Deshabhimani

വികേന്ദ്രീകൃത വിദ്യാഭ്യാസം 
വെല്ലുവിളിക്കപ്പെടുമ്പോൾ

education
വെബ് ഡെസ്ക്

Published on Jan 13, 2025, 01:53 AM | 3 min read

ഈ വർഷം തുടക്കത്തിൽതന്നെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമീഷൻ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ അടങ്ങിയ ഒട്ടേറെ നിർദേശങ്ങൾ ഇതിനകംതന്നെ വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട് . ഭരണഘടന വിഭാവനം ചെയ്ത വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ വെല്ലുവിളി ഉയർത്തുന്ന വ്യവസ്ഥകൾ ഇതിലുണ്ട്. കേന്ദ്രത്തിന്റെ പ്രതിനിധിയായി വരുന്ന ഗവർണർമാർക്ക് സംസ്ഥാനങ്ങളിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്ന കാര്യത്തിൽ അധികാരം നൽകാനാണ് നിർദിഷ്ട വ്യവസ്ഥയിലൂടെ ശ്രമിക്കുന്നത്.


നാളിതുവരെയും സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ് അത് ഗവർണർമാരിൽ നിക്ഷേപിക്കുന്നതുവഴി സംസ്ഥാന സർവകലാശാലകളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാകും സംഭവിക്കുക.

നിർദിഷ്ട ഭേദഗതിയെ അതിന്റെ രാഷ്ട്രീയപശ്ചാത്തലത്തിൽനിന്ന് വേർപെടുത്തി കാണുവാൻ കഴിയില്ല. സാമൂഹ്യ വിഭജനത്തിലും വർഗീയ പ്രചാരണത്തിലും വ്യാജ നിർമിതികളിലും കെട്ടിപ്പൊക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെ ഇന്ന് കുറച്ചെങ്കിലും ചെറുത്തുനിൽക്കുന്നത് പ്രതിപക്ഷ സർക്കാരുകൾ നിലവിലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളാണ്. ഈ ചെറുത്തുനിൽപ്പിൽ സ്വയംഭരണാവകാശമുള്ള സർവകലാശാലകളും ഒരുതരം പ്രതിപക്ഷ ധർമം നിർവഹിക്കുന്നുണ്ട്.


അതിനാൽ പ്രതിലോമകരവും വിഭാഗീയവുമായ തങ്ങളുടെ വിദ്യാഭ്യാസ അജൻഡ നടപ്പിലാക്കാനായി പറ്റിയ അന്തരീക്ഷം സർവകലാശാലകളിൽ സൃഷ്ടിക്കാനാണ് കേന്ദ്രം ഗവർണർമാരിലൂടെ ശ്രമിക്കുന്നത്. അതിനുള്ള ചട്ടുകമായി യുജിസിയെ പോലും ഉപയോഗിക്കാൻ കേന്ദ്രസർക്കാർ ഔദ്ധത്യം കാണിച്ചു എന്നുവേണം മനസ്സിലാക്കാൻ.

ഇന്ത്യയിൽ വികേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതിയാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഉഭയ പട്ടികയിൽ (കൺകറന്റ്‌ ലിസ്റ്റ് ) ഇരുപത്തിയഞ്ചാം ഇനമായിട്ടാണ് വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുള്ളത്.


കേന്ദ്രത്തിന് സവിശേഷ അധികാരമുള്ള സ്ഥാപനങ്ങളും മേഖലകളും ഒഴിച്ചുനിർത്തിയാൽ സാങ്കേതിക, മെഡിക്കൽ വിദ്യാഭ്യാസവും സർവകലാശാലകളും മറ്റും കേന്ദ്ര –-സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ നിയമനിർമാണ അധികാരമുള്ള വിഷയങ്ങളാണ്. ചില വിഷയങ്ങളിൽ ദേശീയ നിലവാരം ഏകീകരിക്കുന്നതിനും സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസത്തെ ഉഭയപട്ടികയിൽ ഉൾപ്പെടുത്തിയതെന്ന്‌ വ്യക്തം.


ഉദാഹരണത്തിന് യുജിസി പോലുള്ള സംവിധാനങ്ങൾ പാർലമെന്ററി നിയമം മുഖേന സൃഷ്ടിക്കണമെങ്കിൽ വിദ്യാഭ്യാസം പൂർണമായും സംസ്ഥാന പട്ടികയിൽ ആകരുത് എന്ന്‌ ഭരണഘടനാ ശിൽപ്പികൾ ചിന്തിച്ചു കാണണം. എന്നാൽ ഈ ഭരണഘടനാപരമായ സൗമനസ്സ്യത്തെ ദുരുപയോഗപ്പെടുത്തി കേന്ദ്രത്തിന്റെ ഏകപക്ഷീയമായ അധികാരപ്രയോഗം സർവകലാശാലകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇത് സ്വന്തം പ്രദേശത്തെ സർവകലാശാലകളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം കവർന്നെടുക്കുന്നതാണ്.


സർവകലാശാലകളിൽ ഗവർണർമാർക്കുള്ള അധികാരം മിക്കപ്പോഴും ഇന്ന്‌ സംസ്ഥാന നിയമങ്ങളിലൂടെ കൈവന്നിട്ടുള്ളതാണ്. ഈ കൈപ്പിഴ തിരുത്താൻ പല നിയമസഭകളും സമീപകാലത്ത് തയ്യാറായി. എന്നാൽ അത്തരം ബില്ലുകളിൽ യഥാസമയം ഒപ്പിടുന്നതിനു പകരം രാഷ്ട്രീയം കളിക്കുകയാണ് കേരളത്തിൽപോലും ഗവർണർ ചെയ്തത്. വൈസ് ചാൻസലർ നിയമനത്തിനുള്ള അധികാരം യുജിസി റെഗുലേഷനിലൂടെ ഒറ്റയടിക്ക് ഗവർണർമാരിൽ നിക്ഷിപ്‌തമാക്കാനുള്ള നടപടി ഈ നീക്കത്തിന് തുടർച്ച മാത്രമാണ്.


നിർദിഷ്ട റെഗുലേഷനിലെ പത്താം ഖണ്ഡികയാണ്‌ വൈസ് ചാൻസലർ നിയമനത്തെക്കുറിച്ച് പറയുന്നത്. 10 (1) വകുപ്പനുസരിച്ച് ഭരണ, വ്യവസായ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവർക്കും സർവകലാശാലാ വൈസ് ചാൻസലർ ആകാം. ഇതുവഴി ചില ഗവർണർമാരുടെ ‘പ്രതിരൂപങ്ങൾ’ സർവകലാശാലാ വിസിമാരായാൽ അത്ഭുതപ്പെടേണ്ടതില്ല. പത്രപ്പരസ്യം നൽകണമെന്നും മറ്റും വ്യവസ്ഥയുണ്ടെങ്കിലും ‘ സെർച്ച്‌ കം സെലക്ഷൻ കമ്മിറ്റി’ രൂപീകരിക്കേണ്ടത് ചാൻസലർ ആയ ഗവർണറാണ്‌. ഈ കമ്മിറ്റികൾക്കായിരിക്കും വിസിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം. ഫലത്തിൽ ഗവർണറുടെ പ്രതിനിധി, യുജിസി ചെയർമാന്റെ നോമിനി, ഒരു സർവകലാശാലാ പ്രതിനിധി എന്നിവരടങ്ങിയതായിരിക്കും ‘സെർച്ച്‌ കം സെലക്ഷൻ കമ്മിറ്റി’.


ഇതിൽ സർവകലാശാലാ പ്രതിനിധിയുടെ പ്രാതിനിധ്യം മൂന്നിലൊന്ന് മാത്രമാണെന്നത്‌ വ്യക്തം. 10 (IV) വകുപ്പ് രൂപകൽപ്പന ചെയ്തത് ‘സെർച്ച് കം സെലക്ഷൻ കമ്മിറ്റി’ എന്ന ഉപാധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പുറത്തുനിർത്താനും സർവകലാശാലാ പ്രതിനിധികളെ നോക്കുകുത്തിയാക്കാനുമാണ്‌. ഈ രീതിയിലൂടെയല്ലാതെ വൈസ്ചാൻസലർമാരെ നിയമിച്ചാൽ ആ നിയമനം അസാധുവാകും എന്നാണ് 10 (XI)വകുപ്പ് പറയുന്നത്. കൽപ്പിത സർവകലാശാലകളെപോലും പുതിയ സമ്പ്രദായത്തിൽ വരുത്തുന്ന വിധത്തിലാണ് 10 (VI) വകുപ്പ്.


ഇന്ത്യയിലെ സർവകലാശാലകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തേണ്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ അക്കാദമിക് വഴക്കം (Flexibility) വർധിപ്പിക്കുവാനെന്ന പേരിൽ അധ്യാപക യോഗ്യതയുടെ കാര്യത്തിൽ വെള്ളം ചേർക്കാനും മെരിറ്റിന്റെ ‘സമഗ്ര വിലയിരുത്തൽ’ എന്ന വ്യാജേന യോഗ്യതാ മാനദണ്ഡങ്ങളുടെ ക്ലിപ്തതയില്ലാതാക്കാനും കൂടിയുള്ള ശ്രമങ്ങൾ നിർദിഷ്ട ചട്ടങ്ങളിൽ കാണാം. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഫെഡറലിസത്തിനു മാത്രമല്ല സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിനും സ്വച്ഛന്ദതയ്‌ക്കും സ്വാതന്ത്ര്യത്തിനും തന്നെ ഭീഷണി സൃഷ്ടിക്കാൻ പോന്നതാണ് നിർദിഷ്ട വ്യവസ്ഥകൾ എന്ന് കാണാൻ കഴിയും.


എന്നാൽ കേവലം സർവകലാശാലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഇതിന്റെ ഭവിഷ്യത്തുകൾ. വിഭാഗീയ രാഷ്ട്രീയത്തിനും വർഗീയതയ്ക്കും പ്രതിലോമ രാഷ്ട്രീയത്തിനും വേരിറക്കാൻ കഴിയുന്ന ഒരു വിദ്യാഭ്യാസരീതിയിലൂടെ തലമുറകളെ തന്നെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ ഭൂരിപക്ഷ വർഗീയതയുടെ വിധേയ ഭൃത്യരാക്കിത്തീർക്കാനുള്ള രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ് നിർദിഷ്ട ചട്ടങ്ങൾ. ഓരോ നിയമനിർമാണവും യഥാർഥത്തിൽ ഒരു രാഷ്ട്രീയപ്രസ്താവനയും രാഷ്ട്രീയനീക്കവുമാണ്. നിർദിഷ്ട യുജിസി ചട്ടങ്ങൾ അതിനുള്ള കുറേക്കൂടി പ്രത്യക്ഷമായ ഉദാഹരണമാണ്.

(സുപ്രീംകോടതിയിൽ അഭിഭാഷകനാണ് ലേഖകൻ)



deshabhimani section

Related News

0 comments
Sort by

Home