Deshabhimani

നിഗൂഢ ആകാശഗോളത്തിന്റെ ചുരുളഴിക്കാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 11:36 PM | 0 min read

ഛിന്നഗ്രഹത്തിന്റെ രൂപസാദൃശ്യം, ധൂമകേതുവിന്റെ  സ്വഭാവം, വിചിത്രമായ സഞ്ചാരപഥം.....സൗരയൂഥം വഴി കടന്നുപോകുന്ന ഇരുണ്ട ധൂമകേതുക്കൾ. ഇവയുടെ ചുരുളഴിക്കാൻ ശാസ്‌ത്രലോകം അധ്വാനിക്കുകയാണ്‌. നിഗൂഢ ആകാശഗോളമെന്ന വിളിപ്പേരുള്ള ഡാർക്ക്‌ കോമറ്റുകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്‌. നാസയിലെ ഗവേഷകർ അടുത്തിടെ 7 ഇരുണ്ട ധൂമകേതുക്കളെ കൂടി കണ്ടെത്തിയതോടെ ഇവയുടെ എണ്ണം 14 ആയി. നാഷണൽ അക്കാദമി ഓഫ്‌ സയൻസസ്‌ ഇതു സംബന്ധിച്ച പഠനവിവരങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. വാൽനക്ഷത്രങ്ങ (Comets) ളോടും ഛിന്നഗ്രങ്ങ (Asteroids) ളോടും സമാനതകളേറെയുള്ള ഡാർക്ക്‌ കോമറ്റുകൾ ശാസ്‌ത്രലോകത്തിന്‌ പരിചിതമായി തുടങ്ങിയത്‌ സമീപകാലത്താണ്‌. 2016ൽ 2003 ആർഎം എന്ന ഛിന്നഗ്രഹത്തെ നിരീക്ഷിക്കുമ്പോഴാണ്‌ ചില സൂചനകൾ ലഭിച്ചത്‌. സഞ്ചാരപാതയിലെ വ്യത്യസ്തതയും മറ്റും തുടർപഠനത്തിന്‌ വിധേയമാക്കി. നാസയുടെ പ്രത്യേക ടെലിസ്‌കോപ്പുവഴിയുള്ള നിരീക്ഷണങ്ങൾ 2017ൽ വിചിത്ര ബഹിരാകാശ വസ്‌തുവിന്റെ ആദ്യ സ്ഥിരീകരണത്തിലേക്ക്‌ എത്തിച്ചു. തുടർച്ചയായ നിരീക്ഷണങ്ങൾക്കൊടുവിൽ കഴിഞ്ഞവർഷം ഏഴ്‌ ഇരുണ്ട ധൂമകേതുക്കളെ ഗവേഷകർ കണ്ടെത്തി. ജ്യോതിശാസ്‌ത്ര രംഗത്ത്‌ വഴിത്തിരിവായ കണ്ടെത്തലായി ഇത്‌. ഇപ്പോൾ ഏഴെണ്ണത്തെക്കൂടി കണ്ടെത്തിയതോടെ ശാസ്‌ത്രലോകത്തിന്‌ കൗതുകം ഏറിയിരിക്കുകയാണ്‌.  

ചൊവ്വക്കും വ്യാഴത്തിനുമിടയിലുള്ള ആസ്‌ട്രോയിഡ്‌ ബെൽറ്റിൽനിന്നാണ്‌ ഡാർക്ക്‌ കോമറ്റുകൾ വരുന്നതെന്നാണ്‌ ഇപ്പോഴുള്ള നിഗമനം. നമ്മുടെ സൗരയൂഥത്തിന്‌ അപ്പുറത്തുനിന്ന്‌ വരുന്നവയാണെന്നും മറ്റൊരു വാദമുണ്ട്‌. ഛിന്നഗ്രഹങ്ങളുടെ സമാനഘടനയാണെങ്കിലും ഇവ വാൽനക്ഷത്രങ്ങളെ പോലെ വാതകങ്ങൾ പുറന്തള്ളുന്നുവെന്നതാണ്‌ പ്രത്യേകത. വാൽനക്ഷത്രങ്ങൾക്കുള്ളതുപോലെ വാലോ, വാതകാവരണമായ കോമയോ ഇല്ല എന്നതും സവിശേഷത.

ഇതിനുപിന്നിലുള്ള യഥാർഥ കാരണം എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ഗവേഷകർ. ഭൂമിയിൽ ജീവന്റെ സാന്നിധ്യം ഉണ്ടായത്‌  ഇത്തരത്തിലുള്ള ഛിന്നഗ്രഹങ്ങളാകാമെന്നും ഗവേഷകർ പറയുന്നു. വലുപ്പത്തിലും രൂപത്തിലും വ്യത്യാസമുള്ള ഇവയിൽ  ദീർഘവൃത്താകൃതിയിലും വൃത്താകൃതിയിലും പരിക്രമണം ചെയ്യുന്നവയുണ്ട്‌. ലക്ഷക്കണക്കിന്‌ വർഷങ്ങളെടുത്ത്‌ സൂര്യനുസമീപം എത്തി മടങ്ങുന്നവയും ഉള്ളതായും ഗവേഷകർ പറയുന്നു. പരിക്രമണപഥം, വേഗത തുടങ്ങിയവയിലെല്ലാം വ്യത്യസ്തത പുലർത്തുന്ന ഇരുണ്ട ധൂമകേതുക്കൾ ഭാവിയിൽ ഭൂമിക്ക്‌ ഭീഷണിയായേക്കാമെന്നും മുന്നറിയിപ്പുണ്ട്‌. എന്തായാലും ഇവയുടെ ഉത്‌ഭവം, സഞ്ചാരപഥം, വേഗത, അടങ്ങിയിരിക്കുന്ന വസ്‌തുക്കൾ തുടങ്ങിയവയെ പറ്റി എല്ലാം പഠനങ്ങൾ തുടരുകയാണ്‌.



deshabhimani section

Related News

0 comments
Sort by

Home