05 August Wednesday

അക്ഷരങ്ങളുടെ അഷ്‌ടമുടി

ജയൻ ഇടയ‌്ക്കാട‌് jayanedakkad@gmail.comUpdated: Sunday Jun 30, 2019

അമ്പതാണ്ടുമുമ്പ‌് പിറവ‌ി. നിലനിന്നത‌്  വെറും പതിനഞ്ചുവർഷം. മലയാളനാട‌് എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന‌്  മലയാള സാഹിത്യചരിത്രത്തിൽ സ്ഥിരപ്രതിഷ‌്ഠനേടാൻ ഹ്രസ്വമായ ഈ കാലയളവ‌് മതിയായിരുന്നു. മാധവിക്കുട്ടിയുടെ എന്റെ കഥയും  ഒ വി വിജയന്റെ ധർമപുരാണവും അടക്കം പ്രധാനപ്പെട്ട എത്രയോ നോവലുകൾ ആദ്യം വെളിച്ചം കണ്ടത‌് മലയാളനാടിൽ.  ബഷീറും വയലാറും മലയാറ്റൂരും എസ്‌ കെയും കാക്കനാടനും പി ഭാസ‌്കരനും എം ടിയും അടക്കമുള്ള പ്രതിഭകൾ മലയാളനാടുമായി അടുത്ത ബന്ധം പുലർത്തി.  ആ സൗഹൃദം ഓർത്തെടുക്കുകയാണ‌് ഒന്നര ദശാബ്ദക്കാലവും  മലയാളനാടിന്റെ പത്രാധിപരായിരുന്ന വി ബി സി നായർ

 
‘ഞാനിതുവരെ ഒട്ടേറെ കഥകൾ എഴുതിയിട്ടുണ്ട്. എന്നാൽ, ‘എന്റെ കഥ' എഴുതുന്ന സമയങ്ങളിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ ഉന്മാദവും ആനന്ദവും മറ്റൊരു രചനയും എനിക്ക് നൽകിയിട്ടില്ല.'      –മാധവിക്കുട്ടി
 
പൂക്കളിലൂടെ, പുഴുക്കളിലൂടെ, പക്ഷികളിലൂടെ, മൃഗങ്ങളിലൂടെ, മനുഷ്യരിലൂടെ, ചരവും അചരവുമായ വസ‌്തുക്കളിലൂടെ ജീവിതമെന്ന മഹാപ്രഹേളികയുടെ അന്തമറ്റ ആഴങ്ങളിലേക്കിറങ്ങിയ മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ മാസ്റ്റർപീസായ എന്റെ കഥ ആദ്യം അച്ചടിച്ചത് മലയാളനാട് വാരികയിൽ. ആധുനിക മലയാള സാഹിത്യത്തെ ആഴത്തിൽ സ്വാധീനിച്ച മലയാളനാട് വാരികയുടെ പത്രാധിപർ  അന്ന്  വി ബാലചന്ദ്രൻനായർ എന്ന വി ബി സി നായർ. മാധവിക്കുട്ടിയെ മറക്കാത്ത മലയാളികൾ പക്ഷേ, വി ബി സിയെ മറന്നു. മലയാളനാടിന്റെ ഉടമ എസ് കെ നായരെയും. 
 
കൗമുദി ബാലകൃഷ്‌ണൻമുതൽ ബാലചന്ദ്രൻ ചുള്ളിക്കാടുവരെയുള്ളവരുമായുള്ള ദീർഘസൗഹൃദങ്ങൾ. മഹാകവി പിയുടെയും തകഴിയുടെയും ഉറ്റചങ്ങാതി. എസ് കെ പൊറ്റക്കാടിന്റെയും എം ടി വാസുദേവൻ നായരുടെയും അതിഥിയാകാൻ അവസരം ലഭിച്ചയാൾ. മലയാളനാടിന്റെ പ്രൗഢമായ ഒന്നര ദശാബ്ദക്കാലത്ത് എഴുത്തുകാർക്കിടയിലെ ലിറ്റിൽ പ്രിൻസ് എന്ന പേരുകാരൻ. പ്രായാധിക്യത്തിൽ കേൾവിക്ക‌്  മങ്ങലേറ്റ് കൊല്ലം വാളത്തുംഗലുള്ള മകൻ രാജീവിന്റെ മംഗലശ്ശേരി വീട്ടിൽ വി ബി സിയുണ്ട‌്. മലയാളനാടുമായി ബന്ധപ്പെട്ട എല്ലാ എഴുത്തുകാരും വി ബി സിയുടെ  മറുപടിക്ക‌് കാത്തിരുന്ന കാലമുണ്ടായിരുന്നു.  
 
1970ൽ കൊല്ലത്ത്‌ നടന്ന മലയാളനാടിന്റെ അവാർഡ്‌ നിശയുടെ വേദി.  ഇരിക്കുന്നവരിൽ ഇടത്തുനിന്ന്‌ മൂന്നാമത്‌ എം ടി,  അടൂർ ഭാസി, യേശുദാസ്‌, ബഹദൂർ തുടങ്ങിയവർ

1970ൽ കൊല്ലത്ത്‌ നടന്ന മലയാളനാടിന്റെ അവാർഡ്‌ നിശയുടെ വേദി. ഇരിക്കുന്നവരിൽ ഇടത്തുനിന്ന്‌ മൂന്നാമത്‌ എം ടി, അടൂർ ഭാസി, യേശുദാസ്‌, ബഹദൂർ തുടങ്ങിയവർ

എന്റെ കഥയ‌്ക്ക‌് പിന്നിലെ കഥ 

 
മലയാളനാടിൽ മാധവിക്കുട്ടിയുടെ എന്റെ കഥ അച്ചടിമഷി പുരളാൻ കാരണക്കാരൻ നാണപ്പനാ (എം പി നാരായണപിള്ള)ണ്.  ഒരുനാൾ എസ് കെ നായർക്ക് ബോംബെയിൽനിന്നൊരു ഫോൺകോൾ. മറ്റേ അറ്റത്ത‌് നാണപ്പൻ. ‘മാധവിക്കുട്ടി ആശുപത്രിയിലാണ്.' ആ കോൾ എസ് കെ നായരെ അസ്വസ്ഥനാക്കി. മേജർ ഓപ്പറേഷൻ വേണം. ഇപ്പോൾ അവരുടെ സാമ്പത്തികനില അത്ര ഭദ്രമല്ല. എസ് കെയും വി ബി സിയും ബോംബെയിലെത്തി. ആശുപത്രിച്ചെലവ് പൂർണമായും അടയ‌്ക്കാൻ ഏർപ്പാട് ചെയ‌്തു.
ഒട്ടും പ്രതീക്ഷിച്ചില്ല, മാധവിക്കുട്ടി. ഇതിന് എന്ത് പ്രത്യുപകാരം ചെയ‌്താലാണ‌് മതിയാകുകയെന്നവർ ചോദിച്ചു. മലയാളനാടിൽ സ്ഥിരമായി എഴുതിയാൽ മതിയെന്നായി എസ്‌ കെ. വൈകാതെ 1971 ലെ മലയാള നാട‌ിന്റെ ഓണപ്പതിപ്പിൽ ‘എന്റെ കഥ’ പ്രസിദ്ധീകരിച്ചുതുടങ്ങി. ഒരു കൊടുങ്കാറ്റടിച്ച പ്രതീതി. ‘എന്റെ കഥ’ നിർത്തിവയ‌്ക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാരുടെ എണ്ണമറ്റ കത്തുകൾ. വാരികയുടെ പ്രചാരത്തെ ബാധിച്ചെങ്കിലും ‘മലയാളനാട‌്’ പിന്മാറിയില്ല.  
 

ഭ്രാന്ത‌ിന്റെ പേരിൽ കൊടുങ്കാറ്റായി

 
ആത്മാർഥ സൗഹൃദത്തിനിടയിലും  പ്രിയ കഥാകാരി ക്രുദ്ധയാകുന്നത്‌ കാണേണ്ടിവന്നു. മലയാളനാടിൽ പമ്മന്റെ ഭ്രാന്ത് നോവൽ പ്രസിദ്ധീകരിച്ച സമയം. മാധവിക്കുട്ടിയുടെ ജീവിതമാണ് പമ്മൻ ഭ്രാന്തിനാധാരമാക്കിയതെന്ന പ്രചാരണമുണ്ടായി.  മാധവിക്കുട്ടി മകൻ മോനു(എം ഡി നാലപ്പാട്)വിനെയും കൂട്ടി മലയാളനാട് ഓഫീസിലെത്തി. മേശപ്പുറത്തിരുന്ന പുസ‌്തകങ്ങൾ വാരിവലിച്ചിട്ടു. ‘‘എടാ വി ബി സി, ഞാൻ ഭദ്രകാളിയാണ്‌, ഭഗവതിയാണ്‌. നിന്നെ ഞാൻ ശപിക്കുന്നു. നീ ഗുണം പിടിക്കില്ല.’’ ശകാരവർഷത്തിനുശേഷം ഒരുപിടി മണ്ണെടുത്ത്‌ വലിച്ചെറിഞ്ഞ്‌ മടങ്ങി. എസ് കെ നായർ  ഓഫീസിൽ ഉണ്ടായിരുന്നില്ല. അന്ന്‌ എല്ലാം ക്ഷമയോടെ കേട്ട വി ബി സിയോട്‌ വർഷങ്ങൾക്കുശേഷം മാധവിക്കുട്ടി മാപ്പുപറഞ്ഞു.
 

മാറ്റം വിതച്ച വി ബി സി 

 
കൊല്ലം ഉളിയക്കോവിലിൽ മംഗലശ്ശേരിയിൽ ആർ വേലുപ്പിള്ളയുടെയും കെ അമ്മിണിയമ്മയുടെയും മകനായി 1937 ജൂലൈ 12നാണ് ജനനം. കൊല്ലം എസ്എൻ കോളേജിൽ ബിഎ പൂർത്തിയാകുംമുമ്പേ മലയാളരാജ്യത്തിൽ സഹപത്രാധിപരായി.  പിന്നെ പട്ടം താണുപിള്ളയുടെ കേരള ജനത പത്രത്തിൽ. അതിനുശേഷം വാനമ്പാടി ബുക്‌സ് എന്ന പേരിൽ സ്വന്തം പ്രസിദ്ധീകരണശാല നടത്തി. 
 
വി ബി സി നായരും എസ്‌ കെ പൊെറ്റക്കാട്ടും

വി ബി സി നായരും എസ്‌ കെ പൊെറ്റക്കാട്ടും

പലപേരുകളിൽ

 
1962ൽ അമേരിക്കയിലെ യങ് റൈറ്റേഴ്‌സ് ക്ലബ് ഇന്ത്യയിലെ യുവ സാഹിത്യകാരന്മാർക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ വി ബി സിയുടെ മനുഷ്യാ നിന്നെ എനിക്ക് പേടിയാണ് എന്ന കഥ സമ്മാനാർഹമായി. ഇതോടെയാണ് വി ബി സി ശ്രദ്ധിക്കപ്പെടുന്നത്. മലയാളനാടിൽ വരുംമുമ്പേ ‘മംഗലശ്ശേരി', ‘വി' എന്നീ തൂലികാനാമങ്ങളിൽ ഗ്രന്ഥനിരൂപണം നടത്തി. ഇംഗ്ലീഷ് പത്രങ്ങളിൽ മലയാള ഗ്രന്ഥങ്ങളെക്കുറിച്ച് നിരൂപണമെഴുതി. ബാലചന്ദ്രൻ, പോൾവർഗീസ്, സുശീലദേവി എന്നീ പേരുകളിലും ലേഖനങ്ങൾ. പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ, ഒരു പതിനേഴുകാരിയും മൂന്ന് നഗരങ്ങളും, ലേഡി ചാറ്റർലിയുടെ പുത്രി, കാമദേവതമാർ, ക്രിസ്റ്റീന, തിരക്കഥമുതൽ വെള്ളിത്തിരവരെ എന്നീ പുസ‌്തകങ്ങൾ  പ്രസിദ്ധീകരിച്ചു. മലയാളവും ഇംഗ്ലീഷും ഹിന്ദിയും തമിഴും വഴങ്ങി.
 
പുതുഭാവുകത്വം സൃഷ്ടിക്കുന്നതിൽ മലയാളനാട്  ശക്തമായി ഇടപെട്ടു. സമാന്തര പ്രസിദ്ധീകരണങ്ങളുടെയും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെയും ഇടയിലുള്ള വിശാല ഇടമായിരുന്നു അത്. തങ്ങളുടെ സൃഷ്ടി മലയാളനാടിൽ പ്രസിദ്ധീകരിച്ചുകാണാൻ പലരും  കൊതിച്ചു. അന്നവർ വി ബി സിയുമായി നിരന്തരം ബന്ധപ്പെട്ടു. പത്രാധിപരെ പുകഴ‌്ത്തിയും  ദൈന്യം ഭാവിച്ചും കത്തുകളയച്ചു.  
 

കള്ളുഷാപ്പിലെ ധർമപുരാണം

 
ഒ വി വിജയനുമായി വി ബി സിക്കുണ്ടായിരുന്നത് ഗാഢമായ ആത്മബന്ധമായിരുന്നു. ധർമപുരാണത്തിന‌് വിമർശനശരങ്ങളേൽക്കുന്ന കാലം. (ധർമപുരാണം അച്ചടിക്കുംമുമ്പേയുള്ള ആദ്യ വായനയിൽ എം കൃഷ‌്ണൻനായർ നേരിട്ട് ഒ വി വിജയനെ വിമർശനമറിയിച്ചതോടെ ചില ഭേദഗതികൾ വരുത്തിയിരുന്നു) തുടർന്ന് വിമർശകരുടെ വായടപ്പിച്ചുകൊണ്ട‌് കെ പി അപ്പന്റെ നിരൂപണം. വിജയനും കെ പി അപ്പനും അതുവരെ നേരിൽ കണ്ടിട്ടില്ല. അവരുടെ ഒത്തുചേരലിന്‌ കളമൊരുക്കിയത് എസ് കെ നായർ.  വേദി തിരുമുല്ലവാരം കടലോരത്തെ കള്ളുഷാപ്പ്‌. മധുരക്കള്ള് കൈയിലേന്തി ഖസാക്കിന്റെ ഇതിഹാസകാരൻ. നാരങ്ങാവെള്ളം നുണഞ്ഞു കെ പി അപ്പൻ.  പൂസായി വി ബി സിയും. മണിക്കൂറുകൾ നീണ്ട ചർച്ച.  വർഷങ്ങൾക്കുശേഷം ഒ വി വിജയൻ അയച്ച കത്തിലും പഴയതൊന്നും മറന്നില്ല. -‘താങ്കൾ എനിക്കെന്നും പഴയ വി ബി സി തന്നെ’. 
 

മലയാറ്റൂർ മദ്യസേവ 

 
മലയാറ്റൂർ രാമകൃഷ‌്ണനുമൊപ്പമുള്ള ഒരു യാത്ര കഴിഞ്ഞ് എറണാകുളത്ത് ഹോട്ടലിൽ ഇരുവരും വിശ്രമിച്ചു. മലയാറ്റൂരിന്റെ കുസൃതി ഇവിടെയും ഉണർന്നു. അടിവസ‌്ത്രംമാത്രം ധരിച്ച‌് മദ്യസേവ തുടരാം. ലഹരിയിൽ മാറ്റം വരുമോ എന്നൊരു പരീക്ഷണം. രണ്ടാഴ‌്ച കഴിഞ്ഞപ്പോൾ കാർട്ടൂണിസ്റ്റ് യേശുദാസന്റെ ഉടമസ്ഥതയിലുള്ള ഹാസ്യമാസികയിൽ അടിവസ‌്ത്രധാരികളായി മദ്യസേവ നടത്തുന്ന വി ബി സിയുടെയും മലയാറ്റൂരിന്റെയും ചിത്രം.  മാസികയ‌്ക്കെതിരെ കേസ് കൊടുക്കാൻ ആലോചിച്ചെങ്കിലും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാറ്റൂർ തടഞ്ഞു.  കുറച്ചുപേർമാത്രം കണ്ട ചിത്രം കേസ് കൊടുക്കുന്നതോടെ എല്ലാവരും കാണും. മലയാറ്റൂരിന്റെ തീരുമാനത്തിന് വി ബി സിയും സമ്മതംമൂളി.
 

ഒറ്റയ‌്ക്ക‌് കണ്ട കുമ്മാട്ടി

 
‘മംഗലശ്ശേരി' എന്ന തൂലികാനാമത്തിൽ മലയാളനാടിൽ സിനിമാ നിരൂപണമെഴുതിയ വി ബി സിക്കുവേണ്ടിമാത്രം തിയറ്ററിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ട കഥയുണ്ട‌്. അരവിന്ദൻ സംവിധാനംചെയ‌്ത കുമ്മാട്ടി വി ബി സിക്ക‌് കാണാൻ നിർമാതാവ്  ജനറൽ പിക്‌ചേഴ്‌സ‌് ഉടമ കെ രവീന്ദ്രനാഥൻനായരാണ‌്  തിരുവനന്തപുരം സെൻട്രൽ തിയറ്ററിൽ സിനിമ പ്രദർശിപ്പിച്ചത്. ഒപ്പം സംവിധായകൻ അരവിന്ദനും. കൊല്ലത്തെ പ്രമുഖ ബിസിനസുകാരൻ കൂടിയായ എസ‌് കെ നായരുടെ ഭാര്യയുടെ ചിറ്റപ്പനായിരുന്നു നിർമാതാവ‌് ജനറൽ പിക‌്ചേഴ‌്സ‌് രവി. 
 

നീലാ ഹോട്ടലിലെ പന്തയം

 
കൊല്ലത്തെ നീലാ ഹോട്ടലിലെ ഏഴാം നമ്പർ മുറിയിൽ ഒരിക്കൽ പന്തയംവച്ച് കവി പി ഭാസ്‌കരന് 2000 രൂപ നഷ്ടമായ കഥയുണ്ട‌്.  ഒ വി വിജയൻ, പി ഭാസ്‌കരൻ, തോപ്പിൽഭാസി, എസ് കെ നായർ, വി ബി സി എന്നിവരുടെ പതിവു സല്ലാപവേദി. ഒ വി വിജയന്റെ നീളൻ ജുബ്ബയാണ‌് വിഷയം. മൂന്നാൾക്കെങ്കിലും കയറാവുന്ന വിജയന്റെ ജുബ്ബ ഇട്ടുകൊണ്ട് ആർക്കെങ്കിലും റെയിൽവേ സ്റ്റേഷൻ വരെ പോകാമോ എന്ന് ഭാസ്‌കരൻ മാഷ‌്. വെല്ലുവിളി ഏറ്റെടുത്തത് തോപ്പിൽഭാസി. പൊക്കക്കുറവുള്ള തോപ്പിൽ ഭാസി ജുബ്ബ അണിഞ്ഞപ്പോൾ കാണാനില്ല. നട്ടുച്ചയ‌്ക്ക‌് ഇറങ്ങിനടന്നു. നാട്ടുകാർ പിന്നാലെ. റെയിൽവേ സ്റ്റേഷനിൽ ചുറ്റുംകൂടിനിന്ന ജനത്തെ സാക്ഷിയാക്കി പി ഭാസ്‌കരനിൽനിന്ന് ചെക്കെഴുതി വാങ്ങിയാണ് തോപ്പിൽഭാസി മടങ്ങിയത്. 
 
എം ടിക്കും  മലയാറ്റൂരിനും ഒപ്പം

എം ടിക്കും മലയാറ്റൂരിനും ഒപ്പം

ആറാം അധ്യായം

 
തകഴിയുടെ നോവൽ ‘നുരയും പതയും' മലയാളനാടിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുന്നു.  ആറാം അധ്യായം കിട്ടിയില്ല. പത്രമാഫീസിൽനിന്ന് തകഴിയെ ആലപ്പുഴയിലുള്ള വീട്ടിൽ ബന്ധപ്പെട്ടു. കിട്ടിയില്ല. പത്രാധിപർക്ക‌് ടെൻഷൻ.  വാരിക സമയത്തിറങ്ങണം.  ‘നുരയും പതയും' നിർത്താനുംവയ്യ. രണ്ടും കൽപ്പിച്ച് വി ബി സി ഓഫീസ് ക്യാബിനിൽ കയറി കതകടച്ചു. മൂന്നുമണിക്കൂറിനകം ആറാം അധ്യായം റെഡി. തകഴിയുടെ പേരിൽ ആറാം അധ്യായത്തോടെ വാരിക പുറത്തിറങ്ങി. പൊട്ടിത്തെറി പ്രതീക്ഷിച്ച വി ബി സിയോട് തകഴിയുടെ പ്രതികരണം ‘എന്നാലും നീ എന്നെ ഒതുക്കിക്കളഞ്ഞല്ലേടാ, ഞാൻ എഴുതിയ ഓരോ വരിക്കൊപ്പവും നീ ഉണ്ടായിരുന്നുവെന്ന് ഇത് വായിച്ചാലറിയാം. അതുകൊണ്ട് മറ്റെല്ലാം ക്ഷമിക്കുന്നു’. മറ്റു നിർവാഹമില്ലായിരുന്നു ചേട്ടാ എന്ന  ക്ഷമാപണംകൂടിയായപ്പോൾ എല്ലാം ശുഭം.
 

ചക്രവർത്തിനിയുടെ പിറവി

 
വയലാറിന്റെ ‘ചക്രവർത്തിനീ നിനക്കു ഞാനെന്റെ ...' എന്ന ഗാനത്തിന്റെ പിറവിക്കൊപ്പം സഞ്ചരിച്ചയാളാണ് വി ബി സി. വയലാർ പാട്ടെഴുതാനായി നാലുനാൾ നീലാ ഹോട്ടലിൽ. ഒറ്റവരിപോലും പിറന്നില്ല.  മടക്കയാത്രയ‌്ക്കിടയിൽ വി ബി സിയുടെ വീട്ടിൽച്ചെന്ന് സ്വയം ദോശയുണ്ടാക്കി കഴിക്കുമ്പോഴും വി ബി സിയുടെ കുടുംബക്കാരോട് സംസാരിക്കുമ്പോഴും വയലാറിന്റെ മനസ്സ‌് പാട്ടിനുപിന്നാലെയായിരുന്നു. വി ബി സിക്കൊപ്പം കാറിൽ ആലപ്പുഴയിലെത്തി. മാതൃഭൂമി ഓഫീസിൽ കയറിയാണ‌് പാട്ടിന‌് മിനുക്കുപണി നടത്തിയത്. അന്നുരാത്രി ഇരുവരും വയലാറിന്റെ വീട്ടിൽ.  കൊല്ലത്തേക്ക് മടങ്ങുമ്പോൾ വി ബി സിയുടെ പോക്കറ്റിലുണ്ട‌് വയലാറിന്റെ ചക്രവർത്തിനി.
 

പതനവും എസ‌് കെ നായരുടെ മരണവും

 
കാമ്പിശ്ശേരി കരുണാകരനാണ് വി ബി സിയെ എസ്‌ കെ നായർക്ക് പരിചയപ്പെടുത്തുന്നത്. മലയാളനാടിന്റെ പതനവും എസ് കെ നായരുടെ മരണവും വി ബി സിയുടെ പ്രതിസന്ധിക്ക് തുടക്കംകുറിച്ചു. ജോലിയില്ലാതെ എഴുത്തും വായനയുമായി കുറെ നാൾ വീട്ടിൽതന്നെ. 1983 ഒക്ടോബറിൽ ഞായറാഴ്‌ച ആഴ‌്ചപ്പതിപ്പിൽ എഡിറ്ററായി. ഞായറാഴ്‌ച  നിലച്ചപ്പോൾ മനോരാജ്യത്തിൽ. ഇപ്പോൾ വിശ്രമജീവിതം. ഭാര്യ രാജം 1992ൽ മരിച്ചു. രണ്ട് മക്കൾ. രാജീവ്, സജീവ്. 
 
1969ൽ ആരംഭിച്ച് 1984ൽ  അടച്ചുപൂട്ടിയെങ്കിലും മലയാളനാടിന‌് മലയാള സാഹിത്യ ചരിത്രത്തിൽ നിർണായകസ്ഥാനമുണ്ട‌്. കേരളത്തിൽ ആദ്യമായി അവാർഡ‌് നൈറ്റ‌് നടത്തിയതിന്റെ ക്രെഡിറ്റ‌് മലയാളനാട‌ിന‌് അവകാശപ്പെട്ടതാണ‌്.  1970ൽ എസ‌് കെ നായർ സംഘടിപ്പിച്ച മലയാളനാട് അവാർഡ് നൈറ്റ്  നഗരത്തെ ഉത്സവച്ഛായയിലാക്കിയിരുന്നതിന്റെ ഓർമയുള്ളവർ നഗരത്തിൽ നിരവധിയുണ്ട‌്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top