21 February Thursday

നമ്മൾ ഓരോ കഥകളാണ്

സന്ന്യാസൂUpdated: Sunday Dec 30, 2018

കുഞ്ഞുകുഞ്ഞു കാര്യങ്ങൾക്ക് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ് ഞാൻ. എന്നാൽ, ഓർത്തോർത്ത് സന്തോഷിക്കുകയോ ഓർത്തോർത്ത് സങ്കടപ്പെടുകയോ ഇല്ലതാനും!! പലരും സ്വന്തം കൃതിയൊന്ന് മഷിപുരണ്ടു കാണാൻ പലപല വാതിലുകൾ മുട്ടി അലഞ്ഞ കഥകളൊക്ക ഒരുപാട് വായിച്ചിട്ടുണ്ട് നമ്മൾ. മേനിപറയലാണെങ്കിലും എന്നെ സംബന്ധിച്ച് തിരിച്ചാണ് സംഭവിച്ചത്. എന്റെ ആദ്യ കവിതയും ആദ്യ കഥയും പ്രതീക്ഷിച്ചതിലും വേഗം അച്ചടിച്ചുകണ്ടതിലുള്ള സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പതിനാറാം നമ്പർ ഇടവഴി എന്നായിരുന്നു ആദ്യ കവിതയുടെ പേര്. ദേശാഭിമാനി ആഴ്‌ചപ്പതിപ്പിലാണ് വെളിച്ചം കണ്ടത്. പോത്ത് ഒരു പുല്ലിംഗപദമല്ല എന്ന ചെറിയ കഥ മാതൃഭൂമി വാരാന്ത്യത്തിൽ വന്നു. കടൽക്കുതിര എന്ന പേരിൽ കഥകളെല്ലാം ഒലിവ് സമാഹരിച്ചു. അടുത്ത സമാഹാരത്തിന്റെ പണിപ്പുരയിലാണ്. മഞ്ചാടിമാലി എന്ന് പേരിട്ട് ഒരു ചെറിയ നോവലും പൂർത്തിയാക്കിയിട്ടുണ്ട്.  

ഗൾഫ് ജീവിതമാണ് എഴുത്തിന‌് വഴി തെളിച്ചത്. ആദ്യമൊക്കെ കവിതകളായിരുന്നു കൂടുതൽ പ്രിയം. ഷേക്‌സ്‌പിയറിന്റെ സോണറ്റ്സും ഷെല്ലിയെയും കീറ്റ്സിനെയും ബൈറനെയുമൊക്കെ മലയാളത്തിലാക്കാൻ ശ്രമം നടത്തുമായിരുന്നു. വേറൊരു വട്ടുകൂടിയുണ്ടായിരുന്നു. വിദേശികളായ സഹപ്രവർത്തകരെ ഇംപ്രസ്സ് ചെയ്യാൻവേണ്ടി നമ്മുടെ സിനിമാപ്പാട്ടുകളൊക്കെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുക!! ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു. അന്ന് എഴുതിക്കൂട്ടിയതൊക്കെ സേവ് ചെയ്‌ത പെൻഡ്രൈവ് ഷാർജയിലെ ഒരു ഇന്റർനെറ്റ് കഫെയിൽ മറന്നുവച്ചു. പിന്നീടെഴുതി മെത്തയ‌്ക്കടിയിൽ സൂക്ഷിച്ചുവച്ചതിൽ മുക്കാലും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കേരളത്തിന്റെ തെക്കേയറ്റംമുതൽ വടക്കേയറ്റംവരെ യാത്രചെയ്‌തു വാങ്ങിക്കൂട്ടിയ പ്രിയപ്പെട്ട അനേകം പുസ്‌തകങ്ങളും പ്രളയം വിഴുങ്ങി. അമോസ് ടുട്ടുവോളയുടെ ‘കള്ളുകുടിയൻ’, സാദിഖ് ഹിദായത്തിന്റെ ‘കുരുടൻ മൂങ്ങ’, മരിയോ യോസെയുടെ ‘രണ്ടാനമ്മയ്‌ക്ക്‌ സ‌്തുതി’, ഹുവാൻ റൂൾഫോയുടെ ‘പെഡ്രോ പരാമോ’, മാർകേസിന്റെ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’... നഷ്ടങ്ങളുടെ പട്ടിക നീളുന്നു!! പക്ഷേ എന്റെ എന്നത്തേയും പ്രിയ പുസ്‌തകം ഡി എച്ച് ലോറൻസിന്റെ സൺസ് ആൻഡ് ലവേഴ‌്സ് മാത്രം തെല്ലും നനവുതട്ടാതെ അതിജീവിച്ചു. 
എഴുത്തിലേക്ക് തിരിയാൻ മറ്റൊരു കാരണം സോഷ്യൽ മീഡിയയാണ്. ഫെയ‌്സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറുങ്കഥകൾ ഒരുപാട‌് സുഹൃത്തക്കളെ നേടിത്തന്നു. എഴുതാൻ പ്രോത്സാഹിപ്പിച്ചവരുടെ പേരുകൾ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ടെങ്കിലും ആദ്യമായി എന്നോട് എഴുതിയേ തീരൂ എന്ന് നിർബന്ധം പറഞ്ഞതും എനിക്ക് ആത്മവിശ്വാസം തന്നതും നേരിൽ കണ്ടിട്ടില്ലാത്ത അരുൺ ആർഷ എന്ന സുഹൃത്താണ്. അരുണിന്റെ ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി എന്ന നോവൽ ഒരു കിടിലൻ സൃഷ്ടി തന്നെ. സുഭാഷ് ചന്ദ്രൻ, എസ് ശാരദക്കുട്ടി, അയ്‌മനം ജോൺ, പ്രിയ എ എസ്, ഡോണ മയൂര, വി ജെ ജെയിംസ് തുടങ്ങി ഞാൻ കടപ്പെട്ടിരിക്കുന്ന അഞ്ചാറ് പേരുകൾകൂടി ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ വയ്യ. ഇനിയുമുണ്ട് ഒരുപാട് പേരുകൾ... എല്ലാവരോടും ഒത്തിരി ഇഷ്ടം!!
പ്രധാന വാർത്തകൾ
 Top