11 July Saturday

നക്ഷത്രങ്ങൾ വാരിവിതറിയ കഥാകാരൻ

വി യു രാധാകൃഷ്‌ണൻ vuradhakrishnan@gmail.comUpdated: Sunday May 31, 2020
മലയാളത്തിന്‌ വർണവും ഗന്ധവുമുള്ള കഥാപ്രപഞ്ചം സമ്മാനിച്ച്‌, അകാലത്തിൽ മറഞ്ഞ പത്മരാജന്റെ എഴുപത്തഞ്ചാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ മെയ്‌ 23. നാൽപ്പത്തിയാറ്‌ വർഷങ്ങൾ മാത്രം ജീവിച്ച പ്രതിഭ. നാൾക്കുനാൾ പ്രശോഭിച്ചുവരുന്ന അനുഭൂതികൾ പ്രദാനം ചെയ്‌തു പത്‌മരാജന്റെ കഥകൾ.  കൈകാര്യംചെയ്‌ത സാഹിത്യ‐സിനിമാ മേഖലകളിലെല്ലാം ആ ‘കഥനകൗശലം’ ഉയർന്നുനിൽക്കുന്നു. കഥപറഞ്ഞ്‌, കഥപറഞ്ഞ്‌ കഥയായി മാറി ആ ജീവിതം.
 
ആലപ്പുഴയിലെ ഹരിപ്പാടിനടുത്തുള്ള മുതുകുളം ഞവരക്കൽ തറവാട്ടിൽനിന്ന്‌ തുടങ്ങി കോഴിക്കോട്ട്‌ അവസാനിച്ച ജീവിതത്തിലെ നിമിഷങ്ങളിലെല്ലാം കഥാകൗതുകം നിറഞ്ഞുനിൽക്കുന്നു. പപ്പേട്ടൻ എന്ന സ്‌നേഹനാമം ഏറ്റുവാങ്ങിയ അദ്ദേഹം മിന്നിത്തിളങ്ങുന്ന കഥാതാരകങ്ങളെ സാഹിത്യനഭസ്സുകളിലേക്ക്‌ വാരിവിതറി. അവയുടെ വെള്ളിവെളിച്ചം  കാലത്തെ അതിജീവിക്കുന്നു.  ലോല, കൈകേയി, ഒരേ ചന്ദ്രൻ, തകര, ഓർമ, അപരൻ തുടങ്ങി എത്രയെത്ര കഥകൾ. അവയിലൂടെ കടന്നുപോകുമ്പോൾ പ്രണയത്തിന്റെ പൂക്കാലം ദൃശ്യമാകും.  പ്രണയത്തിന്റെ നൂലിഴ അന്തർലീനമാണ്‌ ആ കഥകളിൽ. സൗന്ദര്യവും സംഗീതവും ഒത്തിണങ്ങുന്ന വരികൾ.  ഒട്ടും പതിരില്ലാത്ത രചനാവൈഭവം.   സമ്പൂർണത അവകാശപ്പെടാവുന്നവയാണ്‌ പത്‌മരാജന്റെ നോവലുകൾ. നക്ഷത്രങ്ങളെ കാവൽ, വാടകയ്‌ക്കൊരു ഹൃദയം, ഉദകപ്പോള, ഇതാ ഇവിടെ വരെ, മഞ്ഞുകാലം നോറ്റ കുതിര,  പ്രതിമയും രാജകുമാരിയും എന്നിങ്ങനെ നീളുന്ന നോവലിന്റെ പട്ടിക. അവയിൽ ഗ്രാമവും നഗരവും പകയും രതിയും ഒക്കെ ഇടചേരുന്നു. സ്വന്തം കൃതികളെ അഭ്രപാളികളിലെത്തിച്ചപ്പോഴും  കഥപറച്ചിലിന്റെ അപൂർവശോഭ പ്രേക്ഷകർ കണ്ടു.   വൈരുധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ മനസ്സുകളുടെ സഞ്ചാരമാണ്‌ ഓരോ ചലച്ചിത്രവും.  46 വയസ്സിനുള്ളിൽ സാഹിത്യത്തിന്‌ ഇത്രയധികം സംഭാവനചെയ്‌ത  മറ്റൊരു കഥാകാരനുണ്ടോ?  നമ്മുടെ ഭാഷയ്‌ക്ക്‌ ശക്തി സൗന്ദര്യങ്ങളുടെ ശിൽപ്പമാധുര്യം തന്ന പത്മരാജന്റെ അകാലനിര്യാണം വലിയ നഷ്ടമെന്നേ പറയേണ്ടൂ. ഏത്‌ തരത്തിലുള്ള വായനക്കാരുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന ഭാഷണങ്ങൾ. അവ വായനക്കാരിൽ അനശ്വരമന്ത്രങ്ങളായി നിലനിൽക്കുന്നു. അതെ ഓർമകളുടെ നിറമാണ്‌ ഓരോരുത്തരെയും വ്യത്യസ്‌തരാക്കുന്നത്‌. ‘ഒരായുധവുമില്ലാതെ, ഒരുതുള്ളി ചോര പൊടിയാതെ എത്ര നിശ്ശബ്‌ദമായ്‌ നീയെന്നെ കൊല്ലുന്നു’ (തൂവാനത്തുമ്പികൾ). ‘ശലമോന്റെ സോങ്‌ ഓഫ്‌ സോങ്‌സിൽ പറയുന്നപോലെ നമുക്ക്‌ ഗ്രാമങ്ങളിൽച്ചെന്ന്‌ രാപാർക്കാം. അതികാലത്തെഴുന്നേറ്റ്‌ മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർത്ത്‌ പൂവിടുകയും മാതളനാരകങ്ങൾ പൂക്കുകയും ചെയ്‌തുവോ എന്ന്‌ നോക്കാം. അവിടെവച്ച്‌ ഞാൻ നിനക്ക്‌ എന്റെ പ്രേമം തരും.’ (നമുക്ക്‌ പാർക്കാൻ മുന്തിരിത്തോപ്പുകൾ). ഇങ്ങനെ കവിത നിറയുന്ന എത്രയോ സംഭാഷണങ്ങൾ.. അവ പറഞ്ഞ്‌ പറഞ്ഞ്‌ പ്രേക്ഷകരുടെ പ്രിയ സംഭാഷണങ്ങളായി.ജനുവരിയുടെനഷ്ടമെന്ന്‌ പറയാവുന്ന വേർപാടിൽ ലോലയിലെ ആ അവസാനവാചകം പ്രവചനംപോലെ കണ്ണീർപ്പൂക്കൾ കൊഴിക്കുന്നു. ‘വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക്‌ വിടതരിക’.  
പ്രധാന വാർത്തകൾ
 Top