Deshabhimani

കടൽധാതുക്കളും കോർപറേറ്റുകൾക്ക്

minarels
വെബ് ഡെസ്ക്

Published on Jan 13, 2025, 01:59 AM | 3 min read

കടലിന്റെ ആവാസവ്യവസ്ഥ പൂർണമായും തകർത്ത്‌ മണലും ധാതുസമ്പത്തും കൊള്ളയടിക്കുവാനുള്ള കോർപറേറ്റുകളുടെ തീരുമാനത്തിനനുസരിച്ച്‌ മോദി സർക്കാർ ബ്ലൂ ഇക്കണോമി നയം നടപ്പാക്കുകയാണ്‌. ഈ നയത്തിന്റെ ഭാഗമായി ഡ്രെഡ്‌ജിങ്‌ –-മൈനിങ്‌ കമ്പനികളെ കൂട്ടുപിടിച്ച് ‘അൺലോക്കിങ്‌ ബ്ലൂ ഇക്കണോമി’ എന്ന പേരിൽ കൊച്ചിയിൽ കഴിഞ്ഞ ദിവസം റോഡ്ഷോ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയും അഭിപ്രായമാരായാതെയും ആയിരുന്നു പരിപാടി. ബ്ലൂ ഇക്കണോമി നയത്തിന്റെ ഭാഗമായി കടലിനെ ടെറിട്ടോറിയൽ മേഖല, പ്രത്യേക സാമ്പത്തിക മേഖല, ആഴക്കടൽ മേഖല എന്നിങ്ങനെ തിരിച്ച് ഖനനം നടത്തി കോർപറേറ്റുകൾക്ക് തീറെഴുതുവാനുള്ള കേന്ദ്രനീക്കം ചെറുക്കേണ്ടത് നമ്മുടെ നിലനിൽപ്പിന്‌ അനിവാര്യമാണ്.


‘കടലിലെ ധാതുക്കളുടെ വികസനവും നിയന്ത്രണവും' സംബന്ധിച്ച 2002ലെ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് ആരാഞ്ഞപ്പോൾ തീരത്തിലും കടലിനും മേലുള്ള അധികാരം കവരുന്ന, മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന നിയമത്തെ കേരളം എതിർത്തു. കടൽ ഖനനം സമുദ്ര, കായൽ മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കും. ഈ നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ വിയോജിപ്പും മാറ്റം വരുത്തേണ്ട ഭേദഗതികളും സംബന്ധിച്ച് കേന്ദ്രസർക്കാരിന് വിശദമായ കത്ത് നൽകിയിരുന്നു. സമുദ്ര –-അഴിമുഖ മത്സ്യബന്ധനത്തിനും ആസന്നമായ പാരിസ്ഥിതിക പ്രതിസന്ധിയെ തടയുന്നതിനും നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാർ അഭ്യർഥിച്ചു. സമുദ്രഖനനത്തിന് മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും മുഴുവൻ ആഘാതവും ആലോചിച്ച് വിലയിരുത്തണമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇതെല്ലാം പൂർണമായി അവഗണിച്ചാണ് കേന്ദ്ര മൈനിങ്‌ വകുപ്പ് ഖനനപ്രക്രിയയുമായി മുന്നോട്ടുപോകുന്നത്.


സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടൽ ഖനനത്തിന് വഴിയൊരുങ്ങും, മണലിനു പുറമേ ഖനലോഹങ്ങൾ, ക്രൂഡോയിൽ, പ്രകൃതി വാതകം എന്നിവയും ഖനനം ചെയ്തെടുക്കും. തീരക്കടൽ, പുറംകടൽ, ആഴക്കടൽ എന്നീ മേഖലകളായി തിരിച്ച് 45 സ്ലാബുകൾ വരെ സ്വകാര്യ വ്യക്തിക്കോ സംരംഭകർക്കോ കൈവശം വയ്ക്കാനാകും തുടങ്ങിയ ആശങ്കകളും കേരളം അറിയിച്ചു. സ്വതന്ത്രമായി മത്സ്യബന്ധന–-അനുബന്ധ തൊഴിൽ നടത്തിയിരുന്നവർ പുറത്താകുമെന്നും തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ളതാണെന്നും കേരളം ചൂണ്ടിക്കാണിച്ചു.


ഇവിടെയെല്ലാം മത്സ്യബന്ധന അവകാശവും വിഭവങ്ങളുടെ പരിപാലനവും അതാത് സംസ്ഥാനങ്ങൾക്കുള്ളതാണ്‌. ഭരണഘടനാപരമായ ഈ വ്യവസ്ഥ ഭേദഗതി ചെയ്ത് തീരദേശത്തെ പുതിയ നിയമത്തിനു കീഴിലാക്കി കടലും അവർ കൊള്ളയടിക്കുകയാണ്. ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവന്ന്‌ ഖനനം നടത്തുമ്പോൾ അത്‌ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നുപോലും നിയമത്തിൽ പരാമർശിക്കപ്പെടാത്ത രീതിയിലാണ് കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നത്.


സംസ്ഥാനത്ത് 15 ലക്ഷത്തിലധികം പേർക്ക് ജീവിതമാർഗം പ്രദാനം ചെയ്യുന്നതാണ് മത്സ്യമേഖല. സജീവമായി ജോലിചെയ്യുന്ന രണ്ടര ലക്ഷത്തിനു മേൽ മത്സ്യത്തൊഴിലാളികൾ ഉണ്ട്. ഇതിനു പുറമേ അനുബന്ധ മേഖലയിലായി ലക്ഷക്കണക്കിനു പേർ ജോലി ചെയ്യുന്നു. സമുദ്ര പരിസ്ഥിതിയിൽ ധാതുഖനനം നടന്നാൽ രാജ്യത്തെ സമുദ്ര സമ്പത്തിന്റെ സമ്പൂർണ്ണ തകർച്ചയ്‌ക്ക് കാരണമാകും. ആഗോളതലത്തിൽ തന്നെ ഉൽപ്പാദനത്തിന്റെ 7.56 ശതമാനം നേടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ സംഭാവന 1.24 ശതമാനമാണ്. മത്സ്യ മേഖലയിൽനിന്നുള്ള കയറ്റുമതി വരുമാനം 46682 കോടിയാണ്. രാജ്യത്തെ സാഹചര്യം മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണ്.


വിഭവശോഷണം, കുതിച്ചുയരുന്ന ഇന്ധനച്ചെലവ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മത്സ്യമേഖല നേരിടുന്ന പ്രയാസങ്ങളാണ്. ബൈനുകളും സോളാർ പാനലുകളും പോലുള്ള പുനരുപയോഗ ഊർജ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി അപൂർവ ഭൂമിലോഹങ്ങൾ വേർതിരിച്ചെടുക്കുവാനുള്ള അവസരമായി സമുദ്രത്തിൽ ധാതുഖനനം അനുവദിക്കാനുള്ള തീരുമാനം പരിശോധിക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. സമുദ്ര ഖനനം സമുദ്രത്തിന്റെ അടിത്തട്ടിൽ പതിഞ്ഞിരിക്കുന്ന വിലയേറിയ ലോഹങ്ങൾ, നിക്കൽ, കൊബാൾട്ട്, ചെമ്പ് തുടങ്ങിയ ലോഹങ്ങളെ ലക്ഷ്യമിടുന്നു. വിനാശകരമല്ലാത്ത രീതിയിൽ പുനരുപയോഗ ഊർജത്തിന് ആവശ്യമായ ധാതുക്കൾ ഉൽപ്പാദിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഖനനത്തിന്റെ വക്താക്കൾ പറയുന്നു.


മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹ്യാവസ്ഥയിൽ ഇതു വരുത്തിയേക്കാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച് സൂക്ഷ്മമായി പരിശോധിക്കണം. കരയിലെ സ്ട്രിപ്പ് ഖനനത്തിന് സമാനമായ രീതിയിൽ സമുദ്രത്തിന്റെ അടിത്തട്ട് കുഴിക്കുന്നതിന് വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് സാമഗ്രികൾ കപ്പലിലേക്ക് പമ്പ് ചെയ്യപ്പെടും. മലിനജലവും അവശിഷ്ടങ്ങളുംമൂലം വെള്ളത്തിനടിയിൽ വലിയ മാലിന്യശേഖരം രൂപപ്പെടുകയും ഇത് കടൽ ജലം കലങ്ങുന്നതിന് കാരണമാകുകയും ചെയ്യുന്നു. കടലിലെ പ്രകാശിത മേഖലയുടെ ശോഷണം പ്രാഥമിക ഉൽപ്പാദനം ഗണ്യമായി കുറയ്ക്കും. ആവാസവ്യവസ്ഥയുടെ ഭാഗമായി കടലിലെ പ്രാഥമിക ഉൽപ്പാദനമാണ് മത്സ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിലനിൽപ്പിനുള്ള അടിസ്ഥാന ഘടകം. അതിനാൽ കടൽ വെള്ളത്തിൽ ഉണ്ടാകുന്ന കലക്കം മൂലം മത്സ്യലഭ്യതതന്നെ കുറയുന്നു.


അടിത്തട്ടിലെ ഖനനം ചെമ്മീൻ, മത്തി, അയല, ആവോലി, കണവ എന്നിവ ഉൾപ്പെടെയുള്ളവയുടെ നാശത്തിന് ഇടയാക്കും. കൂടാതെ പവിഴപ്പുറ്റുകൾ, കടൽച്ചെടികൾ, ഞണ്ടുകൾ തുടങ്ങിയവയുടെ നാശത്തിനും കാരണമാകുന്നു. കടലിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥ നൂറുകണക്കിന് വർഷങ്ങൾകൊണ്ട് സൃഷ്ടിക്കപ്പെടുന്നതാണ്. ഓരോ ആഴക്കടൽ ഖനനവും 30 വർഷത്തെ ലൈസൻസ് കാലയളവിൽ 8,000 മുതൽ 9,000 ചതുരശ്ര കിലോമീറ്റർ വരെ കടൽത്തീരത്തെ ഇല്ലാതാക്കും. ഖനന സമയത്ത് കപ്പലുകളിൽനിന്ന് പുറന്തള്ളുന്ന മലിനജലം, അവശിഷ്ടങ്ങൾ, അവശിഷ്ട ലോഹങ്ങൾ എന്നിവ നൂറുകണക്കിന് കിലോമീറ്റർ അകലെ ഒഴുകും. ഇത്‌ സമുദ്ര ആവാസവ്യവസ്ഥയെ തകർക്കും. നിരന്തരമായ മനുഷ്യസാന്നിധ്യം, ശബ്ദം, വെളിച്ചം എന്നിവ കാരണം മത്സ്യങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു പോകും. കടൽ ജലത്തിന്റെ കലക്കൽ അഴിമുഖപ്രദേശത്തും കായലിലും പുഴകളിലും എത്തിച്ചേരുകയും ഉൾനാടൻ മത്സ്യബന്ധനത്തിന്റെ നാശത്തിന് കാരണമാകുകയും ചെയ്യും. ഈ വിഷയങ്ങളെല്ലാം സംസ്ഥാനം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വൻകിട കോർപറേറ്റുകളുടെ താൽപ്പര്യം മാത്രം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.


ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് മത്സ്യബന്ധനം സംസ്ഥാന വിഷയമാണ്. കടൽഖനനം ഈ മേഖലയുടെ മത്സ്യബന്ധനത്തെ നേരിട്ട് ബാധിക്കുന്നു. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലെ മത്സ്യബന്ധനത്തെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് ഒരു വിവരവും നൽകാതെയാണ് കേന്ദ്ര മൈനിങ്‌ വകുപ്പ് കൊച്ചിയിൽ പ്രത്യേക മീറ്റും റോഡ്ഷോയും സംഘടിപ്പിച്ചത്. ഇത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്ക് നേരിട്ടുള്ള കടന്നുകയറ്റമാണ്‌. ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ബ്ലൂ ഇക്കണോമി എന്ന പേരിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും നടത്തിപ്പും വൻകിടകുത്തകകളുടെ താൽപ്പര്യവും അവർക്ക് വൻ ലാഭം കൊയ്യാനുള്ള പദ്ധതികൾ മാത്രവുമാണ്. വൻകിടക്കാരന്റെ സാമ്പത്തിക ലാഭത്തിനായി മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗവും സാധാരണ ജനങ്ങളുടെ പോഷകസ്രോതസ്സും ഇല്ലാതാകും. ഗുരുതരമായ ഈ ഭവിഷ്യത്ത് പൊതുസമൂഹം തിരിച്ചറിയണം.

(കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)



deshabhimani section

Related News

0 comments
Sort by

Home