14 July Tuesday

ചോരവീണ പാതയോരങ്ങൾ

സാജൻ എവുജിൻ sajanevugen@gmail.comUpdated: Sunday May 31, 2020

അവരുടെ മുന്നിൽ വാഗ്‌ദത്ത ഭൂമിയില്ല. എങ്കിലും അവർ പ്രയാണം തുടരുകയാണ്‌. എല്ലാ സംഘങ്ങളും ഏതാണ്ട്‌  ഒരുപോലെ‌. പഴകിക്കീറിയ വസ്‌ത്രങ്ങൾ. കൈയിലും തോളിലും കുഞ്ഞുങ്ങൾ. തലയിൽ ഭാണ്ഡക്കെട്ട്‌. അടുത്ത നേരത്തെ ആഹാരം ഒരു പ്രതീക്ഷ മാത്രം‌. പട്ടിണി വിളയുന്ന ഗ്രാമങ്ങളാണ്‌ ലക്ഷ്യം. അവിടെ എന്താണ്‌ കാത്തിരിക്കുന്നതെന്ന്‌ അറിയില്ല. ജീവിതം വഴിമുട്ടിയകാലം ഗ്രാമങ്ങളിൽനിന്ന്‌ നഗരങ്ങളിലേ‌ക്ക്‌ വന്നതാണ്‌. ഇവരുടെ അധ്വാനം മഹാനഗരങ്ങളിലെ സമ്പത്തിനും സൗധങ്ങൾക്കും ആഡംബരങ്ങൾക്കും അടിത്തറ പണിതു. ചെറുതും വലുതുമായ ഗലികളിൽ പാർത്ത്‌ രാപ്പകൽ പണിയെടുത്തു. ഭരണാധികാരികളുടെ വീണ്ടു വിചാരമില്ലാത്ത നടപടികൾ അടച്ചുപൂട്ടിയത്‌ ഇവരുടെ ജീവിതമാണ്‌. ഈ സാഹചര്യത്തിൽ കുടിയേറ്റത്തൊഴിലാളികളുടെ യാതനകളുടെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെക്കുറിച്ച്‌ പ്രമുഖ മാധ്യമപ്രവർത്തകനും മഗ്‌സസെ അവാർഡ്‌ ജേതാവുമായ പി സായ്‌നാഥ്‌ സംസാരിക്കുന്നു

വിണ്ടുകീറിയ കാൽപ്പാദങ്ങൾ നിലത്തമർത്തി ചവിട്ടാൻ വയ്യ. തേഞ്ഞുപൊട്ടിയ പാദരക്ഷകൾ  ഉപയോഗിക്കാൻ കഴിയാതെ വലിച്ചെറിയേണ്ടി വന്നു. കാലിലെ വിള്ളലിലൂടെ ചോര കിനിഞ്ഞിറങ്ങുന്നുണ്ട്‌. ചുട്ടുപൊള്ളുന്ന പാതകളിൽ ആ ചോരത്തുള്ളികൾ ഒരു കറമാത്രം അവശേഷിപ്പിച്ചുകൊണ്ട്‌ നിമിഷാർധം കൊണ്ട്‌ വറ്റിപ്പോകും. ഇന്ത്യയിലാകെ ഇത്തരം യാത്രികരുടെ പ്രയാണം തുടരുകയാണ്‌. അവരറിയാതെ അവരുടെ കാൽപ്പാദങ്ങൾ ഓരോ പാതയിലും ചോരകൊണ്ട്‌ ഈ ‘മഹാഭാരത’ത്തിന്റെ ഭൂപടം വരയ്‌ക്കുകയാണ്‌.  ഇന്ത്യൻ തെരുവിലൂടെ ഇങ്ങനെ പലായനം ചെയ്യുന്നവർ  തങ്ങളുടെ ദരിദ്രഗ്രാമങ്ങളിലേക്കാണ്‌ ചുവടുവയ്‌ക്കുന്നത്‌. അവിടെ അവരുടെ ഭാവി എന്താകുമെന്ന്‌ ‌ ഒരു തിട്ടവുമില്ല. ട്രെയിനുകളിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മരിക്കുന്നവരിൽ ഒരുപക്ഷേ ഇവരുടെ ഉറ്റവരുണ്ടായേക്കാം. റെയിൽവേ സ്‌റ്റേഷനിൽ അമ്മ മരിച്ചതാണെന്നറിയാതെ അമ്മയെ തട്ടിയുണർത്തുന്ന കുഞ്ഞിന്റെ ഹൃദയഭേദകമായ ദൃശ്യം നമ്മെയൊക്കെ എത്രകാലം അലട്ടും.
   
തൊഴിലും വേതനവും സ്വപനം കണ്ട്‌ അന്യദേശങ്ങളിൽ അഭയം തേടുന്ന മുഖമില്ലാത്ത മനുഷ്യരാണിവർ. ഇന്ത്യ ചലിക്കുന്നത് ഈ കുടിയേറ്റത്തൊഴിലാളികളുടെ രക്തത്തിലും വിയർപ്പിലുമാണ്‌. ഈ കോവിഡ്‌ കാലത്തെങ്കിലും‌‌ അക്കാര്യം എല്ലാവർക്കും ബോധ്യമായി. ‌ ഈ ദുരന്തകാലത്തെ  ആശ്വാസകരമായ കാര്യമാണ്‌ ഈ ബോധ്യമെന്ന് പി‌ സായ്‌നാഥ്‌ പറയുന്നു.
  

ആരാണ്‌ കുടിയേറ്റത്തൊഴിലാളികൾ?

 
രാജ്യത്ത്‌ ആഭ്യന്തരകുടിയേറ്റത്തിന്‌ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. എന്നാൽ ഇത്രയും വിപുലമായ കുടിയേറ്റത്തിന്‌ 25 വർഷത്തെ ചരിത്രമാണുള്ളത്‌. നവഉദാരവൽക്കരണ നയങ്ങൾ കാർഷികമേഖലയെ തകർത്തു. 1991–-2011 കാലത്ത്‌ കോടിക്കണക്കിനാളുകൾ കാർഷികവൃത്തി ഉപേക്ഷിച്ചു. കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽപേരുടെ ഉപജീവനമാർഗം കൈത്തറി, കരകൗശല ഉൽപ്പന്ന മേഖലകളാണ്‌. ഗ്രാമീണമേഖലയിൽ തൊഴിലുകൾ ഓരോന്നായി അപ്രത്യക്ഷമായി. പട്ടിണിയകറ്റാൻ അവർ കൂട്ടത്തോടെ നഗരങ്ങളിലേ‌ക്ക്‌ നീങ്ങി. കുറഞ്ഞ പ്രതിഫലത്തിൽ പണിയെടുക്കുന്നവരെ നഗരങ്ങൾക്ക്‌ വേണമായിരുന്നു.
 
മെച്ചപ്പെട്ട കുടുംബസാഹചര്യവും സാമൂഹ്യമൂലധനവുമുള്ളവർക്ക്‌ കുടിയേറ്റം ഗുണകരമാണ്‌. അവരുടെ ജീവിതവും വരുമാനവും കുടിയേറ്റം വഴി ഉയരുന്നു. അവർക്ക്‌ നഗരങ്ങളിൽ ഗുണമേന്മയുള്ള ജീവിതം ലഭിക്കുന്നു. ദരിദ്രരുടെ കാര്യം അങ്ങനെയല്ല. അഞ്ച്‌ മാസം വീതം മഹാരാഷ്ട്രയിലും കർണാടകത്തിലും മാറിമാറി പണിയെടുക്കുന്ന കരിമ്പ്‌ തൊഴിലാളികളുണ്ട്‌. വിനോദസഞ്ചാര സീസണിൽ റായ്‌പുരിൽ റിക്ഷ വലിക്കാൻ കാലഹന്ദിയിൽനിന്ന്‌ എത്തുന്നവരുണ്ട്‌. ആന്ധ്രപ്രദേശിലെ ഇഷ്ടികപ്പാടങ്ങളിൽ ഏതാനും മാസത്തേ‌ക്ക്‌  ജോലിചെയ്യാൻ ഒഡിഷയിൽനിന്ന്‌ തൊഴിലാളികൾ എത്തുന്നു. ഇതൊന്നുമല്ലാതെ മുഖംപോലുമില്ലാത്ത മനുഷ്യരുണ്ട്‌. അവർക്ക്‌ അന്തിമമായ ലക്ഷ്യസ്ഥാനംപോലുമില്ല. ഏതെങ്കിലും കരാറുകാരന്റെ കീഴിൽ കുറച്ചുമാസം കെട്ടിടനിർമാണ ജോലികൾ ചെയ്യും. അതുകഴിയുമ്പോൾ അനിശ്ചിതത്വം. ചിലപ്പോൾ മുൻകരാറുകാരൻ മറ്റെവിടെയെങ്കിലും കൊണ്ടുപോകും. ഈ യാത്ര ഇങ്ങനെ തുടരും. അരക്ഷിതത്വം മാത്രം ബാക്കി. ഇങ്ങനെ കോടിക്കണക്കിനുപേരുണ്ട്‌.
 

തൊഴിലാളികൾ മുമ്പും  നടന്നിട്ടില്ലേ?

 
സമാനമായ സാഹചര്യം മുമ്പുണ്ടായിട്ടില്ല. രാജസ്ഥാനിൽനിന്ന്‌ ഗുജറാത്തിലേ‌ക്കും തിരിച്ചും 200‐-300 കിലോമീറ്ററൊക്കെ തൊഴിലാളികൾ കാൽനടയായി മുമ്പ്‌ സഞ്ചരിക്കാറുണ്ട്‌. സീസണുകളിൽ മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ. ദിവസം 40‐-50 കിലോമീറ്റർ നടക്കും.  വഴിനീളെ ധാബകളും ചായക്കടകളും ബസ്‌സ്റ്റേഷനുകളും തുറന്നിരിക്കും. രാത്രി ധാബകളുടെ പരിസരത്തോ ബസ്‌സ്റ്റേഷനുകളിലോ വിശ്രമിക്കും. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടില്ല. ഇപ്പോൾ ഇതെല്ലാം അടഞ്ഞുകിടക്കുകയാണ്‌. ആയിരത്തിൽപ്പരം കിലോമീറ്ററുകൾ താണ്ടുന്നു.  സുരക്ഷിതമായ വിശ്രമകേന്ദ്രങ്ങളില്ല. വെള്ളം പോലുമില്ല.   കോളറയും വയറിളക്കവും പടരാൻ സാധ്യതയേറെ.
 
രാജ്യത്തെ നൂറിൽപരം ജില്ലകൾ കടുത്ത വരൾച്ചയുടെ പിടിയിലാണ്‌. തൊഴിലാളികൾ എത്തിച്ചേരുന്നത്‌ ഇത്തരം സ്ഥലങ്ങളിലേക്കാണ്‌. കൈ കഴുകാനുള്ള വെള്ളംപോലും കിട്ടിയെന്നുവരില്ല. നഗരങ്ങളിൽനിന്നുള്ള ഇവരുടെ വരവിനെ ഗ്രാമങ്ങൾ ആശങ്കയോടും ഭീതിയോടുമാണ്‌ കാണുന്നത്‌; ഇവർ രോഗം കൊണ്ടുവരുമെന്നതാണ്‌ ഈ ഭയത്തിനു കാരണം. മടങ്ങിവരുന്ന തൊഴിലാളികളെ പല ഗ്രാമങ്ങളിലും പ്രവേശിപ്പിക്കുന്നില്ല.
 

ഈ പുറപ്പാടിന്‌ കാരണമെന്താണ്‌?

 
വെറും നാല്‌ മണിക്കൂർ മാത്രം സമയം നൽകിയാണ്‌ രാജ്യം അടച്ചുപൂട്ടിയത്‌. കുടിയേറ്റത്തൊഴിലാളികളോട്‌ രാജ്യം പൊതുവെ ക്രൂരമായാണ്‌ പെരുമാറിയത്‌. പലയിടത്തും പണിസ്ഥലങ്ങളിലാണ്‌ കുടിയേറ്റത്തൊഴിലാളികൾ കഴിഞ്ഞിരുന്നത്‌. ജോലികൾ നിർത്തിവച്ചതോടെ അവർക്ക്‌ തങ്ങാൻ ഇടമില്ലാതായി. സർക്കാരുകളും തൊഴിലുടമകളും മധ്യവർഗവും ഇവരോട്‌ പുറംതിരിഞ്ഞുനിന്നു. നഗരങ്ങളിലെ ഹൗസിങ്‌‌ സൊസെറ്റികളുടെ കവാടങ്ങൾ വീട്ടുജോലിക്കാർക്കുമുന്നിൽ അടച്ചിട്ടു. കൂടുതൽ ദിവസത്തേ‌ക്ക്‌ ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചുവയ്‌ക്കാൻ നിവൃത്തിയില്ലാത്തവരാണ്‌  കുടിയേറ്റത്തൊഴിലാളികൾ. കടകളാകെ അടച്ചതും തൊഴിലാളികളിൽ  പരിഭ്രാന്തി പടർത്തി. ദശലക്ഷക്കണക്കിനാളുകൾ തെരുവിലിറങ്ങി. അടഞ്ഞുകിടക്കുന്ന സ്‌കൂളുകളും കോളേജുകളും വിവാഹ മണ്ഡപങ്ങളും കമ്യൂണിറ്റി സെന്ററുകളും ഇവർക്കായി തുറന്നുകൊടുക്കാമായിരുന്നു. പ്രത്യേക ട്രെയിനുകൾ ഓടിച്ചത്‌ തൊഴിലാളികളിൽനിന്ന്‌ പൂർണനിരക്ക്‌ വാങ്ങിയാണ്‌. പിന്നീട്‌ രാജധാനിയാണ്‌ ഓടിച്ചത്‌. 4,500 രൂപയുടെ ‌ ടിക്കറ്റ്‌ എടുക്കാൻ എത്രപേർക്ക്‌ കഴിയും. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റ്‌ എടുക്കാൻ കഴിയൂ. സ്‌മാർട്ട്‌ ഫോൺ കൈവശമുള്ള ചിലർ എടുത്തുകാണും. കർണാടകത്തിൽനിന്നുള്ള ട്രെയിൻ മുഖ്യമന്ത്രി ഇടപെട്ട്‌ റദ്ദാക്കി. തൊഴിലാളികൾ മടങ്ങിയാൽ നിർമാണ ജോലികൾ മുടങ്ങുമെന്ന്‌ ബിൽഡർമാർ ധരിപ്പിച്ചതാണ്‌ കാരണം.  കരകൗശലത്തൊഴിലാളികളുടെ സ്ഥിതി നോക്കൂ. മാർച്ച്‌‐ഏപ്രിൽ മാസങ്ങളിലാണ്‌ ഡൽഹിയിൽ കരകൗശല വിപണനമേളകൾ. ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നതും ഇക്കാലത്താണ്‌.  എല്ലാം മുടങ്ങി. നഗരങ്ങളിൽ രോഗം പടരുന്നതും തൊഴിലാളികളെ ഭീതിയിലാഴ്‌ത്തി. നഗരങ്ങളിൽ മുമ്പ്‌ ശുചീകരണജോലികൾ ചെയ്‌തിരുന്നത്‌ കോർപറേഷനുകളിലെ സ്ഥിരം ജീവനക്കാരായിരുന്നു. അവർക്ക്‌ മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. പിന്നീട് ഇത്തരം ജോലികൾ പുറംകരാർ നൽകി. ഇപ്പോൾ കരാറുകാർ നൽകുന്ന തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്നവരാണ്‌ ശുചീകരണജോലികൾ ചെയ്യുന്നത്‌. ഇവരും മടങ്ങുന്നത്‌ ശുചീകരണപ്രവർത്തനങ്ങളെ ബാധിച്ചു. ബംഗളൂരുവിലെ ഐടി പ്രൊഫഷണലുകൾ മാത്രമല്ല രാജ്യത്തെ തൊഴിൽസേനയെന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കണം.
 
മഹാരാഷ്ട്രയിലെ ഔറംഗബാദിൽനിന്ന്‌ മധ്യപ്രദേശിലേക്ക്‌ മടങ്ങിയ തൊഴിലാളികൾ റെയിൽപ്പാളത്തിൽ ഉറങ്ങവെ 16 പേർ ട്രെയിൻ കയറി മരിച്ചതോടെയാണ്‌ രാജ്യമാകെ ഒച്ചപ്പാടുണ്ടായത്‌. എന്നാൽ എത്ര ദേശീയ പത്രങ്ങൾ മരിച്ച തൊഴിലാളികളുടെ പേര്‌ പ്രസിദ്ധീകരിച്ചു? വിമാനം തകർന്ന്‌ 300 പേർ മരിച്ചാലും എല്ലാവരുടെയും പേരും വിലാസവും പ്രസിദ്ധീകരിക്കും. ഹെൽപ്‌ ലൈൻ നമ്പരുകളും നൽകും. ഈ മരിച്ച 16 ദരിദ്രരിൽ എട്ട്‌ പേർ ഗോണ്ട്‌ വിഭാഗം ആദിവാസികളാണ്‌. ഇവരെ ആർക്കു വേണം? വഴി തെറ്റാതിരിക്കാനാണ്‌ ഇവർ പാളത്തിലൂടെ നടന്നത്‌. ക്ഷീണം കാരണം എല്ലാം മറന്ന്‌ ഉറങ്ങിക്കാണും. ഇപ്പോൾ തുടർച്ചയായി എല്ലാ ദിവസവും അപകടങ്ങളിൽ ഡസൻകണക്കിനു മരണം നടക്കുന്നു.
 

തൊഴിൽനിയമങ്ങൾ മരവിപ്പിക്കുകയാണല്ലോ?

 
രാജ്യത്തെ 93 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്‌. ശേഷിക്കുന്ന ഏഴ്‌ ശതമാനം പേർക്കാണ്‌ തൊഴിൽനിയമങ്ങളുടെ പരിരക്ഷ ലഭിച്ചിരുന്നത്‌. ഇപ്പോൾ അതുപോലും എടുത്തുകളയുകയാണ്‌. ഭരണഘടന അട്ടിമറിച്ച്‌ തൊഴിലാളികളെ അടിമകളാക്കി മാറ്റുന്നു. ഓർഡിനൻസ്‌ വഴിയാണ്‌ തൊഴിൽനിയമങ്ങൾ മരവിപ്പിക്കുന്നത്‌. തൊഴിൽനിയമങ്ങൾ സംബന്ധിച്ച്‌ നൂറുവർഷമായി നിലനിന്ന ആശയാടിത്തറപോലും അട്ടിമറിക്കുന്നു. എട്ട്‌ മണിക്കൂർ ജോലി എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ എല്ലാ രാജ്യാന്തര തൊഴിൽനിയമങ്ങൾക്കും രൂപംനൽകിയിട്ടുള്ളത്‌.
 
ഓവർടൈം ബത്ത നൽകില്ലെന്ന്‌ ഗുജറാത്ത്‌ സർക്കാർ പറയുന്നു. രാജസ്ഥാനിൽ  ഓവർടൈം ബത്തയ്‌ക്ക്‌ വ്യവസ്ഥയുണ്ടെങ്കിലും ആഴ്‌ചയിൽ അത്‌ പരമാവധി 24 മണിക്കൂറാക്കി. അതായത്‌ തൊഴിലാളികൾ 12 മണിക്കൂർ വീതം തുടർച്ചയായി ആറ്‌ ദിവസം ജോലിചെയ്യണം. ഓവർടൈം അടക്കം ആഴ്‌ചയിൽ 60 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുതെന്ന ഫാക്ടറീസ്‌ നിയമം നിലനിൽക്കെയാണ്‌ ഈ ചൂഷണം. ഇപ്പോൾ 72 മണിക്കൂർ തൊഴിലാളികൾ ജോലി ചെയ്യണ്ടിവരും. മാത്രമല്ല, കൂടുതൽ സമയം ജോലി ചെയ്യണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം തൊഴിലാളികൾക്ക്‌ നിഷേധിച്ചു. കൂടുതൽ സമയം ജോലിചെയ്യുന്നത്‌ ഉൽപ്പാദനക്ഷമത കൂട്ടുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ അട്ടിമറി. എന്നാൽ  കൂടുതൽ സമയം പണിയെടുപ്പിക്കുന്നത്‌ തൊഴിലാളികളിൽ ക്ഷീണവും മടുപ്പും സൃഷ്ടിക്കുമെന്നും ഉൽപ്പാദനക്ഷമത കുറയുമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ നൂറ്റാണ്ടായി തൊഴിൽസമയം എട്ട്‌ മണിക്കൂറായി നിശ്ചയിച്ചിരുന്നത്‌.
 
കോർപറേറ്റുകൾക്കുവേണ്ടി അടിമത്തം അടിച്ചേൽപ്പിക്കുന്ന കരാറുകാരായി സംസ്ഥാനസർക്കാരുകൾ അധഃപതിച്ചു. ദളിതർ, സ്‌ത്രീകൾ, ആദിവാസികൾ എന്നിവരാണ്‌ ഇതിന്റെ ഫലമായി കൊടിയ ചൂഷണം അനുഭവിക്കേണ്ടിവരിക. തൊഴിൽനിയമങ്ങൾ ഇല്ലാതായാൽ മാത്രമേ നിക്ഷേപം വരികയുള്ളൂ എന്നാണ്‌ പ്രചാരണം. മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ജീവിതനിലവാരവും സാമൂഹ്യസ്ഥിരതയും ഉള്ളിടത്തേ നിക്ഷേപം വരികയുള്ളൂ.
 
തൊഴിലാളികൾക്ക്‌ മനുഷ്യരായി ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്നിടത്ത്‌ എങ്ങനെയാണ്‌ നിക്ഷേപകർ വരിക?
 

ഇനി  എന്താണ്‌ ചെയ്യേണ്ടത്‌?

 
 25‐-30 വർഷത്തെ അനുഭവത്തിൽനിന്ന്‌ നാം ഒന്നും പഠിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും സ്വാഭാവികമായി ശരിയാകുമെന്ന്‌ നാം കരുതുന്നു. പഴയതുപോലെ മുന്നോട്ടുപോകാൻ കഴിയില്ല. ഗ്രാമീണ സമ്പദ്ഘടനയെ നാം തകർത്തു. എല്ലാ സുരക്ഷയും അവകാശങ്ങളും ഇല്ലാതാക്കി.
ഇതേ തുടർന്നാണ്‌ അവർ ഗ്രാമങ്ങളിൽനിന്ന്‌ നഗരങ്ങളിലെത്തിയത്‌. അവിടെയും രക്ഷയില്ലാതായപ്പോൾ മടക്കയാത്രയാണ്‌. എന്നാൽ ഇവർക്ക്‌ ഗ്രാമങ്ങളിലും രക്ഷയില്ല. സർക്കാർ പ്രഖ്യാപിച്ച ആശ്വാസനടപടികൾ പരിമിതമാണ്‌. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിൽ വ്യക്തതയില്ല. തൊഴിലുറപ്പ്‌ പദ്ധതിവേതനത്തിൽ 20 രൂപ വർധിപ്പിച്ചെന്ന്‌ പറയുന്നു. ഈ വർധന കോവിഡിനുമുമ്പേ തീരുമാനിച്ചതാണ്‌. കൂലിയുടെ ദേശീയ ശരാശരി 202 രൂപയാണ്‌. ഇതു പര്യാപ്‌തമല്ല. കൂലി കാലോചിതമായി വർധിപ്പിക്കണം. എല്ലാ തൊഴിലാളികൾക്കും കർഷകർക്കും തൊഴിലുറപ്പുവേതനം നൽകുകയും ചെയ്യണം.
 
ആരോഗ്യമേഖലയിലെ സ്ഥിതിയും പരിതാപകരമാണ്‌. സ്വകാര്യമേഖലയെ അമിതമായി ആശ്രയിക്കുന്നതിന്റെ കുഴപ്പങ്ങൾ മഹാമാരി ബോധ്യപ്പെടുത്തി. പൊതുജനാരോഗ്യ സംവിധാനത്തിനു മാത്രമേ കോവിഡ്‌ പോലുള്ള മഹാമാരികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനാകൂ. ആയുഷ്‌മാൻ ഭാരത്‌ പോലുള്ള പദ്ധതികൾ പ്രയോജനം ചെയ്യില്ല. ദേശീയ ആരോഗ്യസംവിധാനം നടപ്പാക്കണം.
 
അസമത്വം വളർത്തുന്ന വികസനപാതയിൽനിന്ന്‌ പിന്മാറണം. കുടിയേറ്റത്തൊഴിലാളികളുടെ കഷ്ടപ്പാടുകൾ അസമത്വത്തിൽ അധിഷ്‌ഠിതമായ വ്യവസ്ഥയുടെ സൃഷ്ടിയാണ്‌. എല്ലാവർക്കും നീതി  എന്ന്‌ ഭരണഘടനയിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌. രാജ്യം നൽകേണ്ട മുൻഗണനകളെക്കുറിച്ച്‌ ഇത്‌ എഴുതിയവർക്ക്‌  കൃത്യമായ ബോധമുണ്ടായിരുന്നു.
 
മൊത്തം ദേശീയ വരുമാനത്തിന്റെ 1.2 ശതമാനത്തിൽ താഴെയാണ്‌ ഇന്ത്യ ആരോഗ്യമേഖലയിൽ ചെലവിടുന്നത്‌. ലോകരാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണിത്‌. ഇന്ത്യയിൽ ആരോഗ്യരംഗത്ത്‌ സ്വകാര്യമേഖലയ്‌ക്കായിരുന്നു എക്കാലത്തും ആധിപത്യം. 1990കൾക്കുശേഷം സ്ഥിതി കൂടുതൽ വഷളായി. സർക്കാർ നയങ്ങൾ പൊതുമേഖലയെ കൂടുതൽ തകർത്തു. ഇപ്പോഴത്തെ സർക്കാർ ജില്ലാആശുപത്രികൾ ഏറ്റെടുക്കാൻ സ്വകാര്യ മാനേജ്‌മെന്റുകളെ ക്ഷണിക്കുന്നു. ഭാരിച്ച ചികിത്സാച്ചെലവ്‌ കാരണം 2011‐12 വർഷം മാത്രം രാജ്യത്ത്‌ 5.5 കോടി പേർ ദാരിദ്ര്യത്തിലേക്ക്‌ പതിച്ചുവെന്ന്‌ പബ്ലിക് ഹെൽത്ത്‌ ഫൗണ്ടേഷൻ സർവേയിൽ വ്യക്തമായി. ഇതിൽ 3.8 കോടി ആളുകളെ ദരിദ്രരാക്കിയത്‌ മരുന്നിന്റെ മാത്രം ചെലവാണ്‌. ഇത്തരമൊരു ജനതയ്‌ക്കാണ്‌‌ കോവിഡിനെ നേരിടേണ്ടിവരുന്നത്‌.

 

പ്രധാന വാർത്തകൾ
 Top