14 December Saturday

ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ ഒരു അടിമാലി അനുഭവം

കെ ടി രാജീവ് ktrdeshid@gmail.comUpdated: Sunday Mar 31, 2019

സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവർക്ക്‌ അടിമാലി മച്ചിപ്ലാവിൽ ലൈഫ്‌ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഏഴുനില ഫ്‌ളാറ്റ്‌

എല്ലാവർക്കും വീടൊരുക്കാനുള്ള മുന്നേറ്റത്തിന്റെ ഏറ്റവും സഫലമായ കാഴ്ചയാണ് ഇടുക്കി അടിമാലിയിലേത്. ലൈഫ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെ 26 കോടി ചെലവിൽ അവിടെ ഒരുക്കി ഏഴുനിലയുള്ള ഫ്ളാറ്റ്. ലോട്ടറി വൽപ്പനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹോട്ടൽ ജീവനക്കാർ, പെട്ടിക്കടകളിൽ ഉപജീവനം കണ്ടെത്തുന്നവർ, കൂലിവേലക്കാർ തുടങ്ങി അൽപ്പവരുമാനത്തിൽ ജീവിതം തള്ളിനീക്കുന്നവർ സ്വന്തം ഫ്ളാറ്റിന് ഉടമകളായി. അടിമാലിയിൽനിന്ന്‌ രാജ്യത്തിന് പഠിക്കാനുണ്ടേറെ

 
അടുക്കളയിലെ ടൈൽ പാകിയ പാതാമ്പുറത്തേക്ക് കയറി കുത്തിയിരിക്കവെ ഇട്ടിയവരയ‌്ക്ക് അറിയാതെ ചിരിവന്നു.  ഭാര്യ മറിയാമ്മ ഫ്ളാസ്കിൽനിന്ന‌് കാപ്പി പകർന്നു. ഒരായുഷ്കാലം മുഴുവൻ നീണ്ട അധ്വാനത്തിനൊടുവിൽ വെറുംകൈയോടെ വാടകവീടുകൾ കയറിയിറങ്ങേണ്ടിവന്ന 80കാരനായ കുടിയേറ്റ കർഷകൻ, ഇപ്പോൾ സ്വന്തമായൊരു ഫ്ളാറ്റിന് ഉടമസ്ഥനാണ്. പുത്തൻമണം മാറാത്ത സ്വന്തം വീട്ടിലിരിക്കെ ബേബി എന്ന ഇട്ടിയവരയ‌്ക്ക് ചിരിവന്നത് അതുകൊണ്ടാകാം. സഫലതയുടെ നിറഞ്ഞചിരി. 
 
മധ്യതിരുവിതാംകൂറിലെ മല്ലപ്പള്ളിയിൽനിന്ന‌് 1964ൽ ഹൈറേഞ്ചിൽ എത്തിയതാണ് ഇട്ടിയവര, ജീവിതം വെട്ടിപ്പിടിക്കാൻ. കോരിച്ചൊരിയും കർക്കിടകത്തിൽ ആയിരുന്നു നാല് മക്കളെയും ഭാര്യയേയും ചേർത്തുപിടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാടുകയറിയത്. അടിമാലി ആനച്ചാൽവരെ ബസ് ഉണ്ടായിരുന്നു. ബസിൽ നിന്നിറങ്ങി ആറ് കിലോമീറ്റർ നടന്ന് ബൈസൻവാലിൽ എത്തി. സുഹൃത്തിന്റെ ബന്ധുക്കൾ നേരത്തെ അവിടെ എത്തിയിരുന്നു. കൈയിൽ ഉണ്ടായിരുന്ന ചെറിയ തുകകൊണ്ട് രണ്ടുമൂന്ന് ദിവസത്തിനുശേഷം രണ്ടേക്കർ ഭൂമി വിലയ്ക്കുവാങ്ങി.  താമസിക്കാനൊരു കൂരയും തട്ടിക്കൂട്ടി. തന്നാണ്ട് കൃഷിയും ആരംഭിച്ചു. കാട്ടുമൃഗങ്ങളെയും കൊടും തണുപ്പിനെയുമെല്ലാം ഒളിപ്പിച്ച് ഭക്ഷ്യവിളകൾ വളർത്തിയെടുത്തു, വിശപ്പകറ്റാനും നാല് മക്കളെ പഠിപ്പിക്കാനും. പക്ഷേ, അതൊന്നും തികയുമായിരുന്നില്ല. ഇതിനിടെ ഇട്ടിയവരയ്ക്ക് കലശലായ ശ്വാസംമുട്ടലും. കൃഷിക്കുപുറമെ കുടുംബം പോറ്റാൻ ബേക്കറിയിൽ ജോലി ചെയ്തു. ഇതിനിടെ രണ്ടുപെൺകുട്ടികളെ വിവാഹം കഴിപ്പിക്കാനും അവരെ പഠിപ്പിക്കാനുമായി ഭൂമി വിറ്റു. പിന്നീടങ്ങോട്ട് വാടകവീടുകളിലേക്ക്. അടിമാലി, മുനിത്തണ്ട്, മന്നാംകാല, മച്ചിപ്ലാവ് തുടങ്ങി പലയിടങ്ങളിൽ മാറിമാറി താമസിച്ചു. ഇതിനിടെ ഒരുമകൻ മരിച്ചു. മറ്റ് മൂന്ന് മക്കൾ വിവിധയിടങ്ങളിലുമായി. 
 
മക്കളുടെ സഹായമില്ലാതെ വാർധക്യകാല പെൻഷൻ കൊണ്ടാണിപ്പോഴത്തെ ജീവിതം. മരണത്തിനു മുമ്പെങ്കിലും തലചായ്ക്കാൻ സ്വന്തമായൊരുകൂര വേണമെന്ന പ്രാർഥനമാത്രമേ വൃദ്ധദമ്പതികൾക്കുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് അടിമാലിയിൽ അത്ഭുതം സംഭവിച്ചത്. അടിമാലിപഞ്ചായത്ത് കൂറ്റൻ ഫ്ളാറ്റ് പണിത് നൽകി, നാട്ടിൽ വീടും സ്ഥലവുമില്ലാത്തവർക്കായി. അതും തീർത്തും സൗജന്യമായി. "സന്തോഷം, മറ്റൊന്നും പറയാനില്ല' നിറകൺ ചിരിയുമായി ഇട്ടിയവര പറയുന്നു.
 
ഇട്ടിയവരയും മറിയാമ്മയും സ്വന്തം ഫ്‌ളാറ്റിൽ

ഇട്ടിയവരയും മറിയാമ്മയും സ്വന്തം ഫ്‌ളാറ്റിൽ

 

സന്തോഷത്തിന്റെ തിക്കും തിരക്കും

 
ആശാരിപ്പറമ്പിൽ സൈമണും കുടുംബവും വീട്ടുസാധനങ്ങൾ 321‐ാം നമ്പർ ഫ്ളാറ്റിലേക്ക് കയറ്റിവയ്ക്കാനുള്ള തിരക്കിലാണ്. കഴിഞ്ഞ പെരുമഴയും വെള്ളപ്പൊക്കവും സർവവും അപഹരിച്ചാണ് മടങ്ങിയത്. അതിൽനിന്നുള്ള തിരിച്ചുവരവിലാണ് ആ ചെറുകുടുംബം.
 
അടിമാലി അഴീപ്പറമ്പിൽ രാജുവും കുടുംബവും പോയ രണ്ടുദശകത്തിനിടെ പന്ത്രണ്ട് ഇടത്ത‌് മാറിമാറി താമസിച്ചു. ചായക്കടയിലെ ജോലിയിൽനിന്ന‌് മിച്ചംപിടിച്ച് കിട്ടുന്നതുകൊണ്ടാണ് രാജു കുടുംബം പുലർത്തുന്നത്. മക്കൾ രോഗത്തോട് മല്ലിടുന്നവർ. സുരക്ഷിതമായൊരഭയസ്ഥാനം കിട്ടിയതിന്റെ ചാരിതാർഥ്യമുണ്ട് അവരുടെ മുഖത്തും.
"കിടപ്പാടമില്ലാതെ കുറേ അലഞ്ഞു, ഇനി  ഇറങ്ങിപ്പോകാൻ ആരും പറയില്ലല്ലോ', ഫ്ളാറ്റിലെ മറ്റൊരന്തേവാസി ഈശ്വരി ദണ്ഡപാണി ആശ്വസിക്കുന്നു. ശാരദാനിലയം ഷേർളി പ്രസന്നകുമാർ, അരയാലുങ്കൽ ഷാജി ആന്റണി, പാറയ്ക്കൽ മാധവൻ, തൂമ്പാളത്ത് ആശാ ബഷീർ എല്ലാവർക്കും പറയാനുണ്ട് തെരുവിൽനിന്ന‌് ജീവിതം തിരിച്ചുകിട്ടിയതിന്റെ സന്തോഷം. നാലു കമ്പ‌് ചുവരുകളാക്കി, ഓലമറയാക്കി തെരുവോരങ്ങളിൽ വച്ചുവിളമ്പി ജീവിച്ചിരുന്നവരാണ് ഇവരിലേറെയും. പ്രായമായ പെൺകുട്ടികളുമായി വാടകവീടുകൾ തേടിയവർ. നിരന്തരം ആട്ടിയിറക്കപ്പെട്ടുകൊണ്ടിരുന്നവർ, അവരിന്ന് ആത്മവിശ്വാസത്തോടെ ഒന്നിച്ച് ഒരു കൂരയ്ക്ക് കീഴിൽ. പരീക്ഷചൂടുകൂടി ഒഴിഞ്ഞതോടെ കുട്ടികൾ ആത്മവിശ്വാസത്തോടെ ഫ്ളാറ്റ് കളിസ്ഥലമാക്കി മാറ്റിയിരിക്കുന്നു.
 
 
വീട്ടുസാധനങ്ങളുമായി എത്തിയ സൈമണും കുടുംബവും

വീട്ടുസാധനങ്ങളുമായി എത്തിയ സൈമണും കുടുംബവും

മേൽക്കൂരയില്ലാത്തവരുടെ മേൽവിലാസം

 
അടിമാലിയിൽ സംഭവിച്ചത് ഒരത്ഭുതമല്ല. എല്ലാവർക്കും വീടൊരുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം പിണറായി സർക്കാർ നടത്തിപ്പിച്ചെടുക്കുകയായിരുന്നു അവിടെ. ഏഴ് നിലയുള്ള കെട്ടിടമാണ്  നിർമിച്ചിരിക്കുന്നത്. കിടപ്പാടവും വീടും ഇല്ലാതെ അലയുന്നവർ, വാടക വീടുകളിൽ മാറിമാറി ഓടുന്നവർ, രോഗങ്ങളാൽ ക്ലേശിക്കുന്നവർ, അശരണരായ വയോധികർ തുടങ്ങി ജീവിതത്തിന്റെ പുറംപോക്കിൽ കഴിയുന്നവർക്കുവേണ്ടിയുള്ള പാർപ്പിടസമുച്ചയം. ലോട്ടറി വിൽപ്പനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹോട്ടലുകളിൽ പണിയെടുക്കുന്നവർ, പെട്ടിക്കടകളിൽ ഉപജീവനം കണ്ടെത്തുന്നവർ, കൂലിവേലക്കാർ തുടങ്ങി അൽപ്പവരുമാനത്തിൽ ജീവിതം തള്ളിനീക്കുന്നവരാണ് ഇപ്പോൾ സ്വന്തം ഫ്ളാറ്റിന് ഉടമകളായത്. 
 

ഉത്സാഹത്തിമിർപ്പിൽ കുട്ടികൾ

ഉത്സാഹത്തിമിർപ്പിൽ കുട്ടികൾ

 

അടിമാലി ഒന്നാമത്

 
വീടില്ലാത്തവരെ കണ്ടെത്തി വീട് നിർമിച്ചുനൽക്കുക എന്ന സർക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് അടിമാലിയിൽ ഫ്ലാറ്റ് സമുച്ചയം സജ്ജമായത്. തദ്ദേശ സ്ഥാപനത്തിന്റെ പിന്തുണയോടെ കെട്ടിടസമുച്ചയമൊരുക്കി സൗജന്യമായി മലയോരജനതയ്ക്ക് കൈമാറുന്നതിന് രാജ്യത്ത് മുൻ മാതൃകകളില്ല. പഞ്ചായത്തിന്റെ പലയിടങ്ങളിലും  പതിറ്റാണ്ടുകളായി താമസിക്കുന്നവർക്കാണ്  നിയമക്കുരുക്കുകളില്ലാതെ വീട് ലഭിച്ചത്. കുറഞ്ഞ വിസ്തൃതിയുള്ള ഭൂമേഖലയിലെ ഭവനരഹിതരെ എങ്ങനെ കൂട്ടായി അധിവസിപ്പിക്കാം എന്നതിനും അടിമാലി മാതൃക തീർക്കുന്നു. 
 
വീടും സ്ഥലവും ഇല്ലാത്തവർക്ക് വീടൊരുക്കാനുള്ള ലൈഫ് മൂന്നാം ഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷൻ അടിമാലി മച്ചിപ്ലാവിൽ ഏഴ് നിലകളോടെ നിർമിച്ചിട്ടുള്ള കെട്ടിടത്തിൽ 217 ഫ്ലാറ്റാണുള്ളത്. ജനനി പദ്ധതിപ്രകാരം ഭവനം ഫൗണ്ടേഷൻ കേരളയാണ് 26 കോടി ചെലവിൽ ഒന്നര ഏക്കർ സ്ഥലത്ത് പദ്ധതി പൂർത്തീകരിച്ചത്. ദ്രുതഗതിയിൽ നിർമാണം നടന്നു.  
 
ഭൂരഹിത ഭവനരഹിതർക്ക് ഭവനം ഫൗണ്ടേഷൻ സൗജന്യമായാണ് ഫ്ലാറ്റ് വിട്ടുനൽകുന്നത്. രണ്ട് കിടപ്പുമുറി, നടുത്തളം, അടുക്കള, ടോയ്‌ലെറ്റ്,  കുളിമുറി ഉൾപ്പെടെ 400 ചതുരശ്ര വിസ്തീർണത്തിലാണ് ഓരോ ഫ്ളാറ്റും. മുറികളെല്ലാം ടൈൽ പതിപ്പിച്ചിരിക്കുന്നു. സമുച്ചയത്തിൽ നാല് ലിഫ്റ്റ് പ്രവർത്തിക്കുന്നു.
ജനറേറ്ററുകൾ,  വൈദ്യുതി, ശുദ്ധജലം, മാലിന്യസംസ്കരണം, സുരക്ഷാസൗകര്യം തുടങ്ങിയവയും ഒരുക്കി. താഴത്തെ നിലയിൽ കുട്ടികൾക്കായി അങ്കണവാടി, കുടുംബാരോഗ്യ പരിപാലന കേന്ദ്രം, മുതിർന്നവർക്കായി വിശ്രമമുറി, വായനശാല, റിക്രിയേഷൻ ഹാൾ എന്നിവയും ഒരുക്കി. കൂടാതെ, കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ നൈപുണ്യ പരിശീലനവും സംരംഭകത്വ പരിശീലനവും നടക്കുന്നു. സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ആദ്യം തയ്യൽ കേന്ദ്രങ്ങൾ ആരംഭിക്കും.
 
 പൂർണമായും ഹരിതപെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നു. മാലിന്യം തരംതിരിച്ച് മാറ്റാൻസംവിധാനമുണ്ട്. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ തുന്പൂർമൂഴി മാതൃകയിലുള്ള 12 എയ‌്റോബിക് കമ്പോസ്റ്റ് യൂണിറ്റ‌് സ്ഥാപിച്ചിട്ടുണ്ട്. സമുച്ചയത്തിന്റെ പരിപാലനചുമതല അടിമാലി പഞ്ചായത്തിനാണ്.
 
പാവപ്പെട്ടവർക്കായി പണിത കെട്ടിടസമുച്ചയം ബഹുസ്വരമായ ജീവിതത്തിന്റെ വൈവിധ്യപൂർണമായ മാതൃകയായി വളർത്തിക്കൊണ്ടുവരാനാണ്‌ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നതെന്ന്‌ അടിമാലി പഞ്ചായത്ത്‌ സെക്രട്ടറി കെ എൻ സഹജൻ പറഞ്ഞു. വേറിട്ട പ്രവർത്തനങ്ങൾക്ക്‌ പോയവർഷം സംസ്ഥാന സർക്കാർ ആദരിച്ച കേരളത്തിലെ മൂന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറിമാരിൽ ഒരാളാണ്‌ സഹജൻ. അടിമാലി പഞ്ചായത്തിന്റെ മാതൃക കേരളത്തിലെ മറ്റ്‌ പഞ്ചായത്തുകൾ കൂടി ഏറ്റെടുത്ത്‌ ചെയ്യുകയാണെങ്കിൽ പാർപ്പിടമേഖലയിൽ വലിയ മാറ്റമായിരിക്കും ഉണ്ടാകുക.
 
സ്വന്തം ഫ്‌ളാറ്റിനുമുന്നിൽ തങ്കമ്മ		ചിത്രങ്ങൾ: എം പി ഷിബിൻ

സ്വന്തം ഫ്‌ളാറ്റിനുമുന്നിൽ തങ്കമ്മ ചിത്രങ്ങൾ: എം പി ഷിബിൻ

 

കേരളത്തിന്റെ ലൈഫ് 

 
ലൈഫ് പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽ സംസ്ഥാനത്ത് 5,78,901 ഭവനരഹിതരെയാണ‌് കണ്ടെത്തിയത്. ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 92926 വീട‌് നിർമിച്ചു. ലൈഫ് ഒന്നാംഘട്ടമായി പാതിവഴിയിൽ നിർമാണം മുടങ്ങിയവ പൂർത്തീകരിച്ചു നൽകിയതാണ് ഇതിൽ 50,447 വീട‌്. പാതിവഴിയിൽ നിലച്ച വീടുകളുടെ പൂർത്തീകരണമാണ് ആദ്യഘട്ടം നടപ്പാക്കിയത്. രണ്ടും മൂന്നും ഘട്ടം ഒന്നിച്ച് ആരംഭിച്ചു. രണ്ടാംഘട്ടമായി സ്വന്തമായി ഭൂമിയുള്ള ഭവന രഹിതർക്ക് ഗ്രാമങ്ങളിൽ 6375 വീടും നഗരങ്ങളിൽ 36104 വീടും നിർമിച്ചുകൈമാറി. മൂന്നാംഘട്ടത്തിന്റെ ഭാ​ഗമായി  ഭൂരഹിത ഭവനരഹിതർക്കുള്ള ഫ്ളാറ്റ് നിർമാണം പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും ഭവന സമുച്ചയത്തിനായുള്ള ഭൂമി കണ്ടെത്തി. ഇത്തരത്തിലെ ആദ്യത്തെ കെട്ടിടസമുച്ചയം അടിമാലിയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു. മിടുക്കിയായ ഇടുക്കിയിലെ  മിടുമിടുക്കിയായി അടിമാലി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top