവും ഒക്കെ ചേർന്നുള്ള ഓണാഘോഷവും പ്ലാൻ ചെയ്‌തിട്ടുണ്ട്‌. അതും  കൂടാനാകില്ല.

കുട്ടിക്കാലത്ത്‌ ഓണമെന്നാൽ കളിയാണ്‌. സ്‌കൂളില്ലാത്ത 10 ദിവസം. ആരും പഠിക്കാൻ പറയില്ല. നിയന്ത്രണങ്ങളില്ലാതെ കളിക്കാൻ കഴിയും. തിരുവോണത്തിന്‌ കരടി കെട്ടും. കരടി കളിക്കും. ചേട്ടനാണ്‌ കരടി കെട്ടുക. വാഴത്തോട്ടത്തിൽ കൊണ്ടുപോയി ഉണക്ക ഇലകൊണ്ട്‌ കരടി കെട്ടും. വീടുകളിലൂടെ പോകും. സംഭാവന വാങ്ങും. ആ പണം വീതിച്ച്‌ എടുക്കും. പിന്നെ പുലി കളിക്കും.

ഉമ്മയുടെ ആകെ ആവശ്യം പശുവിനും ആടിനുമുള്ള പുല്ല‌്‌ വെട്ടിക്കൊടു ക്കണം എന്നുള്ളതാണ്‌. ഓണം അവധിയുടെ ആദ്യ മൂന്നു ദിവസം അത്‌ ചെയ്യും. പുല്ല‌്‌ കെട്ടിവയ്‌ക്കും.  അവധിക്കിടയിൽ പശുവിനെ കുളിപ്പിക്കും. പിന്നെ കുട്ടീം കോലുംപോലത്തെ കളികളാണ്‌. കളിച്ച്‌ തിമിർക്കും.

ഓണാഘോഷങ്ങളുടെ രീതി മാറിയത്‌ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയശേഷമാണ്‌. ഹോസ്റ്റലിൽ ഓണം ആഘോഷിക്കും. മെസ്‌ നടത്തുന്ന നൈന്നാൻ ഉണ്ട്‌. വീട്ടിലേക്ക്‌ വിളിക്കും. അവിടെയാണ്‌ ഓണസദ്യ. ഓണം കൈവിട്ട്‌ പോയത്‌ മുംബൈയിൽ ജോലി ചെയ്യാൻ തുടങ്ങിയതുമുതലാണ്‌. താമസിക്കുന്നതിന്‌ അടുത്ത്‌ ഫൗണ്ടേൻ പ്ലാസ എന്ന ഹോട്ടലുണ്ട്‌. ഓണസദ്യ കഴിക്കാൻ തലേദിവസം അവിടെ പോയി കൂപ്പണിനായി വരിനിൽക്കണം.

വിവാഹശേഷമാണ്‌ ഓണാഘോഷം വീട്ടിലായത്‌. ഓണാഘോഷം മാറ്റിവയ്‌ക്കാൻ പറ്റാത്ത സംഭവമായി. ഭാര്യക്ക്‌ വീട്ടിൽത്തന്നെ ഓണം എന്നത്‌ നിർബന്ധമാണ്‌. ഓണത്തിന്‌ മറ്റു പരിവേഷങ്ങൾ നൽകാതെ എല്ലാവർക്കുമുള്ള ആഘോഷമായാണ്‌ കാണുന്നത്‌. അതിപ്പോഴും തുടർന്നുപോകുകയാണ്‌.

കഴിഞ്ഞ വർഷം ക്യാനഡയിൽ ആഘോഷിച്ചു. അറുനൂറോളം മലയാളി കുടുംബങ്ങൾ ചേർന്നായിരുന്നു ആഘോഷം. കേരളത്തിൽനിന്ന്‌ പാചകക്കാരനെ കൊണ്ടുവന്നാണ്‌ അവർ സദ്യ ഒരുക്കിയത്‌.

കേരളത്തിനു പുറത്തുള്ള ഓണാഘോഷങ്ങൾക്ക്‌ മാധുര്യം കൂടും. എവിടെ എന്ത്‌ വിലകൊടുത്തും ഓണം ആഘോഷിക്കും. മുംബൈയിൽ ഒരു മാസമൊക്കെയാണ്‌ ഓണാഘോഷം. ഓരോ വാരാന്ത്യത്തിലും ഓരോ മലയാളി അസോസിയേഷന്റെ ഓണാഘോഷമാണ്‌. അതുകൊണ്ടുതന്നെ കുറെക്കാലം ഓണം ആഘോഷിക്കാം. 

(ഓസ്‌കർ ജേതാവായ ചലച്ചിത്ര പ്രവർത്തകനാണ്‌ റസൂൽ പൂക്കുട്ടി)

തയ്യാറാക്കിയത്‌: കെ എ നിധിൻനാഥ്‌

   

സ്വന്തം മണ്ണിലേക്ക്‌ നമ്മെ എത്തിക്കുന്ന മാജിക്കാണ്‌ ഓണം: ദിവ്യ ഉണ്ണി

ഓണം എല്ലാ മലയാളികളെയുംപോലെ ഗൃഹാതുരതയുടെ ആഘോഷംതന്നെയാണ്‌ എനിക്കും. സിനിമയിൽ സജീവമായിരുന്ന കാലത്തും കോളേജ്‌ പഠന കാലത്തുമൊക്കെ ഓണംപോലുള്ള ആഘോഷങ്ങളിൽ സജീവമായിരുന്നു. അഭിനയിക്കുന്ന കാലത്ത്‌ പല രാജ്യങ്ങളിൽ ഓണാഘോഷത്തിന്‌  നൃത്തം  അവതരിപ്പിക്കാനും മറ്റും പോയിട്ടുണ്ട്‌. അക്കാലത്തുതന്നെ പ്രവാസികളുടെ ഓണം അടുത്തറിഞ്ഞിട്ടുണ്ട്‌. അമേരിക്കയിൽ എത്തിയിട്ട്‌ 20 വർഷമായെങ്കിലും ഓണം എല്ലാക്കാലത്തും ഞങ്ങളുടെ ആഘോഷങ്ങളിൽ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഇവിടത്തെ മലയാളി സമാജങ്ങളിൽ പരിപാടികളിൽ പങ്കെടുത്തും പരിപാടികൾ ചിട്ടപ്പെടുത്തിയുമെല്ലാം ആഘോഷങ്ങളിൽ സജീവമാകാറുണ്ട്‌. നൃത്തവിദ്യാലയം നടത്തുന്നതിനാൽ നമ്മുടെ കലയും സംസ്‌കാരവുമെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്‌. കൂടിച്ചേരലാണ്‌ ഓണംപോലുള്ള ആഘോഷങ്ങളുടെ പ്രത്യേകത എന്ന്‌ തോന്നുന്നു. ആരും ഒറ്റയ്‌ക്കായിപ്പോകാത്ത അവസ്ഥ. സദ്യയും കൂടിച്ചേരലുമൊക്കെയായുള്ള  ഓർമയിൽ സൂക്ഷിക്കാനുള്ള ദിവസങ്ങൾ. നമ്മുടെ നാടിന്റെ സംസ്‌കാരം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്‌ എല്ലാ പ്രവാസികളും എന്ന്‌ തോന്നിയിട്ടുണ്ട്‌. ദൂരെനിന്ന്‌ സ്വന്തം നാടിനെക്കുറിച്ച്‌ ഓർക്കുമ്പോഴുണ്ടാകുന്ന നൊസ്റ്റാൾജിയതന്നെയാണ്‌ ഇതിന്‌ കാരണം.

മനുഷ്യരെല്ലാം ഒരേപോലെയുള്ള ഒരുകാലമാണ്‌ ഓണ സങ്കൽപ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്‌. അത്‌ പുതിയ തലമുറയിലേക്ക്‌ പകർന്നുകൊടുക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. നമ്മുടെ സംസ്‌കാരം ഏറ്റവും ചേർന്നുനിൽക്കുന്ന ആഘോഷംകൂടിയാണ്‌ ഓണം. എത്ര ആവർത്തിച്ചാലും മടുക്കാത്ത ആഘോഷം. ഇന്ന്‌ നമ്മൾ അഭിമുഖീകരിക്കുന്ന പലതരം പ്രശ്‌നങ്ങൾക്കും വെല്ലുവിളികൾക്കുമുള്ള ഉത്തരം നമ്മുടെ ആഘോഷങ്ങളിലും അതിന്റെ  പിന്നിലെ കഥകളിലുമുണ്ട്‌. നമ്മുടെ സംസ്‌കാരം ശരിയായി പഠിക്കാനുള്ള അവസരമാണ്‌ ഇത്തരം ആഘോഷങ്ങൾ തരുന്നത്‌. അതിന്റെ സത്ത ശരിയായി ഉൾക്കൊള്ളണമെന്നുമാത്രം. പല തരത്തിൽ വഴിതെറ്റിപ്പോകുന്ന പുതിയ തലമുറയെ നമ്മുടെ സംസ്‌കാരത്തോട്‌ കണ്ണിചേർക്കാൻ ആഘോഷങ്ങൾകൊണ്ട്‌ കഴിയും.  

ഓണവുമായി ബന്ധപ്പെട്ട്‌ ഒരുപാട്‌ ഓർമകളുണ്ട്‌. എങ്കിലും 2020-ലെ കോവിഡ്‌കാലത്തെ ഓണം ഏറെ പ്രിയപ്പെട്ടതാണ്‌. മനുഷ്യരൊക്കെ പല വഴികളിൽ പെട്ടുപോയ കാലമായിരുന്നല്ലോ അത്‌. ഞാൻ ഇളയ കുഞ്ഞിനെ പ്രസവിച്ച സമയമായിരുന്നു. അച്ഛനും അമ്മയും മകളെ  കാണാൻ വന്ന്‌ ഇവിടെ പെട്ടുപോയി. ആ വർഷത്തെ ഓണം ഞങ്ങൾ ഒരുമിച്ച്‌ ആഘോഷിച്ചത്‌ മറക്കാൻ കഴിയില്ല. വർഷങ്ങൾക്കുശേഷമാണ്‌ അത്രയും ദിവസം ഞങ്ങൾ ഒരുമിച്ച്‌ കഴിയുന്നത്‌. തൊട്ടടുത്ത ഓണത്തിനുശേഷം നവംബർ മാസം അച്ഛൻ ഞങ്ങളെ വിട്ടുപോയി. ഓണം എന്ന്‌ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക വീട്‌, അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെയൊക്കെയാണ്‌. സ്വന്തം മണ്ണിലേക്ക്‌ നമ്മെ എത്തിക്കുന്ന വല്ലാത്തൊരു മാജിക്‌ ഓണത്തിനുണ്ട്‌. 

തയ്യാറാക്കിയത്‌: ഷംസുദ്ദീൻ കുട്ടോത്ത്‌

 

 

ഈസ് മാവേലി എ മാവെറിക്‌ ?: ആൻ പാലി

"ഓണത്തിന് നാട്ടിലേക്കുണ്ടോ?’

ഓരോ പ്രവാസിയും കേട്ടിട്ടുള്ള ചോദ്യം!

ഓണവും വിഷുവുമൊന്നും അത്ര സംഭവബഹുലമല്ലാതിരുന്ന എന്റെ ബാല്യകൗമാരങ്ങളിൽ ഓണനാളുകളിൽ കറണ്ട് പോവാതെ, ടീവിയിൽ വരുന്ന സിനിമകൾ കാണാൻ പറ്റണേ എന്നായിരുന്നു പ്രാർഥന. പാലായിലെ ഇരുണ്ടുമൂടുന്ന വൈകുന്നേരങ്ങളിൽ കാറ്റും റബ്ബർമരങ്ങളും ആലിംഗബദ്ധരായി ഇളകിയാടുമ്പോൾ ഏതോ അവിശുദ്ധബന്ധം നേരിൽ കാണുന്ന നിർമലരെപ്പോലെ ഞങ്ങൾ കുട്ടികൾ പേടിച്ചു കണ്ണടക്കുമായിരുന്നു. ‘ഇതാ, ഞാൻ കൂടി വരുന്നു' എന്ന് ഉറക്കെവിളിച്ചു പറഞ്ഞു കാറ്റിനൊപ്പം ചാടിപ്പുറപ്പെടുന്ന ശിഖരങ്ങൾ തൊട്ടപ്പുറത്തെ വൈദ്യുതക്കമ്പികളിൽ പോയിപ്പതിക്കാറാണ്‌ പതിവ്, അതോടെ ആ പ്രണയകാവ്യമൊരു പൊട്ടിത്തെറിയായി മാറും, മുഷിപ്പൻ പകലുകൾ, കൂട്ടിന് മണ്ണെണ്ണ മണവും മടുപ്പും മത്സരിച്ചെത്തുന്ന വൈകുന്നേരങ്ങൾ, അങ്ങനെ മഴയോർമയിൽ മുങ്ങിപ്പോയ എത്രയോ ഓണങ്ങൾ!

അതിനുശേഷമുള്ള ചിങ്ങപ്പുലരികളിൽ പാലക്കാടിന്റെ ഗരിമയും നിറപ്പകിട്ടും വന്നു തുടങ്ങി. ഓണനാളുകളിൽ മത്സരിച്ചു പൂക്കളമൊരുക്കുന്ന, ഏറ്റവും മനോഹരമായി വസ്ത്രം ധരിക്കുന്ന, നിറഞ്ഞ ചിരിയോടെ ബന്ധുവീടുകളിൽ മധുരവുമായെത്തുന്ന മനുഷ്യർ ! 

പിന്നെക്കാണുന്നത് ഗൾഫ്‌രാജ്യങ്ങളിലെ മത്സരയോണങ്ങളാണ്, ഓണപ്പാട്ട്, വടംവലി, പായസമത്സരം, തിരുവാതിരകളി, ചാക്കിൽകേറിയോട്ടം തുടങ്ങി എല്ലാ മലയാളികൾക്കും പങ്കെടുക്കാനുള്ള മത്സരങ്ങൾ. ഉച്ചവെയിൽച്ചൂടിൽ ഉരുകിയൊലിക്കുന്ന മണലാരണ്യത്തിലും ശീതീകരിച്ച മുറികൾക്കുള്ളിൽ പായസമണമുള്ള ഓണം നിറയ്ക്കുവാൻ സംഘാടകർ  മാസങ്ങൾക്കു മുൻപേ ഓട്ടം തുടങ്ങും, അതിനായി കൂത്താമ്പുള്ളിയിലേയും ബാലരാമപുരത്തെയും നെയ്ത്തുപുരകളിൽ ഒന്നാന്തരം കസവുനൂലുകൾ  തലങ്ങും വിലങ്ങും ഇഴപാകിത്തളരാറുണ്ട്. നാട്ടിലെ ഏറ്റവും മിടുക്കരായ കലാകാരന്മാർ ഒന്നിക്കുന്ന സാംസ്കാരികസന്ധ്യകൾക്കൊപ്പം മേളക്കൊഴുപ്പുമായി പഴയിടത്തിന്റെ സദ്യ തന്നെ വേണമെന്ന് ശഠിക്കുന്ന കാരണവന്മാർ തൊട്ട് കറുത്ത കൂളിങ്‌ ഗ്ലാസും കടുംനിറമുള്ള മുണ്ടുകളുമിട്ട ഫ്രീക്കൻ പയ്യന്മാർ വരെയുണ്ടാവും. ഇതിനിടയിൽ സ്പോൺസർമാരായ അറബികളെക്കൊണ്ട് ഓണപ്പാട്ട് പഠിപ്പിച്ചു മലയാളികളുടെ മുൻപിൽ പാടിപ്പിക്കാൻ ധൈര്യമുള്ള വിരുതന്മാരുമുണ്ട്.

 എന്നാൽ, ഒതുക്കത്തിലും ലളിതവുമായി നടത്തുന്നതാണ്‌  ഇംഗ്ലണ്ടിലെ ഓണാഘോഷങ്ങൾ. നൈറ്റ് ഷിഫ്റ്റും സ്‌കൂൾ റണ്ണുമായി ഓടിക്കൊണ്ടിരിക്കുന്ന ഇവിടെയുള്ള തിരക്കുപിടിച്ച ജീവിതങ്ങൾക്ക് പലപ്പോഴും ചുരുങ്ങിയ മണിക്കൂറുകളുടെ പരിശീലനം കൊണ്ട് തിരുവാതിരകളിയും നാടൻപാട്ടുമൊക്കെ തട്ടിക്കൂട്ടുന്ന വിദ്യയുണ്ട്‌. സദ്യയിലും ഗൾഫിന്റെ ആഡംബരമോ വൈവിധ്യങ്ങളോ ഇല്ല. പക്ഷെ ഒന്നോ രണ്ടോ ഓണപരിപാടികൾക്കുശേഷം സ്റ്റേജ് ചെറിയ കുട്ടികൾ കയ്യടക്കും. അവർ യൂട്യൂബ് ഗുരുവിനെ നമസ്കരിച്ച് ബോളിവുഡ് ഗാനങ്ങളുടെ ചടുലതയിൽ ചുവടുവയ്ക്കും. ഇന്ത്യയെന്നാൽ പുത്തൻതലമുറയ്ക്ക് ആർപ്പും ആരവവും മുഴങ്ങുന്ന അന്യഭാഷാഗാനങ്ങളാണ്. അവയിലെ സ്വാഗ് ആൻഡ് സ്റ്റൈൽ ഏറ്റെടുക്കുവാൻ ഇവിടെ മറ്റുരാജ്യങ്ങളുമായി ഇടചേർന്നു ജീവിക്കുന്ന മലയാളിക്കുട്ടികൾക്ക് ഏറെയൊന്നും ബുദ്ധിമുട്ടുകയും വേണ്ട. പക്ഷെ അവർക്കിടയിലും 

"ഭൂമിയിലെങ്ങുമൊരുപോലെ പൈതങ്ങൾ 

പൂവിളി കൂട്ടുന്നൊരോണമുണ്ടാകുമോ?...’

എന്ന പ്രിയവരികൾ പാടി അത്ഭുതപ്പെടുത്തിയ കുഞ്ഞുമുഖവുമുണ്ട്.

ഓണക്കൂട്ടുകൾ ഉണ്ടാക്കാനറിയാത്ത, ഉണ്ടാക്കിയാൽ തന്നെ ഇതൊക്കെ തെക്കൻകറികളാണോ, ഞങ്ങളൊന്നും ഇങ്ങനല്ല കറികളുണ്ടാക്കുന്നത് എന്ന 'നിഷ്കളങ്ക-പ്രസ്താവനയ്ക്ക്' മുന്നിൽ ചൂളിനിന്ന പഴയൊരു എന്നിൽ നിന്നും ഞാനും മെച്ചപ്പെട്ടിട്ടുണ്ട്. പതിനൊന്നു കൂട്ടം കറികളൊന്നും വേണ്ട, ഇഷ്ടപ്പെട്ട, എന്നും ഉണ്ടാക്കാത്ത, മൂന്നോ നാലോ കറികൾക്കൊപ്പം പായസവും പപ്പടവും പഴവും ചേർന്നാൽ ഇവിടെ ഓണമുണ്ണാം. 

അപ്പൊപ്പിന്നെ കുട്ടികൾക്ക് സംസ്‍കാരികാവബോധം കൂടിയാവട്ടെ എന്ന് കരുതി ഓണപ്പരിപാടികളുടെ ലൈവ് സ്ട്രീമിങ് ടീവിയിലിട്ടപ്പോൾ മകളുടെ വക ചോദ്യം "സൊ, അമ്മാ, ഈസ് ചിങ്ങം കേരളാസ് പ്രൈഡ് മന്ത്?" അതിനവൾക്ക് ന്യായവുമുണ്ട്, സദ്യയും പൂക്കളവുമൊക്കെ റെയിൻബോ കളറാണ്, ഇവിടെയുള്ള പ്രൈഡ് റാലിയെ ഓർമിപ്പിക്കുന്ന പോലെ നാട്ടിലെ ഓണാഘോഷയാത്രകളിൽ നിറങ്ങളും വേഷങ്ങളും ശബ്ദഘോഷങ്ങളും നിരവധി!

മാവേലി ഒരു സമത്വാധിഷ്‌ഠിത സങ്കൽപ്പമാണെന്നും ഓണം എല്ലാവരെയും ഒന്നായ്‌ കാണുന്ന മെച്ചപ്പെട്ട സമൂഹത്തിനുവേണ്ടിയുള്ള  സ്വപ്‌നമാണെന്നുമൊക്കെ കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തു. കലഹങ്ങളില്ലാത്ത ഒരു ലോകം ലിംഗസമത്വത്തിൽ നിന്നാരംഭിക്കുമെന്ന് കുഞ്ഞുങ്ങൾ വ്യക്തമാക്കുമ്പോൾ ഓണം അവരുടെ ഭാഷയിൽ ഒരു പ്രോഗ്രസീവ്‌ ഫെസ്റ്റിവൽ ആണ്. മാവേലി ഒരു മാവെറിക് (പുതിയ പ്രവണതകൾ കൊണ്ടുവരുന്നയാൾ, ഒറ്റയാൻ)!

(മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുംനിലവിൽ ഇംഗ്ലണ്ടിൽ പ്രവാസിയുമാണ്‌ ആൻ പാലി)

 

വിശ്വമാനവികതയുടെ ആഘോഷം: പ്രിയ ഉണ്ണികൃഷ്‌ണൻ

"പണ്ട്‌ ചരിത്രമുദിക്കുംമുമ്പ്‌

മ-തങ്ങൾ കരഞ്ഞു പിറക്കുംമുമ്പൊരു 

മന്നവർമന്നൻ വാണിതു തൻ കുട-

വാനിനു കീഴിലൊതുങ്ങീ വിശ്വം"

(വൈലോപ്പിള്ളി)

ഒരു രാഷ്ട്രത്തെയോ അതിലെ നാടുകളെയോ കുറിച്ചല്ല വിശ്വമാകെ പടരേണ്ട സാഹോദര്യത്തെയും ഒത്തൊരുമയെയുമാണ്‌ ഈ കവിതാശകലം ഓർമിപ്പിക്കുന്നത്.

മലയാളികളുടെ കുടിയേറ്റവും പ്രവാസവും കേരളത്തിന്റെ ദേശീയോത്സവമായ തിരുവോണത്തെയും  അവരോടൊപ്പം മറുനാടുകളിലേക്ക്‌ എത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മലയാളി കുടിയേറ്റ ചരിത്രത്തിന്റെ കാലപ്പഴക്കം ഓണത്തിനുമുണ്ട്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഓണാഘോഷം ഉത്സവമായിത്തന്നെ കൊണ്ടാടപ്പെടുന്നു. വിവിധ സംഘടനകളുടെ, സൗഹൃദക്കൂട്ടായ്മകളുടെ, ഒരേ തെരുവിൽ താമസിക്കുന്നവരുടെ, കുടുംബാംഗങ്ങൾ മാത്രമായി വീടുകളിലെ ഒത്തുകൂടലുകളിലൂടെ അങ്ങനെ പലവിധത്തിലാണ് അമേരിക്കൻ മലയാളികൾ ഓണമാഘോഷിക്കുന്നത്. മതവും ജാതിയും ദേശവും ഭാഷയുമെല്ലാം മാറ്റിവയ്ക്കപ്പെടുന്ന ഒരുത്സവമാണ് മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഓണാഘോഷം.

അമ്പലങ്ങളിലെ ഹാളുകളിലും ക്രിസ്ത്യൻ പള്ളികളുടെ ഓഡിറ്റോറിയത്തിലും പൊതുവിദ്യാലയങ്ങളിലും വീടുകളിലുമൊക്കെ എല്ലാവരും ഒത്തുകൂടുന്ന കാഴ്ചകൾ ഓണക്കാലത്ത് പതിവാണ്. ചില സംഘടനകൾ തലേ ദിവസം രാത്രി ഒത്തുകൂടി സദ്യവട്ടങ്ങളൊരുക്കുന്നു. അടുത്ത ദിവസത്തെ സദ്യക്കുള്ള പാചകപ്പരിപാടികൾ  രാവിലെതന്നെ തുടങ്ങും. ഉച്ചയാകുമ്പോഴേയ്ക്കും  കലാപരിപാടികളും അരങ്ങേറും. തുടർന്നുള്ള മാവേലി വരവേൽപ്പും ചെണ്ടമേളവും ആർപ്പുവിളികളും സദ്യയുമെല്ലാം കഴിയുമ്പോഴേക്കും നേരമേറെയാകും. വീടുകളിൽ മാത്രമായി ഓണം ആഘോഷിക്കുന്നവരും ധാരാളമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി വീട്ടിലെ തിരുവോണസദ്യയും ഓണക്കോടിയും വെറ്റില മുറുക്കുമായി ഓണമെന്ന സാംസ്കാരികോത്സവത്തെ നെഞ്ചിലേറ്റുന്നവർ. ഓണാഘോഷപരിപാടികൾ നടക്കുന്ന ഒട്ടുമിക്കയിടങ്ങളിലും ആർക്കും പ്രവേശനമുണ്ട്. കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളും നാടുമെല്ലാം അമേരിക്കയിലെ വിവിധ സംസ്കാരങ്ങളിലേക്ക്‌ എത്തിയിരിക്കുകയാണ്. അതിന്‌ ഓണവും ഓണാഘോഷമെന്ന മതേതര കൂട്ടായ്‌മയും ചെറുതല്ലാത്ത സംഭാവന നൽകുന്നു.

നാൽപ്പത്തൊമ്പതോളം ഓണം ആഘോഷിച്ചു കഴിഞ്ഞ വെസ്റ്റ്ചെസ്റ്റർ മലയാളി സംഘടനയുടെ നേതൃത്വത്തിൽ, ന്യൂയോർക്കിലെ വിവിധ റെസ്റ്ററന്റുകളൊരുക്കുന്ന ഓണസദ്യക്ക്‌ ഇക്കുറി പ്രവേശനപാസില്ല. ഫ്ലോറിഡയിലെ റ്റാമ്പായിലാകട്ടെ ഇത്തവണ ഓണസദ്യയൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ടെക്സസ് സംസ്ഥാനത്തെ  ഡാലസ് നഗരത്തിലെ വിവിധ സംഘടനകൾ മുൻവർഷങ്ങളേക്കാൾ വിപുലമായാണ് ഇത്തവണ ഓണം ആഘോഷിക്കാനൊരുങ്ങുന്നത്. താലപ്പൊലിയും പൂക്കളവും മാവേലി എഴുന്നള്ളത്തുമെല്ലാമായി ഓണം സമൃദ്ധമാകും. ആയിരത്തോളം ആളുകൾവരെ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടികൾക്ക് സൗജന്യമായാണ് പ്രവേശനം. ശാസ്ത്രീയ നൃത്തങ്ങൾ, തിരുവാതിര, കൈകൊട്ടിക്കളി, പുലിക്കളി, പൂക്കളമത്സരം തുടങ്ങിയ കലാപരിപാടികളും നടത്തിവരുന്നു. കേരളത്തെ പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കക്കാലത്തെ ഓണത്തിന് അമേരിക്കയിലെ മലയാളികളും സംഘടനകൾ ആ വർഷത്തെ ഓണാഘോഷങ്ങൾ മാറ്റിവച്ച്, അതിന് ചെലവാക്കേണ്ടിയിരുന്ന തുകയത്രയും ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്‌തു. അമേരിക്കയിലെ ഒട്ടുമിക്ക ആഘോഷങ്ങളും സ്പോൺസർഷിപ്പിലൂടെയാണ് മുന്നോട്ട് പോകുന്നത്. വ്യക്തികളും കച്ചവടസ്ഥാപനങ്ങളും ഓണാഘോഷം സ്പോൺസർ ചെയ്യുന്നുണ്ട്. അത്തരം സ്പോൺസർഷിപ്പിലൂടെ സൗജന്യ പ്രവേശനം സാധ്യമാവുകയും അതിലൂടെ കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുകയും ചെയ്യുന്നു. രണ്ടുവർഷത്തെ കോവിഡ് ദുരിതകാലത്തിനുശേഷം 2022ലാണ് ജനങ്ങൾ ആഘോഷങ്ങളെ വരവേറ്റ്‌ തുടങ്ങിയത്. എന്നാൽ, 2022ലെ ആഘോഷങ്ങൾക്ക് കൊറോണക്കാലം പിടിച്ചുവച്ച നിയന്ത്രണങ്ങളുടെ പകപ്പും വെപ്രാളവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2023ലെ ആഘോഷങ്ങൾ അതിഗംഭീരമായി ആഘോഷിക്കാൻ എല്ലാവരും തയ്യാറെടുത്തുകഴിഞ്ഞു. ഓണം പൊതുഅവധി അല്ലാത്തതിനാൽ, ശനിയാഴ്ചയോ ഞായറാഴ്ചയോ ഓണം ആഘോഷിക്കുന്ന പതിവാണ് പൊതുവെ ഇവിടെയുള്ളത്. അമേരിക്കയിലെ ഓണാഘോഷം കേരളത്തിന്റെ കച്ചവടമേഖലയെയും സ്വാധീനിക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, കടകളിലെ പലചരക്ക് ഉൽപ്പന്നങ്ങൾ, അരി, പായസത്തിനുള്ള ചേരുവകൾ തുടങ്ങി ഒട്ടനവധി വ്യാപാരമാണ് അമേരിക്കൻ മലയാളികളിലൂടെ കേരളത്തിന്റെ സാമ്പത്തികമേഖലയിലേക്ക്‌ എത്തുന്നത്.

ഏതാണ്ട് ഒക്ടോബർവരെ നീളുന്ന ഓണാഘോഷപരിപാടികൾ ജാതിമതഭേദമന്യേ ആഘോഷിക്കപ്പെടുന്നു എന്നതാണ് പ്രസക്തി. വിശ്വമാനവികത ശ്രദ്ധേയമാകുന്നതും അത്തരത്തിലാണ്. ലോകത്തെ ജനാധിപത്യരാജ്യങ്ങളിൽ ഏറ്റവും ശക്തമായി നിലകൊള്ളുന്ന അമേരിക്കയിലെ സാംസ്കാരിക വൈവിധ്യങ്ങളിൽ മതപരമായല്ലാതെ കൊണ്ടാടപ്പെടുന്ന ചുരുക്കം ചില ആഘോഷങ്ങളിലൊന്നാണ് തിരുവോണം. പ്രാർഥനയും ആഘോഷങ്ങളും വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവുമാണെന്നിരിക്കെ അതിന്റെ ശാസ്ത്രീയതയും മിത്തുകളിലെ യുക്തിയും ആഘോഷങ്ങളുടെ ചരിത്രവും ആരും ചികയാറില്ല. മറ്റു പല ആഘോഷങ്ങളും പലതരം വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയുമൊക്കെ കച്ചവടങ്ങളുടേതുകൂടിയാകുമ്പോൾ കേരളത്തിന്റെ ഓണം തീർത്തും വ്യത്യസ്തമാകുന്നുണ്ട്.

അമേരിക്കയിലെ വീടുകളിൽ കേരളത്തിലെ മുറ്റങ്ങളിൽ കാണുന്ന ഒട്ടുമിക്ക പൂക്കളും വിടരുന്നുണ്ട്. പൂക്കളങ്ങളിൽ തെച്ചിയും ചെമ്പരത്തിയും മല്ലികയും തുളസിയും മന്ദാരവും  പനിനീരും ശിവമല്ലിയും വാടാമല്ലിയുമെല്ലാമുണ്ട്‌. വീടുകളിലെ ചെറുകൃഷിയിൽനിന്ന്‌ സദ്യക്കുള്ള പച്ചക്കറികളും വാഴയിലയും ലഭിക്കുന്നുണ്ട്. ഓണത്തിനോടടുത്ത ദിനങ്ങളിൽ മലയാളികളുടെ കടകളിൽ ഓണസദ്യക്കുള്ളവയെല്ലാം സുലഭമായി ലഭിക്കുന്നു. ഇവിടെ, കേരളമണ്ണിന്റെ അഭാവം ഉണ്ടാകുന്നില്ല. ഓരോ മലയാളിയുടെ വീടും ഏതെങ്കിലും തരത്തിൽ കേരളത്തെ ചേർത്തുപിടിക്കുന്നുണ്ട്.

രാവിലെ വീട്ടുമുറ്റത്ത് പൂക്കളം ഇട്ടശേഷം വിദ്യാലയത്തിലേക്ക്‌ പോകുന്ന പുതുതലമുറയുണ്ട്. അവർക്ക്‌ ഓണം കേരളത്തെ മനസ്സിലാക്കൽകൂടിയാണ്. ഓരോ മലയാളിയിലും മാനവികതയെ വേരുറപ്പിച്ച് നിർത്തിയ രാഷ്ട്രീയസങ്കൽപ്പംകൂടിയാണ് തിരുവോണം.

തിരുവോണത്തേക്കാൾ ലളിതമായി വിശ്വമാനവികത വിളിച്ചോതുന്ന മറ്റൊരു ആഘോഷവും ഇല്ലതന്നെ. നവചേതനകളെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഓരോ വർഷവും കാലം കടന്നുപോകുന്നത്. ജ്ഞാനത്തിന്റെ ബോധത്തെ ഓരോ മനുഷ്യനും എങ്ങനെ സ്വായത്തമാക്കുന്നു എന്നതിനനുസരിച്ച് കാലവും മാറിക്കൊണ്ടേയിരിക്കുന്നു. സാംസ്കാരികമായ ഉന്നതിയിലേക്കും നവോത്ഥാന മുന്നേറ്റങ്ങളിലേക്കും അവ മാറേണ്ടതുമുണ്ട്. അതീവ കരുതലോടെ വരുംകാല ദിനങ്ങളിലേക്ക്‌ പാതയൊരുക്കേണ്ട സുപ്രധാനമായ സമയത്തിലൂടെയാണ് കാലവർഷവും വേനലും ആഘോഷങ്ങളും സങ്കീർണമായിക്കൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങളെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മളെങ്ങനെയാണ് എത്തിപ്പെട്ടത്? മിത്തുകളും ശാസ്ത്രവും രാഷ്ട്രീയവുമെല്ലാം ആഘോഷങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും കടന്നുകയറുന്ന, സാമൂഹിക മര്യാദകൾ ലംഘിക്കപ്പെടുന്ന വർത്തമാനകാലത്തിൽ ജാഗ്രതയോടെ മുന്നേറുകതന്നെ വേണം. യന്ത്രങ്ങൾ ലോകം കൈയടക്കുന്ന കാലത്ത് നമ്മുടെ ചിന്തകൾ മാറുകയാണ്, ഭാഷയും വേഷവും ഭക്ഷണരീതികളും തൊഴിലിടങ്ങളും അങ്ങനെയെല്ലാം നമ്മുടേതായ പലതിൽനിന്നും വ്യതിചലിക്കുകയാണ്. നമ്മൾ മറന്നുപോയ ഇടങ്ങളിലേക്ക് ഫാസിസം ഇരച്ചുകയറുകയാണ്. സൗഹൃദങ്ങളുടെ കൂട്ടായ്മകളും ആരോഗ്യപരമായ ചർച്ചകളും അതിനെ ഖണ്ഡിക്കുമെങ്കിലും വിവേചനങ്ങൾക്കതീതമായ വിശ്വമാനവികതയെ പരിപോഷിപ്പിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യരാജ്യത്ത് മാനവികത അസ്തമിക്കാനൊരുങ്ങുകയെന്നാൽ സ്വേച്ഛാധിപത്യം അധികാരത്തിലേക്ക് നടന്നടുക്കുകയെന്നാണ്. ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ നമുക്കേറെ അവസരങ്ങളുണ്ട്, ആഘോഷങ്ങളുണ്ട്. തീർച്ചയായും അതിലൊന്നാണ്‌ ഓണവും ഓണാഘോഷവും. വിശ്വമാനവികതയുടെ പ്രകമ്പനങ്ങൾ തീർക്കാൻ അവയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

(കവിയും കഥാകൃത്തും അമേരിക്കൻ പ്രവാസിയുമാണ്‌ ലേഖിക)

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top