23 September Wednesday

നിധീഷിനെ ചതിച്ചത്‌ ഈ സർക്കാരല്ല

സ്വന്തം ലേഖികUpdated: Thursday Aug 6, 2020


കണ്ണൂർ
യുഡിഎഫ്‌ നടത്തിയ ക്രമവിരുദ്ധ നിയമനമാണ്‌ കണ്ണൂർ നാറാത്തെ നളിനത്തിൽ ഡോ. കെ പി നിധീഷിന്റെ സർക്കാർ ജോലിയെന്ന സ്വപ്‌നം കെടുത്തിയത്‌. 2014ൽ കോളേജ്‌ ലക്‌ചറർ (മലയാളം) ലിസ്റ്റിൽ 48–-ാം റാങ്കും ഭിന്നശേഷി സംവരണപട്ടികയിൽ ഒന്നാം റാങ്കും ഉണ്ടായിട്ടും നിധീഷ്‌ അവഗണിക്കപ്പെട്ട കഥ ഇങ്ങനെ. ബ്ലൈൻഡ് (കാഴ്‌ചവൈകല്യം)‌, ഡെഫ് ‌(കേൾവി വൈകല്യം), ഓർത്തോ (ശാരീരിക വൈകല്യം) എന്ന ക്രമത്തിലാണ്‌ സംവരണപ്പട്ടികയിൽനിന്ന്‌ പിഎസ്‌സി നിയമനം നടത്തുക. ഏതെങ്കിലും ഒരൊഴിവിൽ ആളില്ലെങ്കിൽ അത്‌ ഒഴിച്ചിടണം. എന്നാൽ, ഈ പതിവുക്രമം മറികടന്ന്‌ യുഡിഎഫ്‌ സർക്കാർ ഡെഫിന്റെ ഒഴിവിൽ ഓർത്തോയെ നിയമിച്ചു.

ഇതോടെ നിധീഷിന്‌ ലഭിക്കേണ്ട അവസരം നഷ്ടമായി. അന്ന്‌ സംഭവിച്ച ഈ പിഴവാണ്‌ ഇപ്പോഴും കുരുക്കായി കിടക്കുന്നത്‌. ഇക്കാര്യത്തിൽ എൽഡിഎഫ്‌ സർക്കാരിനോ ഇപ്പോഴത്തെ പിഎസ്‌സി അധികൃതർക്കോ ഒരു പങ്കുമില്ല. നിധീഷും ഇത്‌ തുറന്നുസമ്മതിക്കുന്നു. വസ്‌തുത ഇതായിരിക്കെ നിധീഷിന്റെ കാര്യത്തിലും  മനോരമയുടെ നുണ കുത്തിതിരുകി, എൽഡിഎഫ്‌ സർക്കാരിന്‌ നേരെ തിരിച്ചു.

പടപൊരുതിയ ജീവിതം
ട്യൂമറിനോട്‌ പടപൊരുതിയാണ്‌ നിധീഷ്‌ ഓരോ നേട്ടവും സ്വന്തമാക്കിയത്‌. കണ്ണൂർ എസ്‌എൻ കോളേജിൽനിന്ന്‌ ഉയർന്ന മാർക്കോടെ ബിരുദമെടുത്തു. ബിഎഡിന്‌ പഠിക്കുമ്പോൾ കാലിന്‌ വീണ്ടും മൂന്നു്‌ ശസ്‌ത്രക്രിയ നടത്തി. കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽനിന്ന്‌ റാങ്കോടെ എംഎ പാസായി. തുടർന്ന്‌ മുന്നാട്‌ പീപ്പിൾസ്‌ കോളേജിൽ അഞ്ചു വർഷം ഗസ്റ്റ്‌ ലക്‌ചറർ. ഇതിനിടെ ജെആർഎഫും നെറ്റും. രണ്ടു വർഷമായി സംസ്‌കൃത സർവകലാശാല പയ്യന്നൂർ ക്യാമ്പസിൽ ഗസ്റ്റ്‌ ലക്‌ചറർ. ഇക്കഴിഞ്ഞ ലോക്‌‌ഡൗൺ കാലത്ത്‌ വീണ്‌ വീണ്ടും കാലിന്റെ എല്ലു‌പൊട്ടി. ഈ വിഷമതകൾക്കെല്ലാം ഒടുവിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഈ യുവാവ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top