അപകടകാരിയായ ഇവിഡി 68

വ്യത്യസ്തതരം വൈറസുകൾ മൃഗങ്ങളിലും സസ്യ ങ്ങളിലും വിവിധ അണുബാധകൾക്ക് കാരണമാകാറുണ്ട്. ജലദോഷംമുതൽ കോവിഡ്-19, എയ്ഡ്സ് പോലെ അതിമാരകമായ അസുഖങ്ങളുടെയും കാരണക്കാരൻ വൈറസാണ്. മനുഷ്യശരീരത്തെ ബാധിക്കുന്ന ചില വൈറസുകൾ സ്വയം അപ്രത്യക്ഷമാകാറുണ്ട്. എന്നാൽ ചിലത് വിട്ടുമാറാത്തതോ, വൈകല്യങ്ങൾ സൃഷ്ടിക്കുന്നതോ, ജീവന് ഹാനികരമാകുന്നതോ ആയ രോഗങ്ങൾക്ക് കാരണമാകുന്നു. കുട്ടികളിൽ പോളിയോക്ക് സമാന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ഇവിഡി 68 വൈറസ് അമേരിക്കയിൽ ചിലയിടങ്ങളിൽ പടർന്നുപിടിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് വന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഈ വൈറസുകൾ കുട്ടികളിൽ പക്ഷാഘാതം വരുത്തും. നാഡീ സംബന്ധമായ രോഗലക്ഷണങ്ങൾക്ക് കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്സിനോ മറ്റ് മരുന്നുകളോ കണ്ടെത്തിയിട്ടില്ല.
എന്ററോവൈറസ്-
പിക്കോർണവിറിഡെ കുടുംബത്തിൽപ്പെടുന്ന എന്ററോവൈറസ്- ഡി 68നെ കണ്ടെത്തിയത് 1962ൽ കലിഫോർണിയയിൽനിന്നാണ്. നൂറിലധികം തരം വൈറസുകൾ ഉൾപ്പെടുന്ന പോളിയോ വൈറസ് ഗ്രൂപ്പിൽപ്പെടുന്നവയാണിത്. മലിനജലത്തിൽ കാണുന്ന ഇവ ശരീരത്തിലെത്തിയാൽ ജലദോഷം പോലുള്ള ചെറിയ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കാണിക്കും. ദിവസങ്ങൾ കഴിയുന്തോറും രോഗലക്ഷണങ്ങൾ സങ്കീർണമാവുകയും ശ്വാസകോശത്തെയും നാഡീവ്യൂഹത്തെയും ബാധിക്കുകയും ചെയ്യും.
അക്യൂട്ട് ഫ്ലാസിഡ് മൈലറ്റിസ്
എന്ററോവൈറസ്- ഡി 68 ബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ഗുരുതര രോഗാവസ്ഥയ്ക്ക് പറയുന്ന പേരാണ് അക്യൂട്ട് ഫ്ലാസിഡ് മൈലറ്റിസ്. 2014ലാണ് ഇവമൂലം ഉണ്ടാകുന്ന ഗുരുതര രോഗാവസ്ഥകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. മനുഷ്യരിൽ മൂക്കൊലിപ്പ്, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ച് വന്നുപോകുന്ന ഈ വൈറസുകൾ അപൂർവ സന്ദർഭങ്ങളിൽ അപകടകാരിയാകും. വൈറസ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞാൽ കൈകാലുകൾക്ക് ദുർബലാവസ്ഥ അനുഭവപ്പെടും. മുഖത്ത് തളർച്ച, മന്ദഗതിയിലുള്ള സംസാരം, മസിൽ ടോൺ നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങളും കണ്ടുതുടങ്ങും. നാഡീവ്യൂഹത്തിലെ മോട്ടോർ ന്യൂറോണുകളെ ബാധിക്കുന്ന രോഗം പോളിയോ രോഗത്തോട് ഏറെ സാമ്യം കാണിക്കുന്നുണ്ട്. ശ്വസനത്തിന് സഹായിക്കുന്ന പേശികളെ സാരമായി ബാധിക്കുന്ന ഇവ രക്തസമ്മർദം, ശരീര താപനില, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കുന്നതിൽ തടസ്സം സൃഷ്ടിക്കും. രോഗബാധിതരായ കുട്ടികളിൽ നടത്തിയ പരിശോധനയിൽ കൈകാലിലും പേശികളുടെ ബലക്ഷയം, ശ്വാസതടസ്സം, തലച്ചോറിലും ഹൃദയത്തിലും പേശികളുടെ വീക്കം എന്നിവ കണ്ടെത്തി.
പകർച്ച
രോഗിയുടെ ഉമിനീർ, കഫം, മലം എന്നിവയിലൂടെയാണ് വൈറസുകൾ മറ്റൊരാളിലേക്ക് എത്തുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുന്നതും മുൻകരുതൽ മാർഗങ്ങളാണ്. ചിലർ ഈ രോഗത്തിൽനിന്ന് തനിയെ മുക്തരാവുകയും വൈറസുകൾ ശരീരത്തിൽനിന്ന് താനേ അപ്രത്യക്ഷമാവുകയും ചെയ്യും. ഈ അപകടകാരിയായ വൈറസിനെ പ്രതിരോധിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്‌ത്രലോകം.
Related News

0 comments