23 May Thursday

എന്റെ സുകൃതം

ഹരികുമാര്‍Updated: Sunday Oct 29, 2017
രണ്ടു ചുവടിനപ്പുറം ഇന്ത്യന്‍ മഹാസമുദ്രം ഇരമ്പിയാര്‍ക്കുന്നു. മഴക്കാലമായിട്ടില്ല. കന്യാകുമാരിയുടെ തെളിഞ്ഞ ആകാശംപോലെ വാസുവേട്ടന്റെ മുഖം ശാന്തം. കാറ്റിനോടും കടലിനോടും മത്സരിക്കാന്‍ ഞാനാരെന്ന ഭാവത്തോടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പഞ്ചാരമണലില്‍ ചവിട്ടി നടന്നു. രാവിലെ എഴുതിത്തീര്‍ത്ത തിരക്കഥാഭാഗത്തെപ്പറ്റിയാണ് സംസാരം. സുകൃതം എന്ന സിനിമയിലെ കഥാപാത്രങ്ങള്‍, അവയുടെ സ്വഭാവം, കഥാഗതി അങ്ങനെ പലതും. എം ടി വാസുദേവന്‍നായരെന്ന മലയാളത്തിന്റെ മഹാനായ എഴുത്തുകാരനില്‍നിന്ന് ആ സായാഹ്നസഞ്ചാരത്തില്‍ ഞാന്‍ ഉള്‍ക്കൊണ്ടു. 
പലപ്പോഴും എന്റെ മനസ്സില്‍ ആഹ്ളാദത്തിന്റെ തിരമാലകള്‍ ഉയരുന്നുണ്ടായിരുന്നു. കാരണം, ഒരു ദശാബ്ദത്തെ കാത്തിരിപ്പാണ് സഫലമാകുന്നത്. എത്രയോപേര്‍ ആഗ്രഹിക്കുന്ന 'എം ടിയുടെ തിരക്കഥ' സിനിമയാക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നു. 
1981ല്‍ ആദ്യസിനിമയായ ആമ്പല്‍പ്പൂവ് ചെയ്യുമ്പോള്‍ത്തന്നെ എം ടിയുടെ തിരക്കഥയെന്ന സ്വപ്നം ഉള്ളിലുണ്ടായിരുന്നു. എങ്കിലും സ്നേഹപൂര്‍വം മീരയും, ഒരു സ്വകാര്യവുംകൂടി ചെയ്തശേഷമാണ് ഈ ആവശ്യവുമായി സമീപിക്കാന്‍ ധൈര്യം ലഭിച്ചത്. കോഴിക്കോട്ട് എം ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്റെ സിനിമകളെപ്പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നില്ല അത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്കാരിക പത്രപ്രവര്‍ത്തകന്റെ വേഷത്തില്‍ ഞാനദ്ദേഹത്തിന്റെ മുമ്പിലെത്തിയിരുന്നു. വാസുവേട്ടന് അത് ഓര്‍മയുണ്ടാകില്ല. കൊല്ലത്ത് സര്‍ക്കാരുദ്യോഗസ്ഥനായി ജോലി നോക്കവെ, മലയാളനാടിനുവേണ്ടി അഭിമുഖം നടത്താന്‍ ഞാന്‍ കോഴിക്കോട്ടുപോയി. മാതൃഭൂമി പത്രാധിപരായിരുന്നു എം ടി. ജനയുഗത്തിലും മലയാളനാട്ടിലും തുടര്‍ച്ചയായി എഴുതാന്‍ അക്കാലത്ത് അവസരം ലഭിച്ചു. കലാസാഹിത്യപ്രവര്‍ത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരു കുഗ്രാമത്തില്‍നിന്നുവന്ന എന്നില്‍ എവിടെയോ ഉറങ്ങിക്കിടന്ന വാസനകള്‍ സജീവമാക്കുന്നതില്‍ കൊല്ലംപട്ടണത്തിന്റെ സാംസ്കാരിക സമ്പന്നത വലിയ പങ്കുവഹിച്ചിട്ടുണ്ട്. 
തിരക്കഥാസ്വപ്നവുമായി വാസുവേട്ടനെ സമീപിക്കുമ്പോള്‍ ശത്രു എന്ന കഥയാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. അതിന്റെ ചലച്ചിത്രസാധ്യതകളെക്കുറിച്ച് എന്നോട് ചോദിച്ചെങ്കിലും പല കാരണങ്ങളാല്‍ അത് മുന്നോട്ടുപോയില്ല. എങ്കിലെന്താ? എം ടിയെന്ന മഹാനുഭാവനെ വാസുവേട്ടന്‍ എന്ന് വിളിക്കാനുള്ള ഹൃദയയൈക്യം സാധ്യമായി എന്ന സൌഭാഗ്യം കൈവന്നല്ലോ. ഒരനുജനപ്പോലെ ആ കൈകള്‍ എന്നെ ചേര്‍ത്തുപിടിച്ചു. എന്റെ കുടുംബാംഗങ്ങള്‍ക്കും ആ വാത്സല്യം ലഭിച്ചു. എന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍മാത്രം കോഴിക്കോട്ടുനിന്ന് പല തിരക്കുകള്‍ മാറ്റിവച്ച് ഇത്രദൂരം യാത്രചെയ്ത് തിരുവനന്തപുരത്ത് വന്നത് ഒരിക്കലും മറക്കാനാകില്ല. 
പുലിവരുന്നേ പുലി, അയനം, ജാലകം., ഊഴം, എഴുന്നെള്ളത്ത് എന്നീ ചിത്രങ്ങള്‍ക്കുശേഷം 1994ല്‍ വാസുവേട്ടന്റെ സ്ക്രിപ്റ്റ് എനിക്ക് ലഭിച്ചു. കന്യാകുമാരിയിലെ കേരള ഹൌസിലിരുന്ന് സുകൃതം എഴുതുമ്പോള്‍ ഞാന്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. പുലര്‍ച്ചെ എഴുന്നേറ്റിരുന്ന് എഴുതും, ഉച്ചവരെ. ഉച്ചഭക്ഷണത്തിനുശേഷം ചെറുതായി മയങ്ങും. സായാഹ്നങ്ങളില്‍ കടല്‍തീരത്തുകൂടി നടത്തം. അതിനിടയിലാണ് എഴുതിത്തീര്‍ന്നതിനെപ്പറ്റി ചര്‍ച്ച നടത്തുക. രണ്ടുഘട്ടങ്ങളിലായി സുകൃതം വാസുവേട്ടന്‍ പൂര്‍ത്തിയാക്കി. ചിത്രീകരണം ഒറ്റപ്പാലത്ത് നടക്കുമ്പോള്‍ പൂര്‍ണസമയം ഉണ്ടായിരുന്നില്ല. ഒന്നും രണ്ടും തവണ വന്നുപോയി. 
ഷൂട്ടിങ് നടക്കുമ്പോള്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ ആവശ്യമായി വരാറുണ്ട്. അവ ഫോണില്‍ വിളിച്ചുചോദിച്ചപ്പോള്‍ത്തന്നെ അനുവാദം തന്നു. 
വാസുവേട്ടനുമായി ഇടപഴകിയ ഓരോ സന്ദര്‍ഭവും അദ്ദേഹത്തെക്കുറിച്ചുള്ള ബഹുമാനവും ഇഷ്ടവും വര്‍ധിച്ചുകൊണ്ടിരുന്നു. 
കാഞ്ചിനട എന്ന കുഗ്രാമത്തില്‍ മണ്ണെണ്ണവിളക്കിനു മുന്നിലിരുന്ന് കാലം വായിച്ച് അക്ഷരങ്ങളുമായി ചങ്ങാത്തത്തിലായ ഒരു കുട്ടിയുണ്ടായിരുന്നു. അവന് സ്കൂള്‍വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ കുറഞ്ഞത് മൂന്നുകിലോമീറ്റര്‍ നടന്ന് ഭരതന്നൂരിലെത്തണം. വായിക്കാന്‍ പുസ്തകം കിട്ടണമെങ്കിലോ. തൊട്ടടുത്ത ഗ്രന്ഥശാല എട്ടുകിലോമീറ്റര്‍ അകലെ. അത്രദൂരം പോകാന്‍ മനസ്സ് മടിച്ചിരുന്നില്ല. എം ടിയുടെ മുന്നിലിരിക്കുമ്പോള്‍, പലപ്പോഴും ഞാന്‍ അക്കാലം ഓര്‍ക്കും. പാടവരമ്പത്തുകൂടി നടന്നുപോകുന്ന സേതു മനസ്സില്‍ കടന്നുവരും. ഞാനാദ്യം എം ടി വാസുദേവന്‍നായര്‍ എന്ന പേര് അച്ചടിച്ചുകാണുന്നത് കെ ബാലകൃഷ്ണന്റെ കൌമുദി വിശേഷാല്‍ പംക്തിയിലാണ്. 'വിരുന്ന്' എന്ന ചെറുകഥ. കഥയുടെ അവസാനം എം ടിയുടെ കാലം എന്ന നോവലിലെ ഒരധ്യായം എന്ന് കൊടുത്തിരുന്നു. 
വാസുവേട്ടന്റെ സ്വകാര്യദുഃഖങ്ങളിലൊന്ന് പങ്കുവച്ചകാര്യം ഞാനോര്‍ക്കുന്നു. കോളേജ് വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹത്തിന് വാത്സല്യനിധിയായ അമ്മയെ നഷ്ടപ്പെടുന്നത്. ക്യാന്‍സര്‍ ബാധിച്ച് അമ്മയെ വെല്ലൂരില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുന്ന വിവരം ജ്യേഷ്ഠന്റെ കത്തിലൂടെ അറിഞ്ഞു. തീവണ്ടിയില്‍ അമ്മ വരുന്നു. മൂന്നാംക്ളാസ് കംപാര്‍ട്മെന്റിലാണ് യാത്ര. ഒറ്റപ്പാലം റെയില്‍വേസ്റ്റേഷനില്‍ ചെന്ന് മകന്‍ അമ്മയെ കണ്ടു. വെല്ലൂരിലെത്തിയെങ്കിലും ചികിത്സയ്ക്ക് രക്ഷപ്പെടുത്താനാകാത്തവിധം അര്‍ബുദം വ്യാപിച്ചുകഴിഞ്ഞിരുന്നു. തനിക്കൊന്നും ചെയ്യാനായില്ലെന്ന് വാസുവേട്ടന്‍ വേദനയോടെ പറഞ്ഞു. 
എം ടി എന്ന വലിയ മനുഷ്യന്‍ വലിയവനാകുന്നത് എഴുത്തിന്റെ മഹത്വംകൊണ്ടുമാത്രമല്ല, ഹൃദയത്തില്‍നിന്ന് കവിഞ്ഞൊഴുകുന്ന നന്മകൊണ്ടുകൂടിയാണ്.
പ്രധാന വാർത്തകൾ
 Top