23 March Saturday

മരണം വന്ന വഴികൾ

പ്രത്യേക ലേഖകൻUpdated: Tuesday Jun 12, 2018

നിപാ ഭീതിയൊഴിഞ്ഞ് വീണ്ടും സജീവമായ പേരാമ്പ്ര നഗരം. ഫോട്ടോ. കെ എസ് പ്രവീൺകുമാർ


 
കോഴിക്കോട‌്
മുഹമ്മദ‌് സാബിത്ത‌ാണ‌് നിപായുടെ ആദ്യത്തെ ഇര. സാബിത്തിന‌ു പുറമെ 16 പേരെകൂടി നിപാ തട്ടിയെടുത്തു. ഇതിൽ 13 പേർക്കും രോഗം കിട്ടിയ‌ത‌് സാബിത്തിൽനിന്ന‌്. മൂന്ന‌ു പേർക്ക‌് രണ്ടാമത‌് ബാധിച്ചവർ വഴി. സാബിത്തിന്റെ ബാപ്പയും ചേട്ടനും വല്യുമ്മയും മരണത്തിന‌് കീഴടങ്ങി. മരിച്ചവരിൽ മൂന്ന‌ുപേർ മലപ്പുറം സ്വദേശികൾ. സാബിത്തിനെ ചികിത്സച്ച നേഴ‌്സ‌് ലിനി ഉൾപ്പെടെ ആറുപേർ സ‌്ത്രീകൾ.

സാബിത്തിന‌് നിപാ എങ്ങനെ കിട്ടി ? അതിന‌് ഉത്തരം തേടുകയാണ‌് ഇപ്പോഴും മെഡിക്കൽ സംഘം. ഇത‌ുവരെയുള്ള സൂചനകൾ പ്രകാരം വവ്വാലിൽനിന്ന‌് വൈറസ‌് പകർന്നു എന്ന‌് ആരോഗ്യവകുപ്പ‌് കരുതുന്നു. സാബിത്തിന്റെ കുടുംബം പുതുതായി വാങ്ങിയ വീട്ടിൽ ഏറെക്കാലമായി ആൾപ്പാർപ്പില്ല.

ഇവിടെ പലതരം വവ്വാലുകൾ ധാരാളമായുണ്ട‌്. കിണറിൽപോലും ഇവ താമസിക്കുന്നു. പക്ഷി മൃഗാദികളെ ഏറെ ഇഷ‌്ടപ്പെട്ടിരുന്ന സാബിത്ത‌് ഏതെങ്കിലും തരത്തിൽ വവ്വാലുകളുമായി നേരിട്ട‌് സമ്പർക്കത്തിലായിട്ടുണ്ടാകുമെന്നാണ‌് വിലയിരുത്തൽ. വയറിങ്ങ‌് ജോലിക്കാരനായ ഇദ്ദേഹം ഒഴിവ‌് കിട്ടുമ്പോഴെല്ലാം വീട്ടിലെ താറാവുകൾക്കും മുയലുകൾക്കുമൊപ്പം ചെലവിട്ടു.

പനി ബാധിച്ച‌് മെയ‌് മൂന്നിനാണ‌് സാബിത്തിനെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ കൊണ്ടുവന്നത‌്. ആദ്യദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. പനി കടുത്തതോടെ നാലിന‌് പകൽ 11ന‌് വാർഡിലേക്ക‌് മാറ്റി. അന്ന‌് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ‌്സായിരുന്നു ലിനി. സാബിത്തിന്റെ തൊട്ടടുത്ത ബെഡിൽ കിടന്നയാളായിരുന്നു പിന്നീട‌് നിപാ ബാധിച്ച‌് മരിച്ച ഇസ‌്മായിൽ. ഭർത്താവിന്റെ അച്ഛന‌് കൂട്ടിരിപ്പിന‌ുവന്ന ജാനകിക്കും ബന്ധുവിന‌് കൂട്ടിരിപ്പിന‌ുവന്ന രാജനും രോഗം പകർന്നു. സാബിത്തിന്റെ ബാപ്പ മൂസ, ജ്യേഷ്ഠൻ സാലിഹ‌്, വല്യുമ്മ മറിയം എന്നിവർക്കും രോഗം കിട്ടിയത‌് പേരാമ്പ്രയിൽ നിന്ന‌ുതന്നെ.

കടുത്ത ചുമയായിരുന്നു സാബിത്തിന‌്. ഇത‌ുവഴിയാണ‌് വൈറസ‌് പകർന്നത‌്. മെഡിക്കൽ കോളേജിലെത്തി ഏതാണ്ട‌് നല്ല മയക്കത്തിൽ കിടക്കുമ്പോഴും ഇദ്ദേഹം ശക്തിയായി ചുമച്ച‌ുകൊണ്ടിരുന്നതായി ഡോക്ടർമാർ പറയുന്നു. രോഗം കലശലായപ്പോൾ മെയ‌് അഞ്ചിന‌് പകൽ ഒന്നേകാലിനാണ‌് മെഡിക്കൽ കോളേജിലെത്തിച്ചത‌്. നാലര മണിക്കൂറിന‌ു ശേഷം 5.45 ന‌് മരിച്ചു. കാഷ്വാലിറ്റിയിൽ കുറച്ച‌ുസമയം ചെലവിട്ടു. തുടർന്ന‌് സ‌്കാനിങ്ങിനായി വരാന്തയിലൂടെ കൊണ്ട‌ുപോയി. ഇതിനിടയിലാണ‌് മറ്റ‌് ആറ‌് പേർക്ക‌ുകൂടി വൈറസ‌് പകർന്നത‌്.

കിഡ‌്നി രോഗിയായ മലപ്പുറം കൊളത്തൂർ സ്വദേശി വേലായുധൻ ചെക്കപ്പിനായാണ‌് മെഡിക്കൽ കോളേജിൽ വന്നത‌്. സ‌്കാനിങ്ങിന‌് ചെന്നപ്പോൾ അവിടെവച്ച‌് നിപാ പകർന്നു. തിരൂരങ്ങാടി സ്വദേശിയായ ഷിജിത വാഹനാപകടത്തിൽ പരിക്കേറ്റ‌് ചികിത്സയിലായിരുന്ന ഭർത്താവ‌് ഉബീഷിന്റെ കൂടെ പരിശോധനക്കെത്തിയതാണ‌്. അന്ന‌ുരാവിലെ എട്ടരയോടെ ഷിജിത സൂപ്പർ സ‌്പെഷ്യാലിറ്റി ആശുപത്രിയിലുണ്ട‌്. കൂടെ ഉബീഷിന്റെ മൂന്ന‌് കൂട്ടുകാരും. ഡോക്ടറെ കണ്ടശേഷം കാഷ്വാലിറ്റിക്കടുത്തുള്ള കണ്ണ‌് വിഭാഗം, സിടി സ‌്കാൻ എന്നിവയിലും പോയി. ഇതിനിടയിലെപ്പൊഴോ സാബിത്തിന്റെ സാമീപ്യത്തിൽ വന്നിട്ടുണ്ടാകുമെന്ന‌ാണ‌് ഡോക്ടർമാരുടെ നിഗമനം.

രോഗിയായ അമ്മയെ ഡോക്ടറെ കാണിക്കാനാണ‌് മലപ്പുറം മൂന്നിയൂർ സ്വദേശിയായ സിന്ധു മെഡിക്കൽ കോളേജിലിൽ എത്തിയത‌്. അതേ ദിവസം ഉച്ചക്ക‌് ശേഷം ഇവരും സ‌്കാനിങ്ങിന‌് പോയിരുന്നു. സുഹൃത്തിന‌് കാലിന‌് പരിക്കേറ്റപ്പോൾ കാണിക്കാനാണ‌് പാലാഴി സ്വദേശിയായ ഓട്ടോ ഡ്രൈവർ അബിൻ കാഷ്വാലിറ്റിയിൽ പോയത‌്. അവിടെയെത്തിയപ്പോൾ സാബിത്ത‌് അവശനായി കിടപ്പുണ്ടായിരുന്നു. സ‌്കൂട്ടർ അപകടത്തിൽ പരിക്കേറ്റ സഹോദരി ഉഷക്കൊപ്പമാണ‌് പാലാഴി സ്വദേശി ടി പി മധുസൂദനൻ ആശുപത്രിയിലെത്തിയത‌്. ഇദ്ദേഹം സ‌്കാനിങ‌് സ്ഥലത്ത‌് സാബിത്തിന‌് സഹായിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും സൂചനയുണ്ട‌്. നാദാപുരം ചെക്യാട‌് സ്വദേശിയായ അശോകൻ രോഗിയായ അച്ഛനെയുമായി ഇതേ ദിവസം സ‌്കാനിങ്ങിനെത്തിയതായും ആരോഗ്യ വകുപ്പ‌് സ്ഥിരീകരിക്കുന്നു.
നരിപ്പറ്റ സ്വദേശി കല്യാണി, കോട്ടൂർ സ്വദേശി റസിൽ, കൊടിയത്തൂർ സ്വദേശി അഖിൽ എന്നിവർക്ക‌് രോഗബാധിതരിൽനിന്ന‌് വൈറസ‌് പകർന്നുവെന്നാണ‌് ആരോഗ്യവിദഗ‌്ധരുടെ നിഗമനം.

കല്യാണിക്കും ഇതുപോലെ തന്നെയാണ‌് വൈറസ‌് പകർന്നത‌്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്യാണിയുടെ തൊട്ടടുത്ത ബെഡിലാണ‌് നിപാ ബാധിച്ച ഒരു മലപ്പുറം സ്വദേശി കിടന്നത‌്. പേരാമ്പ്രയിൽ നിന്ന‌് നിപാ ബാധിച്ച ഇസ‌്മായിൽ അവശനിലയിലായപ്പോൾ മെയ‌്18,19 തിയ്യതികളിൽ ബാലുശേരി താലൂക്കാശുപത്രിയിൽ കിടന്നിരുന്നു. പനിക്ക‌് ചികിത്സതേടി അതേ ദിവസം റസിൻ ഇവിടെയെത്തിയപ്പോൾ വൈറസ‌് പകർന്നു. അഖിലിന‌് രോഗം പകർന്നതും ഇത‌ുപോലെ മറ്റൊരു രോഗബാധിതനിൽ നിന്നാണെന്ന‌് ആരോഗ്യ വകുപ്പ‌് കരുതുന്നു.

ആശുപത്രികളിൽ നിത്യേന ആയിരങ്ങളെത്തുന്ന കേരളം പോലുള്ള ജനസാന്ദ്രമായ സംസ്ഥാനത്ത‌് നിപായെ തിരിച്ചറിയാൻ അൽപം വൈകീയിരുന്നെങ്കിൽ കൂട്ട ദുരന്തം സംഭവിച്ചേനെയെന്ന‌് ഇപ്പോൾ നിപായെ തിരിച്ചറിഞ്ഞ മണിപ്പാൽ സെൻറർ ഫോർ വൈറസ‌് റിസർച്ച‌് തലവൻ ഡോ. ജി അരുൺ കുമാർ പറയുന്നു.‘‘ ഇത‌് കേരളത്തിന‌് മാത്രം അവകാശപ്പെടാവുന്ന വിജയമാണ‌്. മിന്നൽ വേഗതയിലാണ‌് നമ്മുടെ എല്ലാ സംവിധാനവും ചലിച്ചത‌്. നിപായെ തിരിച്ചറിഞ്ഞ‌് സാമ്പിൾസ‌് പൂണെക്കയക്കാൻ ഏർപ്പാടാക്കി, ഉന്നത ഉദ്യോഗസ്ഥരെയെല്ലാം ഫോണിൽ ബന‌്ധപ്പെട്ട ശേഷം ഞാൻ കേരളത്തിലേക്ക‌് പുറപ്പെടാൻ ഒരുങ്ങുമ്പോയെക്കും മന്ത്രി ശൈലജ ടീച്ചറുടെ ഫോൺ എനിക്ക‌് വന്നു. അവർ കോഴിക്കോടിന‌് പുറപ്പെട്ടെന്നും ഉടനെ എത്തണമെന്നുമായിരുന്നു പറഞ്ഞത‌്. 19ന‌് ഉച്ചക്ക‌് ഞാൻ കോഴിക്കോട‌് എത്തുമ്പോൾ അവിടെ എല്ലാ വിഭാഗവും ജാഗ്രതയിലായിരുന്നു. രാവിലെ തന്നെ മന്ത്രി ടിപി രാമകൃഷ‌്ണന്റെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. വൈകീട്ടാവുമ്പോഴേക്കും ടീച്ചറുമെത്തി’’.
അതൊരു തുടക്കമായിരുന്നു. നിപാക്കെതിരെ കേരളം ആരംഭിച്ച യുദ്ധത്തിന്റെ തുടക്കം.

പ്രധാന വാർത്തകൾ
 Top