21 October Wednesday

ചാലയിലെ മാവേലി

വിജേഷ്‌ ചൂടൽ vijeshchoodal@gmail.comUpdated: Sunday Aug 30, 2020

ആൾക്കൂട്ടമൊഴിഞ്ഞ തിരുവോണം നമ്മൾ വീട്ടകങ്ങളിൽ ആഘോഷിക്കുമ്പോഴും തലസ്ഥാന നഗരത്തിന്റെ തെരുവുകളിൽ ഒരാൾ അലഞ്ഞുതിരിയുന്നുണ്ടാകും. സ്വന്തം ഓട്ടോറിക്ഷയിൽ ഒരു ചെറിയ മൈക്ക്‌ സെറ്റ്‌ വച്ചുകെട്ടി‌ കിഴക്കേകോട്ടയിലും സ്റ്റാച്യുവിലും കരമനയിലും തമ്പാനൂരിലുമെല്ലാം ചുറ്റിക്കറങ്ങുന്ന അയാൾ ഓട്ടോയുടെ ചക്രവേഗ നിയന്ത്രണത്തിനൊപ്പം ആൾക്കൂട്ടങ്ങളെ ആട്ടിപ്പായിക്കും. അഞ്ചുപേർ ഒന്നിച്ചുനിൽക്കുന്നതു കണ്ടാൽ ബ്രേക്കിടും. പിന്നെ ബ്രേക്ക്‌ ദ ചെയിൻ മുന്നറിയിപ്പ്‌.  അവരുടെ മുഖത്തുനോക്കി വിളിച്ചുപറയും–- ‘കോവിഡാണ്‌. മഹാമാരിയാണ്‌. ഒന്നിച്ചുനിൽക്കേണ്ടത്‌ മനസ്സുകളാണ്‌. ശരീരംകൊണ്ട്‌  അകന്നുനിൽക്കുക. ആവശ്യം കഴിഞ്ഞാൽ ഉടൻ മടങ്ങിപ്പോകുക...’

ഇന്നോ ഇന്നലെയോ അല്ല, ഇന്ത്യയും കേരളവും കോവിഡ്‌ ലോക്‌ഡൗൺ റിപ്പോർട്ട്‌ ചെയ്യുംമുമ്പ്‌ തുനിഞ്ഞിറങ്ങിയതാണ്‌ കരമന സ്വദേശിയായ ഹരി എന്ന നാൽപ്പത്തെട്ടുകാരൻ. തിരക്കേറിയ എംജി റോഡിലെ യാത്രയ്‌ക്കിടെ അന്ന്‌ പലരും അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌ കേട്ടിട്ടുണ്ട്‌. ‘ചൈനയിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്‌. ഏതു നിമിഷവും നമുക്കരികിൽ അതെത്തും. എല്ലാവരും ജാഗ്രത പുലർത്തുക. മാസ്‌ക്‌ ധരിക്കുക...’ എവിടെനിന്നാണ്‌ ഈ ശബ്ദമെന്ന അന്വേഷണം ചെന്നെത്തുക ഒട്ടും ധൃതിയില്ലാതെ, തികച്ചും സ്വാഭാവികമായി തിരക്കിലൂടെ നീങ്ങുന്ന ഓട്ടോയിലേക്ക്‌. ഇടതു കവിളിൽ ഒട്ടിച്ചുവച്ച  മൈക്കിലൂടെ അയാൾ ജനങ്ങളോടു സംസാരിച്ചുകൊണ്ടേയിരുന്നു. ഇയാൾക്ക്‌ എന്തിന്റെ അസുഖമാണെന്ന്‌ പരിഹസിച്ചവർ അധികം വൈകാതെ തിരിച്ചറിഞ്ഞു ആ  ജാഗ്രത.

കിള്ളിപ്പാലംമുതൽ കിഴക്കേകോട്ടവരെ നീളുന്ന ചാലക്കമ്പോളം കേരളത്തിലെ  പ്രധാന മാർക്കറ്റുകളിലൊന്ന്‌. 18–-ാം നൂറ്റാണ്ടിന്റെ അവസാനം ദിവാൻ രാജാ കേശവദാസ്‌ സ്ഥാപിച്ച വാണിജ്യത്തെരുവ്. ‌നാളിതുവരെ ആരാലും അടച്ചിടാൻ പറ്റാത്തവിധം ജനകീയവും സ്വയംനിയന്ത്രിതവുമായ ഈ കമ്പോളമൊന്നാകെ ലോക്‌ഡൗണിൽ കൃത്യസമയത്ത്‌ അടപ്പിച്ചത്‌ ഹരിയാണെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാകില്ല. പാതിരയ്‌ക്കും  താഴാത്ത ഷട്ടറുകൾ അയാൾക്കു മുന്നിൽ സൗമ്യമായി അടഞ്ഞു. രാവിലത്തെ പര്യടനം കഴിഞ്ഞാൽ പത്തുമണിയോടെ ചാലയിൽ എത്തും ഹരി. മൈക്രോഫോൺ കഴുത്തിൽ തൂക്കി തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു. രാവിലെ കൃത്യം 11ന്‌ എല്ലാ കടയും അടപ്പിച്ചു. തുടക്കത്തിൽ സംശയിച്ച ഫോർട്ട്‌ പൊലീസ്‌ പിന്നീട്‌ ചാലയുടെ ലോക്‌ഡൗൺ ദൗത്യത്തിന്റെ ചുമതല ഹരിക്കു  നൽകി.

വർഷങ്ങളായുള്ള ബന്ധംകൊണ്ട്‌ ചാലയുടെ മുക്കുംമൂലയും ഹരിക്ക്‌ സുപരിചിതം. മത്സ്യക്കച്ചവടക്കാർ മുതൽ ലോഹവ്യാപാരികൾ വരെയുള്ളവരെ പേരെടുത്ത്‌ കുശലം പറഞ്ഞ്‌ ഹരി പാട്ടിലാക്കി. 11ന്‌ പത്തു മിനിറ്റിനുമുമ്പ്‌ എല്ലാവരും ഉടൻ കട അടയ്‌ക്കണമെന്ന മുന്നറിയിപ്പ്‌. നിയമം പാലിക്കാത്തവരെ മൈക്കിലൂടെ പേരെടുത്തു പറഞ്ഞ്‌ വിമർശിച്ചു. തെറ്റു ബോധ്യപ്പെടുത്തി. ചിലരെ സ്‌നേഹസ്വാതന്ത്ര്യത്തോടെ ശകാരിച്ചു. ചാലയുടെ തെരുവുകളിലൂടെ അയാൾ ഇക്കണ്ട ലോക്‌ഡൗൺ മാസമത്രയും ചുറ്റിനടന്നു. ആൾക്കൂട്ടത്തെ കണ്ടാലുടൻ മൈക്കിലൂടെ പരസ്യമായി ശകാരിച്ചു. ശരിയായി മാസ്‌ക്‌ ധരിക്കാത്തവർക്കു നേരെ വിരൽചൂണ്ടി. വിലപേശലിനോ ചുറ്റിത്തിരിയലിനോ ഹരിയുടെ കൺവെട്ടത്ത്‌ അനുമതിയില്ല. ആളോ തരമോ നോക്കാതെ അയാൾ ചാലത്തെരുവിൽനിന്ന്‌ വിളിച്ചുപറഞ്ഞു–- ‘ചേച്ചീ ചുമ്മാ ചുറ്റിക്കറങ്ങല്ലേ... ഇവിടെ എല്ലാടത്തും ഒരേ വില. ആദ്യം കാണുന്ന കടേന്ന്‌ സാധാനം വാങ്ങിപ്പോ... വീട്ടിപ്പോ... വീടാണ്‌ സുരക്ഷിതം...’

ഇടുങ്ങിയ ഊടുവഴികളിൽ നടന്ന്‌ കടകളെല്ലാം അടയ്‌ക്കാൻ ആദ്യ മുന്നറിയിപ്പ്‌ ഹരിയുടേത്‌. ഏത്‌ കടയിൽനിന്നും രാവിലെ ചായയും ഭക്ഷണവും കിട്ടും. കീശയിൽ കാശുണ്ടേൽ കൊടുക്കും. ആരും ചോദിക്കാറില്ല. ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ കാശ്‌ കൊടുത്താലും ഇല്ലെങ്കിലും  കടക്കാരനോട്‌ പറയും– അണ്ണാ... സമയമായി വേഗം അടയ്‌ക്കാൻ നോക്ക്‌. മാസങ്ങൾ തുടർന്ന ഈ രീതി ലോക്‌ഡൗൺ നിയന്ത്രണങ്ങൾ നീക്കുംവരെ തുടർന്നു. ഇപ്പോഴും ചാലയുടെ തെരുവുകളിൽ ഹരിയുണ്ട്‌. ആഘോഷമൊക്കെ  അടുത്തവർഷം ആകാം‐ അയാൾ വിളിച്ചുപറയുന്നു.

ചാലയിലെ വ്യാപാരികളാകെ പ്രതിസന്ധിയിലാണെന്ന്‌ ഹരി പറയുന്നു. ഓണത്തിനും വിഷുവിനും മറ്റും 10,000 കിലോയിലേറെ പൂക്കളാണ്‌ ചാലയിൽ  വിറ്റുപോയിരുന്നത്‌. ഇത്തവണ  വ്യാപാരമെല്ലാം നിലച്ചു. കടമെടുത്ത്‌ കച്ചവടം ചെയ്യുന്നവർക്ക്‌ തിരിച്ചടയ്‌ക്കാനാകാത്ത പ്രയാസം. ഇതുവരെയില്ലാത്ത വെല്ലുവിളി കേരളം അതിജീവിക്കുമെന്ന വിശ്വാസമുണ്ട്‌ ഹരിക്ക്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top