11 April Sunday

വയനാടൻ വഴി

പി ഒ ഷീജ niranjansheeja@gmail.comUpdated: Sunday Jan 31, 2021

മഞ്ഞാടിയിലെ ബ്രഹ്മഗിരി മലബാർ മീറ്റ്‌ മാംസ സംസ്‌കരണശാല

കൊളോണിയൽ അധിനിവേശത്തിനെതിരെ ഗറില്ലാ പോരാട്ടം നടത്തിയ കുറിച്യരുടെ നാട്‌. കർഷകരെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന നവകൊളോണിയലിസത്തിനെതിരെ വയനാടൻ ജനത പൊരുതുന്നത്‌ സ‌ഹകരണ സംരംഭങ്ങളിലൂടെയാണ്‌. ഇരുപതു വർഷമായി വിജയപാതയിൽ സഞ്ചരിക്കുന്ന ബ്രഹ്മഗിരി ഡെവലപ്‌‌മെന്റ്‌ സൊസൈറ്റി അതുകൊണ്ടു തന്നെ കാർഷിക മേഖലയിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ്‌

 
പശ്‌ചിമഘട്ട മലനിരകളിലെ പച്ചപ്പിന്‌ വയനാട്ടിലെത്തുമ്പോൾ  പ്രത്യേക അഴകാണ്‌.  അവിടെയാണ്‌ സഹ്യന്റെ കണ്ണായ‌ ബ്രഹ്മഗിരി. ഈ മലനിരകളോളം ഉയരവും വൈപുല്യവുമുണ്ട്‌ ഇവിടുത്തെ കർഷകരുടെ അതിജീവനത്തിന്റെ ഗാഥകൾക്ക്‌. ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ  ചെറുത്തുനിൽപ്പ്‌ സംഘടിപ്പിച്ച ആദിവാസികളായ ഗറില്ലാ പോരാളികളുടെ ആ നാട് പുതിയ കാലത്ത്‌‌ മുന്നോട്ടുവയ്‌ക്കുന്ന ബദലുകൾ ഈ രാജ്യം കാണാതിരുന്നുകൂടാ. തൊഴിലാളി–-കർഷക സാമൂഹ്യ സഹകരണ സംരംഭമായ ബ്രഹ്മഗിരി ഡെവലപ്‌മെന്റ്‌ സൊസൈറ്റി മുന്നോട്ടുവയ്‌ക്കുന്ന മാതൃക അത്തരത്തിലൊന്ന്‌. അതിജീവനത്തിനായി പൊരുതുന്ന കർഷകരുടെ ചോരയും കണ്ണീരും വിയർപ്പും വീണ്‌ രാജ്യതലസ്ഥാനം കുരുതിക്കളമാക്കുമ്പോഴാണ്‌ ഇങ്ങ്‌ തെക്ക്‌ സഹ്യന്റെ നാട്ടിൽ കർഷകരും തൊഴിലാളികളും പുതുചരിത്രം രചിക്കുന്നത്‌.
 
മലബാർ മീറ്റ്‌ സംസ്‌കരണ കേന്ദ്രത്തിൽ ചിക്കൻ സംസ്‌കരിച്ചെടുക്കുന്നു

മലബാർ മീറ്റ്‌ സംസ്‌കരണ കേന്ദ്രത്തിൽ ചിക്കൻ സംസ്‌കരിച്ചെടുക്കുന്നു

കൃഷിക്കാരെ കോർപറേറ്റുകളുടെ‌ അടിമയാക്കാൻ കേന്ദ്രസർക്കാർ തന്നെ മുൻകൈയെടുക്കുമ്പോൾ വിത്ത്‌ മുതൽ വിപണി വരെ ഇടപെടുകയും കർഷകരെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നും മോചിപ്പിച്ച്‌ സഹകരണ കൃഷിയിൽ വിപ്ലവം സൃഷ്‌ടിക്കുകയുമാണ്‌‌ ബ്രഹ്മഗിരി. ലോകനിലവാരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണം മലയാളിയുടെ തീൻ മേശയിലെത്തിച്ചും വയനാടൻ കാപ്പിപ്പൂവിന്റെ സൗരഭ്യം അന്താരാഷ്‌ട്രതലങ്ങളിലെത്തിച്ചും കൃഷിയുടെ കോർപറേറ്റ്‌വൽക്കരണത്തിനെതിരെയുള്ള  ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ്‌ ഈ ജനകീയ പ്രസ്ഥാനം ലോകത്തിന്‌ നൽകുന്നത്‌‌.
 
1999ൽ ചാരിറ്റബിൾ സൊസൈറ്റി ആക്ട്‌ പ്രകാരം രജിസ്‌റ്റർ ചെയ്‌ത്‌ പ്രവർത്തനം തുടങ്ങിയ സ്ഥാപനത്തിന്‌ ഇന്ന്‌ കോട്ടയം മുതൽ കാസർകോട്‌ വരെ വ്യാപിച്ച്‌ കിടക്കുന്ന വിപണന ശൃംഖലയുണ്ട്‌‌. 1999ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ സൊസൈറ്റി രൂപീകരിച്ചത്‌. ക്ഷീരവികസനം, മൃഗസംരക്ഷണം, കൃഷി മേഖലകളിലൂടെ  നിരവധി പദ്ധതികൾ സർക്കാർ സഹായത്തോടെ നടപ്പാക്കുന്നു. മലബാർ മീറ്റ്‌, വയനാട്‌ കോഫി, കേരള ഫിഷ്‌, കേരള ചിക്കൻ തുടങ്ങി സഹകരണ കൃഷിയിലൂടെ ചൂഷണരഹിത വികസനത്തിന്റെ അനന്തസാധ്യതകളാണ്‌ ബ്രഹ്മഗിരി തുറന്നിടുന്നത്‌. കർഷകനും തൊഴിലാളിക്കും ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉൽ‌പ്പന്നം വിൽക്കാമെന്നും അത്‌ സംസ്‌കരിച്ച്‌ വിപണനം നടത്തി മികച്ച ലാഭം ഉണ്ടാക്കാമെന്നും ബ്രഹ്മഗിരി പഠിപ്പിക്കുന്നു.
 

തുടക്കം ഇങ്ങനെ

 

 മൻമോഹൻ സിങ്‌ നടപ്പാക്കിയ ആഗോളവൽ‌ക്കരണനയങ്ങൾ വയനാടിനെ മരണഭൂമിയാക്കിയ കാലം. വരണ്ടുണങ്ങിയ പാടങ്ങൾ കർഷകന്റെ കണ്ണീരിൽ മുങ്ങി. കർഷകർ  കടക്കെണിയിലായി. 2000–2006 കാലത്ത്‌  തൊള്ളായിരത്തോളം കർഷകരാണ്‌ ആത്മഹത്യ ചെയ്‌തത്‌.  ആത്മഹത്യ തടയാനും ആത്മവിശ്വാസം നൽകി അവരെ ജീവിതത്തിൽ‌ തിരിച്ചെത്തിക്കാനും  എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. ബ്രഹ്മഗിരി ഡെവലപ്‌‌മെന്റ്‌ സൊസൈറ്റി പ്രവർത്തനം വിപുലപ്പെടുത്തി. സിപിഐ എം നേതാവും എംഎൽഎയുമായ അന്തരിച്ച പി വി വർഗീസ്‌ സ്ഥാപക ചെയർമാനായി തുടങ്ങിയ ബ്രഹ്മഗിരി കർഷകരുടെ അതിജീവനത്തിനുള്ള ആയുധമായി.
 

മലബാർ മീറ്റ്‌

 

നവീനശിലായുഗത്തിന്റെ രേഖാ ചിത്രങ്ങൾ അടയാളപ്പെടുത്തിയ എടയ്‌ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലനിരകളുടെ താഴ്‌വാരത്തിലെ കൊച്ച്‌ ഗ്രാമമാണ്‌ ‌മഞ്ഞാടി. വിശാലമായ വയലുകളും  അമ്പുകുത്തി മലനിരകളുമെല്ലാം മനോഹരിയാക്കുന്ന ഈ ഗ്രാമത്തിലാണ്‌  മലബാർ മീറ്റ്‌ മാംസ സംസ്‌കരണശാല‌. 2014 ലാണ്‌ ഫാക്ടറി തുടങ്ങിയത്‌. ലോകോത്തര നിലവാരത്തിലുള്ള ആധുനിക സംസ്‌കരണശാലയാണിത്‌. വ്യാവസായികാടിസ്ഥാനത്തിൽ മാംസം ഉൽ‌പ്പാദിപ്പിച്ച്‌ കേരളത്തിനകത്തും പുറത്തും മാംസ, മൂല്യ വർധിത ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നു. മഞ്ഞാടിയിലെ 14 ഏക്കറിലാണ്‌ ഫാക്ടറി‌. ആട്‌, കോഴി, പോത്ത്‌, കാട, താറാവ്‌ എന്നിവയെ ശാസ്‌ത്രീയമായി സംസ്‌കരിച്ച്‌ പ്രതിദിനം 15 ടൺ മാംസം ഉൽപ്പാദിപ്പിക്കുന്നു.
 
കശാപ്പിന്‌ മുമ്പ്‌ വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിക്കും. അറവിന്‌ ശേഷം മാംസം പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പാക്കാൻ അത്യന്താധുനിക ലാബും  സാങ്കേതിക വിദഗ്‌ധരും‌. പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ഇവ ജൈവവളങ്ങളും മറ്റ്‌ ഉൽപ്പന്നങ്ങളുമാക്കി മാറ്റാനുള്ള ഡ്രൈറെൻഡറിങ്‌‌ പ്ലാന്റുമുണ്ട്‌.
 

ഇറച്ചിക്ക്‌ പകരം മാംസം

 

ബാക്ടീരിയയുടെ പ്രവർത്തനം തടഞ്ഞ്‌ മാംസം കേടാകാതെ സൂക്ഷിക്കാൻ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയും മഞ്ഞാടിയിലെ ഫാക്ടറിയിലുണ്ട്‌. ഇറച്ചി മാംസമായി പരിണമിക്കുന്നത്‌ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിലൂടെയാണ്‌.  ജീവനുള്ള പേശിയുടെ പി എച്ച്‌ മൂല്യം ഏതാണ്ട്‌ 7 ആണ്‌. ഇത്‌ 5.3–-5.6 എന്ന അളവിലേക്ക്‌ താഴ്‌ത്തുന്നു. ലാക്ടിക്‌ ആസിഡ്‌ പേശിയിലെ ഊർജവുമായി പ്രതിപ്രവർത്തിച്ച്‌ കാത്സ്യം ഉൽപ്പാദിപ്പിക്കുന്നു. ഈ പ്രക്രിയയിലൂടെ പേശി മാംസമായി മാറുന്നു. പോത്ത്‌, കാള തുടങ്ങിയ മൃഗങ്ങളിൽ അറവ്‌ കഴിഞ്ഞ്‌ 6–-8 മണിക്കൂർ കൊണ്ടാണ്‌ പേശി മാംസമായി മാറുന്നത്‌.
 
മലബാർ മീറ്റിൽ നിശ്‌ചിത സമയം ചില്ലറിൽ സൂക്ഷിച്ച്‌ കണ്ടീഷനിങ്ങിലൂടെ ഇറച്ചി മാംസമായി രൂപപ്പെട്ടശേഷം ഡീപ്പ്‌ ഫ്രീസറിൽ വച്ച്‌ മൈനസ്‌ 40 ഡിഗ്രി സെൽഷ്യസിൽ തണുപ്പിക്കുന്നു. അതിനുശേഷം മൈനസ്‌ 20 ഡിഗ്രി സെൽഷ്യസിൽ കോൾഡ്‌ സ്‌റ്റോറേജിൽ സൂക്ഷിക്കുന്നു. ഈ താപനിലയിൽ മാംസത്തിൽ ഒരു മാറ്റവും സംഭവിക്കില്ല. 9 മാസം വരെ ഈ ഉൽ‌പ്പന്നങ്ങൾ കേടാകാതെ സൂക്ഷിക്കാം. കാസർകോഡ്‌, കണ്ണൂർ ജില്ലകളിൽ കോഴി വളർത്തലും മാംസ സംസ്‌കരണവും പ്രോത്സാഹിപ്പിക്കാനുള്ള സാദിയ ചിക്കൻ പ്രോസസിങ്‌‌ യൂണിറ്റിൽ പ്രതിദിനം 3000 കോഴികളെയാണ്‌ പ്രോസസ്‌ ചെയ്യുന്നത്‌.
 
സംസ്ഥാന സർക്കാരിന്റെ കേരള ചിക്കൻ പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസിയാണ്‌ ബ്രഹ്മഗിരി. സ്വന്തമായി പാരന്റ്‌ സ്റ്റോക്കും ഹാച്ചറിയും 70 ഫാമുകളും ഏഴ്‌ വിപണന കേന്ദ്രങ്ങളുമുണ്ട്‌. പ്രതിവർഷം 13.5 കോടി രൂപ വിറ്റുവരവുണ്ട്‌. പാലക്കാട്‌ ‌ ബ്രീഡർ ഫാം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 14.65 കോടി രൂപ അനുവദിച്ചു‌. അട്ടപ്പാടിയിൽ 24 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്‌. പ്രൈവറ്റ് ഇന്റഗ്രേറ്റർമാർ കോഴി കർഷകർക്ക്‌ അഞ്ചു രൂപ മാത്രം വളർത്തുകൂലി നൽകുമ്പോൾ ബ്രഹ്മഗിരി 9 –-11 രൂപ വരെ വളർത്തുകൂലി നൽകുന്നു. കേരള ചിക്കൻ ഷോപ്പുകൾ ആരംഭിച്ചത് വഴി ഔട്ട്‌ലെറ്റ്‌ ഉടമകൾക്ക് കിലോയ്‌ക്ക്‌ 11 രൂപ തോതിൽ വരുമാനം നൽകാൻ സാധിച്ചു.
 

വയനാട്‌ കാപ്പി

വയനാട്‌ കാപ്പി

ബ്രഹ്മഗിരി വയനാട് കോഫി

 

വയനാട്ടിലെ കാപ്പി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കാനുള്ള പദ്ധതിയാണിത്‌. കാപ്പി കർഷക ഫെഡറേഷനുകൾ രൂപീകരിച്ച്‌ കർഷകരിൽനിന്നും ഉയർന്ന വിലയ്‌ക്ക്‌ കാപ്പി സംഭരിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലിറക്കുന്നു. വയനാടൻ  കാപ്പിയുടെ മണവും ഗുണവും ചോരാതെ വയനാട്‌ കോഫി എന്ന പേരിൽ ബ്രാൻഡ്‌ ചെയ്‌ത്‌ വിപണിയിലിറക്കി.
 

ബ്രഹ്മഗിരി കേരള ഫിഷ്

 

ട്യൂണ, ഓല, തുടങ്ങിയ മത്സ്യങ്ങൾ കേരള ഫിഷ് എന്ന ബ്രാൻഡ് നാമത്തിൽ റെഡി ടു കുക്ക് ആയി വിപണിയിലിറക്കി  150 ഔട്ട്‌ലറ്റുകൾ വഴി വിതരണം ചെയ്യുന്നുണ്ട്‌. വടക്കൻ കേരളത്തിലെ കർഷകർക്ക് വരുമാനം ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ചതാണ്‌ ഈ പദ്ധതി. ഇതിനോടകം 20000ത്തിലധികം പോത്തുകുട്ടികളെ കുറഞ്ഞ വിലയ്‌ക്ക്‌ കർഷകർക്ക്‌ വിതരണം ചെയ്‌തു. വളർച്ചയെത്തുന്ന മുറയ്‌ക്ക്‌ ന്യായവിലയ്‌ക്ക്‌ ബ്രഹ്മഗിരിയുടെ മാംസസംസ്‌കരണ ഫാക്ടറിയിലേക്ക് തിരികെ എടുക്കുന്നു.
 

ബ്രഹ്മഗിരി എഫ്‌ടിഎം

 

ഫാർമേഴ്സ് ട്രേഡ് മാർക്കറ്റ് എന്ന പേരിൽ കർഷകരിൽനിന്നും ഉൽ‌പ്പന്നങ്ങൾ നേരിട്ട്‌ സംഭരിച്ച് സംസ്‌കരിച്ച്‌ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്നു. നേരിട്ടും ഓൺലൈൻ മാർക്കറ്റിങ്‌ വഴിയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. കർഷകർക്കും ഉൽപ്പാദകർക്കും കൂടുതൽ വരുമാനം ഉറപ്പാക്കുന്നു. അഗ്രി കെമിക്കൽ ഡിവിഷൻ നിർമിക്കുന്ന ഡിറ്റർജന്റുകൾ വൻകിട കമ്പനികൾ നിർമിക്കുന്ന ഡിറ്റർജന്റുകൾക്കുള്ള ബദൽ ഉൽപ്പന്നമാണ്‌.
 
12 ലക്ഷം രൂപ ചെലവഴിച്ച് മണ്ണ് പരിശോധനാ ലാബ്, കാലിത്തീറ്റ കൃഷി, അസോള കൃഷി, ബയോ ഗ്യാസ് പ്ലാന്റ്, വെർമി കമ്പോസ്റ്റ് ഉൽപ്പാദനവും പരിശീലനവും, ചെറുകിട ഡെയ്‌റി ഫാം, കൃഷി പ്രോത്സാഹനത്തിന്‌ 14 പോളി ഹൗസുകൾ, 5 ഓപ്പൺ ഹൗസുകൾ എന്നിവ സ്ഥാപിച്ചു. ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി, ഹാൻഡ് സാനിറ്റൈസർ, ലിക്വിഡ് ഡിറ്റർജന്റ് നിർമാണം, നീർത്തട വികസന പദ്ധതികൾ, രാസവളങ്ങൾ ഉപയോഗിക്കാത്ത നെൽക്കൃഷി തുടങ്ങിയവയും ബ്രഹ്‌മഗിരിയിലുണ്ട്‌.
 

തൊഴിൽദാതാവ്‌

 

1999ൽ 20ൽ താഴെ ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് 195 പേർക്ക് പ്രത്യക്ഷമായും 15000ത്തോളം ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. സൊസൈറ്റിയുടെ വിറ്റുവരവ്‌ 2016–-17 വർഷം 4.51 കോടി എന്നുള്ളത് 2019–-20 ൽ 36.25കോടി രൂപയായി വർധിച്ചു.
 

ഇതല്ലേ  ബദൽ

 

പി  കൃഷ്‌ണപ്രസാദ്‌ (ചെയർമാൻ, ബ്രഹ്മഗിരി ഡെവലപ്‌‌മെന്റ്‌‌ സൊസൈറ്റി)

പി കൃഷ്‌ണപ്രസാദ്‌ (ചെയർമാൻ, ബ്രഹ്മഗിരി ഡെവലപ്‌‌മെന്റ്‌‌ സൊസൈറ്റി)

പ്രതിസന്ധി മറികടക്കാനുള്ള ബദൽ കാഴ്‌ചപ്പാട്‌  പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുമെന്നാണ്‌  രണ്ടു പതിറ്റാണ്ടായി ബ്രഹ്മഗിരി തെളിയിക്കുന്നത്‌.   കർഷകരിൽനിന്ന്‌  ഉൽ‌പ്പന്നങ്ങൾ ചുരുങ്ങിയ വിലയ്‌ക്ക്‌ വാങ്ങി  ഉപഭോക്‌തൃ ഉൽപ്പന്നങ്ങളുണ്ടാക്കി വൻ വിലയ്‌ക്ക്‌ വിൽപ്പന നടത്തി ലാഭമുണ്ടാക്കുന്ന കോർപറേറ്റ്‌  നയത്തിനുള്ള ബദലാണ്‌ ‌ കർഷകരുടെ ഉടമസ്ഥതയിലുള്ള  തൊഴിലാളി കർഷക സാമൂഹ്യ സഹകരണസംഘങ്ങൾ. അവിടെയാണ്‌ ബ്രഹ്മഗിരിയുടെ പ്രസക്തി. 
 
കാർഷിക ഉൽപ്പന്നങ്ങളിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന വലിയ വരുമാനം കോർപറേറ്റുകളുടെ ലാഭമായി മാറുകയാണ്‌. ‌1368 കോടി രൂപയാണ്‌  ഒരു ദിവസം അംബാനിയുടെ സ്വത്തിലുണ്ടാകുന്ന വർധന. 384 കോടി രൂപയാണ്‌ അദാനിയുടെ സ്വത്തിൽ ഒരു ദിവസം ഉണ്ടാകുന്ന വർധന. ഒരു കിലോ ബസ്‌മതി നെല്ല് ഉൽപ്പാദിപ്പിച്ചു വിൽക്കുന്ന  പഞ്ചാബിലെ  കർഷകന്‌ ഇടനിലക്കാർ മുഖേന കിട്ടുന്നത്  18–-30 രൂപയാണ്‌. അത്‌  ബ്രാൻഡ്‌  ചെയ്‌ത് വിൽക്കുന്ന‌ അദാനിക്ക്‌ കിട്ടുന്നത്‌  208 രൂപയും.  ഈ കൊള്ളലാഭം  ‌ മറികടക്കാൻ കർഷക തൊഴിലാളി സാമൂഹ്യ സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ ഈ നെല്ല് അരിയാക്കുന്ന ആധുനിക കാർഷിക വ്യവസായം വികസിപ്പിച്ചെടുക്കണം. ഉപഭോക്‌തൃ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന മിച്ചം കർഷകർക്ക്‌ അധിക വിലയായും തൊഴിലാളികൾക്ക്‌ അധിക വേതനമായും  പങ്കുവച്ച്‌ ‌ കൊടുക്കാൻ  സഹകരണപ്രസ്ഥാനത്തിന്‌ കഴിയും.  കൃഷിഭൂമി കർഷകന്റെതായത്‌ ‌ പോലെ കാർഷിക വ്യവസായങ്ങളും ഭക്ഷ്യ വിപണിയും  തൊഴിലാളികളുടെയും കർഷകരുടെയും  പൊതു ഉടമസ്ഥതയിൽ കൊണ്ടുവരണം.  അതിനുള്ള ഒരു മാതൃകയായി ബ്രഹ്മഗിരിയെ   ഉയർത്തിക്കാണിക്കാൻ കഴിയും. സംസ്ഥാനത്തെ കർഷക, പൊതുജനാധിപത്യ,  തൊഴിലാളി പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലിലൂടെയാണ്‌ ഈ മാതൃക രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞ്‌. അത്‌ ഇന്ത്യയിലാക പരിചയപ്പെടുത്താൻ  കർഷക പ്രക്ഷാഭത്തിന്റെ പശ്‌ചാത്തലത്തിൽ  സാധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top