29 January Wednesday

മാർക്കസ് അറീലിയസ് നമുക്കുചുറ്റും ഉണ്ട്

ഡോ. യു നന്ദകുമാർ unnair@gmail.comUpdated: Sunday Jun 30, 2019

ജീവിതത്തിന്റെ  ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയല്ല സ്റ്റോയിക്ക‌് വൈരാഗിയാകുന്നത്. മാർക്കസ് ചെറുപ്പത്തിൽ തന്നെ റോമാ ചക്രവർത്തി യായ ആളാണ്. അതിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുക, തുടർഭരണം കലഹരഹിത മാകുമെന്നുറപ്പാക്കുക, യുദ്ധത്തിൽനിന്നു പിന്തിരിയാതെ യുദ്ധത്തിന്‌ ധീരമായ നേതൃത്വം നൽകുക, എന്നാൽ, വ്യക്തിപരമായ ക്ലേശങ്ങൾ വ്യക്തിയിൽ ഒതുക്കിനിർത്തുക ഇവയെല്ലാം സ്റ്റോയിക് ചെയ്യേണ്ടതാണ്. ഇതുപോലെ നേതൃത്വം, വീരം, നൈപുണ്യം, രാഷ്ട്രതന്ത്രജ്ഞത എന്നിവയിലും ഒരു സ്റ്റോയിക് വിശാലമായ ധർമചിന്തയിൽ നിലകൊള്ളണം

മാർച്ച് 17, എ ഡി 180. ചക്രവർത്തി അവശനും ക്ഷീണിതനുമായിരുന്നു. കിടക്കയിൽനിന്ന് എഴുന്നേൽക്കാനോ തിരിഞ്ഞുകിടക്കാനോ സാധിക്കാത്തവിധം അവശൻ. ആയാസപ്പെട്ടെങ്കിലും പാറാവുകാരനെ അടുത്തുവിളിച്ച് മെല്ലെ മന്ത്രിച്ചു, ‘ഉദിക്കുന്ന സൂര്യനോടൊപ്പം പോകൂ, ഞാൻ അസ്‌തമിക്കുകയാണ്'. തലയ‌്ക്കുമേൽ പുതപ്പു വലിച്ചിട്ട‌് ദീർഘമായിട്ടുറങ്ങാൻ ഒരിക്കൽകൂടി ശ്രമിക്കയായി. റോമാ സാമ്രാജ്യത്തിന്റെ അഞ്ച് അതിപ്രശസ്‌ത ചക്രവർത്തിമാരിലൊരാൾ, മാർക്കസ് അറീലിയസ്. 

ചക്രവർത്തി മാത്രമായല്ല, നാമദ്ദേഹത്തെ അറിയുന്നത്; ഏറ്റവും പ്രശസ്‌ത സ്റ്റോയിക് (വൈരാഗി) ദാർശനികനായും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം മരണത്തെ സമീപിക്കുന്നത് വൈരാഗിയുടെ നിസ്സംഗതയോടെ. പ്രകൃതിയുടെ അടിസ്ഥാനതത്വം മാറ്റമാണ്; ഒരു പ്രവാഹമായി മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. റോമാ സാമ്രാജ്യത്തിലെ ഡാന്യൂബ് നദിപോലെ. മാറ്റം മരണമായി വന്ന് ആളുകളെ വിസ്‌മൃതിയിലാക്കും. മാർക്കസ് അറീലിയസിന് മരണം പുത്തരിയല്ല. സ്വന്തം അനുജനും കുഞ്ഞുമകനും അടുത്തകാലത്ത‌് ഭാര്യയും മരിച്ചപ്പോൾ ജീവിക്കുന്നവരിൽ മരണമുണ്ടാക്കുന്ന ആഘാതം താൻ അറിഞ്ഞതാണ്. മരണത്തെ നാം കാണേണ്ടതെങ്ങനെയെന്ന് മുമ്പേതന്നെ സ്റ്റോയിക്കുകൾ പറഞ്ഞുവച്ചിട്ടുണ്ട്.

“Leaves that the wind scatters to the ground,

Such are the generations of men.” 
സോക്രട്ടീസിന്റെ ശിഷ്യൻ സെനോഫോൺ യുദ്ധത്തിനുപോയ തന്റെ മകൻ മരണപ്പെട്ട വിവരം അറിഞ്ഞപ്പോൾ പറഞ്ഞതും അതുതന്നെ, 'അവൻ നശ്വരനാണെന്ന് എനിക്കറിയാമായിരുന്നല്ലോ'.
 
മാർക്കസ് അറീലിയസ് അറിയപ്പെടുന്നത് പലർക്കും മാർഗദർശിയായി ഇന്നും നിലകൊള്ളുന്ന പ്രശസ്‌തമായ "മനനം' (Meditations)എന്ന പുസ്‌തകത്തിന്റെ കർത്താവായാണ്. ജീവിതത്തിലെ എല്ലാ അവസ്ഥകളെയും സ്റ്റോയിക്കിന്റെ നിസ്സംഗതയോടെ കാണാനുള്ള വിശാലതയാണ് പുസ്‌തകം മുന്നോട്ടുവയ്‌ക്കുന്നത്. പ്രായാധിക്യത്താൽ ദാർശനികതയും വിരക്തിയും വന്നുചേർന്ന സ്റ്റോയിക്കായാണ് പലരും അദ്ദേഹത്തെ കണ്ടത്. എന്നാൽ, ഡൊണാൾഡ് റോബർട്സൺ  മാർക്കസ് അറീലിയസിന്റെ ചെറുപ്പം മുതലുള്ള ജീവിതത്തിലൂടെ സഞ്ചരിച്ച‌് ജീവിതവും ദാർശനികതയും ഇഴപിരിഞ്ഞുവരുന്നത് ‘റോമാ ചക്രവർത്തിയെപ്പോലെ ചിന്തിക്കുവതെങ്ങനെ' (Donald Robertson – How to Think Like a Roman Emperor: The Stoic Philosophy of Marcus Aurelius; 2019, St. Martin’s Press, NY)എന്ന ഉജ്വല ഗ്രന്ഥത്തിലൂടെ കാട്ടിത്തരുന്നു. ഈ വർഷത്തെ ഏറ്റവും സാരവത്തായ പുസ്‌തകങ്ങളിലൊന്നായി ഇത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
 
നന്മയുള്ളവരായി ജീവിക്കുന്നതെങ്ങനെയെന്ന് സ്റ്റോയിക്കുകൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു, എക്കാലവും. ഏഥെൻസിൽ കമ്പോളത്തിനടുത്തുള്ള ഇടവഴിയിലൂടെ നടന്ന സെനോഫോണിനോട് ഇരുളിൽ നിന്നൊരു ചോദ്യമുണ്ടായി, ‘സാധനങ്ങൾ വാങ്ങാൻ എങ്ങോട്ടാണ് പോകേണ്ടത്?' തൊട്ടടുത്തുതന്നെ ഒന്നാംതരം കമ്പോളമുണ്ടെന്നും ലോകത്തെ ഏറ്റവും മെച്ചപ്പെട്ട സാധനങ്ങൾ അവിടെ സുലഭമാണ് എന്നും അയാൾ പറഞ്ഞു. അപ്പോൾ അടുത്ത ചോദ്യമുണ്ടായി, ‘നന്മയുള്ളവനായി ജീവിക്കുവതെങ്ങനെ എന്ന് പഠിക്കാനെവിടെ പോകണം?' സെനോഫോൻ ചോദ്യത്തിന്റെ കുരുക്കഴിക്കുന്നതാലോചിക്കവേ ഇരുളിൽനിന്നൊരാൾ പുറത്തുവന്നു. അത് സോക്രട്ടീസ് ആയിരുന്നു. അവിടെനിന്ന‌് അറീലിയസിലെത്തുമ്പോൾ അദ്ദേഹത്തിന് കൂടുതൽ വ്യക്തതയുണ്ടായിരുന്നു: Waste no more time arguing about what a good man should be; just be one.
 
മനുഷ്യരിൽ കാണുന്ന വികാരങ്ങളെല്ലാം തികഞ്ഞ നിസ്സംഗതയോടെ കാണാൻ  സ്റ്റോയ‌്ക്കിന് കഴിയണം. ദേഷ്യം/വിദ്വേഷം, കാമം/ആസക്തി, വേദന, ഭയം, എല്ലാം നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുന്നവർക്ക് ജീവിതത്തെ എന്തിനു ഭയക്കണം? അവർക്ക് ഏറ്റവും ഉയർന്ന മൂല്യങ്ങൾ ജീവിതത്തിൽ സ്വാംശീകരിക്കുക സുഗമമാണുതാനും. ജീവിതത്തിന്റെ  ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയല്ല സ്റ്റോയിക്ക‌് വൈരാഗിയാകുന്നത്. മാർക്കസ് ചെറുപ്പത്തിൽതന്നെ റോമാ ചക്രവർത്തിയായ ആളാണ്. അതിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുക, തുടർഭരണം കലഹരഹിതമാകുമെന്നുറപ്പാക്കുക, യുദ്ധത്തിൽനിന്ന‌് പിന്തിരിയാതെ യുദ്ധത്തിനു ധീരമായ നേതൃത്വം നൽകുക, എന്നാൽ വ്യക്തിപരമായ ക്ലേശങ്ങൾ വ്യക്തിയിൽ ഒതുക്കിനിർത്തുക ഇവയെല്ലാം സ്റ്റോയിക് ചെയ്യേണ്ടതാണ്. ഇതുപോലെ നേതൃത്വം, വീരം, നൈപുണ്യം, രാഷ്ട്രതന്ത്രജ്ഞത എന്നിവയിലും ഒരു സ്റ്റോയിക് വിശാലമായ ധർമചിന്തയിൽ നിലകൊള്ളണം. ഇത് പെട്ടെന്ന് പഠിച്ചെടുക്കാവുന്നതല്ല; ദീർഘകാല ശിക്ഷണവും മനനവും പ്രയത്നവും ചേരുമ്പോൾ മാത്രമേ ഉദാത്തമായ ഈ അവസ്ഥ കൈവരിക്കാനാകൂ.
 
അറീലിയസിന്റെയും ഇളയസഹോദരൻ ലുസിയൂസിന്റെയും ജീവിതം ഇതിനുദാഹരണമായിക്കാണാം. ഒരേ പാഠങ്ങൾ പഠിച്ചും ഒരേ ദർശനങ്ങൾ ഒരുവിട്ടും കൗമാരകാലം കഴിഞ്ഞവർ. അറീലിയസ് അനുജനെ സഹചക്രവർത്തി (Co emperor)യായി  വാഴിക്കുകയും ചെയ‌്തു. യോജിപ്പുള്ള ഭരണം കാഴ്‌ചവയ‌്ക്കാനും ജ്യേഷ‌്ഠന്റെ മരണശേഷം അധികാരക്കൈമാറ്റം സുഗമമാക്കാനും ഒക്കെയായിരുന്നു ദീർഘദൃഷ്ടിയോടെ നടപ്പാക്കിയ തീരുമാനം. അറീലിയസ് തികഞ്ഞ സ്റ്റോയിക് ആയി മാറിയെങ്കിലും ലുസിയൂസിന്റെ കഥ അങ്ങനെയായിരുന്നില്ല. അയാൾ സുഖലോലുപതയിൽ മുഴുകി, കിട്ടിയ പണമെല്ലാം ധൂർത്തടിച്ചു, സുഹൃത്തുക്കൾക്ക് സമ്മാനങ്ങൾ നൽകി; അങ്ങനെ കിരീടമേൽക്കേണ്ടയാൾ നേരത്തെ മരിച്ചു. സ്റ്റോയിക് ദർശനം നമ്മെ ജീവിതമെന്തെന്നും ജീവിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കുന്നുവെന്ന് റോബർട്സൺ പറയുന്നു.
 
ചെറുപ്പത്തിൽ അറീലിയസിന് പെട്ടെന്ന് ശുണ്‌ഠിവരുമായിരുന്നു. സംവാദങ്ങളിൽ എതിരഭിപ്രായങ്ങളോട് സഹിഷ‌്ണുത പുലർത്താനും ദേഷ്യം നിയന്ത്രിക്കാനുമൊക്കെ നന്നേ പണിപ്പെട്ടിരുന്നു. ദേഷ്യം താൽക്കാലിക ഭ്രാന്താണെന്നും സ്റ്റോയിക് ദർശനം അദ്ദേഹത്തെ പഠിപ്പിച്ചു. സോക്രട്ടീസ് എത്ര കടുത്ത സംവാദത്തിലും സൗമ്യനായിരുന്നു. റസ്റ്റിക്കസ് എന്ന ദാർശനികൻ കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച അറീലിയസിന് ക്രമേണ ആശയവിനിമയം, സംവാദം, നയതന്ത്രം എന്നിവയിൽ നൈപുണ്യമുണ്ടായതിൽ അത്ഭുതമില്ല. മറ്റു ഗുരുക്കന്മാരും അദ്ദേഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. റോബർട്സൺ പറയുന്നത്, ആദർശങ്ങളും മൂല്യങ്ങളും ജീവിതത്തിൽ വേണമെന്നുള്ളവർ തങ്ങളെ സ്വാധീനിക്കുന്നവരെ കൃത്യമായി തെരഞ്ഞെടുക്കണം. ഓരോ ഗുരുവും (mentor) വ്യതിരിക്തവും വിശിഷ്ടവുമായ മൂല്യങ്ങളാണ് നമ്മിൽ വിതയ‌്ക്കുന്നത്. ശരിയായ തെരഞ്ഞെടുപ്പാണ് നന്മയുടെ ഓജസ്സ് ജീവിതത്തിനു നൽകുന്നത്.
 
ആരോഗ്യമെന്ന ഭാഗ്യം സിദ്ധിച്ചവർക്ക് അനാരോഗ്യം നൽകുന്ന നിരന്തര പരീക്ഷണങ്ങളെക്കുറിച്ച‌് അറിവുണ്ടാകില്ല. അറീലിയസ് ശാരീരിക പീഡകളോടൊത്തു കഴിഞ്ഞയാളാണ്. കൈ വിറയൽ, ശരീരവേദന, തളർച്ച എന്നിവ തുടർച്ചയായി അലട്ടിയിരുന്ന ശരീരപ്രകൃതമായിരുന്നു, അദ്ദേഹത്തിന്റേത്. ഈ അനാരോഗ്യത്തിലും ഡാന്യൂബിനു ചുറ്റും യുദ്ധക്കളത്തിൽ അദ്ദേഹം നിറഞ്ഞസാന്നിധ്യമായിരുന്നു. അനാരോഗ്യവും ദൗർബല്യവുമൊന്നും ചക്രവർത്തിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളെ ബാധിച്ചിരുന്നില്ല; തന്റെ അനാരോഗ്യത്തിന്റെ ഭാരം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയും ചെയ‌്തില്ല. അക്കാലത്തെ ശരാശരി റോമൻ ആയുസ്സിനപ്പുറം ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിലും ദർശനത്തിന്റെ ശക്തി കാണാം. 
പലരും ജീവിക്കുന്നതുതന്നെ തങ്ങളെ സ്വാധീനിച്ച ആസക്തികൾ കൈവരിക്കാമെന്ന സ്വപ‌്നവുമായാണ്. ഭാവിയെന്തെന്നറിഞ്ഞുകൂടാത്ത നാം അഭിനിവേശങ്ങളും തൃഷ്‌ണകളും ഒരുക്കുന്ന സാങ്കൽപ്പിക ലോകത്താണോ ജീവിക്കേണ്ടത്? ഇതിനു തരംപോലെ മറുപടി അറീലിയസ് നൽകുന്നു. വളരെ ലൗകികമായ സുഖങ്ങളാണ് സന്തോഷമെന്ന തെറ്റിദ്ധാരണയിൽ നാം ജീവിക്കുന്നതിനാൽ, ലൗകികതയും ആനന്ദവും തമ്മിൽ നമുക്ക് തെറ്റുന്നു. അറീലയസിന്റെയും ലുസിയൂസിന്റെയും ജീവിതങ്ങൾതന്നെ ഉദാഹരണമായി കാണാം. ഒന്നിച്ചുജീവിച്ചു വന്നവരെങ്കിലും ഒരാൾ  കർമപഥത്തിൽ അചഞ്ചലമായി മുന്നോട്ടുനീങ്ങി; മറ്റെയാൾ ചിട്ടയില്ലാത്ത സുഖാന്വേഷണത്തിൽ മുങ്ങിപ്പോയി. ഏതാണ് ശരി എന്ന് കാലത്തിനുമാത്രമേ കാണിക്കാനാകൂ. ഹെർക്യൂലിസ് തന്റെ വഴി തെരഞ്ഞെടുത്ത രീതിയാണ് ദാർശനികന്റെ പരീക്ഷണാനുഭവം. തന്റെ വഴി രണ്ടായി പിരിയുന്നിടത്ത് ഹെർക്യൂലിസ്‌ യാത്ര നിർത്തി. എങ്ങോട്ടുപോകണമെന്നറിയാതെ ചിന്തിച്ചുനിന്നപ്പോൾ ഒരു ദേവദൂതിയെത്തി ആദ്യവഴി തെരഞ്ഞെടുക്കാനാവശ്യപ്പെട്ടു. എല്ലാ സുഖങ്ങളും നൽകുന്ന രാജകീയ ജീവിതമായിരുന്നു അവർ വാഗ്‌ദാനം ചെയ‌്തത്. അവർ പറഞ്ഞുകൊണ്ടിരുന്നപ്പോൾ മറ്റൊരു ദേവദൂതിയെത്തി. അവർ വാഗ‌്ദാനം ചെയ‌്തത് നന്മതിന്മകൾ ചേർന്ന വഴിയാണ്. പ്രയാസങ്ങളും കഷ്ടപ്പാടുകളും അനേകം; കഷ്ടപ്പാടുകളും പ്രയത്നവുമില്ലാതെ സന്തോഷവും ആനന്ദവും എങ്ങുമില്ലെന്നും അവർ ഓർമിപ്പിച്ചു. ഹെർക്യൂലിസ‌് രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.
ഓരോ ജീവിതവും ഓരോ വഴികണ്ടെത്തലാണ്. ജീവിതം ജീവിച്ചുതീർക്കാൻ മാത്രമല്ല, പ്രവർത്തിക്കാനും കർമനിരതരാകാനും കൂടിയുള്ളതാണ്. എഡി 180നുമുമ്പ് ജീവിച്ച അറീലിയസ് ചക്രവർത്തി ഇന്നും ഓർമിക്കപ്പെടുന്നുവെങ്കിൽ ദർശനം ജീവിതത്തിന്റെ കൈപ്പുസ്‌തകമാക്കിയതിനാലാണ്. അന്നത്തെ ആശയങ്ങൾ ആധുനികതയ‌്ക്ക് വഴങ്ങുംവിധം പുനഃസൃഷ്ടിച്ചു എന്നതാണ് പുസ‌്തകത്തിന്റെ വിജയം.
പ്രധാന വാർത്തകൾ
 Top