22 August Thursday

#അവള്‍ക്കൊപ്പം, #അവനൊപ്പം,#സിനിമയ്ക്കൊപ്പം

ഗിരീഷ് ബാലകൃഷ്ണൻUpdated: Sunday Dec 31, 2017

വിമൻ ഇൻ സിനിമ കളക്ടീവ് പ്രവർത്തകർ മുഖ്യമന്ത്രിക്കൊപ്പം

സിനിമയ്ക്കു പുറത്തെ സിനിമ ചർച്ചയാകുകയും താരസ്വരൂപങ്ങൾക്ക് മുമ്പില്ലാത്തവിധം ഇളക്കം തട്ടുകയും ചെയ്ത സിനിമാവർഷമാണ് വിടപറയുന്നത്. താരജീവിതംതന്നെ സിനിമക്കഥയായി. പ്രേക്ഷകരെ ചിരിപ്പിച്ചും കരയിച്ചും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന പെൺകുട്ടിക്ക് പഴയ കൊച്ചിയല്ലാതായി മാറിയ കൊച്ചിയിൽ ഒരു രാത്രി നേരിട്ട ദുരനുഭവം മലയാള ചലച്ചിത്രവ്യവസായത്തിന്റെ പിൽക്കാലയാത്രയുടെതന്നെ ഗതിമാറ്റുന്നതായി. ജനപ്രിയനായകൻ ദിലീപിന്റെ അറസ്റ്റും 85 ദിവസം നീണ്ട ജയിൽവാസവും സിനിമയ്ക്കുള്ളിലെയും പുറത്തെയും പെൺരോഷത്തെ ആളിക്കത്തിച്ചു. കേസിൽ എട്ടാംപ്രതിയായ ദിലീപിനെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും ചലച്ചിത്രമേഖലയിൽ അനിവാര്യമായ ആഭ്യന്തരകലഹത്തിന് അത് വഴിവച്ചു. അമ്മ എന്ന താരസംഘടനയുടെ ആൺകോയ്മമുഖം പിച്ചിച്ചീന്തി. വെള്ളിത്തിരയിൽ വില്ലന്മാരെ ഫുട്‌ബോൾപോലെ തട്ടിയകറ്റുന്ന മമ്മൂട്ടിയും മോഹൻലാലുമെല്ലാം ചാനൽ ക്യാമറകൾക്കുമുന്നിൽ ഇത്രമേൽ നിസ്സഹായരും മൗനികളുമായി മാറുന്നത് പുതിയ കാഴ്ചയായി. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ ഒരു പുതിയ യുവനിര താരസ്വരൂപങ്ങളെ പരസ്യമായി ചോദ്യംചെയ്തു. സ്ത്രീകൾക്കായി വിമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടന ജനിച്ചത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അവരെടുത്ത സെൽഫി വരുംകാല സിനിമാചരിത്രത്തിന്റെ ആൽബത്തിലേക്കുള്ള 2017ന്റെ അടയാളപ്പെടുത്തലായി. അവൾക്കൊപ്പവും അവനൊപ്പവുമായി ആരാധകർ ചേരിതിരിഞ്ഞപ്പോൾ മലയാളസിനിമയിലെ ലിംഗനീതിയെക്കുറിച്ചുള്ള ചൂടുള്ള ചർച്ചകൾക്ക് സാമൂഹ്യമാധ്യമങ്ങൾ തിരികൊളുത്തി. സിനിമയിൽ തന്റെ ശരീരഭാഗങ്ങൾ എന്ന് തോന്നിക്കുംവിധം ബോഡിഡബിൾ ഉപയോഗിച്ച സംവിധായകനെ ചോദ്യംചെയ്യാൻ താരതമ്യേന പുതുമുഖമായ ഒരു നടി ചങ്കൂറ്റം കാട്ടിയത് പെൺകൂട്ടായ്മയുടെമാത്രം പിന്തുണകൊണ്ടല്ല, അത്തരം അനീതികൾ ചോദ്യംചെയ്യാനുള്ള പൊതുബോധം സമൂഹത്തിൽ രൂപപ്പെട്ടതുകൊണ്ടുകൂടിയാണ്.
 
പക്ഷേ, ആരാധകക്കൂട്ടം അത്ര നിഷ്‌കളങ്കരല്ലെന്നും പിന്നീട് ബോധ്യപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ദിലീപിനെ ബോക്‌സ് ഓഫീസ് വിജയത്തിലൂടെ കുറ്റവിമുക്തനാക്കാനാണ് രാമലീലയുടെ റിലീസ് വേളയിൽ ആരാധകപ്പറ്റം ശ്രമിച്ചത്. സ്വന്തം നിലപാട് തുറന്നുപറയുന്ന ആഷിഖ് അബുവിനെയും റിമ കല്ലിങ്ങലിനെയും പോലുള്ളവരുടെ സിനിമകളെ ബോക്‌സ് ഓഫീസിൽ വീഴ്ത്താൻ സംഘടിതമായ പ്രചാരവേലകളുണ്ടായി. നിസ്സഹകരണവും അവഗണനയും ആയുധമാക്കി. സൂപ്പർതാരങ്ങളോട്  ചോദ്യമുന്നയിക്കാൻ തുനിഞ്ഞതിനാലാണ് പാർവതി, അന്ന രാജൻ എന്നീ നടികൾക്ക് ഓൺലൈൻ വേട്ടയാടലിന് ഇരയാകേണ്ടിവന്നത്.
 

തൊണ്ടിമുതലുമായി ദൃക്‌സാക്ഷികൾ

സംഘടിത സിനിമാപ്രസ്ഥാനങ്ങളെയെല്ലാം നിയന്ത്രിക്കുന്ന സൂപ്പർതാര കുത്തകവാഴ്ച മുമ്പില്ലാത്തവിധം വെല്ലുവിളിക്കപ്പെടുകയും നിസ്സാരവൽക്കരിക്കപ്പെടുകയും ചെയ്തു. അവൾക്കൊപ്പവും അവനൊപ്പവും നിൽക്കുന്നവരെ കൂടാതെ നല്ല സിനിമയ്‌ക്കൊപ്പവും വലിയ നിര രൂപപ്പെടുന്നുവെന്നാണ് 2017ന്റെ ക്ലൈമാക്‌സിലെ ഉന്മേഷദായകമായ കാഴ്ച. ആവേശകരമായ രണ്ടുതരം മാറ്റങ്ങൾ പ്രകടം. വിപണിസമ്മർദങ്ങളെ പൂർണമായി അവഗണിച്ച് ഗൗരവമുള്ള കലാരൂപമെന്നനിലയിൽ സിനിമയെ സമീപിക്കുന്ന യുവചലച്ചിത്രപ്രവർത്തകർ മികച്ച രചനകൾ സൃഷ്ടിക്കുന്നു. അവ അംഗീകരിക്കപ്പെടുന്നു. വിപണിക്കുള്ളിൽ നിന്നുകൊണ്ട് മുഖ്യധാരയെ നവീകരിക്കാൻ ശ്രമിക്കുന്ന ധൈര്യശാലികൾക്ക് ലഭിക്കുന്ന വർധിച്ച ജനകീയ പിന്തുണയാണ് 2017ലെ ഏറ്റവും ആവേശകരമായ അനുഭവം. സനൽകുമാർ ശശിധരന്റെ എസ് ദുർഗ, ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം, സന്തോഷ്സതീഷ് ബാബുസേനൻമാരുടെ മറവി, പ്രിയനന്ദനന്റെ പാതിരക്കാലം, ഷെറിയുടെ ഗോഡ്‌സെ, സഞ്ജു സുരേന്ദ്രന്റെ  ഏദൻ, പ്രേംശങ്കറിന്റെ രണ്ടുപേർ, കെ പി ശ്രീകൃഷ്ണന്റെ നായിന്റെ ഹൃദയം, സജി പാലമേലിന്റെ ആറടി, പി ടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൻസൂർ, ഹരികുമാറിന്റെ ക്ലിന്റ്, അനിൽ തോമസിന്റെ മിന്നാമിനുങ്ങ് എന്നിങ്ങനെ നല്ല സിനിമയുടെ ഒറ്റയടിപ്പാതയിലൂടെ നടന്നവരുടെ എണ്ണം പെരുകി. എന്നാൽ, മുഖ്യധാരയെ നവീകരിക്കാൻ ശ്രമിക്കുന്നവരുടെ വിജയങ്ങൾക്ക് പോരാട്ടമികവ് ഏറെയുണ്ട്.
 
സാധാരണക്കാരുടെയെല്ലാം പൊതുവിനോദ ഉപാധിയായ മാധ്യമത്തിലേക്ക് ഉൾക്കാഴ്ചയും കാമ്പുമുള്ള രാഷ്ട്രീയബോധവും പുത്തൻ സങ്കേതങ്ങളും പരീക്ഷിക്കാൻ ഒരു ദശകത്തിനിടെ നടക്കുന്ന ന്യൂജനറേഷൻ പരിശ്രമങ്ങൾ അർഥം കണ്ടെത്തിയിരിക്കുന്നു. സൂപ്പർതാരങ്ങളുടെ ചില്ലുകൊട്ടാരങ്ങളിൽനിന്ന് സിനിമയെ ജനകീയമാക്കാനും സാധാരണമാക്കാനും അവർക്ക് സാധിക്കുന്നു. കാലഘട്ടത്തിന്റെ മാറ്റം തിരിച്ചറിയാതെ പഴയ സൂത്രവാക്യസിനിമകൾ പൊടിതട്ടിയെടുത്ത് പുലിമുരുകന്മാരെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഇപ്പോഴും സാമ്പത്തികവിജയം നേടാനാകുന്നു. എന്നാൽ, സാങ്കേതികമായി ഒപ്പിച്ചെടുക്കുന്ന അത്തരം വിജയങ്ങളുടെ എണ്ണം കുറഞ്ഞു. ഈ വർഷമിറങ്ങിയ 131 സിനിമകളിൽ സാമ്പത്തികവിജയം നേടിയത് വിരലിലെണ്ണാവുന്നവമാത്രം. എന്നാൽ, കോടി ക്ലബുകളിലേക്ക് കയറിയ ഫോർമുല സിനിമകൾക്കുമുന്നിൽ 2017ലെ ചില സിനിമകൾ നെഞ്ചുംവിരിച്ച് നിൽക്കുന്നു.
 
ദിലീഷ്‌പോത്തൻ ശ്യാം പുഷ്‌കരൻ രാജീവ് രവി ടീമിന്റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും പോയവർഷത്തെ ഏറ്റവും സാർഥകമായ സിനിമാനുഭവമായി. മഹേഷിന്റെ പ്രതികാരത്തിന്റെ വിജയം ഒരു കൈയബദ്ധമല്ലെന്ന് ദിലീഷ്‌പോത്തൻ തെളിയിച്ചു. സജീവ് പാഴൂർ എന്ന മികച്ച തിരക്കഥാകൃത്തിന്റെ വരവും സിനിമ പ്രഖ്യാപിച്ചു. 
അങ്കമാലി ഡയറീസ്

അങ്കമാലി ഡയറീസ്

താരകേന്ദ്രീകൃത സിനിമാചട്ടക്കൂടുകളെ പൊളിച്ചെഴുതുന്ന വിജയമാണ് ലിജോ ജോസ് പെല്ലിശേരി അങ്കമാലി ഡയറീസിലൂടെ നേടിയത്. 86 പുതുമുഖങ്ങളെ അണിനിരത്തിയ സിനിമയിലെ കട്ടലോക്കൽ ജീവിതം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിച്ചു. ലിജോയുടെ ഈവർഷത്തെ രണ്ടാംസിനിമ ഈ.മ.യൗ. വർഷാവസാനം റിലീസ് പ്രഖ്യാപിച്ചെങ്കിലും മാറ്റിവച്ചു. ഈ.മ.യൗ. വൻ പ്രതീക്ഷയാണ് ഉയർത്തിരിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച സിനിമയുമായാണ് ആഷിഖ് അബു ഡിസംബർ അവസാനവാരമെത്തിയത്. രണ്ടു പരാജിതരുടെ പരാജയപ്പെട്ട പ്രണയം അതിതീക്ഷ്ണമായി പറയുന്ന മായാനദി എല്ലാ തിരസ്‌കരണപ്രചാരണങ്ങളെയും അതിജീവിച്ച് മികച്ച അഭിപ്രായം സൃഷ്ടിച്ചു. പുതിയകാലത്തെ ചലച്ചിത്ര ആസ്വാദകർക്ക് അവഗണിക്കാനാകാത്ത ചിത്രം. മലയാളസിനിമയുടെ പ്രമേയപരിസരം അന്താരാഷ്ട്രനിലവാരത്തിലേക്ക് വിശാലമാക്കിയ ടേക്ക് ഓഫിലൂടെ തീക്ഷ്ണമായ സിനിമാനുഭവമാണ് പങ്കുവച്ചത്. ഇറാഖിലെ യുദ്ധമേഖലയെ പുനഃസൃഷ്ടിക്കുന്നതിലും യഥാർഥ ജീവിതാനുഭവമൊരുക്കുന്നതിലും എഡിറ്റർകൂടിയായ സംവിധായകൻ മഹേഷ് നാരായണൻ അപാരമായ കൈത്തഴക്കം പ്രകടമാക്കി. 
 

ചെറുസിനിമകളുടെ വിജയം 

അവകാശവാദങ്ങളൊന്നുമില്ലാതെയാണ് രഞ്ജൻ പ്രമോദിന്റെ രക്ഷാധികാരി ബൈജു ഒപ്പ്, നീരജ് മാധവൻ നായകനായ പൈപ്പിൻ ചുവട്ടിലെ പ്രണയം തുടങ്ങിയ വേറിട്ട സംരംഭങ്ങൾ ഭേദപ്പെട്ട വിജയം സ്വന്തമാക്കിയത്.
 
നടൻ സൗബിൻ ഷാഹിർ കാമ്പുള്ള സംവിധായകനാണെന്ന് പറവ തെളിയിച്ചു. സിനിമയിൽ ഇച്ചാപ്പിയെയും ഹസീബിനെയും അവതരിപ്പിച്ച  അമൽ ഷാ, ഗോവിന്ദ് വി പൈ എന്നീ ബാലതാരങ്ങൾ മലയാളസിനിമയ്ക്കുള്ള സൗബിന്റെ കണ്ടെത്തലായി. നിവിൻ പോളി നിർമിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആസിഫ് അലിയുടെ സൺേഡ ഹോളിഡേ, ബേസിൽ ജോസഫിന്റെ ഗോദ, എന്നിവ ഫീൽഗുഡ് സിനിമകളുടെ മികച്ച വിജയമായി.
 
ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ശക്തമായ രചനകളും ഈവർഷമുണ്ടായി. സിദ്ധാർഥ് ഭരതന്റെ സഖാവും അമൽ നീരദ് ദുൽഖർ സൽമാൻ ടീമിന്റെ സിഐഎയും ടൊവിനോയുടെ മെക്‌സിക്കൻ അപാരതയും പുതിയ തലമുറ പ്രേക്ഷകർ ആവേശപൂർവം ഏറ്റെടുത്തു. രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദൻതോട്ടവും പുണ്യാളൻസ് പ്രൈവറ്റ് ലിമിറ്റഡും ഉള്ളടക്കത്തിന്റെ ശക്തികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കിയില്ലെങ്കിലും തരംഗം, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, സോളോ എന്നിവ പ്രമേയപരിചരണത്തിന്റെ നവീനതകൊണ്ട് സംവിധായകരുടെ സാന്നിധ്യമറിയിച്ചു.
വിശ്വാസപൂർവം മൻസൂർ

വിശ്വാസപൂർവം മൻസൂർ

ഫഹദ് ഫാസിലിന്റെ കള്ളൻ

തൊണ്ടിമുതലിലെ പേരില്ലാക്കള്ളൻ ഫഹദ് ഫാസിലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി. കഥാപാത്രത്തിന്റെ ദുരൂഹതയും പരിതോവസ്ഥയും ശരീരചലനങ്ങളിലൂടെ ഒളിപ്പിച്ച് പ്രകടിപ്പിക്കാനാകുന്നത് അഭിനേതാവ് എന്ന നിലയിൽ ഫഹദിന്റെ അപാരമായ വളർച്ച അടിവരയിടുന്നു. റോൾ മോഡൽസും ടേക്ക് ഓഫും ഫഹദിന്റെ തീർത്തും വ്യത്യസ്തമായ അവതാരങ്ങളായിരുന്നു.
ഗോദ, മെക്‌സിക്കൻ അപാരത, തരംഗം, മായാനദി എന്നിങ്ങനെ ശ്രദ്ധേയ ചിത്രങ്ങളുമായി ടൊവിനോ 2017ലെ യുവനായകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടി. 'സഖാവി'ലെ ഇരുത്തംവന്ന പ്രകടനവുമായി നിവിൻ പോളി കരിയറിലെ പുതിയ ചുവടുവയ്പ് നടത്തി. 'റിച്ചി'യിലൂടെ തമിഴിലും അരങ്ങേറി. നിർമാതാവായും നടനായും ആസിഫ് അലി നേട്ടംകൊയ്തു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, കാറ്റ് എന്നിവ ആസിഫിന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തു.
 
ചെറുസിനിമകളുമായി ബിജുമേനോൻ ചെറുവിജയങ്ങൾ ആഘോഷിച്ചു. കുഞ്ചാക്കോ ബോബൻ സ്വഭാവവേഷങ്ങളിലേക്ക് ചുവടുമാറ്റി. നായകവേഷത്തിൽ മൂന്ന് സിനിമകളുമായി വിനീത് ശ്രീനിവാസനും സജീവമായിരുന്നു.
 

സുരാജിന്റെ പ്രതികാരം

കോമഡി ചട്ടക്കൂടിൽനിന്ന് സ്വഭാവനടനിലേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ പൂർണമായ പരകായപ്രവേശനത്തിനും 2017 സാക്ഷിയായി. തൊണ്ടിമുതലിലും വർണ്യത്തിൽ ആശങ്കയിലും നായകതുല്യമായ വേഷമാണ് സുരാജിന്. സാധാരണക്കാരുടെ അതിസാധാരണമായ ഭാവങ്ങൾ പകർത്താനുള്ള അനിതരസാധാരണമായ ശേഷി സുരാജിനുണ്ടെന്ന് ദേശീയ പുരസ്‌കാര നിർണയ ജൂറിക്കുപിന്നാലെ മലയാളിപ്രേക്ഷകർക്കും ബോധ്യപ്പെട്ട വർഷം. പറവ, കെയർ ഓഫ് സൈറബാനു എന്നീ ചിത്രങ്ങളിലൂടെ യുവതാരം ഷെയ്ൻ നിഗം ശ്രദ്ധിക്കപ്പെട്ടു.
 

പ്രകാശം പരത്തുന്ന പാർവതി

നിലപാടുകൾ തുറന്നുപറയാൻ മടിയില്ലാത്ത പാർവതി സിനിമയ്ക്കുള്ളിലും പുറത്തും വ്യക്തിത്വമുള്ള പെണ്ണിനെ കാട്ടിത്തന്നു. മലയാളി നേഴ്‌സുമാരുടെ നീറുന്ന ജീവിതപ്രതിസന്ധികൾ അവതരിപ്പിക്കാൻ ടേക്ക് ഓഫിലെ സമീറയിലൂടെ അവർക്കായി. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യമലയാളിയായി പാർവതി. ഇർഫാൻഖാനൊപ്പം ബോളിവുഡ് അരങ്ങേറ്റവും മികച്ചതാക്കി.
 
ഉദാഹരണം സുജാത, കെയർ ഓഫ് സൈറാബാനു എന്നിവയിലൂടെ മഞ്ജു വാര്യർ അത്ഭുതങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും പ്രേക്ഷകപിന്തുണ വെളിപ്പെടുത്തി. മിന്നാമിനുങ്ങിലെ പ്രകടനത്തിലൂടെ സുരഭിലക്ഷ്മി ദേശീയ അവാർഡ് നേടി. എന്നാൽ, തിയറ്ററുകളിൽ പ്രേക്ഷകർ സിനിമയെ കൈയൊഴിഞ്ഞത് വേദനാജനകമായ കാഴ്ചയായി.
സുരഭിലക്ഷ്മി

സുരഭിലക്ഷ്മി

ആട് വിജയം

 
പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാംഭാഗം ഇറങ്ങുക. റിലീസ് ദിനംമുതൽ ഹൗസ് ഫുള്ളായി ഓടുക എന്നത് മലയാളസിനിമയിൽ മുമ്പ് സംഭവിച്ചിട്ടില്ലാത്തവയാണ്. തിയറ്ററുകൾ ഒരിക്കൽ കൈവിട്ടാലും സിനിമയ്ക്ക് പ്രേക്ഷകരെ കിട്ടുമെന്ന് ഷാജിപാപ്പനും കൂട്ടരും തെളിയിച്ചു. സിനിമയുടെ ഡിവിഡി റിലീസിങ്ങിനുള്ള പ്രാധാന്യം ആട് രണ്ടിന്റെ വിജയം ഓർമിപ്പിക്കുന്നു.
 

പുതുമുഖങ്ങളുടെ ജിമിക്കി കമ്മൽ

ഒരു മലയാളം ചലച്ചിത്രഗാനത്തിന് ഇന്നേവരെ ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച വരവേൽപ്പാണ് വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലിന് ലഭിച്ചത്. ആറുകോടിയിലേറെപ്പേർ ലോകമെമ്പാടും യു ട്യൂബിൽ പാട്ടുകേട്ടു. പാട്ടിനൊപ്പം നൃത്തം ചെയ്തവർപോലും താരങ്ങളായി. ഷാൻ റഹ്മാൻ ഈണമിട്ട പാട്ട് തമിഴ്‌നാട്ടിലും ഹോളിവുഡിലുംവരെ ചലനമുണ്ടാക്കി. അങ്കമാലി ഡയറീസിലൂടെ ലിജോ അവതരിപ്പിച്ച അപ്പാനി രവി എന്ന ശരത്കുമാർ ഈവർഷത്തെ കണ്ടെത്തലായി. ആന്റണി വർഗീസ്, അന്ന രേഷ്മ രാജൻ എന്ന ലിച്ചി എന്നീ പുതുമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടു. തൊണ്ടിമുതലിലൂടെ ദിലീഷ്‌പോത്തൻ പരിചയപ്പെടുത്തിയ നായിക നിമിഷ സജയൻ മലയാളസിനിമയ്ക്കുള്ള മുതൽക്കൂട്ടായി. സിബി തോമസിനെപ്പോലെ പൊലീസുകാരായ മികച്ച അഭിനേതാക്കളെയും സിനിമ സമ്മാനിച്ചു. എന്നാൽ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നീ രണ്ട് സിനിമകൾകൊണ്ട് മലയാളത്തിലെ മികച്ച നടിമാരുടെ ഗണത്തിലേക്ക് ഉയരുന്ന പ്രകടനമാണ് ഐശ്വര്യലക്ഷ്മി എന്ന പുതുമുഖം പുറത്തെടുത്തത്. വാമിക ഗബ്ബി എന്ന പഞ്ചാബി നടിയെ ഗോദ മലയാളത്തിൽ എത്തിച്ചു. വില്ലനിലൂടെ വിശാൽ, ഹൻസിക, രാഷി ഖന്ന എന്നിവരും എസ്രയിലൂടെ പ്രിയ ആനന്ദും സഖാവ്, ജോമോന്റെ സുവിശേഷങ്ങൾ എന്നിവയിലൂടെ ഐശ്വര്യ രാജേഷും മലയാളത്തിൽ സാന്നിധ്യമറിയിച്ചു. ശാന്തികൃഷ്ണ, അമല തുടങ്ങിയ മുൻകാലനടികളുടെ തിരിച്ചുവരവിനും 2017 അവസരമൊരുക്കി.
 

ബോക്‌സ് ഓഫീസ് ലീലകൾ

പുലിമുരുകനിലൂടെ 150 കോടി ക്ലബ്ബിൽ കയറിയ നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം ഈവർഷവും പണംവാരി. ദിലീപിന്റെ രാമലീല ഇന്നേവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രീപബ്ലിസിറ്റിയുമായാണ് പൂജ അവധിക്കാലത്ത് അവതരിച്ചത്. ദിലീപ് ആരാധകരുടെ അഭിമാനപോരാട്ടമായി മാറിയ സിനിമ 80 കോടി ക്ലബ്ബിൽ കയറിയെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. പുതുമുഖ സംവിധായകനായ അരുൺ ഗോപിയുടെ ചിത്രം തമിഴ്‌നാട്ടിലും വിദേശത്തും റിലീസ് ചെയ്തു. ഈവർഷം കേരളവിപണിയിൽനിന്ന് പണം വാരിയ സിനിമകളിൽ  ബാഹുബലിയുടെ രണ്ടാംഭാഗവുമുണ്ട്. കേരളത്തിൽനിന്നുമാത്രം എസ് എസ് രാജമൗലി ചിത്രം 75 കോടി സമ്പാദിച്ചെന്നാണ് വിവരം. മോഹൻലാലിന്റെ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികൾ തളിർത്തപ്പോൾ 35 കോടിയോളം നേടി. കാര്യമായ അഭിപ്രായം ഉയർത്താതെ പോയ മമ്മൂട്ടിച്ചിത്രം ദ ഗ്രേറ്റ് ഫാദർ ആദ്യദിനത്തിൽമാത്രം നാലരക്കോടി നേടിയെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്.  പൃഥ്വിരാജിന്റെ പ്രേതസിനിമ എസ്രയും വിപണി ആഘോഷമാക്കി. സത്യൻ അന്തിക്കാട് ശ്രേണിയിലെ അവസാനചിത്രം ജോമോന്റെ സുവിശേഷങ്ങൾ ഈവർഷം ആദ്യത്തെ തിയറ്റർവിജയമായി.
 
സൗബിൻ ഷാഹിറിന്റെ കന്നി സംവിധാനസംരംഭം പറവയും ബോക്‌സ് ഓഫീസിൽ ഉയരത്തിൽ പറന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, സിഐഎ, ആദം ജോൺ, ടേക്ക് ഓഫ്,  അങ്കമാലി ഡയറീസ്, ഉദാഹരണം സുജാത തുടങ്ങിയവയും നിർമാതാക്കളെ തൃപ്തരാക്കി. ടീനേജ് പ്രണയ സാഹസങ്ങളുമായെത്തിയ ഒമർ ലുലുവിന്റെ ചങ്ക്‌സ് അപ്രതീക്ഷിതമായി നേട്ടമുണ്ടാക്കി. ആദ്യദിനങ്ങളിൽ ആളില്ലാതിരുന്ന സിനിമ കോളേജ് കുട്ടികളുടെ തിക്കിത്തിരക്കിനെതുടർന്ന് ക്രമേണ പത്തുകോടിയിലേറെ കലക്ഷനുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ബോളിവുഡിൽ ശ്രദ്ധേയനായ യുവസംവിധായൻ ബിജോയ് നമ്പ്യാർ ദുൽഖറിനെ നായകനാക്കി ഒരുക്കിയ സോളോ വേറിട്ട അനുഭവമൊരുക്കിയെങ്കിലും തിയറ്റർ കലക്ഷനിൽ പിന്നിലായി. മികച്ച ദൃശ്യങ്ങളും സംഗീതവും സ്വീക്വൻസുകളുമുള്ള ചിത്രം പത്തുകോടിയിൽ താഴെമാത്രമാണ് തിയറ്ററുകളിൽനിന്ന് നേടിയത്. 
 
ഏറെ പ്രതീക്ഷ ഉയർത്തിയശേഷം പ്രേക്ഷകരെ നിരാശരാക്കിയ ചിത്രങ്ങളും നിരവധി. ഹണിബീരണ്ട് ഉദാഹരണം. മമ്മൂട്ടിയുടെ ശ്യാംധർ ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, ബിയോണ്ട് ദ ബോർഡേഴ്‌സ്, പൃഥ്വിരാജിന്റെ ടിയാൻ, ജയസൂര്യയുടെ ഫുക്രി എന്നിങ്ങനെ പട്ടിക നീളുന്നു.
 
ൌിിശഴശൃശ@ഴാമശഹ.രീാ
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top