29 July Thursday

കേരളത്തിന്റെ ‘വാർ റൂം’ ന്യൂയോർക്ക്‌ ടൈംസിലും

സ്വന്തം ലേഖികUpdated: Friday May 28, 2021

photos from new york times website dated May 23, 2021


കൊച്ചി
കോവിഡിന്റെ രണ്ടാംവരവിൽ ലോകത്തിനാകമാനം മാതൃകയായ പ്രതിരോധപ്രവർത്തനങ്ങൾ കാഴ്‌ചവച്ച കേരളസർക്കാരിനെ പ്രകീർത്തിച്ച്‌ ന്യുയോർക്ക്‌ ടൈംസ്‌. ഇന്ത്യൻ സർക്കാർപോലും എന്തുചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്നപ്പോഴാണ്‌ ചിട്ടയോടെ പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ ‘വാർ റൂമുകൾ’ ഒരുക്കി കേരളം ലോകത്തിന്‌ മാതൃകയായതെന്നും ന്യൂയോർക്ക്‌ ടൈംസ്‌ പറഞ്ഞു. നാട്ടിലെ കോവിഡ്‌ രോഗികൾക്ക്‌, വിദേശത്തുനിന്ന്‌ വരുന്നവർക്ക്‌, അതിഥിത്തൊഴിലാളികൾക്ക്‌ എന്നിങ്ങനെ പ്രത്യേക മുറികളും ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക വാർ റൂമും ഒരുക്കിയതിനെക്കുറിച്ച്‌ ന്യൂയോർക്ക്‌ ടൈംസ്‌ എടുത്തുപറയുന്നു.

കോവിഡ്‌ രണ്ടാംതരംഗം ആഞ്ഞടിച്ചപ്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ആരോഗ്യപ്രവർത്തകരും ഡോക്‌ടർമാരും നേഴ്‌സുമാരും ആവശ്യത്തിന്‌ കിടക്കകളും ഓക്‌സിജനും ഇല്ലാതെ ബുദ്ധിമുട്ടി. എന്നാൽ കേരളം ഒരോ കോവിഡ്‌ രോഗിയെയും കണ്ടെത്താനും ആവശ്യമായ ചികിത്സ നൽകാനും ‘വാർ റൂമുകൾ’ ഒരുക്കി കാത്തിരുന്നു. രോഗബാധിതനായെന്ന്‌ പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ അറിയിച്ചാൽ രോഗമുക്തനാകുംവരെ അയാൾക്കൊപ്പം ആരോഗ്യസംവിധാനം ഉണ്ടാകും. വീട്ടിൽ ചികിത്സിക്കാനാണെങ്കിൽ അതിനും സംവിധാനവും മരുന്നും. ഇല്ലെങ്കിൽ സർക്കാർ ചികിത്സാകേന്ദ്രങ്ങളിലേക്ക്‌. കൂടുതൽ ചികിത്സ ആവശ്യമായി വന്നാൽ ഓക്‌സിജൻ അടക്കമുള്ള സംവിധാനങ്ങൾ സർക്കാർ ഉറപ്പുവരുത്തും.

ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചുവീഴുമ്പോൾ കേരളത്തിൽ മരണനിരക്ക്‌  0.4 ശതമാനമാക്കി നിർത്താനായി. ഓക്‌സിജൻ ക്ഷാമം ഒരിക്കൽപ്പോലും ഉണ്ടായില്ല. മൂന്നരക്കോടി ജനം തിങ്ങിപ്പാർക്കുന്ന ജനസംഖ്യയുടെ ആറു ശതമാനവും പ്രവാസികൾ. അതിനാൽത്തന്നെ നിരന്തരം വിദേശത്തുനിന്നും തിരിച്ചും യാത്രക്കാർ നിരവധിയുണ്ടാകും. വരുന്ന ഓരോ യാത്രക്കാരനെയും കൃത്യമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്‌തതിനാൽ കോവിഡ്‌ വ്യാപനം പുറത്തുനിന്നെത്തുന്നതുപോലും തടയാനായി. അതിഥിത്തൊഴിലാളികളിൽ തിരിച്ചെത്തിയവരെയും കൃത്യമായി നിരീക്ഷിച്ചു. ദുരന്ത നിവാരണ സേനയും ആരോഗ്യപ്രവർത്തകർക്കൊപ്പം കൈകോർത്തു. കൃത്യമായ ആസൂത്രണവും പിഴവുപറ്റാതെയുള്ള പ്രവർത്തനവുമാണ്‌ സംസ്ഥാനം കാഴ്‌ചവയ്‌ക്കുന്നത്‌. 2018ൽ നിപാ വൈറസ്‌ പടർന്നുപിടിച്ചപ്പോൾ നടത്തിയ പ്രവർത്തനം വഴികാട്ടിയായെന്നും ന്യൂയോർക്ക്‌ ടൈംസ്‌ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top