29 May Friday

പാരമ്പര്യത്തില്‍ അഭിമാനിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്

ഡോ. എസ് എസ് സന്തോഷ്‌കുമാര്‍Updated: Sunday Jun 30, 2019

സംസ‌്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിയാകാനുള്ള ആഹ്വാനമാണ്  ഇന്ത്യയിൽ മുഴങ്ങുന്നത്. ആ   ഇന്ത്യയുടേത് ആര്യപാരമ്പര്യമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം പല ഭാഗത്തും ശക്തം. ആ പാരമ്പര്യത്തിനു വെളിയിലുള്ളവരെന്ന് ചിലരെ ബോധപൂർവം അടയാളപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നു. അങ്ങനെയുള്ളവരോട് ഇന്ത്യ വിട്ടുപോകാനാണ‌് കൽപ്പന. ആര്യ- ആര്യേതര പാരമ്പര്യങ്ങൾ എന്ന ദ്വന്ദം യാഥാർഥ്യമല്ലെന്നും എല്ലാ മനുഷ്യരുടെയും പൂർവികർ ആഫ്രിക്കയിൽനിന്നുള്ള ആദിമ മനുഷ്യരാണെന്നും ശാസ‌്ത്രം തെളിയിക്കുന്നു. വംശീയമായ ദുരഭിമാനത്തിന്റെ വഴിയിലാണ് നീചമായ ജാതിവിവേചനം ഉടലെടുക്കുന്നത്. ആര്യവംശീയരല്ലെന്ന് മുദ്രകുത്തി ചിലർ ആക്രമിക്കപ്പെടുന്നതും സമൂഹത്തിന്റെ പുറമ്പോക്കിൽ അവരെ മലിനവസ‌്തുക്കളായി എന്നും തള്ളിയിടാൻ ശ്രമിക്കുന്നതും അതുകൊണ്ടാണ്. ഭക്ഷണത്തിന്റെയും നിറത്തിന്റെയും തൊഴിലിന്റെയുമെല്ലാം പേരിൽ  വിവേചനം ഇന്നും ശക്തം.  

മനുഷ്യപരമ്പരയുടെ പൂർവസൂരികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫോസിലുകളിലൂടെയും ഡിഎൻഎ പരിശോധനയിലൂടെയും മറ്റുമാണ്. ഫോസിലുകളിലെയും മറ്റും ഡിഎൻഎ പരിശോധിച്ച് കാലനിർണയം നടത്തുക  ശ്രമകരം. ആ ശ്രമത്തിനൊടുവിലാണ് ഡിഎൻഎയുടെ അടിസ്ഥാനതത്വങ്ങൾ ഉപയോഗിച്ച് അവയെ വിശകലനം ചെയ്യുന്നതും ഓരോ ജനവിഭാഗത്തിന്റെയും പിന്മുറക്കാരെ കണ്ടെത്തുന്നതും. പത്രപ്രവർത്തകനായ ടോണി ജോസഫ് എഴുതി കുറഞ്ഞ സമയംകൊണ്ട് ബെസ്റ്റ് സെല്ലറായി മാറിയ ‘ഏർളി ഇൻഡ്യൻസ്’ എന്ന പുസ‌്തകം ഇക്കാര്യത്തിലെ ശാസ‌്ത്രീയവിശകലനങ്ങളെ വിശദമായി ചർച്ച ചെയ്യുന്നു. 

കാലം അവശേഷിപ്പിച്ചുപോയ മനുഷ്യാവക്ഷിപ്തങ്ങൾ ശാസ‌്ത്രീയവിശകലനത്തിന് വിധേയമാക്കപ്പെട്ടപ്പോൾ ഉയർന്ന ആദ്യത്തെ ചോദ്യം ഇത്തരം ആത്മാഭിമാനപ്രഖ്യാപനങ്ങൾക്ക് എന്തെങ്കിലും സാധുതയുണ്ടോ എന്നതാണ്.  അഭിമാനിക്കണമെങ്കിൽ ആരെച്ചൊല്ലിയാണ് നാം അഭിമാനം കൊള്ളേണ്ടതെന്നതാണ് രണ്ടാമത്തെ ചോദ്യം. പുതിയ ശാസ‌്ത്രീയ നിഗമനങ്ങൾ പ്രകാരമാണെങ്കിൽ ഇന്ത്യക്കാരുടെയെല്ലാം പൂർവികർ 65000 വർഷംമുമ്പ‌് ആഫ്രിക്കയിൽ നിന്നെത്തിയവരാണ്. അവരുടെ ജീനുകളാണ് ഓരോ ഇന്ത്യക്കാരനിലും ഉള്ളത്. ഇന്നത്തെ ആര്യനും അനാര്യനുമെല്ലാം അതുകൊണ്ടുതന്നെ പിന്നോട്ടുള്ള യാത്രയിൽ എത്തിച്ചേരുക ഒരേ കേന്ദ്രത്തിലാണ്.

വംശീയതകളിൽ അഭിമാനിക്കുന്നവർ ചിലരെ പൂർവികർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആദ്യമായി എഴുത്തും ഭാഷയും കൊണ്ടുവന്നവരെന്നൊക്കെയുള്ള നിലയിലാണ്. എന്നാൽ, അതിനും മുമ്പേ ഇവിടെ പൂർവികരെത്തിയിരുന്നുവെന്നതാണ് സത്യം. ആര്യവംശജരെപ്പറ്റി നാം അഭിമാനിക്കണമെങ്കിൽ  അതിനുമുമ്പ‌് മോഹൻജോദാരോ- ഹാരപ്പൻ സംസ‌്കാരത്തിലും അതിനുംമുമ്പ‌് ആഫ്രിക്കയിൽ നിന്നെത്തിയ പൂർവികരിലുമെത്തണം. ആഫ്രിക്കയ‌്ക്കു വെളിയിൽ കടന്ന് എല്ലായിടത്തും വിജയകരമായി ജീവിക്കാൻ സാധിച്ച സമൂഹമാണത്. ‘ഔട്ട് ഓഫ് ആഫ്രിക്ക’ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ആഫ്രിക്കയിൽ ഉണ്ടായിരുന്ന ഹോമോസാപ്പിയൻസ് പലതവണ പുറത്തുകടക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും വിജയിച്ചില്ല. ആഫ്രിക്കയുടെ പുറത്തേക്കുള്ള ഏറ്റവും വിജയകരമായ പലായനം 65000‐70000 വർഷങ്ങൾക്കുമുമ്പു നടന്നതായി തെളിവുകൾ ലഭിച്ചിട്ടുള്ള യാത്രയാണ്. ചെങ്കടൽ കടന്നുള്ള ഈ പലായനം എങ്ങനെയാണ് സംഭവിച്ചതെന്നതിനെപ്പറ്റിയുള്ള തെളിവുകൾ ലഭ്യമായിട്ടില്ല. 
 
ആഫ്രിക്കൻ പൂർവസൂരികൾ ഇന്ത്യയിലേക്ക് പലായനം ചെയ‌്തെത്തിയ ഭൂഭാഗങ്ങളിൽനിന്നു ലഭിച്ച തെളിവുകളും ഇതൊക്കെ ശരിവയ‌്ക്കുന്നതുതന്നെയാണ്. 85,000 വർഷംമുമ്പ‌് ആഫ്രിക്കയിൽ‌നിന്ന് ഇതേപോലെതന്നെ മറ്റൊരു വിഭാഗം മെസപ്പൊട്ടോമിയയിലേക്ക് പോയി. അവിടെ പിൻതലമുറയില്ലാതെ അവസാനിക്കുകയും ചെയ‌്തതിന്‌ തെളിവുണ്ട്. ഹോമോസാപ്പിയൻസ് ഇത്തരത്തിൽ പലതവണ ആഫ്രിക്കയ‌്ക്കു വെളിയിൽ കടക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിലർ അതിജീവിച്ചു, ചിലർ അസ‌്തമിച്ചു. ചെങ്കടൽ കടന്നശേഷം മറുഭാഗത്തുണ്ടായിരുന്ന നിയാൻഡർത്താൽ മനുഷ്യരുമായി പോരാട്ടവും സങ്കലനവും നടന്നിട്ടുണ്ട്. മനുഷ്യവംശത്തിലാകമാനം കാണപ്പെടുന്ന നിയാൻഡർത്താലിന്റെ ജീനുകൾ അതിനു തെളിവാണ്. നിയാൻഡർത്താലുകളുമായുള്ള പോരാട്ടത്തിനും കൂടിച്ചേരലിനുംശേഷം സൗദി അറേബ്യയിലൂടെയാണ് ഹോമോസാപ്പിയൻസ് കടന്നുപോകുന്നത്. അതിന്റെ പിന്മുറക്കാരാണ് ഇന്ത്യയിലെ പൂർവികർ. 
 
വേദങ്ങളും പുരാണങ്ങളും പറയുന്ന പൂർവസൂരികളേക്കാൾ എന്തുകൊണ്ടും ശാസ‌്ത്രീയത ഈ കണ്ടെത്തലുകളിലുണ്ട്. ആഫ്രിക്കൻ പൂർവസൂരികൾക്കും സഹസ്രാബ്‌ദങ്ങൾക്കുശേഷം ഉണ്ടായ മോഹൻജോദാരോ- ഹാരപ്പൻ സംസ‌്കാരങ്ങൾക്കും ശേഷമാണ് വേദങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അത് മനുഷ്യസൃഷ്ടമോ ആര്യവൽകൃതമോ ആയതിനാലും അക്കാലത്ത് ശാസ‌്ത്രീയമായ കണ്ടെത്തലുകൾ സാധ്യമല്ലാതിരുന്നതിനാലും ആഫ്രിക്കൻ പൂർവസൂരികൾ വിസ‌്മൃതിയിലാക്കപ്പെടുകയായിരുന്നു. ആഫ്രിക്കൻ പൂർവസൂരികൾക്കു പിന്നാലെ ആസ്ട്രലോ ഏഷ്യൻ‍സ് ഉൾപ്പെടെ ഒട്ടേറെ വംശങ്ങൾ ഇന്ത്യയിൽ വന്നുചേർന്നിട്ടുണ്ട്. അവരുടെയെല്ലാം ജീനുകളിലെ ചില സവിശേഷതകളെങ്കിലും ഇന്നും ഇന്ത്യാക്കാരിൽ പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും പൂർവികരെച്ചൊല്ലി നാം അഭിമാനം കൊള്ളേണ്ട യാതൊരു കാര്യവുമില്ല. അഥവാ അഭിമാനം കൊള്ളണമെങ്കിൽ, അതിനുള്ളതെന്തെങ്കിലും ഉണ്ടെങ്കിൽ അത് ആഫ്രിക്കൻ വംശജരായ പൂർവികരെച്ചൊല്ലിത്തന്നെയാകണം. 
 
പിന്നീട് എങ്ങനെ  ജാതി വ്യവസ്ഥ ഉണ്ടായി?   100 എഡിക്കു ശേഷം പൊടുന്നനെ സംഭവിച്ച ഒന്നാണത്. അതിന് ഇവിടേക്കുള്ള കുടിയേറ്റവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അതൊരു രാഷ്ട്രീയപ്രശ്നമായിരുന്നു. മൗര്യ- മഗധ സാമ്രാജ്യങ്ങളുടെ ആവിർഭാവത്തോടെയാണ് ഈ രാഷ്ട്രീയപ്രശ്നങ്ങൾ ഉടലെടുക്കുന്നതും അത് ജാതീയമായ വേർതിരിവിലേക്ക് നീങ്ങുന്നതും. അതിനുമുമ്പ‌് ആഫ്രിക്കൻ പൂർവസൂരികൾ, മോഹൻജൊദാരോ- ഹാരപ്പൻ, ആര്യർ, ആസ്ട്രലോ ഏഷ്യൻസ് എന്നീ നാല് വംശം ഇന്ത്യയിലെത്തുകയും അവ പൂർണമായും തമ്മിൽ കലരുകയും ചെയ‌്തിരുന്നതാണ്. പങ്കാളികളുടെ കാര്യത്തിൽ അന്ന് യാതൊരു നിയന്ത്രണവുമില്ലായിരുന്നു. ഒരു വംശത്തിൽപെട്ട ആണായാലും പെണ്ണായാലും മറ്റൊരു വംശത്തിൽപെട്ടവരുമായി നിയന്ത്രണമില്ലാതെതന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഇരുവംശങ്ങളുടേയും സങ്കര സന്താനങ്ങൾ ജനിക്കുകയും ചെയ‌്തു. വംശസങ്കലനം ഉണ്ടായതിന്റെ വഴി അതാണ്. ജാതി വ്യവസ്ഥ ഉരുത്തിരിഞ്ഞതോടെ സ്വജാതിക്കു വെളിയിലുള്ളവരുമായുള്ള കൂടിച്ചേരൽ ഇല്ലാതായി. സ്വന്തം കുലത്തിൽനിന്നോ വംശത്തിൽനിന്നോ മാത്രമേ ബീജദാനവും ഗർഭധാരണവും പാടുള്ളു എന്നു വന്നു. ആദിമസംസ‌്കാരത്തിലെ സങ്കലനവും സങ്കരണവും ജാതി വ്യവസ്ഥയിലൂടെ ഇല്ലാതാകുകയായിരുന്നുവെന്നു നിസ്സംശയം പറയാം.  
 
പൂർവികരെപ്പറ്റിയും പാരമ്പര്യത്തെപ്പറ്റിയുമുള്ള ദുരഭിമാനങ്ങളെ പൊളിച്ചെഴുതുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന ശാസ‌്ത്രീയ തെളിവുകളാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, കാലം കാത്തുവച്ച കാവ്യനീതിയാകണം, ഇത്തരമൊരു സന്നിഗ്ധ കാലഘട്ടത്തിൽതന്നെ ശാസ‌്ത്രസമൂഹത്തിന് ആ തെളിവുകൾ കണ്ടെത്താനാകുന്നത്. ആര്യവംശാധിഷ്‌ഠിതമായ വേദങ്ങളോ ബ്രാഹ്മണ്യമോ ഒന്നുമല്ല ആഫ്രിക്കയിൽനിന്ന‌് കുടിയേറിയെത്തിയ പച്ച മനുഷ്യരിലാണ് ഇന്ത്യയുടെ പൂർവികത്വം കുടിയിരിക്കുന്നതെന്ന കണ്ടെത്തലിന് പ്രസക്തിയേറുന്നതും ഇന്ത്യയുടെ ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങളിലാണ്. എങ്കിലും ആര്യവംശത്തിന്റെ പൂർവികാഭിമാനത്തെ സാധൂകരിക്കുംവിധം തെളിവുകൾ ലഭിക്കുന്ന കാലംവരെ ആഫ്രിക്കൻ പൂർവസൂരികൾ തന്നെയായിരിക്കും ആദിമ ഇന്ത്യാക്കാർ.  അതിനനുസരിച്ചാണ് നമ്മുടെ ചരിത്രപാഠപുസ‌്തകങ്ങൾ മാറ്റിയെഴുതേണ്ടത്.
പ്രധാന വാർത്തകൾ
 Top