17 January Sunday

കൊറോണയ്‌ക്കൊപ്പം വന്നു വൈറലായി ഛോട്ടാ റഫി

ലേഖാരാജ്‌ lekharajikru@gmail.comUpdated: Sunday Nov 29, 2020

സൗരവ്‌ കിഷൻ

റഫിസാബിന്‌  ആരാധകർ ഏറെയുണ്ട്‌ കേരളത്തിൽ. കോഴിക്കോട്ട്‌ പ്രത്യേകിച്ചും.   ഇപ്പോഴിതാ അവർക്ക് അഹങ്കരിക്കാൻ ഒന്നുകൂടി, കൊച്ചുറഫി. സൗരവ് കിഷനെന്ന ഈ പയ്യന്റെ പാട്ട് ഒരുതവണ കേട്ടവർക്ക് അവൻ റഫിസാബ് തന്നെയാണ്. കണ്ണടച്ചിരുന്ന് സൗരവിനെ കേൾക്കുമ്പോൾ മനസ്സിലാകെ റഫിയോർമകൾ നിറയും... ഒന്ന് കൈനീട്ടിയാൽ റഫിസാബിനെ തൊടാമെന്നുതോന്നും... അത്രയേറെ ആ ശബ്‌ദത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു സൗരവ്.
 

വൈറലായി രണ്ടുപേർ

 

‘ഈ 2020ൽ ചൈനയിൽനിന്നും വന്ന രണ്ടുപേരാണ് വൈറലായത്. ഒന്ന് കൊറോണ വൈറസ്... പിന്നെ കോഴിക്കോട്ടുകാരൻ സൗരവ് കിഷൻ.' കൂട്ടുകാർ ഇങ്ങനെ  പറയുമെങ്കിലും അതിലെ സത്യം കാണാതിരിക്കാനാകില്ല. ചൈനയിലെ ഷിൻജ്യാങ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠിക്കുകയാണ്‌ സൗരവ്‌.  കൊറോണ പടർന്ന  ഉടനെ സൗരവ് നാട്ടിലേക്ക്‌. തനിക്കൊപ്പമുള്ള റഫിയെ ആസ്വാദകരുടെ ആകാശത്തിലേക്ക് തുറന്നുവിട്ടു ലോക്‌‌ഡൗൺ കാലത്ത്. പാട്ടും പഠനവുമായി കഴിഞ്ഞ ചൈനക്കാലത്തുനിന്ന് വീടിന്റെ ഇത്തിരിവട്ടത്തിലേക്കൊതുങ്ങിയപ്പോൾ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. സംഗീതം എല്ലാ ബുദ്ധിമുട്ടുകൾക്കുമുള്ള മരുന്നാണല്ലോ. മനസ്സുതുറന്ന് പാടി... സ്വന്തം യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്‌തു. ഒന്ന്‌ ഇരുട്ടിവെളുത്തപ്പോൾ  ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സ്‌ ആയിരത്തിൽനിന്ന്‌  രണ്ടായിരവും മൂവായിരവുമായി. അപ്പോഴാണ് സംഭവമറിയുന്നത്. സൗരവിന്റെ പാട്ട് ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്‌തുവെന്നും വൈറലായി എന്നും..
 

പാട്ടി​ന്റെ റൂട്ട്മാപ്പ്

 

മൂന്നരവയസ്സിന്റെ കുസൃതിയെ തളച്ചിടാൻ അച്ഛനമ്മമാർ കണ്ട വഴിയാണ് പാട്ട്. കർണാടകസംഗീതം പഠിക്കാൻ പ്രതാപൻ കോഴിക്കോട് എന്ന മാഷിനരികിലെത്തിച്ചതാണ് വഴിത്തിരിവായത്‌. ആ പഠനകാലത്താണ് ദൂരദർശനിൽ പുഞ്ചിരി പരിപാടിയിൽ പാട്ട് അവതരിപ്പിച്ചത്. മൂന്നരവയസ്സുകാരൻ കുഞ്ഞുസൗരവിനെ സ്റ്റേജിനുമുകളിലേക്ക് എടുത്തുവയ്‌ക്കുകയായിരുന്നുവെന്ന് അച്ഛൻ ഓർക്കുന്നു. അന്നും ഹിന്ദിഗാനമാണ് പാടിയത്.  ആ കുട്ടിത്തം ഇന്നും സൗരവിനെ വിട്ടുമാറിയിട്ടില്ല. വിടർന്ന കണ്ണിൽ കൗതുകം നിറച്ച് പുഞ്ചിരിയോടെ പാടിയൊഴുകുന്നത് കണ്ടുനിൽക്കാൻ തന്നെ അഴകാണ്. സംഗീത് മിലൻ എന്ന ക്ലബ്ബിന്റെ സംഗീതമത്സരമാണ് പാട്ടിൽത്തുടരാൻ പിന്തുണയായത്. ഹിന്ദി പാട്ടുകൾ മാത്രം പാടാനുള്ള മത്സരത്തിൽ റഫിയെ കൂട്ടുപിടിച്ച് ഒന്നാമതെത്തി. പിന്നെ കൈരളി ചാനലിലെ ഗന്ധർവസംഗീതത്തിലേക്ക്. തേരി ആംഖോം കെ സിവാ ദുനിയാ മേം രഖാ ക്യാ ഹെ.... കേട്ട ജോൺസൺ മാഷാണ് കുട്ടിറഫി എന്ന പേരുവിളിച്ചത്. അദ്ദേഹമാണ് പറഞ്ഞത് റഫിഗാനങ്ങളിലേക്ക് ശ്രദ്ധയൂന്നാൻ.
 

കോഴിക്കോടിന്റെ റഫി

 

പാട്ടിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്‌മയായ സംഗീത് മിലനിൽ എത്തിയതോടെ കൂടുതൽ  ഗൗരവത്തോടെ പാട്ടിനെ കണ്ടു. റഫിനൈറ്റിൽ പിന്നീട്  നിത്യസാന്നിധ്യമായി.  ‘കോഴിക്കോട്ടുകാർ ശരിക്കും എന്നെക്കാൾ വലിയ റഫിയാരാധകരാണ്. അവരിൽ ഏറ്റവും ചെറുതാണ് ഞാൻ. സ്റ്റേജിലും മറ്റും പാടുമ്പോൾ ഒപ്പം കൈത്താളമിട്ട്, തലയാട്ടി ആസ്വദിക്കാൻ ഇത്രവലിയ സദസ്സുണ്ടാകുക ഒരുപക്ഷേ കോഴിക്കോട് മാത്രം.  കോഴിക്കോട്ടുകാരനായ റഫിയാരാധകൻ എന്നതാണ് എന്റെ വലിയ ഭാഗ്യം. റഫിസാബിന്റെ ഏതുപാട്ട് ചോദിച്ചാലും സദസ്സിലെ എല്ലാവർക്കും അറിയും. വരികളും സിനിമയും എന്നുവേണ്ട ആ പാട്ടിനെ പറ്റിയുള്ള വിക്കിപീഡിയയായിരിക്കും ഓരോ ശ്രോതാവും, അങ്ങനെയുള്ള സദസ്സിനുവേണ്ടി പാടുന്നത് ഏറെ മനോഹരമാണ്. നേർത്ത പാളിച്ചപോലും അവർ  തിരുത്തും. വരികളും മറ്റും അർഥം പറഞ്ഞുതന്ന്, ഉച്ചാരണപ്പിഴവുകൾ ശുദ്ധമാക്കിത്തന്ന് ഒപ്പംകൂട്ടും. ഹിന്ദി ഒട്ടും അറിയാത്തയാളാണ് ഞാൻ. മുകേഷ് ഗാനങ്ങൾ പാടുന്ന കോഴിക്കോട്ടെ നയൻ ജെ ഷാ ആണ് ഉച്ചാരണങ്ങളിൽ തിരുത്തിന് സഹായിക്കാറ്. രാജസ്ഥാനിയാണദ്ദേഹം. സംഗീത് മിലൻ ടീമും കുഞ്ഞുന്നാൾ മുതലേ ഇങ്ങനെ സഹായിക്കും. പിന്തുണച്ചവരുടെ കൂട്ടത്തിൽ റിഥം ഹൗസ് ബാൻഡുമുണ്ട്. കോഴിക്കോട്ടെ ഡാൻസ്, പാട്ട്, ഇൻസ്ട്രുമെന്റ്സ് ഒക്കെ ചെയ്യുന്ന ബാൻഡാണ് റിഥം. അതിലെ മജീദ്ഇക്ക ലൈവ് ഷോ ചെയ്യാനുള്ള അവസരം തന്നിട്ടുണ്ട്' സൗരവ് പറയുന്നു.
 
മുത്തച്ഛൻ രാമകൃഷ്ണൻ ഡോക്ടറായിരുന്നു. പാട്ടും ചികിത്സയും ഒരേ താളത്തിൽ കൊണ്ടുപോയിരുന്ന അദ്ദേഹമാണ് സൗരവിന്റെ മാതൃക. അതുപോലെയെങ്കിലും പാട്ടെന്ന പാഷനെ പ്രൊഫഷനൊപ്പം കൂട്ടാനാണ് ആഗ്രഹം. മുത്തച്ഛ​ന്റെ അമ്മ കല്യാണിയമ്മയാണ് കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ മുമ്പിലുണ്ടായിരുന്നതെന്ന് കേട്ടറിയാം. ഞങ്ങളിപ്പോൾ താമസിക്കുന്ന ഈ തറവാട്ടുവീട്ടിൽ എല്ലാ ശനിയും ഞായറും  മെഹ്ഫിൽ ഒരുക്കിയിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. അതിന്റെയൊക്കെ ചെറിയ സ്വാധീനമൊക്കെ എന്നിലുമുണ്ടാകും. മുത്തച്ഛ​ന്റെ ​ഗ്രാമഫോൺ ശേഖരമാണ് കുഞ്ഞുന്നാളിലേ റഫിയിലേക്ക് അടുപ്പിച്ചത്. പിന്നെ കോഴിക്കോട്ടെ റേഡിയോ കോയക്കയുടെ പിന്തുണയും. ഏത് റെക്കോഡും അദ്ദേഹത്തി​ന്റെ കൈയിലുണ്ടാകും. റഫി സാബി​ന്റെ പാട്ടുകളെപ്പറ്റി കൂടുതലായി പറഞ്ഞുതന്നതും കേൾപ്പിച്ചുതന്നതും അദ്ദേഹമാണ്.
 
മെഡിസിൻ പഠനം ഇത് അവസാന വർഷമാണ്.  ആറുമാസംകൂടി ഉണ്ടാകും. മാർച്ചിൽ തിരികെ പോകാമെന്നാണ് കരുതുന്നത്. സോഷ്യൽമീഡിയയിലെ വിവരമറിഞ്ഞ് ചൈനയിൽനിന്നും സുഹൃത്തുക്കൾ വിളിച്ചു. ചൈനയിലെ  കൂട്ടുകാർ സൂപ്പറായിരുന്നു. സ്വന്തമായി സ്റ്റുഡിയോ ഒക്കെ ഉള്ള, പാട്ടിനെ ഗൗരവമായി കാണുന്നവർ. അവർക്കൊപ്പം സ്റ്റുഡിയോകളിലായിരുന്നു ഒഴിവുസമയങ്ങളിൽ. പാശ്ചാത്യസംഗീതം മനസ്സിലാക്കുന്നതും ഗിത്താർ പഠിക്കുന്നതുമൊക്കെ അവരുടെ സഹായത്തിലാണ്.
 പാടിയെത്തി റഫിക്കരികിൽ
മുംബൈ, അബുദാബി തുടങ്ങി പലയിടത്തും പാടിയിട്ടുണ്ട്. അക്ബർ ട്രാവൽസിന്റെ നാസർ സാർ ആണ് മുംബൈയിൽ റഫിസാബിന്റെ കുടുംബത്തെ കാണാനും റഫിയുടെ കബറിടം സന്ദർശിക്കാനും അവസരം തന്നത്. ഡോ. ഫസൽഗഫൂർ സാറിന്റെ മകളുടെ വിവാഹത്തിന് പാടാൻ ക്ഷണിച്ചിരുന്നു.  അവിടെവച്ചാണ് റഫിസാബിന്റെ മകൻ ഷാഹിദ്‌ റഫിയെ കണ്ടത്.  പാട്ട് നന്നായെന്ന അഭിനന്ദനവാക്കുകളുമായി ചേർത്തുപിടിച്ചത് മറക്കാനാകില്ല. 
 

വൈറലിനുമപ്പുറം

 
ആനന്ദ് മഹീന്ദ്രയും ശങ്കർമഹാദേവനുമൊക്കെ അനുമോദിച്ചതിനുപിന്നാലെ അഭിനന്ദന പ്രവാഹമായി.   സൗരവിനെ വിളിച്ചും അഭിനന്ദിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പാട്ടുപാടാനാവശ്യപ്പെട്ടും എത്തുന്നവരുടെ എണ്ണംകൂടി. ​ഗായിക ചിത്ര സൂം സെഷനിൽ അഭിനന്ദിച്ചു. മനോജ് കെ ജയൻ വിളിച്ചഭിനന്ദിച്ചു.  മരിക്കുന്നതിന് ഒരാഴ്‌ച മുമ്പാണ് എസ് പി ബാലസുബ്രഹ്മണ്യം സാർ അഭിനന്ദനമറിയിച്ച് വോയ്സ് നോട്ട് അയച്ചത്. പിന്നെ എസ് ജാനകിയമ്മയും ആശംസയറിയിച്ചു. 
 

വിണ്ണിൽനിന്നൊരു താരം

 

ഒരാഴ്‌ചമുമ്പ് വിണ്ണിൽ നിന്നൊരു താരം എന്ന മലയാളം ഷോട്ട് ഫിലിമിൽ പാട്ട് പാടി. നീലവാനിൽ നോവുമാഞ്ഞൊരു താരമുണരുന്നു... എന്ന ​ഗാനം ഇതിനകം മികച്ച അഭിപ്രായം നേടി. പാട്ടിൽ റഫികഴിഞ്ഞാൽ പിന്നെയിഷ്ടം കിഷോർ ദാ, ദാസേട്ടൻ, മുകേഷ് ദാ ഹേമന്ത് ദാ... ലിസ്റ്റ് നീളുകയാണ്  ഒപ്പം മലയാളമെത്തുമ്പോൾ സ്വാഭാവികമായും കോഴിക്കോടി​ന്റെ സ്വന്തം ബാബുക്കയും ഹൃദയത്തിലേറും.
 

കുടുംബം

 
ചേവരമ്പലം കൃഷ്‌ണാനിവാസിൽ സുനിലാണ് സൗരവി​ന്റെ അച്ഛൻ. കൺസ്ട്രക്ഷൻ മേഖലയിലാണ്. അമ്മ നിമ്മിക. അനിയൻ വൈഭവ് കിഷൻ ഗിറ്റാറിസ്റ്റാണ്. മാർത്താണ്ഡത്ത് ഹോമിയോ പഠിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top