29 January Saturday

നവോത്ഥാനത്തിന്റെ മണിമുഴക്കത്തിന്‌ 90

കെ വി അബ്ദുൾ ഖാദർUpdated: Sunday Oct 31, 2021

വർഷങ്ങൾക്കുശേഷം ഗുരുവായൂരിലെത്തിയ കെ കേളപ്പൻ മഞ്‌ജുളാൽത്തറയിൽ പ്രസംഗിക്കുന്നു (1970കളിലെ ഫയൽ ചിത്രം)

ഗുരുവായൂർ ക്ഷേത്രത്തിൽ അധഃസ്ഥിതർക്ക്‌ പ്രവേശിക്കാനാകുമെന്ന്‌ ചിന്തിക്കാൻ പോലും കഴിയാത്ത കാലമുണ്ടായിരുന്നു. തൊണ്ണൂറു വർഷംമുമ്പ്‌ ഒരു സമരം എല്ലാം മാറ്റി മറിച്ചു. ജാതിമേധാവിത്വത്തെ അടിമുടി ഉലച്ചു ആ സമരം. നമ്മുടെ  നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ ഗുരുവായൂർ സത്യഗ്രഹത്തെക്കുറിച്ച്‌

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ ഇതിഹാമാനമാർന്ന അധ്യായമാണ്‌ ഗുരുവായൂർ ക്ഷേത്രപ്രവേശന സമരം. ജാതിമേധാവിത്വത്തിന്റെ അസ്‌തിവാരമിളക്കിയ ആ പോരാട്ടത്തിന് 90 വർഷം പൂർത്തിയാകുന്നു.

കെ കേളപ്പൻ ക്യാപ്റ്റനും എ കെ ജി വളന്റിയർ ക്യാപ്റ്റനുമായി ഗുരുവായൂരിൽ ക്ഷേത്ര പ്രവേശനത്തിനായി സത്യഗ്രഹം തുടങ്ങുന്നത് 1931 നവംബർ ഒന്നിന്‌. ആ സമരം സൃഷ്‌ടിച്ച ആവേശവും ആത്മവിശ്വാസവും കേരളത്തിന്റെ സാമൂഹ്യചരിത്രംതന്നെ മാറ്റിയെഴുതി.ഗുരുവായൂർ സത്യഗ്രഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മാനങ്ങളെക്കുറിച്ച് ഇ എം എസ് എഴുതി:

‘വൈക്കം സത്യഗ്രഹത്തിനും ഗുരുവായൂർ സത്യഗ്രഹത്തിനും സാമൂഹ്യം, രാഷ്ട്രീയം എന്ന രണ്ടു മാനങ്ങളുണ്ട്. ജാതിവ്യത്യാസത്തിനും അതിൽ നിന്നുളവാകുന്ന അസമത്വങ്ങൾക്കുമെതിരായ സമരങ്ങളായിരുന്നു രണ്ടും. പക്ഷേ, രണ്ടിന്റെയും നേതൃത്വം കോൺഗ്രസുകാർക്കായിരുന്നതിനാൽ ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അതിപ്രധാനമായ പങ്ക് അവ വഹിച്ചു. െവെക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിൽ നടക്കാനുള്ള അവകാശം ‘അയിത്ത ജാതിക്കാരെന്ന’ നിലയിൽ അകറ്റി നിർത്തപ്പെട്ടിരുന്ന സമുദായങ്ങൾക്ക് ലഭിക്കണമെന്നതായിരുന്നു. ഗുരുവായൂരിലാകട്ടെ ‘അയിത്ത ജാതിക്കാർക്ക്’ ക്ഷേത്രത്തിൽ ആരാധന നടത്തുവാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു. രണ്ടിനുമെതിരെ യാഥാസ്ഥിതികരുടെ ബലപ്രയോഗങ്ങളും ആക്രമണങ്ങളുമുണ്ടായിരുന്നു. രണ്ടും ജനങ്ങളുടെ ജനാധിപത്യബോധത്തെ വളർത്താനുപകരിച്ചു.

വൈക്കം സത്യഗ്രഹം നടന്ന് വ്യാഴവട്ടമായപ്പോഴേക്ക് വൈക്കമടക്കമുള്ള തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളും ‘അയിത്ത ജാതിക്കാർക്ക് ' തുറന്നു കൊടുത്തുകൊണ്ട് തിരുവിതാംകൂർ മഹാരാജാവിന്റെ വിളംബരം വന്നു. ഗുരുവായൂരിലാകട്ടെ സത്യഗ്രഹത്തെ തുടർന്ന് നടത്തിയ ഒരു റഫറണ്ടത്തിനുശേഷം ക്ഷേത്രം തുറന്നു കൊടുക്കുന്നതിൽ കലാശിച്ചു'‐(ദേശാഭിമാനി ഗുരുവായൂർ പ്രത്യേക പതിപ്പ്‌ 1994)

1931 ആഗസ്‌ത്‌ രണ്ടിന് വടകരയിൽ ജെ എം സെൻഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന കെപിസിസിയാണ്‌ തീണ്ടലിനും അയിത്തത്തിനുമെതിരായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്‌. കെ കേളപ്പനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. ബ്രിട്ടീഷ് ഭരണാധികാരികൾ ജാതിവ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു. ഹിന്ദു–-മുസ്ലിം സംഘർഷം സജീവമായി നിലനിർത്തുക, കീഴ്ജാതിക്കാർക്കെതിരെ മേൽജാതിക്കാരെ ഇളക്കിവിടുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചുനിർത്താൻ അവർക്കായി. ഈ തന്ത്രം മലബാറിൽ ഫലപ്രദമായി നടപ്പിലാക്കി.

ഗുരുവായൂർ ക്ഷേത്രം ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് സമരസമിതി, ക്ഷേത്രാധികാരിയായ സാമൂതിരിയോട് അഭ്യർഥിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. തുടർന്നാണ് പ്രക്ഷോഭത്തിന്‌ തീരുമാനിച്ചത്.

ഗുരുവായൂർ സത്യഗ്രഹത്തിന് മുന്നോടിയായി കണ്ണൂരിൽനിന്ന് എ കെ ജി  ക്യാപ്റ്റനായി ടി സുബ്രഹ്മണ്യൻ തിരുമുമ്പുമായി ചേർന്ന് നയിച്ച ജാഥ 1931 ഒക്ടോബർ 31ന് ഗുരുവായൂരിലെത്തി. ജാഥാംഗങ്ങൾക്ക് ക്യാമ്പ് സ്ഥാപിക്കാൻ സ്ഥലം ലഭിച്ചത് പുതുശ്ശേരി കുട്ടാപ്പുവിന്റെയും ഓടാട്ട് ശങ്കരന്റെയും പുരയിടങ്ങളിലായിരുന്നു. കിഴക്കേനടയോടുചേർന്ന്‌ ക്യാമ്പ് സ്ഥാപിക്കാൻ സ്ഥലം നൽകിയത് സവർണ മേധാവികളുടെ എതിർപ്പ് വകവയ്‌ക്കാതെയായിരുന്നു.

‘കെ കേളപ്പന്റെയും എ കെ ജിയുടെയും നേതൃത്വത്തിൽ എന്നും രാവിലെ ഇവിടത്തെ കുളത്തിൽ കുളിച്ചാണ് സത്യഗ്രഹത്തിന് പോകാറ്. അകറ്റി നിർത്തപ്പെട്ട അധഃസ്ഥിത ജാതിക്കാരും ‘ഉയർന്ന ജാതിക്കാരും' എന്ന വ്യത്യാസമില്ലാതെ കുളിയും കഴിഞ്ഞ് പാട്ടും പാടിയുള്ള ആ പോക്ക് അന്നൊരു വിപ്ലവം തന്നെയായിരുന്നു.’

(സമര സേനാനിയായിരുന്ന പി കെ കുട്ടപ്പമാസ്റ്റർ, ദേശാഭിമാനി ഗുരുവായൂർ പതിപ്പിൽ എഴുതിയത്‌)

സത്യഗ്രഹം നടത്തുന്ന കേളപ്പനൊപ്പം എ കെ ജി

സത്യഗ്രഹം നടത്തുന്ന കേളപ്പനൊപ്പം എ കെ ജി

ദേവസ്വം അധികാരികളുടെ സഹായത്തോടെ സവർണമേധാവികൾ സത്യഗ്രഹികളെ നിരന്തരം ഉപദ്രവിച്ചു. ഇതിനെയെല്ലാം ചെറുത്താണ് 1931 നവംബർ ഒന്നിന് സത്യഗ്രഹം തുടങ്ങുന്നത്. രാജ്യമാസകലം പ്രതികരണങ്ങൾ ഉളവാക്കിയ പ്രക്ഷോഭം ശക്തമായി മുന്നേറവെ നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പിനെയും ജനുവരി നാലിന് എ കെ ജിയെയും അറസ്റ്റു ചെയ്‌തു.

ഗുരുവായൂർ സമരത്തിൽ പങ്കെടുത്തതിന് ആറു മാസത്തെ തടവുശിക്ഷയാണ് എ കെ ജിക്ക് ലഭിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞു തിരിച്ചെത്തി സമരത്തിന്റെ ക്യാപ്റ്റൻ സ്ഥാനം വീണ്ടും ഏറ്റെടുത്തു.

പി കൃഷ്‌ണപിള്ള സമരത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നത് ഈ വേളയിലാണ്.ശ്രീകോവിലിന് മുന്നിലെ മണി മുഴക്കിയ കൃഷ്‌ണപിള്ളയ്‌ക്ക് ക്രൂരമർദനം ഏൽക്കേണ്ടി വന്നു. മണിമുഴക്കി തൊഴാനുള്ള അവകാശം ബ്രാഹ്മണർക്ക് മാത്രമായിരുന്നു. മർദനമേറ്റ കൃഷ്‌ണപിള്ള അക്ഷോഭ്യനായി നിന്നു. പുറകിൽനിന്ന്‌ അടിയേൽക്കവെ അദ്ദേഹം പറഞ്ഞു, ‘‘ഉശിരുള്ള നായർ മണിയടിക്കും. എച്ചിൽപെറുക്കി നായർ അവരുടെ പുറത്തടിക്കും.’’

സഖാവിനെയും പത്മനാഭൻ നമ്പ്യാരെയും കാവൽക്കാർ പുറത്താക്കി. കൃഷ്‌ണപിള്ള അവിടെ പിക്കറ്റിങ്‌ നടത്തി. അനീതി തുടരരുതെന്ന് വിളിച്ചുപറയുകയും ചെയ്‌തു.

ഡിസംബർ 28ന് എ കെ ജിയെ ആക്രമിച്ചു. അക്രമികൾ ജനങ്ങൾക്കുനേരെ നാടൻ ബോംബെറിഞ്ഞു. ബോംബിന്റെ ചില്ല് നെറ്റിയിൽ പതിച്ചതോടെ എ കെ ജി ബോധരഹിതനായി വീണു.

ഈ സംഭവമറിഞ്ഞ എ കെ ജിയുടെ ജ്യേഷ്‌ഠൻ പത്മനാഭൻ നമ്പ്യാരും മറ്റു ചിലരും ക്ഷേത്രനടയിലെ കാവൽക്കാരെ അടിച്ചോടിച്ചു. കുറച്ചുപേർ ക്ഷേത്രത്തിൽ കടന്നു നട അടച്ചു. ക്ഷേത്രനട സംഘർഷഭരിതമായി. സത്യഗ്രഹികളെ തടയാൻ കെട്ടിയ മുള്ളുവേലി പൊതുജനങ്ങൾ പൊളിച്ചുമാറ്റി.   തുടർന്ന് ക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജനുവരി 28ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹം പുനരാരംഭിച്ചു. കെ കേളപ്പൻ നിരാഹാരവ്രതം തുടങ്ങി.  

കേളപ്പജിയുടെ നിരാഹാര സമരം 12 ദിവസം പിന്നിട്ടപ്പോൾ ആരോഗ്യനില വഷളായി. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും മറ്റും മഹാത്മാ ഗാന്ധിജിയെ വിവരം അറിയിച്ചു. സാമൂതിരിക്ക് വേണ്ടത്ര മുന്നറിവ് നൽകിയിട്ടില്ലാത്തതുകൊണ്ട് സത്യഗ്രഹം നിർത്തിവയ്‌ക്കാനും പ്രശ്നം പരിഹരിക്കാൻ താൻ ഇടപെടാമെന്നും ഗാന്ധിജി സന്ദേശമയച്ചതോടെയാണ്‌ നിരാഹാരം അവസാനിപ്പിച്ചത്.

കേരളമെമ്പാടും സമരത്തിനനുകൂലമായ ചലനങ്ങളുളവായി. ക്ഷേത്രം നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ സവർണർക്കിടയിൽ റഫറണ്ടം നടത്തി. 15568 പേർ ക്ഷേത്രപ്രവേശനത്തിന്‌ അനുകൂലമായും 2779പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. 2106പേർ നിഷ്‌പക്ഷത പാലിച്ചു. 77 ശതമാനം പേർ സമരത്തിന് അനുകൂലമായി അഭിപ്രായം പ്രകടിപ്പിച്ചത് സമരത്തിന്റെ വിജയമായിരുന്നു.

1934 ജനുവരിയിലാണ് ഗാന്ധിജി ഗുരുവായൂരിലെത്തിയത്. കിഴക്കേ നടയിൽ പാടത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേജിലേക്ക് ഗാന്ധി എത്തുംമുമ്പ് ഉത്തരേന്ത്യയിൽനിന്നുള്ള സനാതനികൾ കയറിക്കൂടി തോരണങ്ങളും മറ്റും വലിച്ചെറിഞ്ഞു. സത്യഗ്രഹാനുകൂലികൾ അവരെ കണക്കിനു പ്രഹരിക്കുകയും ചെയ്‌തു.

ക്ഷേത്രപ്രവേശനത്തിന്റെയും അയിത്തോച്ചാടനത്തിന്റെയും ആവശ്യകതയെപ്പറ്റിയാണ് ഗാന്ധിജി പ്രസംഗിച്ചത്. മദിരാശിയിൽ ക്ഷേത്രപ്രവേശന ബിൽ കൊണ്ടുവന്ന് പാസായശേഷം 1947 ജൂൺ രണ്ടിന് ഗുരുവായൂർ ക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുത്തു.

കണ്ടോത്തെ കുറുവടി

സമരത്തിനു മുന്നോടിയായി വടക്കേ മലബാറിൽ എ കെ ജിയുടെയും കെ കേളപ്പന്റെയും നേതൃത്വത്തിൽ വലിയ പ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നു. പയ്യന്നൂരിലെ കണ്ടോത്തെ പൊതുനിരത്തിലൂടെ നടക്കാൻ ‘താഴ്‌ന്നജാതിക്കാരെ' അനുവദിച്ചിരുന്നില്ല. അടുത്തുള്ള ക്ഷേത്രം  അശുദ്ധമാകുമെന്നായിരുന്നു കാരണം പറഞ്ഞത്‌. കെ കേളപ്പനും എ കെ ജിയും കേരളീയനും അടങ്ങുന്ന ഒരു സംഘം ഈ വഴിയിലെത്തി. ഹരിജനങ്ങളെയുംകൂട്ടിയുള്ള ഘോഷയാത്ര കണ്ടോത്തെ തെരുവിലെത്തിയപ്പോൾ ഇരുനൂറോളം പേർ ഘോഷയാത്രയെ ആക്രമിച്ചു. ഉലക്കകൊണ്ടുള്ള മർദനമേറ്റ്‌ എ കെ ജിയും കേരളീയനും ബോധരഹിതരായി. കേരളീയന്റെ മരണമൊഴി പോലും രേഖപ്പെടുത്തി.

ഈ മർദനമാണ് ‘കണ്ടോത്തെ കുറുവടി' എന്ന പ്രയോഗമായി അറിയപ്പെട്ടത്. എ കെ ജിയുടെ രാഷ്ട്രീയജീവിതത്തിലെ ആദ്യ മർദനം. ഏതായാലും ഗുരുവായൂർ സമരത്തിന് ഇത്‌ വലിയ പ്രചാരണം നൽകി. പിൽക്കാലത്ത് മലബാർ ജില്ലാ ബോർഡ് അധികാരികൾ ‘എല്ലാവർക്കും ഇതു വഴി യാത്ര ചെയ്യാൻ അധികാരമുണ്ട്' എന്നെഴുതിയ ബോർഡ് ഇവിടെ സ്ഥാപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top