കരളുടഞ്ഞ നാടിന്റെ കരം പിടിച്ച കഥ

road 1

ഫോട്ടോ: 
കെ എസ് ആനന്ദ്

avatar
നെബിൻ കെ ആസാദ്‌

Published on Nov 30, 2025, 12:01 AM | 3 min read

സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്‌ കുട്ടനാട്‌. നെല്ലിൻ സമൃദ്ധിയും ശുദ്ധജല മത്സ്യസമ്പത്തും തോടുകളും കായലുകളുമെല്ലാമുള്ള കുട്ടനാട്‌. പുരവഞ്ചികളിലേറി കായല്‍പ്പരപ്പിലൂടെ ഓളങ്ങൾക്കൊപ്പം ഒഴുകിനടക്കാം. പ്രകൃതിയെയും മനുഷ്യരെയും നേരിട്ടറിയാം. ഇങ്ങനെയുള്ള കുട്ടനാൻ കഥകൾക്ക്‌ പഞ്ഞമില്ല. എന്നാൽ കരളുടഞ്ഞ്‌ കരഞ്ഞ കുട്ടനാടിനെ ഒരു സർക്കാർ കൈപിടിച്ചുയർത്തിയ കഥയുണ്ട്‌. പാടിയും പറഞ്ഞും അധികമാരും അറിയാത്ത കഥ.


ഇന്ത്യയിൽത്തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ കുട്ടനാടിന്റെ 500 ചതുരശ്ര കിലോമീറ്ററും സമുദ്രനിരപ്പിനേക്കാൾ താഴെയാണ്. സമുദ്രനിരപ്പിൽനിന്ന്‌ 2.2 മീറ്റർ താഴെ മുതൽ 0.6 മീറ്റർ മുകളിൽ വരെയാണ് ഉയരവ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ അപൂർവം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. ഇവിടെ കായല്‍ ജലനിരപ്പ് പാടത്തിനകത്തെ ജലനിരപ്പിനേക്കാള്‍ വളരെ ഉയരത്തിലാണ്. കായല്‍ ജലപ്പരപ്പില്‍നിന്ന്‌ രണ്ടു മീറ്റര്‍ വരെ താഴെയാണ് ബണ്ടിനകത്ത് കൃഷിയിറക്കുന്ന ഭൂമി. പ്രമുഖനദികളായ പമ്പ, മീനച്ചില്‍, അച്ചന്‍ കോവില്‍, മണിമല എന്നിവ വേമ്പനാട് കായലിലേക്കൊഴുകിയെത്തും. ഇ‍ൗ സവിശേഷതകളാലൊക്കെത്തന്നെ ആർത്തുപെയ്യുന്ന മഴയിൽ കുട്ടനാട്‌ മുങ്ങുന്നതും എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നതും കേരളം പലതവണ കണ്ടു. 99ലെ വെള്ളപ്പൊക്കത്തിലും 2018ലെ പ്രളയത്തിലും കേരളത്തിന്റെ ജലനാട്‌ സ്‌തംഭിച്ചു. രക്ഷാപ്രവർത്തനം അസാധ്യമായി. കുട്ടനാട്ടിനെ രണ്ടായി മുറിച്ച് പടിഞ്ഞാറ് ആലപ്പുഴയും കിഴക്ക് ചങ്ങനാശേരിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ– -ചങ്ങനാശേരി റോഡിലെത്തിയാൽ മാത്രമാണ്‌ രക്ഷാപ്രവർത്തനം സാധ്യമാകുക. വെള്ളമുയർന്നാൽ റോഡുപോലും കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു. താഴ്‌ന്ന റോഡുയർത്തിയാൽ മാത്രമേ പ്രശ്‌നത്തിന്‌ പരിഹാരമുള്ളു. ഇതു മനസ്സിലാക്കിയ എൽഡിഎ-ഫ്‌ സർക്കാർ കുട്ടനാടിന്റെ സ്വപ്‌നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും റോഡുയർത്തിപ്പണിതു. ഇന്ന്‌ കാണുന്ന എ സി റോഡ്‌ കുട്ടനാടിന്റെ ഹൃദയഭാഗത്ത്‌ ഉയർന്നു നിൽക്കുന്നത്‌ ആ ദൃഢനിശ്‌ചയത്തിന്റെ ഫലമാണ്‌.


മുൻഗണനാ പദ്ധതി


2018ൽ മഹാപ്രളയം വിഴുങ്ങിയപ്പോൾ കുട്ടനാട്ടിൽ കുടുങ്ങിയവരെ ഹെലികോപ്‌ടറിലാണ്‌ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത്‌. പ്രളയം കഴിഞ്ഞിട്ടും റോഡുകളിൽനിന്ന്‌ വെള്ളമിറങ്ങി ഗതാഗതം സാധാരണഗതിയിലാകാൻ പിന്നെയും സമയമെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന്‌ സർക്കാരിന്‌ നിർബന്ധമുണ്ടായിരുന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ മുൻകൈയെടുത്താണ് 2020 ഒക്ടോബറിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട്‌ വന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സർക്കാരിന്റെ മുൻഗണനാ പദ്ധതികളിലൊന്നായി എ സി റോഡിനെയും പ്രാഥമിക പരിഗണനയിൽ കുട്ടനാട്ടിലെ ജനങ്ങളെയും ഉൾപ്പെടുത്തി.


road


ഡിസംബറിൽ തുറക്കും


പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് റോഡ് പുനർനിർമിച്ചത്‌. ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ഒരിക്കലും റോഡിലേക്ക്‌ വെള്ളം കയറില്ല എന്നതാണിതിന്റെ പ്രത്യേകത. 649.7‌6 കോടി രൂപയായിരുന്ന പദ്ധതിത്തുക പള്ളാത്തുരുത്തി പാലത്തിന്റെ പുതുക്കിയ തുക കൂടി ചേർത്ത്‌ 679.76 കോടിയായി. പിന്നീട്‌ സാധനങ്ങളുടെ വിലയിൽ വന്ന മാറ്റവും അധിക പണികളും ജിഎസ്‌ടിയും കണക്കിലെടുത്ത്‌ തുക അനുവദിച്ചപ്പോൾ ആകെ 800 കോടിയായി. അഞ്ച് മേൽപ്പാലങ്ങൾ, നാല് വലിയ പാലങ്ങൾ, 14 ചെറുപാലങ്ങൾ, മൂന്ന് ക്രോസ്‌വേകൾ, നടപ്പാതകൾ എന്നിവ ഉൾപ്പടുന്നതാണീ സെമി എലിവേറ്റഡ് ഹൈവേ. റോഡുയർത്തി മേൽപ്പാലങ്ങളടക്കം നിർമിച്ച്‌ നവീകരിച്ചു. ചെറിയ പാലങ്ങൾ പുതുക്കിപ്പണിതു. 65 കലുങ്കുകളും വീതികൂട്ടി പുനർനിർമിച്ചു. ആലപ്പുഴ കളർകോട്‌‌ മുതൽ കോട്ടയം ചങ്ങനാശേരി പെരുന്നയിൽ അവസാനിക്കുന്ന 24 കി.മീ റോഡാണിത്‌. മൂന്ന്‌ ലയർ ടാറിങ്‌ ചെയ്തു. കിടങ്ങറ, നെടുമുടി, മുട്ടാർ എന്നിവിടങ്ങളിൽ വലിയ പാലങ്ങൾ നിർമിച്ചു. പള്ളാത്തുരുത്തിയിൽ പാലത്തിന്റെ ഏകദേശം 70 ശതമാനം പണികൾ പൂർത്തിയായി. നിലവിൽ ആർച്ചിന്റെ പണിയാണ്‌ പുരോഗമിക്കുന്നത്‌. മോശം കാലാവസ്ഥ കാരണം റോഡിന്റെ വരയിടൽ, പെയിന്റിങ്‌ തുടങ്ങിയവ ശേഷിക്കുന്നു. എ സി റോഡിന്റെ ആകെ പ്രവൃത്തിയുടെ 93 ശതമാനം പൂർത്തിയായി. ഡിസംബറിൽ ഉദ്‌ഘാടനത്തിനുള്ള തയ്യാറെടുപ്പാണ്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.


ഗതാഗത തടസ്സമില്ലാതെ ഇന്ന്‌ ആലപ്പുഴക്കാർക്ക്‌ എ സി റോഡിലൂടെ ചങ്ങനാശേരിയിലും തിരിച്ചുമെത്താം. നിർമാണം തുടങ്ങുന്ന ഘട്ടത്തിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കാൻ ശ്രമിച്ചപ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തി. തുടർന്ന്‌ നിർമാണം ആറുമാസത്തോളം വൈകി. പൊലീസ്‌ സംരക്ഷണത്തിൽ പൂർത്തിയാക്കിയ ഭാഗങ്ങളുമുണ്ട്‌. നവീകരണ സമയത്തെ നിയന്ത്രണങ്ങൾ ലംഘിച്ച്‌ വാഹനങ്ങൾ എ സി റോഡിലേക്ക്‌ കടക്കുകയും തൊഴിലാളികളെ ആക്രമിക്കുകയുംചെയ്തു. കരാർ കമ്പനിയായ ഊരാളുങ്കൽ സ്ഥാപിച്ച ഡീവിയേഷൻ ലൈറ്റും ബാരിക്കേഡും ബോർഡുകളുമടക്കം നശിപ്പിച്ചു. പണ്ടാരക്കളം പാലത്തിന്റെ സമീപത്തെ ടവർ ഉയർത്താൻ ശ്രമിച്ചപ്പോൾ സ്വകാര്യ വ്യക്തി കേസ്‌ കൊടുത്തു. നിർമാണം വൈകി. എന്നാൽ എന്തുവന്നാലും പിന്നോട്ടില്ല എന്ന നിലപാടിലായിരുന്നു സർക്കാരും നിർമാണക്കമ്പനിയും. നവീകരണ സമയങ്ങളിലാകെ ഗതാഗതം പാടെ മുടങ്ങാതെയാണ്‌ പണി ചെയ്തത്‌. പ്രശ്‌നങ്ങൾ ചർച്ചചെയ്തു പരിഹരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ മഴ ആർത്തുപെയ്‌തപ്പോഴും നദികൾ കരകവിഞ്ഞൊഴുകിയപ്പോഴും എ സി റോഡ്‌ ചതിച്ചില്ല. നാടിന്റെ അതിജീവനത്തിന്‌ ഒരു ജനകീയ സർക്കാരിന്റെ കൈയൊപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home