21 August Wednesday

സിംഫണിയിലെ മാറ്റിയെഴുത്തുകള്‍

മുകുന്ദനുണ്ണി unni.mukundan@gmail.comUpdated: Sunday Mar 31, 2019

പാശ്ചാത്യ ക്ലാസിക്കൽ സംഗീത അവതരണത്തിലെ സവിശേഷതകളെ   കുറിച്ചുള്ള ഒരന്വേഷണം

കംപോസർ എഴുതിവച്ച സ്വരങ്ങൾ, സോളോയ്ക്കും ഓർക്കസ്ട്രയ്ക്കും വേണ്ടി, അതേപടി തെറ്റുകൂടാതെ അവതരിപ്പിക്കലാണോ ഒരു ക്ലാസിക്കൽ കോൺസർട്ട്? സാമാന്യധാരണ അതാണ്.  യാഥാർഥ്യം അതാണെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള രചനകൾ ഇന്നും പുതിയ ആവിഷ്‌കാരങ്ങളെന്നപോലെ എന്തുകൊണ്ട് സ്വീകരിക്കപ്പെടുന്നു?  നാനാത്വത്തിലേയ്ക്ക് നയിക്കുന്ന കലയുടെ ഇടനാഴികളിലൂടെ അവസാനിക്കാത്ത പുതുമകൾ കടന്നുവരുന്നതുകൊണ്ടായിരിക്കാം രചനകൾ പഴകാത്തത്.            

ജാപ്പനീസ് നോവലിസ്റ്റായ ഹരൂകി മുരാകാമിയും സംഗീതജ്ഞനായ സെയ്ജി ഒസാവയും അബ്‌സൊല്യൂട്ടിലി ഓൺ മ്യൂസിക് എന്ന പുസ്തകത്തിൽ പാശ്ചാത്യ ക്ലാസിക്കൽ സംഗീതാവതരണത്തിലെ സവിശേഷതകളെ അന്വേഷിച്ചുകൊണ്ടാണ് സംസാരിച്ചുതുടങ്ങുന്നത്.  ബീഥോവന്റെ സി മൈനറിലെ പിയാനോ കൺസെർട്ടോ (ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള പിയാനോ സോളോ) നമ്പർ 3 കേട്ടുകൊണ്ടാണ് സംഭാഷണം.  ഒരേ രചന പല കാലങ്ങളിൽ വിവിധ സംഗീതജ്ഞർ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രത്യേകതകൾ ശ്രദ്ധിച്ചു മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ. 
ഗ്ലെൻ ഗൂൾഡ്‌

ഗ്ലെൻ ഗൂൾഡ്‌

 
ഓസ്ട്രിയൻ കണ്ടക്ടറായ കരായനും (Heriber von Karajan) കനേഡിയൻ പിയാനിസ്റ്റായ ഗ്ലെൻ ഗൂൾഡും (Glenn Gould) ചേർന്ന് 1957 ൽ ഈ രചന അവതരിപ്പിച്ചതിന്റെ ലൈവ് റെക്കോഡിങ്ങാണ് ആദ്യം കേൾക്കുന്നത്. ആദ്യത്തെ മൂന്നര മിനിറ്റ് ബീഥോവനിൽനിന്ന് അൽപ്പംപോലും മാറുന്നില്ലെങ്കിലും യുവാവായ ഗൂൾഡ് പിയാനോ വായിക്കാൻ തുടങ്ങുന്നതോടെ മുറുകിനിന്ന സംഗീതം അൽപ്പം അയയുന്നു.  ഗൂൾഡിന്റെ സോളോ ക്രമേണ സ്വന്തം സംഗീതം ഉണ്ടാക്കാനെന്നപോലെ വേറിടുന്നു.  സോളോ തികച്ചും സ്വതന്ത്രമായി.  പക്ഷേ കരായൻ, വേറിട്ടൊഴുകുന്ന പിയാനോയുടെ വശ്യതയ്ക്ക് ഒരു വിധത്തിലും വഴങ്ങാതെ, സുന്ദരമായ സിംഫണി കണ്ടക്ട് ചെയ്തുകൊണ്ടിരിക്കുന്നു.'എങ്ങനെയാണോ വേണ്ടത് അങ്ങനെ ഞാൻ എന്റെ സംഗീതം ചെയ്യും. ബാക്കിഭാഗം നിങ്ങൾക്കു തോന്നുന്നതുപോലെ ചെയ്യാം,' എന്നു കരായൻ കണ്ടക്ടിങ്ങിലൂടെ പറയുന്നതുപോലെ തോന്നും, മുരാകാമി പറഞ്ഞു. ഒരേ സംഗീതത്തിൽതന്നെ "കരായൻ ലോക'വും 'ഗൂൾഡ് ലോക'വും വേറിട്ടു നിൽക്കുകയാണെങ്കിലും ആകമാനം നോക്കുമ്പോൾ അത് സംഗീതരചനയെ അത്യധികം ശോഭനമാക്കുകയായിരുന്നു.
 
രണ്ടാമതായി അവർ കേൾക്കുന്നത് അമേരിക്കൻ കണ്ടക്ടറും കംപോസറുമായ ലെനാഡ് ബേൺസ്റ്റീനും (Leonard Bernstein)  ഗൂൾഡും ചേർന്ന് ഇതേ രചന അവതരിപ്പിക്കുന്നതാണ്.  കരായനിൽനിന്ന് വ്യത്യസ്തമായിരുന്നു ബേൺസ്റ്റീനിന്റെ കണ്ടക്ടിങ്.  സ്വാതന്ത്ര്യപ്രിയനായ ഗൂൾഡിന്റെ പിയാനോ സോളോയെ കൂടെക്കൂട്ടുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംവിധാന കല.  കൂട്ടുവാദ്യങ്ങളുടെ ചില ഭാഗങ്ങളെ മറികടന്നുകൊണ്ടാണ് ബേൺസ്റ്റീൻ അത് സാധിച്ചെടുക്കുന്നത്.  രചനയിലെ കനത്ത രേഖകളെ പിന്തുടരുന്നതിലൂടെയാണ് ഈ വഴക്കം സഫലീകരിക്കുന്നത്.  കൗണ്ടർപോയന്റ്, വ്യത്യസ്ത സ്വരസ്ഥാനങ്ങളിൽനിന്ന് ഉതിർക്കുന്ന സംവാദാത്മകമായ ഈണങ്ങൾ, വായിക്കുന്നതുപോലെയാണ് ബേൺസ്റ്റീൻ ഓർക്കസ്ട്രയെ സോളോയോട് ചേർത്തുകൊണ്ടുപോകുന്നത്.രണ്ടാമത്തെ മൂവ്‌മെന്റ്, രചനയുടെ സ്വയംസമ്പൂർണമായ ഭാഗം, വളരെ പതിഞ്ഞ കാലത്തിലാണ്.  ഇവിടെ ബേൺസ്റ്റീൻ ബുദ്ധിമുട്ടുന്നതായി മുരാകാമിയ്ക്ക് തോന്നി.  വേഗത ഇഴയുകയായിരുന്നു.  ഏതു സംഗീതത്തിലായാലും പതിഞ്ഞ കാലം അത്തരം ഒരു പ്രതീതിയെ ഉണ്ടാക്കാം.  വേഗമാർന്ന സംഗീതം സുഗമമായി പ്രവഹിക്കുന്നതായും തോന്നാം.  പക്ഷേ ദ്രുതഗതിയിൽ വിശദാംശങ്ങൾ പാടാൻ ഇടം തികയാതെവരും.  പതിഞ്ഞ കാലത്തിലാണ് പാട്ടുകാർ കൂടുതൽ സ്വതന്ത്രരും ഏകാന്തരുമാകുക.  താളം താമസിക്കുമ്പോൾ പാടി നിറയ്ക്കാനുള്ള ഉത്തരവാദിത്തം വന്നുചേരുന്നു. വലിഞ്ഞുവിടർന്ന് വിസ്തൃതമായ താളത്തിന്റെ മാത്രകൾക്കുള്ളിൽ സ്വരസമൂച്ചയങ്ങൾ തീർക്കാൻ ഗാഢമായ ശ്രദ്ധ വേണം.  ഒസാവ പറയുന്നതുപോലെ അതിന് തികഞ്ഞ ആത്മവിശ്വാസംതന്നെ വേണം.
ഈ അവതരണത്തിൽ ഗൂൾഡ് ചിലയിടത്ത് താളാത്മകമായി നിർത്തുന്നത് മുരാകാമി ശ്രദ്ധിച്ചു.  താളാത്മകമായ കാലിയിടങ്ങളുടെ പ്രയോഗം ഏഷ്യൻ സംഗീതത്തിലുണ്ട്.  ജാപ്പാനീസ് ഭാഷയിൽ അതിനെ "മാ' എന്നാണ് പറയുക.  കാലിയിടം ശൂന്യമാണ്, നിശ്ശബ്ദമാണ്.  മറ്റൊരു നോട്ടത്തിൽ അത് സ്വരങ്ങളുടെ വ്യത്യസ്തമായ ക്രമീകരണത്തിനുവേണ്ടിയുള്ള ഇടമൊരുക്കലുമാണ്.
 
കംപോസ് ചെയ്തത് അതേപടി അവതരിപ്പിക്കുന്ന സമ്പ്രദായം മാറിത്തുടങ്ങിയത് 1960 ലാണെന്ന് മുരാകാമി പറയുന്നു.  ബീഥോവസംഗീതത്തിന്റെ പ്രതിച്ഛായ പ്രകടമായി മാറിയത് ഗൂൾഡിലാണ്.  ഈ മാറ്റം പിന്നീട് ഒരു പുതിയ ശൈലിയായി.  ബലത്തോടെയുള്ള, യാഥാസ്ഥിതികമായ, വാദനരീതിയുടെ ശബ്ദം പുതിയ ശൈലിയിൽ നേരിയതായി.  സിംഫണിയ്ക്കകത്തുതന്നെയുള്ള ആന്തരശബ്ദങ്ങളെ കേൾക്കുമാറാക്കിക്കൊണ്ട്.  ഫലത്തിൽ ഓർക്കസ്ട്രയിലെ ഓരോ വിഭാഗവും പ്രത്യേകം കേൾക്കുമാറായി.  മൊത്തത്തിൽ ഒറ്റ ശബ്ദമായായിരുന്നു പഴയ കാലത്ത് ഓർക്കസ്ട്ര സങ്കൽപ്പിക്കപ്പെട്ടിരുന്നത്.  മാറിയ ശൈലിയിൽ ഓരോ ശബ്ദവും ബഹുസ്വരാസ്തിത്വം ആർജിക്കുന്നു.  പ്രത്യേക ശ്രദ്ധനൽകി ഓർക്കസ്ട്രയെ പരിശീലിപ്പിച്ചാലേ അത് സാധ്യമാവൂ. ഓർക്കസ്ട്രയെ പരിശീലിപ്പിക്കൽ തങ്ങളുടെ ജോലിയല്ല എന്ന പക്ഷക്കാരായിരുന്നു പഴയ കണ്ടക്ടർമാർ.
കരായൻ

കരായൻ

 
അടുത്തതായി മുരാകാമിയും ഒസാവയും കേൾക്കുന്നത് റുഡോൾഫ് സെർക്കിനും ഒസാവയും ചേർന്ന് 1982 ൽ അവതരിപ്പിച്ച ഇതേ രചനയുടെ റെക്കോഡിങ്ങാണ്.  സെർക്കിന് അന്ന് വയസ്സ് എഴുപത്തിയൊന്ന്.  അദ്ദേഹത്തിന് ഇഷ്ടംപോലെ, വിശ്രാന്തിയോടെ, പിയാനോ വായിക്കാനായി ഒസാവ ഓർക്കസ്ട്രയെ സജ്ജമാക്കിയിരുന്നു.  "അപായത്തോടു പ്രണയബദ്ധമായതുപോലെയാണ് സെർകിൻ പിയാനോ വായിക്കുന്നത്,' ഒസാവ പറഞ്ഞു.  വാർധക്യത്തിലാണ് സംഗീതത്തിന്റെ രുചി പാകം വരുക.  ബഡേ ഗുലാം അലിഖാനും ശെമ്മങ്കുടിയുമൊക്കെ പാടുമ്പോൾ അനുഭവപ്പെടുന്ന അനായാസത അവർക്ക് വാർധക്യത്തിൽ വന്നുചേർന്നതാവാം.  ഇതേ ആശയത്തെയാണ് സെർക്കിൻ പിയാനോയിൽ ചെയ്യുന്നതിനെക്കുറിച്ച് ഒസാവ സൂചിപ്പിച്ചതും.  എഴുപത്തൊന്നാം വയസ്സിൽ സെർക്കിനിന്റെ വിരലുകളിൽ ബീഥോവന്റെ സംഗീതം ചിറകില്ലാതെ പറക്കുമ്പോൾ അതിനെ അപായത്തോടുള്ള പ്രണയമായല്ലാതെ, കാവ്യാത്മകമായി, ഒസാവയ്ക്ക് പറയാനായില്ല.
 
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിൽ കണ്ടക്ടറുടെ ജോലി, ഒസാവ പറയുന്നു, ഓർക്കസ്ട്രയെ ഒരുമിച്ച് ശ്വസിപ്പിക്കലാണ്.  വേദിയിൽ കുറേ പേരുണ്ടാകും.  വിവിധതരം ഉപകരണവാദ്യങ്ങൾ വായിക്കുന്നവർ.  എല്ലാവർക്കും പിയാനോ വ്യക്തമായി കേൾക്കാനിടയില്ല.  ചിലർ കുറച്ച് ദൂരെയാകാം. കണ്ടക്ടർ മുഖഭാവംകൊണ്ടും കൈയാംഗ്യങ്ങൾകൊണ്ടും അവരെ ഒരുമിപ്പിക്കണം.  സംഗീതം ദീർഘമായി ശ്വസിക്കണോ ഹ്രസ്വമായി ശ്വസിക്കണോ എന്ന് കണ്ടക്ടർ അവർക്ക് നിർദേശം നൽകിക്കൊണ്ടിരിക്കും.  അത് ഫലപ്രദമായാൽ ഓർക്കസ്ട്ര ഒരു സംഘം സംഗീതജ്ഞർ ഒരുമയോടെ ശ്വസിക്കുന്ന സംഗീതമാകും.  രമ്യതയാർന്ന സിംഫണി സംഗീതത്തിന്റെ സ്വച്ഛന്ദമായ ശ്വസനമാണ്.
പ്രധാന വാർത്തകൾ
 Top