23 April Tuesday

സംഗീതത്തിന്റെ വികാരപ്രപഞ്ചം

മുകുന്ദനുണ്ണി unni.mukundan@gmail.comUpdated: Sunday Jul 29, 2018

പാടലിലെ അന്വേഷണം വികാരരഹിതമല്ല.  ഗാനം സ്വതന്ത്രമായി സ്ഥായികളില്‍ പറക്കുമ്പോള്‍ സമ്മിശ്രവികാരങ്ങളുടെ മര്‍മ്മരമുണ്ടാകും.  രാഗം വിസ‌്തരിക്കുമ്പോള്‍ സ്വയം തിരിച്ചറിയാനാകാതെ ഈണത്തിന്റെ അതിര്‍ത്തികള്‍ കടന്നുപോകുന്നതായി തോന്നാം.  ഈണം അടിയൊഴുക്കുപോലെ വികാരതരംഗങ്ങളില്‍ ഒളിച്ചിരിക്കും 

പാടുമ്പോൾ രാഗാംഗങ്ങളോട് ബന്ധുത്വം വളരുകയും ശബ്ദത്തിന്റെ നിറങ്ങൾ നിറഞ്ഞ ആ ബന്ധത്തിലെവിടെയോവച്ച് പാട്ടുകാർ വികാരഭരിതരാകുകയും ചെയ്യും.  പാടലിലെ അന്വേഷണം വികാരരഹിതമല്ല.  ഗാനം സ്വതന്ത്രമായി സ്ഥായികളിൽ പറക്കുമ്പോൾ സമ്മിശ്രവികാരങ്ങളുടെ മർമ്മരമുണ്ടാകും.  രാഗം വിസ‌്തരിക്കുമ്പോൾ സ്വയം തിരിച്ചറിയാനാകാതെ ഈണത്തിന്റെ അതിർത്തികൾ കടന്നുപോകുന്നതായി തോന്നാം.  ഈണം അടിയൊഴുക്കുപോലെ വികാരതരംഗങ്ങളിൽ ഒളിച്ചിരിക്കും. 

 

കല്യാണി രാഗം പാടുമ്പോൾ ബാലമുരളീ കൃഷണയ‌്ക്ക‌് തോന്നിയിരുന്നത് സംഗീതദേവത കല്യാണി രാഗത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുംപോലെയാണ്. ധോണ്ടുതായ് കുൽക്കർണി (1927‐2014) പ്രഭാതത്തിൽ ഭൈരവി രാഗം പാടുന്നതിന്റെ വാഗ്ചിത്രത്തിലും (ദി മ്യൂസിക് റൂം) സമാനമായ ബിംബകൽപ്പന കാണാം: തംബുരുവിന്റെ ശ്രുതിയിൽ ഭൈരവിയുടെ സ്വരങ്ങളെ ദീർഘനേരം ലയിപ്പിച്ച് മന്ദ്രസ്ഥായിമുതൽ പാടിത്തുടങ്ങിയ ഗായിക ക്രമേണ സംഗീതത്തിന്റെ പ്യൂപ്പയിൽ പ്രവേശിക്കുന്നു.  ഭൈരവിരാഗം ശിവന്റെ പത്‌നിയായ ഭൈരവിയായി പകർന്നാടി.  ഭക്തി, കാമം, വിരഹം... സാക്ഷാൽ ഭൈരവിയുടെ വികാരങ്ങളാണ് തന്റെ രാഗത്തെ ബാധിക്കുന്നതെന്ന് തോന്നി.  ആലാപനം ഏതോ അതിർത്തികളെ ഭേദിക്കുമ്പോൾ ഭൈരവി മുറിയിൽ വന്നിരുന്ന് പാട്ട് കേൾക്കുന്നുണ്ടായിരുന്നു.  ധോണ്ടുതായ് പാട്ടവസാനിപ്പിച്ച് കണ്ണുതുറന്നപ്പോൾ പാൽക്കാരൻ വാതിൽപ്പുറത്ത് പാൽകൊണ്ടുവച്ചു പോയിരുന്നു. 
 
പാടുന്നത് രാഗാധിഷ‌്ഠിതമായ  ഈണമാണെങ്കിലും ഭാവാവിഷ്‌കാരം നടത്താൻ ഇവിടെ ശിവന്റെ പത്‌നിയായ ഭൈരവിയെ സങ്കൽപ്പിക്കുകയാണ്.  തന്നെ ആവേശിച്ച ദേവതയുടെ വികാരഭാവാദികളാണ് രാഗവിസ‌്താരത്തെ നയിക്കുന്നത്.  രാഗതാളങ്ങൾക്കപ്പുറത്ത് സംഗീതത്തെ ദിവ്യസംവാദമായി സങ്കൽപ്പിക്കുന്നതിലൂടെ ധോണ്ടുതായ് മാനുഷികമായ കടമ്പകൾ കടക്കുകയാണ്.  
 
രാഗഭാവങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഗീതാസ്വാദകരുടെ ലോകം വാചാലമാണ്.  സംഗീതജ്ഞരുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ പാടുന്നത് ഏതെങ്കിലും ഭാവം സൃഷ്ടിക്കാനാണെന്ന് പറയുക വയ്യ.  നൊമ്പരവും ആനന്ദവുമെല്ലാം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്.   ആനന്ദതത്വം ക്രിയാത്മകതയുമായി കെട്ടുപിണയുമ്പോൾ ആനന്ദം പാടലിനെയും പാടൽ ആനന്ദത്തെയും പര‌സ‌്പരം പൂരിപ്പിക്കുന്നുണ്ടാകാം.  ഈ അനുഭവങ്ങൾക്ക് വാക്കുകൾ തുന്നാൻ ഭാഷ സജ്ജമല്ലാത്തതുകൊണ്ടാകാം, ഒരുപക്ഷേ സംഗീതജ്ഞരും ആസ്വാദകരും അവരുടെ സൂക്ഷ‌്‌മാനുഭവത്തെ പ്രകടിപ്പിക്കുമ്പോൾ കാടുകയറുന്നത്, ഭാവപ്രകടനത്തിന്റെ സ്ഥിരം ശൈലികളിലേക്ക‌് കയറി ദിക്കുതിരിയാതെ ഉഴലുന്നത്.  
 
സംഗീതാനുഭവത്തെ സൂക്ഷ്മമായി പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോൾ വരുന്ന അവ്യക്തത അനുഭവത്തിന്റെയും അനുഭവസ്രോ തസ്സിന്റെയും പ്രത്യേകതകൊണ്ടുകൂടിയാണ്.  വാക്കിന്റെ നേരിട്ടുള്ള അർഥത്തിനും ആലങ്കാരിക അർഥത്തിനും ഉപരിയായ അവാച്യതയുടെ അമൂർത്ത തലങ്ങളിലാണ് ഉൽക്കൃഷ്ടമായ സംഗീതാനുഭവമെങ്കിൽ ഇത്തരം അപഭ്രംശങ്ങൾ സ്വാഭാവികം.  ദൈവികം എന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്നത് അനുഭവത്തിന്റെ അവാച്യമായ ഭാഗമാണ്.  അവാച്യതയുടെ വാച്യതയാണ് അമൂർത്തതയുടെ മൂർത്തത.  ദിവ്യത്വത്തിലേക്ക‌്  അതിഭൗതികമായി ചാടാതെ അവാച്യതയിൽ നിൽക്കുകയാണെങ്കിൽ ഈ പ്രശ്‌നത്തെ മനുഷ്യസഹജമായ പരിമിതിയായി കണക്കാക്കാമായിരുന്നു.   
 
മനുഷ്യൻ രൂപകാത്മകമായെങ്കിലും ഒരു വൈകാരികയന്ത്രമാണ്.  സംഗീതവും ഭാവവികാരങ്ങളുംതമ്മിൽ അത്രമേൽ പിണഞ്ഞുകിടക്കുന്നുണ്ട്.  ഈ വികാരപ്രപഞ്ചം പാടലിനെ സമൃദ്ധമാക്കുന്നുണ്ട്.  പ്രതിബിംബങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ പാടലിന്റെ ആന്തരികവ്യാപ്തി വികസിക്കുന്നതായി തോന്നുന്നുണ്ടാകാം.  സംഗീതോപാസനയെ പ്രബലപ്പെടുത്താനുള്ള ആദർശങ്ങളുടെ സന്ദർഭത്തിലാണ് ഇത്തരം ദിവ്യഭാവനകൾ അർഥവത്താകുന്നത്.  ജീവിതം ഒരു കലയായെങ്കിലേ സൃഷ്ടികളും കലാത്മകമാകൂ എന്ന ആദർശത്തിന്റെ പശ്ചാത്തലത്തിൽ. 
 
സംഗീതോപാസന എങ്ങനെ ആയിരിക്കണം എന്ന് ഉദാഹരിക്കുന്ന മനോഹരമായ ഒരു കഥയുണ്ട്.  ധോണ്ടുതായ് ശിഷ്യയായ നമിത ദേവിദയാലിന് ആവർത്തിച്ചു പറഞ്ഞുകൊടുക്കുന്ന കഥ:  അക്ബറും മിയാ താൻസെനും രാജകൊട്ടാരത്തിലെ പൂന്തോട്ടത്തിൽ ഉലാത്തുക പതിവായിരുന്നു.  ഒരു ദിവസം അക്ബർ താൻസെനോട് ചോദിച്ചു, ‘താൻസെൻ, നിങ്ങൾ വളരെ മനോഹരമായി പാടുന്നുണ്ട്.  അപ്പോൾ നിങ്ങളുടെ ഗുരുവിന് ഇതിനേക്കാൾ മനോഹരമായി പാടാൻ കഴിയേണ്ടതാണ്.  ആരാണ് അദ്ദേഹം?  ഞാൻ ഇതുവരെ കേൾക്കാൻ ഇടവരാത്തത് എന്തുകൊണ്ടായിരിക്കണം?' താൻസെൻ ചിരിച്ചു, ‘വരു, കാണിച്ചു തരാം.  കുറച്ചുദൂരം പോകേണ്ടിവരും.' 
 
പതിവുപോലെ അക്ബർ വേഷപ്രച്ഛന്നനായി.  ഇത്തവണ മരംവെട്ടുകാരന്റെ രൂപത്തിൽ.  കുതിരപ്പുറത്ത് മണിക്കൂറുകൾ താണ്ടി.  കാടിന്റെ നടുവിൽ ഒരു അരുവിയുടെ സമീപത്തെത്തിയപ്പോൾ അൽപ്പം വിശ്രമിക്കാം എന്ന് അക്ബർ നിർദേശിച്ചു. അദ്ദേഹം പ്രകൃതിയുടെ സംഗീതത്തിൽ ലയിച്ച് മയങ്ങിപ്പോയി.  ഉണർന്നപ്പോൾ അതിമനോഹരമായ മാൽക്കോൻസ് കേൾക്കാം.  അക്ബർ ജീവിതത്തിൽ ഇതുവരെ ഇത്രയും മനോഹരമായ ഒരു മാൽക്കോൻസ് കേട്ടിട്ടില്ല.  പ്രകൃതിയിൽ ശ്രുതി ചേർന്നു നിൽക്കുന്ന അപാരമായ ആലാപനം.  പാട്ടവസാനിച്ചപ്പോഴേക്കും പാട്ടുകാരനെ ദൂരെ കാണുമാറായി.  ഒരു ചെറിയ കുടിലിന്റെ ഉമ്മറത്ത് മുണ്ടുമാത്രം ഉടുത്തിരിക്കുന്ന ഹരിദാസ് സ്വാമി.  തിരിച്ചുവരുമ്പോൾ അക്ബർ താൻസെനോട് ചോദിച്ചു, ‘നിങ്ങൾക്ക് എന്തുകൊണ്ട് അദ്ദേഹത്തെപ്പോലെ പാടാൻ കഴിയുന്നില്ല?' ‘പ്രിയ രാജാവേ, കാരണം വളരെ ലളിതമാണ്.  ഞാൻ നിങ്ങൾക്കുവേണ്ടിയാണ് പാടുന്നത്.  അദ്ദേഹം ദൈവത്തിനുവേണ്ടിയും.' 
സംഗീതം ശുദ്ധമാകണമെങ്കിൽ മറ്റു ഘടകങ്ങൾ അതിൽ കടന്നുവരരുത് എന്ന് ഈ കഥയിൽനിന്ന് ഉൾക്കൊള്ളാം.  ത്യാഗരാജന്റെ ‘നിധിചാല സുഖമാ' എന്ന കൃതിയിൽ രാജാവിന് വേണ്ടിയല്ല, രാമന് വേണ്ടിയാണ് താൻ പാടുക എന്ന് പറയുന്നതിൽനിന്നും ഇതേ പാഠം ഉൾക്കൊള്ളാം.  
 
ധോണ്ടുതായുടെ ലോകത്തിന്റെ ബലം ഈ കഥയാണ്.  പേയിങ് ഗസ്റ്റായാണ് അവർ താമസിച്ചിരുന്നത്. ഒരു മുറി.  അത് സംഗീതമുറിയായിരുന്നു.  മുംബൈയിലെ തിരക്കിനും വേശ്യാലയത്തിനും കശപിശയ‌്ക്കുമിടയിൽ ഒരു സംഗീതലോകം.  തത്വാദർശങ്ങളുടെ അദൃശ്യമായ മതിൽക്കെട്ടിനകത്ത് ആ സംഗീതമുറി ചോർച്ചയില്ലാത്ത ഒരു ലോകമായിരുന്നു.  ഈ കഥയുടെ സാരം ധോണ്ടുതായ് നമിതയ‌്ക്ക‌് നൽകിയ ഉപദേശത്തിലുമുണ്ട്: ‘സ്വയം മറന്ന്, ചുറ്റുമുള്ള ലോകത്തെ മറന്ന്, കലയുടെ പേരിൽ ലഭിക്കുന്ന അംഗീകാരത്തെയും സമ്മാനങ്ങളെയും മറന്ന്, പാടലിനെ ധ്യാനമാക്കൂ.  അപ്പോൾ നിന്റെ സംഗീതം സ്വാതന്ത്ര്യത്തിലേക്ക‌് പൊട്ടി വിടരും' (ചമാശമേ ഉല്ശറമ്യമഹ, ഠവല ങൌശെര ഞീീാ, ഢശിമേഴല, 2008, ജ27).
പ്രധാന വാർത്തകൾ
 Top