22 August Thursday

കാടും കരുത്തുമായ സീത

സജയ്‌ കെ വി sajaikv@yahoo.comUpdated: Sunday Jul 29, 2018

രാമായണത്തിലെ പ്രധാന പ്രമേയതന്തുവായ സീതാകഥയെ വേറിട്ടൊരു വിശകലനത്തിനു വിധേയമാക്കുകയാണ‌് പുസ‌്തകം. സീതയുടെ കഥാപാത്രകൽപ്പനയും വ്യക്തിത്വവും ആധുനികമായ കാഴ‌്ചപ്പാടിൽ, സ‌്ത്രീപക്ഷത്തുനിന്ന‌് വിലയിരുത്തുന്നു. ഇതിഹാസ കഥാപാത്രമെന്നതിലുപരി ഇന്ത്യൻ ജനതയുടെ സാമൂഹ്യജീവിതത്തിലും കുടുംബസങ്കൽപ്പത്തിലും സൂക്ഷ‌്മമായി ഇടപെട്ടുകൊണ്ടിരിക്കുന്ന  മിത്ത‌് എന്ന നിലയിലാണ‌് സീതയെ  പുനർവായിക്കുന്നത‌്. പുരുഷാധിപത്യസമൂഹത്തിൽ ശക്തമായ സ‌്ത്രീസ്വത്വം നേരിടുന്ന വെല്ലുവിളികളുടെ  ക്ലാസിക്കൽ പ്രതിനിധാനമാകുന്നു സീത

 
ഇന്ത്യൻ ഇതിഹാസകാവ്യമായ രാമായണം വീണ്ടും ചർച്ച ചെയ്യപ്പെടുന്ന സാംസ‌്കാരിക സാഹചര്യത്തിൽ നമ്മുടെ വായനയിൽ നിശ്ചയമായും ഇടംകണ്ടെത്തേണ്ട പുസ‌്തകമാണ‌് മാലശ്രീ ലാലും നമിതാ ഗോഖലെയും സമാഹരിച്ച, ‘സീതയെത്തേടി ‐ പുരാണങ്ങളെ പുനഃസന്ദർശിക്കുമ്പോൾ’ (In search of Sita - Revisiting Mythology, Penguin Random House, India). രാമായണത്തിലെ പ്രധാന പ്രമേയതന്തുവായ സീതാകഥയെ വേറിട്ടൊരു വിശകലനത്തിനു വിധേയമാക്കുകയാണ‌് പുസ‌്തകം. സീതയുടെ കഥാപാത്രകൽപ്പനയും വ്യക്തിത്വവും ആധുനികമായ കാഴ‌്ചപ്പാടിൽ, സ‌്ത്രീപക്ഷത്തുനിന്ന‌് വിലയിരുത്തുന്നു.  ഇതിഹാസ കഥാപാത്രമെന്നതിലുപരി ഇന്ത്യൻ ജനതയുടെ സാമൂഹ്യജീവിതത്തിലും കുടുംബസങ്കൽപ്പത്തിലും സൂക്ഷ‌്മമായി ഇടപെട്ടുകൊണ്ടിരിക്കുന്ന  മിത്ത‌് എന്ന നിലയിലാണ‌് സീതയെ  പുനർവായിക്കുന്നത‌്. പുരുഷാധിപത്യസമൂഹത്തിൽ ശക്തമായ സ‌്ത്രീസ്വത്വം നേരിടുന്ന വെല്ലുവിളികളുടെ  ക്ലാസിക്കൽ പ്രതിനിധാനമാകുന്നു സീത.
നവനീതാ ദേവ് സെന്നിന്റെ ‘സീത‐ അനാഥയെന്ന നിലയിൽ’ എന്ന പഠനം ഈ ദിശയിലുള്ള ഭാവനാപൂർണമായ ഒരു നീക്കമാണ‌്. മിഥിലയിലെ ജനകമഹാരാജാവിന്റെ വളർത്തുപുത്രിയായ അനാഥയാണ‌് സീത. ഭർതൃമതിയായശേഷവും അനാഥത്വം അവളെ പിന്തുടരുന്നു. രാക്ഷസചക്രവർത്തിയാൽ അപഹരിക്കപ്പെടുകയും ഭർത്താവിനാൽ സംശയിക്കപ്പെടുകയും അഗ‌്നിപരീക്ഷയ‌്ക്കു വിധേയയാവുകയും കാട്ടിലുപേക്ഷിക്കപ്പെടുകയും ചെയ‌്തവളാണ‌് സീത. സീതയുടെ അനാഥത്വം എന്നത‌് കുടുംബത്തിലും സമൂഹത്തിലും ഏതൊരു ഇന്ത്യൻ സ‌്ത്രീയും അനുഭവിക്കേണ്ടിവരുന്നതാണെന്ന‌് ലേഖിക വാദിക്കുന്നു.
 
ആൺകോയ‌്മയുടെ താൽപ്പര്യങ്ങൾക്കൊത്ത‌് ജീവിതവും സ്വത്വവും ചിട്ടപ്പെടുത്തേണ്ടിവരുമ്പോൾ സൂക്ഷ‌്മമായ വൈകാരികതലങ്ങളിൽ അവൾ അനുഭവിക്കുന്ന അനാഥത്വമാണത‌്. അങ്ങനെ, നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഇന്ത്യൻ സ‌്ത്രീജിവിതത്തിന്റെ പ്രതീകവും പ്രതിനിധാനവുമായി സീത സ്വയം മാറുന്നു. അതിനാൽ എണ്ണമറ്റ ഇതിഹാസപുനരാഖ്യാനങ്ങളിലെല്ലാമുള്ള സീതയുടെ പ്രതിനിധാനഭേദങ്ങൾ ഗൗരവമായ വായനയ‌്ക്കും വിശകലനങ്ങൾക്കും വിധേയമാകേണ്ടതുണ്ട‌്.
നിശ്ശബ‌്ദയായി ഭർത്താവിനെ അനുസരിക്കുകയും പിന്തുടരുകയുംമാത്രം ചെയ്യുന്ന പതിവ്രതയായ വിധേയ എന്ന മട്ടിൽ സീതയെ സ്വീകരിക്കാനും സ്വാംശീകരിക്കാനുമായിരുന്നു യാഥാസ്ഥിതികമനസ്സിന‌് എന്നും താൽപ്പര്യം. ഈ ധാരണയെ പല രീതിയിൽ പരിക്കേൽപ്പിക്കുന്നവയാണ‌് ഈ സമാഹാരത്തിലെ പഠനങ്ങൾ. സീതയുടെ നന്മയും തന്റേടവും വെളിവാക്കുന്ന രണ്ടു സന്ദർഭം വാൽമീകി രാമായണത്തിൽനിന്നുതന്നെ ചൂണ്ടിക്കാട്ടുകയാണ‌്, മന്ദാക്രാന്ത ബോസ‌് തന്റെ ലേഖനത്തിൽ. വനവാസത്തിനു പുറപ്പെട്ട രാമനെ പിന്തുടരുക എന്നത‌് സീതയുടെ (മാത്രം) സ്വതന്ത്രതീരുമാനമായിരുന്നുയെന്ന‌് ലേഖിക സ്ഥാപിക്കുന്നു.
 
രാവണവധാനന്തരമാണ‌് രണ്ടാമത്തെ സന്ദർഭം. പരപുരുഷന്റെ തടങ്കലിൽ പാർത്ത സീതയെ കൈക്കൊള്ളാൻ വിസമ്മതിക്കുന്ന രാമൻ, ‘പ്രാകൃത’നെപ്പൊലെ സംസാരിക്കുന്നു എന്ന്‌ തുറന്നടിച്ച‌് സ്വയം അഗ്നിപരീക്ഷയ‌്ക്കൊരുങ്ങുകയാണ‌് സീത. സീതയോട‌് മറുപടി പറയാതെ മൗനം പാലിക്കുകയാണ‌്, ഈ സന്ദർഭത്തിൽ, വാൽമീകിയുടെ രാമൻ എന്നതും പ്രധാനം. ‘സീത‐ ഗൗരിയായും കാളിയായും’ എന്ന ലേഖനത്തിൽ ദേവദത്ത‌് പട‌്നായിക‌് അവതരിപ്പിക്കുന്നത‌് കൗതുകകരമായ ഒരു വാദഗതിയാണ‌്. പ്രാകൃതവീര്യമുൾക്കൊള്ളുന്ന കാടാണ‌് കാളിയെങ്കിൽ, നാഗരികതയുടെ ആവശ്യങ്ങൾക്കനുസരണമായി ഒരുക്കിയെടുത്ത കൃഷിയിടമാണ‌് ഗൗരി. ആദിമമായ സ‌്ത്രീസത്തയാണ‌് കാളി. ഗൗരിയാകട്ടെ ഭാര്യയെന്ന നിലയിൽ നിയന്ത്രണാധീനമായ സ‌്ത്രീയും. ദിഗംബരയും ക്രുദ്ധയും പ്രചണ്ഡയുമാണ‌് കാളി; ഗൗരിയോ വസ‌്ത്രാഭരണ വിഭൂഷിതയായ സൗമ്യയും. തുടർന്ന‌് ‘അത്ഭുതരാമായണം’ എന്ന രാമായണപാഠത്തിൽനിന്ന‌് ഒരു സന്ദർഭം ലേഖകൻ എടുത്തുകാട്ടുന്നു. രാവണനേക്കാൾ കരുത്തനായ ഒരു രാക്ഷസൻ അയോധ്യ ആക്രമിക്കുന്നു. അവനുമുന്നിൽ പുരുഷന്മാരെല്ലാം  തോറ്റുപിൻവാങ്ങുന്നു. ചാരിത്രവതിയായ ഒരു സ‌്ത്രീക്കു മാത്രമാണ‌് ആ അക്രമിയെ നേരിടാനാവുക. അയോധ്യയിലെ സ‌്ത്രീകൾക്കാർക്കും അതു സാധിച്ചില്ല. ഒടുവിൽ സ‌ീതയുടെ ഉൗഴം.   സീത തന്റെ കാളീഭാവം പുറത്തെടുക്കുകയും രാക്ഷസനെ ഒരു ചെറുപൈതൽ ചുള്ളിക്കമ്പൊടിക്കുന്നതുപോലെ, വധിക്കുകയും ചെയ‌്തു. സീതയുടെ ഉഗ്രമായ കാളിരൂപം കണ്ട‌് പരിഭ്രാന്തനായി അവളോട‌് പൂർവരൂപം പ്രാപിക്കാൻ അപേക്ഷിക്കുകയാണ‌് ‘അത്ഭുതരാമായണ’ത്തിലെ രാമൻ. സംസ‌്കൃതയും സൗമ്യയുമായ ഗൗരിയുടെ രൂപംധരിച്ച കാളി തന്നെയായിരുന്നു സീത എന്നു വാദിക്കുകയാണ‌് ലേഖകൻ. ഭൂമീപുത്രിയാണ‌് സീത എന്ന ഇതിഹാസപാഠത്തിന്റെ ഒരസാധാരണ വ്യാഖ്യാനമാണിത‌്; കാടും കൃഷിയിടവും ഒരേ ഭൂമി (സീത) തന്നെയാണ‌് എന്നത‌്.
 
ആഖ്യാനത്തെ ചലിപ്പിക്കുന്ന പ്രധാന സ‌്ത്രീ കഥാപാത്രമായിരിക്കുമ്പോഴും വാൽമീകി രാമായണത്തിൽ സീത നേരിട്ടു കടന്നുവരുന്ന സന്ദർഭങ്ങൾ എത്ര വിരളമാണെന്നു കണ്ടെത്തുകയാണ‌് തന്റെ ലേഖനത്തിൽ മേഘ‌്നാഥ‌് ദേശായ‌്. രാമായണത്തിലെ 645 സർഗത്തിൽ എഴുപത്തിയാറെണ്ണത്തിൽ മാത്രമാണ‌് സീതയുടെ പ്രത്യക്ഷ സാന്നിധ്യമുള്ളതെന്ന‌് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സീതാരാമൻമാരുടെ വിവാഹജീവിതം, ലവകുശന്മാരുടെ അമ്മ എന്ന നിലയിലുള്ള സീതയുടെ ജീവിതകാലം ഇവയൊന്നും വാൽമീകി രാമായണത്തിൽ വിശദീകരിക്കപ്പെടുന്നതേയില്ല. സീതയുടെ സാന്നിധ്യമുള്ള സന്ദർഭങ്ങളിൽ തന്റെ നായികയുടെ രൂപവർണനപോലും നടത്തുന്നില്ല, വാൽമീകി. ഇത്തരത്തിൽ ദൃശ്യയെന്നപോലെ അദൃശ്യയുമാണ‌് വാൽമീകി രാമായണത്തിലെ സീത.
 
രാമകേന്ദ്രീകൃതവും പുരുഷകേന്ദ്രീകൃതവുമായ രാമായണത്തെ സീതാകേന്ദ്രീകൃതവും സ‌്ത്രീകേന്ദ്രീകൃതവുമായി വായിക്കുന്നു എന്നതാണ‌്  ‘സീതെയെത്തേടി’ എന്ന സമാഹൃതഗ്രന്ഥത്തിന്റെ പ്രസക്തി. എഴുത്തുകാരിൽ അധികംപേരും സ‌്ത്രീകളാണ‌് എന്ന സവിശേഷതയുമുണ്ട‌്. പുസ‌്തകത്തിന്റെ ഉള്ളടക്കവും അതു സംവിധാനം ചെയ‌്തിരിക്കുന്ന രീതിയും ആകർഷകം. സീത എന്ന കഥാപാത്രത്തിന്റെ സ്വത്വസങ്കീർണതകളെ പലമട്ടിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ‌് പുസ‌്തകത്തിന്റെ ആദ്യഭാഗത്ത‌്. സീതാകഥയുടെ പാഠഭേദങ്ങളും സീതയെ മുൻനിർത്തി സോണാൽ മാൻസിങ്ങിനെപ്പോലുള്ളവരുമായുള്ള അഭിമുഖങ്ങളുമാണ‌് തുടർന്നുവരുന്നത‌്. സീത പ്രമേയമാകുന്ന ചിത്രങ്ങളും ചെറുകഥകളും കവിതകളും നോവൽഭാഗങ്ങളുമാണ‌് അവസാനഭാഗത്ത‌്.
 
രാജാ രവിവർമ വരച്ച സീതയാണ‌് പുസ‌്തകത്തിന്റെ പുറംചട്ടയിൽ എന്നത‌് മലയാളിയെ സംബന്ധിച്ച‌് ആഹ്ലാദകരമാണ‌്. എന്നാൽ, അത്യന്തം നിരാശാജനകമായ മറ്റൊരു വസ‌്തുത കൂടിയുണ്ട‌്. വ്യത്യസ‌്ത രാമായണപാഠങ്ങളിലൂടെ സീതാസങ്കൽപ്പത്തിന്റെ പൊരുളന്വേഷിക്കുന്ന പുസ‌്തകത്തിൽ ഒരിടത്തുപോലും നമ്മുടെ ഭാഷയിൽനിന്നുള്ള, വിമർശനസന്നദ്ധതയും വിമോചിതയുമായ സീതയെ ആവിഷ‌്കരിക്കുന്ന മഹാകവി കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ പരാമർശിക്കപ്പെടുന്നില്ല. കേരളത്തിലേക്കും മലയാളത്തിലേക്കും നീണ്ടുവന്നെത്താത്ത സീതാന്വേഷണമാണിത‌്. ഇങ്ങനെ ചില പരിമിതികളിരിക്കെത്തന്നെ, ഇന്ത്യൻ സ‌്ത്രീത്വത്തിന്റെ ഇതിഹാസ മാതൃകയെ സൂക്ഷ‌്മമായി പുനർനിർമിക്കുന്ന ഈ പുസ‌്തകത്തിനു വലിയ കാലികപ്രസക്തിയുണ്ട‌്. അയ്യായിരംപേർ ചേർന്ന‌് ആനയിക്കുകയും പിന്നീട‌് രാമൻ കുലച്ചുതകർക്കുകയും ചെയ‌്ത ശൈവചാപം, മുമ്പൊരിക്കൽ സീത തനിച്ച‌്  എടുത്തുയർത്തിയതായി പരാമർശമുണ്ട‌് വാൽമീകി രാമായണം ബാലകാണ്ഡത്തിലെ 66‐ാം സർഗത്തിൽ. മാനസികമായി മാത്രമല്ല, ശാരീരികമായും ശക്തയായിരുന്ന ആ സീതയെയാണ‌് കാട്ടിത്തരുന്നത‌്, ‘ഇൻ സേർച്ച‌് ഓഫ‌് സീത’ എന്ന പുസ‌്തകം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top