26 May Tuesday

പെയ്‌തുനിലച്ച ലോകം

കല സാവിത്രിUpdated: Sunday Mar 29, 2020

ഈ തീവണ്ടി കടന്നുപോകുന്ന ഒരുപാടു കാലങ്ങളും സ്റ്റേഷനു കളുമുണ്ട്, അതൊക്കെ നമ്മെ ഓർമി പ്പിക്കുന്ന കാഴ്‌ചകളും കേൾവികളു മുണ്ട്. നിശ്ശബ്ദതയുടെ ദേശീയഗാനം മുഴക്കി ഈ തീവണ്ടി വീണ്ടും ഓടിക്കൊണ്ടേയിരിക്കുകയാണ് നിർത്തിയും നിർത്താതെയുമങ്ങനെ കാലത്തിന്റെ പാളത്തിലൂടെ

 

"അറിയാതെത്തിപ്പെട്ട അതിരില്ലാപ്പച്ചകളുടെ ഓപ്പെറ. ഈണമൂശയിൽ തിളച്ചാറിയ പൊരുൾമിന്നിച്ച. 

കാക്കക്കൂട്ടിൽ വിരിഞ്ഞ കുയിലത്തം...''  അൻവർ അലിയുടെ ‘മെഹബൂബ് എക്‌സ്‌പ്രസ്’ എന്ന കവിതാസമാഹാരം വായിക്കാനെടുക്കുമ്പോൾ കണ്ണിലുടക്കുന്ന മുഖവുരയിൽനിന്നും ഈ വരികൾ കൂടി വായനയിലേക്ക്‌ കൈപിടിച്ചു നമ്മോടൊപ്പം വരും. വായന നമ്മെ വിഭ്രമാത്മകമായ ജീവിതസത്യങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകും.
 
തീർച്ചയായും ജീവിതമൊരു ഇക്കിളി സാഹിത്യമല്ല, അതിന്റെ മൂശയിൽ കാച്ചിപ്പരുവപ്പെടുന്നത് പച്ചിരുമ്പു തന്നെയാണ്. ചിലപ്പോഴെല്ലാം പാറുന്ന തീപ്പൊരികൾ കണ്ണിനെ പൊള്ളിച്ചേക്കാം, ഉയരുന്ന ശീൽക്കാരങ്ങൾ കാതിനെ തുളച്ചസ്വസ്ഥമാക്കിയേക്കാം, ഉതിരുന്ന ചൂടാൽ ത്വക്ക് വെന്തുനീറിയേക്കാം, നാവു വരണ്ടു നീരിനായി കേണുഴറിയേക്കാം, ചുട്ടുപൊള്ളുന്ന ഉലയുടെ വേവുമണം മൂക്കിനെ നീറ്റിയേക്കാം. എങ്കിലും ജീവിതപ്പച്ചകളെയോർത്ത് മനസ്സ് സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഒടുവിൽ പലപ്പോഴും എത്തപ്പെടുന്ന അതിരില്ലാപ്പച്ചകളെ നോക്കി അന്ധാളിക്കും. ഇങ്ങനെ ഒരന്ധാളിപ്പ് അൻവറിന്റെ കവിതകളിലുടനീളം സഞ്ചരിക്കുമ്പോൾ നമ്മളും അനുഭവിക്കും. ഇതു കവിതയുടെ ഒഴുക്കുള്ള നാട്ടുവഴികളല്ല, ജീവിതത്തിന്റെ സത്യവഴികളിലൂടെ ഒരു കവി പാഞ്ഞ മുറിപ്പാടുകളാണ്. ഇതിൽ രക്തം ചിന്തിയ ഓർമപ്പെയ്‌ത്തുകളുണ്ട്, സ്‌നേഹം പൊട്ടിയ നീർച്ചാലൊഴുക്കുകളുണ്ട്. മാറിനടത്തങ്ങളുടെ ചട്ടലംഘനങ്ങളുണ്ട്. 
 
വായന വെറും വായനമാത്രമല്ല ഒരെഴുത്തുകാലത്തിന്റെ നോവുകളുടെ നെഞ്ചേറ്റലും കൂടെയാണല്ലോ.
 
‘തിരിച്ചൊരോട്ടം വച്ചുകൊടുത്തവൾ
പുറകേ പാഞ്ഞൂ നായും’
 
പാഞ്ഞടുക്കുന്ന നായ്‌ക്കുരകൾക്ക് മുൻപേ അതിശീഘ്രം പായലാണ് ഇന്നോരോ പെണ്ണിനും ജീവിതം. കടി കൊള്ളാതെ എത്ര പേർ ഉണ്ടാവാനാണ്? ആൺമനഃശ്ശാസ്‌ത്രങ്ങളുടെ ഉത്തമബോധ്യങ്ങൾക്കുള്ളിൽ പെറ്റുവീണ്, ഉരുണ്ടുപിടഞ്ഞെണീറ്റ്, ഓടിത്തീർക്കുന്ന പെൺജീവിതങ്ങൾ.  ‘അതൊക്കെ ഓർക്കുകയാണിപ്പോൾ ' എന്ന കവിത ഒരു കണ്ണാടിയാണ്, ആർക്കുനേരെ പിടിച്ചാലും, എന്തിനു നേരെ പിടിച്ചാലും പ്രതിബിംബിക്കുന്ന കവിതയുമാണിത്.
 
‘ടേയ്... കണ്ണ് കാതില് വയ്‌ക്കണ്ട
ഒന്നും മിണ്ടാതെയാ ഈ ട്രെയിൻ ഓടണത്
സത്യം!
ശബ്‌ദമില്ലാത്ത സ്റ്റീൽവേഗം
ശബ്‌ദം കൊച്ചിക്കായലീ വീണുപോയെടേയ്’ 
 
ശബ്‌ദം കൊച്ചീക്കായലീ വീണുപോയ തീവണ്ടിവേഗങ്ങൾ, വല്ലാതെ അമ്പരപ്പിക്കുന്നുണ്ടീ കവിത. കവിയുടെ ദീർഘദൃഷ്ടിയുടെ സത്യങ്ങളും നമ്മെ വിഭ്രമിപ്പിക്കുന്നു. ഇപ്പോളോടുന്ന, ആളനക്കമില്ലാത്ത തീവണ്ടിയകങ്ങളേ, കയറാനും ഇറങ്ങാനും തിരക്കുകളില്ലാത്ത, കാത്തുനിൽക്കാനാരുമില്ലാത്ത, ഒച്ചയില്ലാത്ത, തീവണ്ടിപ്പാച്ചിലുകളേ കവിയെന്നേ മനക്കണ്ണാൽ കണ്ടിരുന്നിരിക്കാം!  ഈ തീവണ്ടി കടന്നുപോകുന്ന ഒരുപാടു കാലങ്ങളും സ്റ്റേഷനുകളുമുണ്ട്, അതൊക്കെ നമ്മെ ഓർമിപ്പിക്കുന്ന കാഴ്‌ചകളും കേൾവികളുമുണ്ട്. നിശ്ശബ്‌ദതയുടെ ദേശീയഗാനം മുഴക്കി ഈ തീവണ്ടി വീണ്ടും ഓടിക്കൊണ്ടേയിരിക്കുകയാണ്. നിർത്തിയും നിർത്താതെയുമങ്ങനെ കാലത്തിന്റെ പാളത്തിലൂടെ.
 
ഓർമമുറ്റത്തെ സങ്കടത്തുള്ളിയാണ് ചിലരൊക്കെ എല്ലാവർക്കും. ദശരഥന്റെ പുത്രശോകത്തിന്റെ തുടർച്ചകൾ. കവിക്കുമങ്ങനെതന്നെ.
 
‘പിന്നെ 
ശോകത്തിന്റെ കണ്ണടകൊണ്ട്
മറച്ചു തീയിട്ട് ദഹിപ്പിക്കണോ
നിന്നെ 
ഈ ഇച്ചിരി മുറ്റത്തു തന്നെ?"
 
എന്നേ ചിന്തിക്കാനാവുന്നുള്ളു ഇന്നിന്റെ യാഥാർഥ്യങ്ങളുടെ വരാന്തയിലിരിക്കുമ്പോൾ.
 
ഓരോ മണങ്ങളും ഓരോ കാലങ്ങളാണ്. എങ്കിലും ചാവുമണവും പേറി ഒരു ചാവേറു വണ്ടി  ഏതു നിമിഷവും വാതിലിൽ വന്നു മുട്ടുമെന്നോർത്തു ജീവിേക്കേണ്ടി വരുന്ന മനുഷ്യനിലേക്കാണ് നാം വളർന്നുവളർന്നു വലുതായതെന്നതൊരു സത്യമല്ലേ.
 
"ഒരിക്കലതു ചെന്നു
തറച്ച്, തുറന്നിടാം
അനന്തപ്രകാശത്തിൻ
അണുമാത്രയാം കാലം’ 
 
ഏതു ഭീതിദമാം കാലത്തിലും  പ്രണയത്തെക്കുറിച്ചൊരു പ്രതീക്ഷ കവി കൈവിട്ടിട്ടില്ല. അണുമാത്രയാണങ്കിലും അതു തുറക്കുന്ന അനന്തപ്രകാശം പ്രപഞ്ചത്തിന്റെയാകെ ഇരുട്ടകറ്റിയേക്കാം.
 
ലോകത്തിലെ അവസാനത്തെ കമ്യൂണിസ്റ്റു ശകലവും സമത്വം പാടിക്കൊണ്ടേയിരിക്കുമെന്നതും കവിയെ സന്തോഷിപ്പിക്കുന്നുണ്ട്. ‘രാഷ്ട്രം' എന്ന കവിതയിൽ വേഷം കൊണ്ടെങ്ങനെ തിരിച്ചറിയാം എന്ന് കവി ആശങ്കപ്പെടുന്നുണ്ട്.
 
"മരിച്ച രാജ്യത്ത് കബറടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല."
 
എന്നു കൂസലില്ലാതെ നെഞ്ചുവിരിച്ചു നിന്നുപറഞ്ഞ് നടന്നകലുകയും ചെയ്യുന്നുണ്ടൊരുവേള.
 
"എന്നെ നീ ചേർത്തുപിടിക്കൂ
മുറുകുന്ന
കർമക്കയറിൻ കയർക്കലായി ’
 
എന്നുപറഞ്ഞു പിണക്കം മാറി തിരികെവരുന്ന കവിമനസ്സിന്റെ നിഷ്‌കളങ്കതകളെ തിരിച്ചറിയൽ കാർഡ്‌ ചോദിച്ചകറ്റി നിർത്താനാകുമോ രാഷ്‌ട്രത്തിന്. കവചകുണ്ഡലങ്ങളുമായിപ്പിറന്ന കർണനുപോലും ഐഡന്റിറ്റി വെളിപ്പെടുത്താനായില്ലന്ന് പുരാണം. അല്ലെങ്കിൽത്തന്നെ മനുഷ്യന് മനുഷ്യനെന്നല്ലാതെ മറ്റെന്ത് ഐഡന്റിറ്റിയാണ് ഉള്ളത്.
 
"ഒന്നുറങ്ങിയെണീറ്റതു പോലെ
നിന്നുപെയ്‌തു നിലച്ചതു പോലെ
അന്തിവെട്ടം പുലർച്ചയെന്നുള്ളൊ-
രർഥജാലമൊഴിഞ്ഞതുപോലെ "
 
‘ഒന്നുറങ്ങിയെണീറ്റതുപോലെ' എന്ന കവിത കവി ഇങ്ങനെ എഴുതിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഒരു കവിയുടെ ക്രാന്തദർശിത്വത്തിന് ഉത്തമ ഉദാഹരണമാണിക്കവിത. അന്തിയും പുലർച്ചയുമില്ലാതെ നിന്നുപെയ്‌തു നിലച്ചതുപോലെയാണിപ്പോൾ ലോകം. ആരുമാർക്കും മീതെയല്ല കീഴെയുമല്ല. ജാതിയേത് മതമേത് വർഗമേത് വർണമേത് ഭാഷയേത് ദേശമേത് ചോദ്യങ്ങളില്ലാത്ത ലോകം.
 
നിശ്ശബ്ദമായി മെഹബൂബ് എക്‌സ്‌പ്രസ്‌ ഓടിക്കൊണ്ടേയിരിക്കട്ടെ. ഏതു സ്റ്റേഷനിലും നിർത്തി ഏതു വായനക്കാരനേയും കയറ്റി നിർബാധം ഇനിയുമിനിയും യാത്ര തുടരട്ടെ.
പ്രധാന വാർത്തകൾ
 Top