23 January Wednesday

എന്താണ്‌ ഒ സി ഡി?

ഡോ. കരംചന്ദ്‌ മല്ലൻUpdated: Thursday Nov 1, 2018

നമുക്ക് നമ്മളെതന്നെ,  നമ്മുടെ ചിന്തകളെത്തന്നെ നിയന്ത്രിക്കാൻ പറ്റാത്ത തരത്തിൽ അനിയന്ത്രിതവും അകാരണവുമായി മനസ്സിലേക്ക് ഇടിച്ചുകയറി നമ്മെ 'ഭരിക്കുന്ന'/'മഥിക്കുന്ന', വേണ്ടാത്ത ചിന്തകളാണ്‌ ഒ സി ഡിയുടെ തുടക്കം.  നാം ശക്തമായി ചെറുക്കാൻ ശ്രമിച്ചാലും സാധിക്കാതെവരുമ്പോൾ , ഇത്തരം ചിന്തകൾക്ക് വിധേയനായി പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളെയോ  രോഗാവസ്ഥകളെയോ ഡോക്ടർമാർ ഒ സി ഡി അഥവാ ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ എന്ന് പറയുന്നു.

ഈ രീതിയിൽ തുടർച്ചയായ മാനസ്സികസമ്മർദ്ദങ്ങളിൽപ്പെട്ട് ജീവിക്കേണ്ടിവരുമ്പോൾ അത് വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തിലും, ഇത് അയാളുടെ/അവളുടെ മറ്റ് കഴിവുകളെയും സാരമായി ബാധിക്കുമ്പോഴാണ്, അങ്ങിനെയുള്ളവരുടെ  ജീവിതം അവരവർക്കും മറ്റുള്ളവർക്കും ദുസ്സഹമായിത്തീരുന്നത്.  അമിതമായ, അകാരണമായ ഒരു ഉൾപേടി/ഭയം/സംശയം/ആകാംക്ഷ എന്നീ അവസ്ഥകൾക്ക് വ്യക്തി അടിമപ്പെടുന്നു എന്നതാണ് വസ്തുത.

2‐5% ആളുകൾക്ക് ഇങ്ങിനെയൊരു മാനസ്സിക അവസ്ഥ ഉണ്ടെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  എന്നാൽ ശരീരത്തിന് ചികിത്സ നൽകാൻ വെമ്പുന്നവർ ഇങ്ങിനെയുള്ള മാനസ്സിക പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുകയും, മറ്റുള്ളവർ  അറിഞ്ഞാൽ നാണക്കേടാണ് എന്ന് കരുതി ഡോക്ടർമാരിൽ നിന്നും വീട്ടുകാരിൽ നിന്നും മറച്ചുപിടിയ്ക്കാൻ ശ്രമിക്കുന്നതുമാണ് കണ്ടുവരുന്നത്.    സാധാരണയായി ഇങ്ങിനെയുള്ള പ്രശ്നങ്ങൾ ആൺപെൺ വ്യത്യാസമില്ലാതെ, കൂടുതലായും മുതിർന്നവരിൽ (30 വയസ്സിന് മേൽ) കാണുന്നതിനാൽ അവരെ ഇത്തരം പ്രവൃത്തികളിൽ നിന്ന് തിരുത്താനോ ഉപദേശിക്കുവാനോ ആരും ശ്രമിക്കാറുമില്ല.  അത് അവരുടെ സ്വഭാവമാണെന്ന് കരുതി അവഗണിക്കാറാണ് പതിവ്.

ഈ രോഗാവസ്ഥ പരിഗണിച്ചാൽ തുടർച്ചയായ,  അനിയന്ത്രിതമായ, മനസ്സിനെ അലോസരപ്പെടുത്തുന്ന ഇത്തരം ചിന്തകളെ ''ഒബ്സഷൻ'' എന്നും, ഇതിനെത്തുടർന്നുണ്ടാവുന്ന പ്രവൃത്തികളെ 'കംപൽഷൻ' എന്നും പറയുന്നു.  ചിലരിൽ ചിന്തകൾകൊണ്ട് മനസ്സ് പ്രക്ഷുബ്ദമാവുമ്പോൾ മറ്റുചിലർ ഇതിൽ നിന്നും രക്ഷപ്പെടുന്നതിനായി തുടച്ചയായി ഒരേ പ്രവൃത്തികൾ തന്നെ ചെയ്യാൻ നിർബ്ബന്ധിതരാവുന്നു.  ഈ രോഗത്തിന്റെ / രോഗിയുടെ  യഥാർത്ഥവശം  ചിന്തിച്ചാൽ തന്റെ ചിന്തകളും  അതിനെ തുടർന്ന് ചെയ്യുന്ന പ്രവർത്തികളും അസംബന്ധമാണെന്നും അടിസ്ഥാനരഹിതമാണെന്നും രോഗിയ്ക്ക് തന്നെ അറിയാം എന്നതാണ്.  പക്ഷെ സ്വയം നിയന്ത്രിയ്ക്കാനാവാതെ ഇത്തരം അവസ്ഥകൾക്ക് രോഗി  കീഴ്പ്പെട്ടുപോവുന്നു എന്നതാണ് സത്യം

രോഗഭയം / രോഗാണു ഭയം
രോഗങ്ങളും, രോഗാണുക്കളും, പകർച്ചവ്യാധിയും ഇവയുടെ സങ്കീർണ്ണതകളും, രോഗകാരണങ്ങളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമൊക്കെ ഇക്കൂട്ടർ വല്ലാതെ ആശങ്കാകുലരായിരിക്കും.  ഈ രീതിയിലുള്ള അമിതഭയത്തിൽ നിന്നാണ് മറ്റ് പ്രശ്നങ്ങൾ തുടങ്ങുന്നതും, ശരീരത്തിൽ അഴുക്കുപറ്റിയോ/പറ്റുമോ എന്ന ഭയത്തോടെ ജീവിക്കുന്നതും.  ഇങ്ങിനെയുള്ള മാനസ്സീകാവസ്ഥ കാരണം ചിലർ മറ്റുള്ളവർക്ക് ''ഷേക് ഹാൻഡ്'' ചെയ്യാൻ പോലും മടിക്കും (33%) 

നിയന്ത്രണം നഷ‌്ടപ്പെടുമോ?

ചിലർക്ക് 'കൺട്രോൾ' നഷ്ടപ്പെടുമോ എന്ന ഭയം അവർക്ക് തന്നെയുണ്ട്.  ഇക്കൂട്ടരെ ലളിതമായ ഭാഷയിൽ നമുക്ക് 'എടുത്ത് ചാട്ടക്കാർ' എന്ന് വിളിക്കാം.  പ്രത്യേകിച്ച് ദേഷ്യമോ സങ്കടമോ വന്നാൽ എന്തുചെയ്യുമെന്ന് ഇവർക്കുതന്നെ അറിയില്ല.  കത്തിയോ, മൂർച്ചയുള്ള മറ്റയുധങ്ങളോ കണ്ടാൽ അവയോട് പ്രത്യേക ആകർഷണമോ,  താൽപ്പര്യമോ തോന്നുക , അതോടൊപ്പം അവനവനെയോ, മറ്റുള്ളവരെയോ അപായപ്പെടുത്താനുള്ള ശക്തമായ ഒരു 'ഉൾവിളി' ? തെറ്റാണെന്നറിയാമെങ്കിലും മോഷ്ടിക്കാനുള്ള അഭിവാഞ്‌ഛ,  തന്റെ പ്രവൃത്തിമൂലം മറ്റുള്ളവർക്ക് ദോഷമുണ്ടാകുമോ എന്ന അമിതഭയം, ഉയരമുള്ള കെട്ടിടത്തിൽ/സ്ഥലങ്ങളിൽ എത്തുമ്പോൾ താഴെ വീഴുമോ എന്ന പേടി . അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും ഇക്കൂട്ടർ ബോധപൂർവ്വം ശ്രമിക്കും (17%)

അനിയന്ത്രിതമായ ലൈംഗിക ചിന്തകൾ:
ചിലപ്പോൾ ലൈംഗിക/അശ്ലീല ചിന്തകളുടെ കടന്നുകയറ്റം.  ആട്ടിയകറ്റാൻ ശ്രമിച്ചാലും ഒരു രക്ഷയുമില്ല.  നേരത്തേ സൂചിപ്പിച്ച 'കൺട്രോൾ' നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ  യുക്തിരഹിതമായ ,  ലൈംഗിക വൈകൃതചിന്തകളും  അതിനെ തുടർന്നുണ്ടാവുന്ന പ്രവൃത്തികളും അവയുടെ പ്രത്യാഘാതങ്ങളും (5%)

അമിതവൃത്തി
രോഗ ഭയവും,  രോഗാണുഭയവും മൂലം തുടർച്ചയായ കൈകഴുകൽ, കുളി , പല്ലുതേയ്ക്കൽ , പാത്രം തേയ്ക്കൽ , തുടയ്ക്കൽ , അലക്കൽ ഇത്യാദി പ്രവൃത്തികളിൽ ഇവർ  വൃഥാ സമയം കളയുന്നത് നമുക്ക് കാണാം.
       
ഉറപ്പില്ലായ്മ, അരക്ഷിതബോധം 
നാളെയെക്കുറിച്ചുള്ള അതിരുകടന്ന  ആകാംക്ഷമൂലം ഒരു 'ഇൻസെക്യുരിറ്റി ഫീലിംഗ് ' ഉള്ളതിനാൽ  വസ്തുക്കൾ നഷ്ടപ്പെടുമോ, നഷ്ടപ്പെട്ടാൽ നാളെ ഒരാവശ്യം വന്നാൽ എന്ത്ചെയ്യും എന്നുകരുതി ഉപയോഗശന്യമായ, ആവശ്യമില്ലാത്തതാണെങ്കിൽ കൂടി പഴയപാത്രങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ, മറ്റ് ഫർണീച്ചറുകൾ തുടങ്ങി ഒരു വസ്തുക്കളും കളയാതെ വീട്ടിൽത്തന്നെ സൂക്ഷിച്ച് വീട് ശരിക്കും ഒരു 'ഗോഡൗൺ' ആക്കിമാറ്റും (5%).   ഒരുതരം അടിസ്താനരഹിതമായ വിശ്വാസമില്ലായ്മയും ഇക്കൂട്ടരിൽ നമുക്ക് കാണാം.

സാധരണഗതിയിൽ ചിലർ പലപ്പോഴും തലമുടി പിഴുതെടുക്കാൻ കഷ്ടപ്പെടുന്നതുപോലെ ഇവരുടെ കൈകൾ സമയം കിട്ടിയാൽ തലയിലായിരിക്കും.    അതുപോലതന്നെ മറ്റുചിലർക്ക് നിയന്ത്രിക്കാൻ പറ്റാത്തവിധം നഖംകടി, പ്രത്യേക രീതിയിലെ ശബ്ദം പുറപ്പെടുവിക്കൽ, ഭക്ഷണത്തിനോട് താൽപ്പര്യമില്ലായ്മയോ അമിതമായ ആർത്തിയോ ചിലപ്പോൾ നമുക്ക് കാണാൻ കഴിയും.  ഇത്തരക്കാർ ചിലപ്പോൾ ഒന്നിനോടും താൽപ്പര്യമില്ലാത്ത 'മൂഡുപോയ' അവസ്ഥയിലുമായിരിക്കും.  വിഷാദരോഗത്തിന്റെ  ലക്ഷണങ്ങളായിട്ടോ, അതുമല്ലെങ്കിൽ അതികഠിനമായ സംഭ്രമമോ, പരവേശമോ കൂടിയ 'പാനിക് അറ്റാക്ക്'  എന്ന അവസ്ഥകളോ ചിലരിൽ കാണാം.

എല്ലാം ഒ സി ഡി അല്ല
വിവരിച്ച ചിന്തകളോ പ്രവൃത്തികളോ ഉണ്ടെന്ന് കരുതി അത് ഒസിഡി ആവണമെന്നർത്ഥമില്ല.  അത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിത ആവശ്യങ്ങൾ, സാഹചര്യങ്ങൾ, ജോലിയുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളെക്കൂടി നാം കണക്കിലെടുക്കണം.  ഒരേ സ്വഭാവമുള്ള ചിന്തകളും പ്രവൃത്തികളും അനിയന്ത്രിതമായി നമ്മെ 'ഭരിയ്ക്കുമ്പോൾ'  നാം ഈ അവസ്ഥയുടെ സാധ്യതയെക്കുറിച്ച്  ബോധവാൻമാരാകുകയാണ് വേണ്ടത്.

എന്തുകൊണ്ട്  ഒ സി ഡി ?
ജനിതകപരവും (കുടുംബപരം), സമൂഹ്യപരവും, തൊഴിൽപരവുമായ കാരണങ്ങൾ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു.   അച്ഛനോ/അമ്മയ്ക്കോ ഈ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ  കുട്ടികളിലും ഈ അവസ്ഥ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ക്രോമോസോമുകളിൽ/പ്രത്യേക ജീനുകളിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ ഇത്തരം  രോഗാവസ്ഥയ്ക്ക് കാരണമായി ഭവിയ്ക്കാറുണ്ട്.  ഇതുകൂടാതെ തലച്ചോറിലെ നാഡികളുടെ ശരിയായ സംവേദനത്തിൽ സിറട്ടോണിൻ എന്ന  ജൈവരാസ തന്മാത്ര വളരെ അത്യാവശ്യമാണ്.  എന്നാൽ ഇത്തരക്കാരിൽ സിറട്ടോണിന്റെ അളവിലും സംവേദനക്ഷമതയിലും കുറവുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  ഇത്തരക്കാരിൽ തലച്ചോറിന്റെ (മസ്തിഷ്കത്തിന്റെ) മുൻഭാഗമായ ഫ്രോണ്ടൽലോബിലും/ബേസൽ ഗാംഗ്ലിയായിലേയും ഉപാപചയ പ്രവർത്തനം സന്തുലിതമല്ലാതെ വരുമ്പോഴും ഡോപ്പമിൻ എന്ന ജൈവരാസതന്മാത്രയുടെ കുറവുണ്ടാകുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം.  ഇതുകൂടാതെ മാറിവരുന്ന ജീവിതസാഹചര്യങ്ങൾ, കാഴ്ചപ്പാടുകൾ, പ്രിയപ്പെട്ടവരുടെ ഒഴിഞ്ഞുമാറൽ/അകൽച്ച/മരണം, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, വ്യക്തി, കുടുംബ, സാമൂഹിക ബന്ധങ്ങളിലുള്ള തകർച്ച എന്നിവയും ഒസിഡിഎന്ന അവസ്ഥയ്ക്ക കാരണമാവാറുണ്ട്. 

ഈയൊരവസ്ഥയുടെ സങ്കീർണ്ണതകൾ/അനുബന്ധ പ്രശ്നങ്ങൾ പരിഗണിച്ചാൽ, നേരത്തേ സൂചിപ്പിച്ചതുപോലെ അത് ചിലപ്പോൾ വ്യക്തിപരമോ സാമൂഹ്യപരമോ, കുടുംബപരമോ ആവാം.  ചിലർക്ക് ഇത് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമോ, മറ്റു ചിലർക്ക് ഒരു അനുഷ്ഠാനം എന്ന കണക്കിലോ മണിക്കൂറുകൾ തന്നെ ഈ അവസ്ഥമൂലം മാറ്റിവയ്ക്കേണ്ടി വന്നേക്കാം.  

സൂഷ്മ വിശകലനത്തിൽ ഇത്തരക്കാരിൽ വിഷാദരോഗത്തിന് അടിമപ്പെടുന്നവർ 33%, അകാരണമായ ഭയമുള്ളവർ 30%,  ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ ഭയമുള്ളവർ 20%, ഉറക്കപ്രശ്നമുള്ളവർ  40%, ഭക്ഷണപ്രശ്നമുള്ളവർ  33% എന്ന നിലയിൽ കാണാവുന്നതാണ്. 

നമുക്ക് എന്ത് ചെയ്യാനാവും
ഈ രീതിയിലുളള ചിന്തകൾ വരുമ്പോൾ ഇത് നമ്മുടെ തലച്ചോറിന്റെ ഒരു 'സൂത്രപ്പണി'യാണ് എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്.  ഇലക്ട്രിസിറ്റി 'ലൂസ് കോൺടാക്ട് ' വരുമ്പോൾ സ്വിച്ചിടാതെ തന്നെ സർക്യൂട്ട് ഓണാവുന്നതും  ഓഫാവുന്നതും പോലെയുള്ള ഒരു അവസ്ഥയാണിത് എന്ന് മനസ്സിലാക്കി നമ്മുടെ മനസ്സിന്റെ ചിന്തകളെ നാംതന്നെ ശരിയായ രീതിയിൽ സ്വയം പറഞ്ഞ് പഠിപ്പിക്കാൻ ഒരു ആർജ്ജവം ആദ്യമായി നമുക്കുതന്നെ ഉണ്ടാക്കുക എന്നതാണ് വിജയത്തിന്റെ ആദ്യപടി. മനസ്സിനെ  സമ്മർദ്ദപ്പെടുത്തുന്ന തെറ്റായ ചിന്തകൾ, വാക്കുകൾ എന്നിവയിൽനിന്നും  ശരിയായ രീതിയിലുള്ള ഒരു പുനഃക്രമീകരണം നമ്മുടെ ജീവിതശൈലിയിൽ മാനസ്സികവും, ശാരീരികവും, സാമ്പത്തികവും, സാമൂഹികവുമായ ഒരു മാറ്റത്തിന് ആദ്യം നാംതന്നെ മാനസ്സികമായി തയ്യാറെടുക്കണം.

ഈ രീതിയിലുള്ള രോഗാവസ്ഥയെ തിരിച്ചറിയുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ വൃത്തിയും, വെടിപ്പും, സുരക്ഷിത്വബോധവും, ധൂർത്തും, പിടിവാശിയും, ചിന്തകളും, സ്വഭാവവും എല്ലാം പല ഘടകങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നമുക്ക് അറിവുള്ളതാണല്ലോ.  ലക്ഷ്യം നേടുന്നതുവരെ നാം ചിലപ്പോൾ ഒരേകാര്യത്തിൽ വ്യാപൃതരായേക്കാം.  അത് സ്വാഭാവത്തിന്റെയോ,  ശീലത്തിന്റെയോ ഭാഗമല്ലാതെ വരുമ്പോൾ, വക തിരിച്ചറിയാനുള്ള ഒരു പൊതുഅവബോധമാണ് നമുക്ക് /ഡോക്ടർമാർക്ക് /സമൂഹത്തിന് വേണ്ടത്.  എത്രയും നേരത്തെ തിരിച്ചറിയുക എന്നതാണ് അത്യന്താപേക്ഷിതമായി കരുതുന്നത്.

കുട്ടികളിൽ 
5/6 വയസ്സുള്ള കൊച്ചുകുട്ടികളിൽ ചിലപ്പോൾ ഈ രീതിയിലുള്ള  ഒരു വാശിയും നിർബന്ധബുദ്ധിയും, പിരുപിരുപ്പും  ശ്രദ്ധയില്ലായ്മയും മറ്റും കണ്ടെന്ന് വരാം.  ഇത്  ഒസിഡി എന്ന അവസ്ഥയാവണമെന്നില്ല.  എന്നാൽ 8/9 വയസ്സിന് ശേഷവും ഇതേ പിരുപിരുപ്പും, ദുശാഠ്യവും, അനുസരണക്കേടും, അമിതമായ ആകാംക്ഷ, ആധി എന്നിവ ഒസിഡിയുടെ നേരത്തേയുള്ള ലക്ഷണങ്ങളായതിനാൽ തള്ളിക്കളയാനും പാടില്ല.  എന്തെന്നാൽ പലരീതിയിലും കുഞ്ഞുങ്ങൾ മാനസിക സമ്മർദ്ദത്തിന് അടിമകളാണെന്ന് നമുക്കറിയാവുന്നതാണല്ലോ.  വീട്ടിലായാലും സ്‌കൂളിലായാലും മുതിർന്നവരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരികയും അവനവന് താങ്ങാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാൻ നിർബ്ബന്ധിതരാവുമ്പോഴാണ് ഈ രീതിയിലുള്ള വൈകാരിക അസ്ഥിരതയ്ക്ക് തിരി തെളിയുന്നത്.  അതുകൊണ്ടുതന്നെ കുടുംബാംന്തരീക്ഷത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്.

ചികിത്സ

ച്ചാൽ അമിതമായ, അകാരണമായ,  അനാവശ്യമായ ഒരു 'ഭയം' ഈ കൂട്ടരിൽ ഉള്ളതുകൊണ്ടുതന്നെ ഇത്തരക്കാർ കടുത്തമാനസിക സമ്മർദ്ദം അനുഭവിക്കുന്നവരായിരിക്കും.  ആയതിനാൽ ഇവരുടെ മാനസ്സിക, വൈകാരികതലം ക്രമപ്പെടുത്തി ശരിയായ ദിശാബോധവും ജീവിതവീക്ഷണം നൽകുന്നതിനുതകുന്ന രീതിയിലുള്ള ചികിത്സയാണ് വേണ്ടത്.  സ്വയം നിയന്ത്രിക്കാൻ കഴിവില്ല എന്നതുകൊണ്ടുതന്നെ ഒരു അംഗീകൃത ഡോക്ടറുടെ സഹായം തേടേണ്ടതും, ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ കാലയളവിൽ ജീവിതശൈലി (മാനസ്സികവും, ശാരീരികവും, സാമൂഹികവും, സാമ്പത്തികവും) പുനക്രമീകരിച്ചും, കൃത്യമായ കാലയളവിൽ മരുന്നു കഴിയ്ക്കേണ്ടത് അത്യാവശ്യംതന്നെ.  ചികിത്സയിൽ രോഗിയുടെ പ്രാധാന്യം എന്നതുപോലെതന്നെ പ്രധാനപ്പെട്ടതാണ് കുടുംബത്തിലുള്ളവരുടെയും സുഹൃത്തുക്കളുടെയും സാന്ത്വനവും പിന്തുതണയും.  

മനസ്സ് ഒരു കാര്യം /പ്രശ്നം എങ്ങിനെ , ഏത് കാഴ്ചപ്പാടോടുകൂടി കാണുന്നു എന്നതും വളരെ പ്രാധാന്യമുള്ളതിനാൽ ഇവരുടെ മാനസ്സിക ആരോഗ്യത്തിന് കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള ഫാമിലി കൗൺസിലിങ്ങും ചിലരിൽ വേണ്ടിവന്നേക്കാം.

തലച്ചോറിലെ ജൈവരാസതന്മാത്രകളുടെ  അസന്തുലിതാവസ്ഥയും  സെറാട്ടോണിന്റെ അളവിലുള്ള കുറവും, മാനസിക സമ്മർദ്ദവും പരസ്പരപൂരകമായി വർത്തിക്കുന്നതിനാൽ ചിന്തകളെ ക്രമപ്പെടുത്തി, യാഥാർത്ഥ്യബോധത്തോടെ ജീവിക്കാൻ രോഗിയെ പ്രേരിപ്പിക്കുക വഴി രോഗിയിൽ വൈകാരിക സ്ഥിരത ഉറപ്പാക്കാം.

ചികിത്സക്കൊപ്പം സ്വഭാവരൂപീകരണത്തിന്റെ  ഭാഗമായി കോഗ്നേറ്റീവ് ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ ട്രെയ്നിങ്‌, സൈക്കോ തെറാപ്പി, യോഗ എന്നിവയും നല്ല ഫലം തരുന്നതാണ്.  ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായിപാലിയ്ക്കണമെന്ന് മാത്രം.   എന്തെന്നാൽ പാതിവഴിയിലെ ചികിത്സ നിർത്തൽ, സ്വയം ചികിത്സ, ശരിയായ രീതിയിലുള്ള രോഗനിർണ്ണയം നടത്തായ്ക, വ്യാജ ചികിത്സകൾ എന്നിവ നാം കരുതലോടെ കാണേണ്ടതാണ്.

വാൽക്കഷ്ണം: ശാരീരിക രോഗങ്ങൾ; ചിലപ്പോൾ പ്രത്യേകിച്ചും അഡ്രിനൽ/തൈറോയ്ഡ് ഗ്രന്ഥിയുടെ  പ്രവർത്തനത്തകരാറുകൾ /തലച്ചോറിന്റെ പ്രവർത്തനങ്ങൾ / ഹൃദയത്തകരാറുകൾ / ക്യാൻസർ തുടങ്ങിയ അടിസ്ഥാന രോഗാവസ്ഥകൾ രോഗിയുടെ മാനസ്സികതലത്തിൽ സ്വാധീനം ചെലുത്താം.  ആയതുണ്ടെങ്കിൽ അക്കാര്യവും കൃത്യമായ വിലയിരുത്തലുകൾ നടത്തേണ്ടതാണ്.
 


പ്രധാന വാർത്തകൾ
 Top