25 April Thursday

ചിത്രങ്ങളിലെ ചുമരെഴുത്തുകള്‍

എം എസ്‌ അശോകൻUpdated: Sunday Apr 29, 2018

 

കേരളീയ ചുമര്‍ച്ചിത്ര സമ്പ്രദായത്തിലുള്ള രചനകള്‍ക്ക് പ്രചാരവും ആസ്വാദ്യതയുമേറുന്നതോടൊപ്പം അവയെ പാരമ്പര്യത്തിന്റെ കെട്ടുപാടുകളിലേക്ക് ചുരുക്കി നിലനിർത്താനുള്ള ശ്രമങ്ങളും ശക്തം.  വര്‍ണങ്ങളുടെയും പ്രതലത്തിന്റെയും കാര്യങ്ങളില്‍ തുടങ്ങി പ്രമേയത്തിന്റെയും  ആവിഷ്‌കാരത്തിന്റെയും കാര്യത്തില്‍വരെ നിഷ്‌കര്‍ഷ പുലര്‍ത്തുന്ന കറകളഞ്ഞ പാരമ്പര്യവാദികളെ ഈ രംഗത്ത് കാണാം. ക്ഷേത്രകല എന്ന നിലയിലുള്ള ചുമര്‍ചിത്രങ്ങളുടെ സ്വീകാര്യതയെയും ജനപ്രിയതയെയും ചൂഷണം ചെയ്യുന്നതിലേക്കാണ് ശുദ്ധ പാരമ്പര്യവാദത്തിന്റെ സഞ്ചാരം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തനതു രചനാശൈലിയെ കാലാനുസൃതമായ മാറ്റങ്ങളിലേക്ക് നയിക്കാന്‍ ശേഷിയുള്ള കലാകാരന്മാര്‍ പലരും ഈ കെട്ടുകഥയില്‍ കുരുങ്ങിപ്പോകുന്നുവെന്നതാണ് പ്രധാന ദുരന്തം. പുതിയ പ്രമേയങ്ങള്‍ സ്വീകരിക്കാന്‍പോലും വിമുഖത കാണിക്കുന്നവര്‍ ക്ഷേത്ര ചുമരുകളിലെ രചനകളുടെ വികൃതാവിഷ്‌കാരങ്ങള്‍ നടത്തി ആശ്വാസം കൊള്ളുന്നു. പ്രമേയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നവരില്‍ പലരും ആചാര്യവചനങ്ങളില്‍നിന്ന‌് പുറത്തുചാടാന്‍ ധൈര്യപ്പെടുന്നുമില്ല. എന്നാല്‍, ഈ ന്യൂനതകളെയെല്ലാം ബോധപൂർ‌വം അതിജീവിക്കാനും ചുമര്‍ച്ചത്രരചനാ സമ്പ്രദായത്തിന് പുതിയ ദിശ പകരാനും പരിശ്രമിക്കുന്ന അനേകം കലാകാരന്മാരുമുണ്ട്. ചുമര്‍ച്ചിത്രങ്ങളുടെ ദൃശ്യപരമായ സമ്പന്നതയെയും സാധ്യതകളെയും അറിഞ്ഞ് രചന നടത്തുന്ന പാലക്കാട് ചാലിശേരി സ്വദേശി മണികണ്ഠന്‍ പുന്നയ്ക്കല്‍ അതിലൊരാളാണ്. 

ഗുരുവായൂര്‍ ചുമര്‍ച്ചിത്രകലാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രചന അഭ്യസിച്ച മണികണ്ഠന്‍ മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് പെയ്ന്റിങ്ങില്‍ ബിഎഫ്എ നേടിയാണ് രചനയില്‍ സജീവമായത്. 350 വര്‍ഷത്തിലേറെ പഴക്കമുള്ള വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ  ശ്രീകോവിലിനുചുറ്റുമുള്ള ചുമര്‍ച്ചിത്രങ്ങളുടെ പുനരാവിഷ്‌കാരം മണികണ്ഠന്റെ പ്രധാന രചനകളിലൊന്നാണ്. പ്രകൃതി വര്‍ണങ്ങളില്‍ പരമ്പരാഗതസമ്പ്രദായത്തില്‍ ആവിഷ്‌കരിച്ച ചുമര്‍ച്ചിത്രങ്ങള്‍ അതിന്റെ തനിമയുടെ വീണ്ടെടുപ്പുകൂടിയായി. രണ്ട് വര്‍ഷത്തോളം പരിശ്രമിച്ചാണ് രചന നടത്തിയത്. ഇവിടെയുണ്ടായിരുന്ന രചനകള്‍ കാലപ്പഴക്കത്താല്‍ തനിമ മങ്ങി നശിച്ച നിലയിലായിരുന്നു. അറുപതോളം വര്‍ഷം മുമ്പ് ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ അശാസ്ത്രീയശ്രമം നടത്തിയതും വിനയായിരുന്നു. തുടര്‍ന്നാണ് മണികണ്ഠന്‍ വെല്ലുവിളിയേറ്റെടുത്തത്. യഥാര്‍ഥ ചിത്രങ്ങള്‍ വട്ടശ്രീകോവിലിലെ ചുമരില്‍നിന്ന് പ്രത്യേക മാര്‍ഗത്തില്‍ അടർത്തിയെടുത്ത് ദേവസ്വം ബോര്‍ഡിന് നല്‍കി. പ്രത്യേകതരം പശ തേച്ച് ആറടി നീളവും രണ്ടരയടി വീതിയുമുള്ള 42 ചിത്രങ്ങളായാണ് ഇവ ചുമരില്‍നിന്ന് പുറത്തെടുത്തത്. ഉണങ്ങുമ്പോള്‍ ചില്ലുപോലെ സുതാര്യമാകുന്ന പശയിലൂടെ ചിത്രങ്ങള്‍ വ്യക്തമായി കാണാനാകും. കലാമൂല്യവും ചരിത്രമൂല്യവുമുള്ള ഈ ചിത്രങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. 
 
മണികണ്ഠന്‍ പുന്നയ്ക്കല്‍

മണികണ്ഠന്‍ പുന്നയ്ക്കല്‍

ചുമര്‍ചിത്രരചനാ സാധ്യതകളെ പുതിയ തലങ്ങളിലേക്ക് വികസിപ്പിക്കാനുള്ള ശ്രമമാണ് മണികണ്ഠന്റെ ആനന്ദിനി പരമ്പര ചിത്രങ്ങള്‍. 2010 ല്‍ പാരീസില്‍ ചിത്രപ്രദര്‍ശനത്തിന് പോയ മണികണ‌്ഠന് അവിടെനിന്നു കിട്ടിയ കലാനുഭവങ്ങളുടെ ഫലം കൂടിയായിരുന്നു ആനന്ദിനി പരമ്പര. ചുമര്‍ചിത്ര രചനയിലെ പാരമ്പര്യ നിഷ്‌കര്‍ഷകളെ ബോധപൂര്‍വം നിഷേധിക്കാനും ഇന്ത്യന്‍ രചനാ സമ്പ്രദായങ്ങളെയും ആധുനികരചനകളെയും സ്വാംശീകരിക്കാനും ഈ രചനകളില്‍ മണികണ്ഠന്‍ ശ്രമിക്കുന്നു. ഒഡിഷയിലെ പരമ്പരാഗത ആലില ചിത്രരചനാശൈലിയില്‍നിന്നു കടംകൊണ്ട് താളിയോലകളില്‍ മണികണ്ഠന്‍ ചെയ്ത താലപത്ര രേഖാചിത്രങ്ങള്‍ മറ്റൊരു അര്‍ഥപൂര്‍ണമായ ശ്രമമാണ്. 
ചുമര്‍ച്ചിത്ര സമ്പ്രദായത്തില്‍ പുരാണ ഇതിഹാസ നായകരെയും സന്ദര്‍ഭങ്ങളെയും തനത് ശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള മണികണ്ഠന്‍ ശബരിമല ക്ഷേത്രത്തില്‍ രചിച്ച അയ്യ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ തസ്രാക്കില്‍ ഒ വി വിജയന്റെ ധര്‍മപുരാണത്തെ അവലംബിച്ച് നടത്തിയ രചനയും മണികണ്ഠന്റെ രചനകളുടെ വൈപുല്യത്തിന് ഉദാഹരണമാണ്. 
പ്രധാന വാർത്തകൾ
 Top